തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്തയാഴ്ച പുറത്തിറക്കും.ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശ്രയം കൈറ്റിന് കീഴിലുളള വിക്ടേഴ്സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്രശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.ഹൈസ്കൂള്‍ മുതലുളള വിദ്യാര്‍ത്ഥികള്‍ക്ക് ദിവസം രണ്ട് മണിക്കൂറെങ്കിലും ക്ലാസ് ഉറപ്പാക്കാനാണ് ശ്രമം നടക്കുന്നത്.ടി വി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവരെ സ്കൂളുകളില്‍ എത്തിച്ച് ഓണ്‍ലൈനായി ക്ലാസ് കേള്‍പ്പിക്കാനാണ് ഉദ്ദേശം.അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം.ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ക്ലാസ് ഉണ്ടാകില്ല.പ്ലസ്ടുക്കാര്‍ക്കും പത്താംക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും.എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസേ ഉണ്ടാകൂ.വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസ് കേള്‍ക്കുന്നുണ്ടോയെന്ന് അതത് ക്ലാസ് ടീച്ചര്‍മാര്‍ ഉറപ്പിക്കണം.ടി വി, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ക്ലാസ് ഉറപ്പാക്കണം. സമീപത്തുളള സ്കൂളുകളോ ഗ്രന്ഥശാലകളോ ഇതിനായി സജ്ജീകരിക്കാനാണ് ആലോചന.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു;കണ്ണൂരിൽ 16 പേർക്ക്,പാലക്കാട് 19 പേർക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണിത്.പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്.ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്.13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.13 പേരില്‍ ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേ 23ന് കേരളത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും.
മുംബൈയിൽ നിന്നും കേരളത്തിലേക്ക് എത്തിയ ട്രെയിനിൽ കണ്ണൂരിൽ ഇറങ്ങിയത് 307 യാത്രക്കാർ
കണ്ണൂര്‍: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ കണ്ണൂരിലെത്തി. ട്രെയിനിലെ 1,674 യാത്രക്കാരില്‍ 307 പേര്‍ കണ്ണൂരില്‍ ഇറങ്ങി. നാലു ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. യാത്രക്കാരുടെ ആരോഗ്യപരിശോധന തുടങ്ങി. ഇവരെ 15 ബസുകളില്‍ പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും.യാത്രക്കാരില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം.ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നു.വിവരം കൈമാറുന്നതില്‍ സംഭവിച്ച പാളിച്ചയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുകയാണ്.ഏറ്റവും രൂക്ഷമായി വൈറസ് വ്യാപിക്കുകയും മരണത്തില്‍ ഒന്നാമത് നില്‍ക്കുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കേരളത്തില്‍ എത്തിയവരില്‍ ഏറ്റവുമധികം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരിലാണ്. ഇതേ തുടര്‍ന്നും ട്രെയിന്‍ കണ്ണൂരില്‍ നിറുത്തുമെന്ന കാര്യം ഇന്ന് രാവിലെ 9.30നാണ് അറിയിച്ചത്. ട്രെയിനില്‍ വരുന്നവരുടെ വിശദാംശമാകട്ടെ അറിയിക്കാന്‍ 11 മണിയായി. ഇതോടെ ഏറെ പരിഭ്രാന്തിയോടെയാണ് മുന്നൊരുക്കം നടത്തേണ്ടി വന്നത്. ആരോഗ്യ പ്രവര്‍ത്തകരെയും ഇത് വലച്ചു. കേരളത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലില്‍ വീഴ്ച സംഭവിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇതെന്നും ആരോപണമുണ്ട്. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യമനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാരാണ് ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്തിന് പുറമെ രണ്ടു ടെക്നിക്കല്‍ സ്റ്റോപ്പുകള്‍ മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ ട്രെയിനിനു അനുവദിച്ചിരുന്നത്.പിന്നീടു യാത്രക്കാര്‍ നേരിട്ട് തിരുവനന്തപുരത്തെ കോവിഡ് വാര്‍ റൂമുമായി ബന്ധപ്പെട്ടാണ് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിപ്പിച്ചത്.കണ്ണൂരിന് ശേഷം ഇനി തൃശൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്.
മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം; അറിയിപ്പ് ലഭിച്ചത് അവസാന നിമിഷം
കണ്ണൂർ:മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം.ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണകൂടം വിവരമറിഞ്ഞത് . ട്രയിന്‍ ഇറങ്ങുന്നവരെ പരിശോധിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടി വന്നു.ഇന്നലെ രാത്രി പത്ത് മണിക്കാണ് മുംബൈ ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിർത്തുമെന്ന വിവരം സ്റ്റേഷൻ അധികൃതർക്ക് ലഭിച്ചത്. കണ്ണൂരിലിറങ്ങുന്ന യാത്രക്കാരുടെ വിവരം ലഭിക്കാൻ പിന്നെയും വൈകി.പതിനൊന്ന് മണിയോടെയാണ് ഇവരുടെ അന്തിമ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.പിന്നാലെ എസ്.പി, ഡപ്യൂ. കലക്ടർ, എ.ഡി.എം, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വൻ നിര റെയിൽവെ സ്റ്റേഷനിലെത്തി. തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരും കോഴിക്കോട് ജില്ലക്കാരായ 50 പേരും വയനാട് ജില്ലയിൽ നിന്നുള്ള 16 പേരും അടക്കം ഏതാണ്ട് 200 ഓളം പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവർക്കായി 15 ഓളം കെ.എസ്.ആർ.ടിസി ബസുകളും ആരോഗ്യ പരിശോധനാ സംവിധാനവുമടക്കം റെയിൽവെ സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നെയും നീട്ടി. രാജ്കോട്ടില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളസര്‍ക്കാരിന്‍റെ ഔദ്യോഗികമായ അഭ്യര്‍ഥന മാനിച്ച് യാത്ര നീട്ടി വച്ചത്. ക്വാറന്‍റീന്‍ സൗകര്യങ്ങളടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേരളം എതിര്‍പ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡല്‍ ഓഫീസര്‍ ഭാരതി ഐഎഎസ് വെളിപ്പെടുത്തി.
ചെറിയപെരുന്നാൾ;ഇന്ന് കടകള്‍ രാത്രി 9 വരെ തുറക്കാം; നാളത്തെ സമ്പൂർണ്ണ ലോക്ഡൗണിലും ഇളവുകള്‍
തിരുവനന്തപുരം:ചെറിയപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രാത്രി 9 മണി വരെ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്നും നാളെയാണ് കാണുന്നതെങ്കില്‍ നാളെയും രാത്രി 9 മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സമ്പൂർണ്ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ആള്‍ക്കൂട്ടം നഗരങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മലബാറില്‍ പെരുന്നാള്‍ ദിനത്തിന്റെ തലേന്ന് അഭൂതപൂർവ്വമായ ജനമാണ് മാര്‍ക്കറ്റുകളില്‍ ഒഴുകി എത്താറുള്ളത്.കഴിഞ്ഞ വിഷുദിനത്തില്‍ കോഴിക്കോട് എല്ലാ ലോകഡൗണ്‍ നിയന്ത്രണങ്ങളും പാളിയിരുന്നു.സമാനമായ അവസ്ഥ ആവര്‍ത്തിക്കാത്തിരിക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
കണ്ണൂരിൽ രോഗബാധിതരുടെ ഉറവിടം കണ്ടെത്താനായില്ല;ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു
കണ്ണൂർ:കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേർക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരീകരിക്കാനായില്ല.ധർമടം,അയ്യങ്കുന്ന് സ്വദേശിനിയുടെ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്.ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ധർമടം സ്വദേശിനിയായ അറുപത്തിരണ്ടുകാരിക്ക് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട അറുപത്തിയെട്ടു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വിദഗ്ദ്ധ ഡോക്റ്റർമാരുടെ സംഘത്തെ നിയോഗിച്ചു.അയ്യങ്കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പൂർണ്ണഗർഭിണിയായിരുന്ന ഇവർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.തുടർന്നാണ് മെഡിക്കൽ കോളേജിൽ എത്തിയത്.ഇവർക്കും എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല.എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.അനുവദിച്ച ഇളവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ കലക്റ്റർ മുന്നറിയിപ്പ് നൽകി.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍വര്‍ധന. ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 27ലെ 39 രോഗികള്‍ എന്ന കണക്കാണ് മറികടന്നത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍-19, കാസര്‍ഗോഡ്-7, കോഴിക്കോട്-6, പാലക്കാട്-5, തൃശൂര്‍4, മലപ്പുറം-4. രണ്ടു പേരുടെ ഫലം നെഗറ്റീവ് ആയി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രണ്ടുപേര്‍ രോഗമുക്തി നേടി.സ്ഥിതി ഗുരുതരമാണെന്നും ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 216 കോവിഡ് രോഗികളാണുള്ളത്.
ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തി;കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു
കോഴിക്കോട്:ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ഭക്ഷണ വിതരണം നടത്തിയതിനെ തുടർന്ന് കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് കോര്‍പ്പറേഷന്‍ ഓഫീസിനു സമീപത്തെ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഭക്ഷണം നല്‍കിയത്. കോര്‍പ്പറേഷന്‍ കാന്റീന്‍ കൂടിയായ ഇവിടെ നിരവധി പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ ഒരു മേശക്കു ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. സമീപത്ത് കട നടത്തുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. കോഫി ഹൗസ് അധികൃതര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.ലോക്ക് ഡൗണ്‍ കാലയളവില്‍ ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയടക്കം കലക്ടര്‍മാര്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത; ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം:കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത.ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.പുറത്തു നിന്ന് വരുന്നവര്‍ക്കുള്ളില്‍ രോഗം ഒതുങ്ങി നില്‍ക്കാന്‍ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. രോഗം ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ട്. കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളില്‍ നിന്നാണ് പലരും വരുന്നത്. ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാല്‍ രോഗം അടുത്തിരിക്കുന്നവര്‍ക്കെല്ലാം വരാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും.രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള കിടക്കകള്‍ മതിയാകാതെ വരും.അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ നടത്താനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.റെഡ് സോണില്‍ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ആളുകളെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ ഹോട്ടലുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആളുകളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങളില്‍ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വിദേശത്തു നിന്നും എത്തുന്നവർ വീടുകളില്‍ കര്‍ശനമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; അരുവിക്കര ഡാമിന്‍റെ അഞ്ച് ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം:തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ.അടുത്ത മൂന്നു മണിക്കൂറിനിടെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.കനത്ത മഴയെത്തുടര്‍ന്നു അരുവിക്കര ഡാമിന്‍റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്‍റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. കോട്ടൂര്‍, ആര്യനാട്, കുറ്റിച്ചല്‍ മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. കോട്ടൂര്‍, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.അതിനിടെ ആലപ്പുഴ തോട്ടപ്പള്ളിയിൽ പൊഴിമുറിക്കാൻ നടപടി ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി കാറ്റാടി മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുമായി തർക്കമുണ്ടായി. കാറ്റാടി മരം മുറിക്കുന്നത് കടലേറ്റം രൂക്ഷമാക്കുമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. കുറച്ച് ഭാഗത്ത് കാറ്റാടി മരം മുറിക്കാതെ പൊഴിമുറിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് തോട്ടപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.