കാസർകോഡ്:ഗോവയില്‍ നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കാസർകോഡ് സ്വദേശിനിയായ സ്ത്രീ മരിച്ചു.മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപത്തെ ടി.എസ് മൊയ്തീനിന്റെ ഭാര്യ ആമിന (66) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ വീട്ടില്‍ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്.ഇവരുടെ സ്രവം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.ചൊവ്വാഴ്ചയാണ് ഇവര്‍ ഗോവയിലെ മകളുടെ വീട്ടില്‍ നിന്ന് തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടിലെത്തിയത്.ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലമെത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും. മക്കള്‍: സഈദ്, ഉദൈഫത്ത്.
അഞ്ചൽ കൊലപാതക കേസ്;ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് സൂരജ് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് അന്വേഷണസംഘം
കൊല്ലം:അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് ഭർത്താവ് സൂരജ് മയങ്ങാനുള്ള മരുന്നു നൽകിയതായി അന്വേഷണസംഘം. അതുകൊണ്ടായിരിക്കാം പാമ്പു കടിച്ചത് ഉത്ര അറിയാതെപോയതെന്നും പൊലിസ് കരുതുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും.ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചെങ്കിലും ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരിശോധന ഫലത്തിനായി അന്വേഷണസഘം കാത്തിരിക്കുകയാണ്. കേസിൽ സൂരജിന്‍റെ കുടുംബാംഗങ്ങളെയും ഉടൻ ചോദ്യം ചെയ്തേക്കും.പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നൽകിയതായി സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സൂരജ് അടൂരിൽ ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയത്.പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്.പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തിരുന്നു. ആദ്യശ്രമത്തില്‍ പാമ്പ് കടിയേറ്റപ്പോള്‍ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു.അതുകൊണ്ട് രണ്ടാം ശ്രമത്തില്‍ കൂടുതല്‍ മയക്കു ഗുളിക നല്‍കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം.പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം പ്രതി സുരേഷിനെ ഇന്നലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷിന്‍റെ വീട്ടിൽ നിന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.
കണ്ണൂരില്‍ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; പ്രസവചികിത്സയ്‌ക്കെത്തിയ യുവതിക്കും കൊറോണ
കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതില്‍ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയോ റൂട്ട് മാപ്പോ കൃത്യമായ തയാറാക്കാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ ജില്ലയിൽ സമ്പർക്കം വഴി 21 പേര്‍ക്കാണ് അസുഖം ബാധിച്ചത്.ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലയിലായതിനാല്‍ ഇവരെ കോഴിക്കോട് ജില്ലയിലെ രോഗികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അസുഖം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിനി ആയിഷയ്ക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഇവരുടെ രണ്ട് മക്കള്‍ തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ മൊത്തക്കച്ചവടം നടത്തുന്നവരാണ്. ഇവർക്ക് സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആയിഷയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.എന്നാല്‍, മത്സ്യമാര്‍ക്കറ്റില്‍ മറ്റാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലെത്തിയ ലോറിത്തൊഴിലാളികളില്‍ നിന്ന് അസുഖ ബാധയുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തുമ്പോഴും ഇതിലും വ്യക്തതയില്ല.പ്രസവചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരിക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് പ്രത്യേക സംഘം അന്വേഷിക്കുന്നുവെങ്കിലും ഇതുവരെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗപ്പകര്‍ച്ചയുടെ സ്രോതസ്സ് വ്യക്തമാകാത്ത സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.ആരോഗ്യ പ്രവര്‍ത്തകനും ചികിത്സയ്‌ക്കെത്തിയ ആള്‍ക്കും രോഗബാധയുണ്ടായതോടെ ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ് എന്നിവര്‍ ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി.മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകൾ ഉണ്ട്. ഇന്നു പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങലും മരിക്കുന്നത് വേദനാജനകമാണ്. കഴിഞ്ഞയാഴ്ച വിദേശ പ്രവാസികളുടെ മരണം 124 ആയിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്ക് അത് 173 ആയി ഉയര്‍ന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ രോഗ പ്രതിരോധം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. ആശങ്കയുണ്ടാക്കന്നതാണ് ഈ സാഹചര്യം. ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
ന്യൂഡൽഹി:രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും.ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും ആലോചനയുണ്ട്. ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുമതി നല്‍കും.രാജ്യത്ത് ഒരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനാവില്ല.ഓരോഘട്ടത്തിലും ഇളവുകള്‍ പ്രഖ്യാപിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും സാധാരണ നിലയിലേക്ക് പോവുക. മെയ് 31 ഞായറാഴ്ചയാണ് നാലാംലോക്ഡൗണ്‍ അവസാനിക്കുക. അന്ന് പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി രൂക്ഷമായ പതിനൊനന്ന് നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും ലോക്ഡൗണ്‍ അഞ്ചാംഘട്ടം പുരോഗമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂരത്ത്, കൊല്‍ക്കത്ത എന്നിവയാകും ആ പതിനൊന്ന് നഗരങ്ങള്‍.അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഞ്ചാം ഘട്ടത്തിലും അടഞ്ഞ് തന്നെ കിടന്നേക്കും. മാളുകളും തിയേറ്ററുകളും തുറക്കാനും അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ ആരംഭിക്കും;നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ പുനരാരംഭിക്കും.രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യഷാപ്പുകള്‍ തുറക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ആപ്പ് വഴിയുള്ള മദ്യത്തിന്‍റെ ബുക്കിംഗ്. ഇതിനായി ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി. ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ വരണമെന്ന് മന്ത്രി അറിയിച്ചു. വരിയിൽ ഒരു സമയം 5 അംഗങ്ങളെ മാത്രമേ അനുവദിക്കൂവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 576 ബാറുകളിലും 301 കണ്‍സ്യൂമര്‍ഫെഡ് ബെവ്കോ ഔട്ട് ലെറ്റുകളിലും മദ്യം പാഴ്സലായി ലഭിക്കും. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യം ലഭിക്കും. മൊബൈല്‍ ആപ്പില്‍ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 612 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 576 ബാര്‍ ഹോട്ടലുകളാണ് സര്‍ക്കാരിന്‍റെ പുതിയ സംവിധാനത്തിലൂടെ മദ്യം നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടേയും മദ്യം വാങ്ങാം. ഇവിടെ പ്രത്യേക കൗണ്ടറുകളുണ്ടാവും പക്ഷെ ഇരുന്ന് കഴിക്കാനുള്ള സംവിധാനമുണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.291 ബിയര്‍ ആന്‍ഡ് വൈന്‍ വില്‍പ്പന ശാലകളിലും ഇത്തരത്തില്‍ വില്‍പ്പന നടത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ഒരു ഉപഭോക്താവില്‍ നിന്ന് 50 പൈസ വീതം ബന്ധപ്പെട്ട ഏജന്‍സി ബിവറേജസ് കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഈ പണം കമ്പനിക്കല്ല നല്‍കുന്നത്. ആ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ പല മാധ്യമങ്ങളിലും പ്രചരിച്ചുവെന്നും ഇത് തെറ്റായ വിവരമാണെന്നും മന്ത്രി പറഞ്ഞു. എസ്‌എംഎസ് വഴി അയക്കാനുള്ള 15 പൈസ ഫെയര്‍കോഡ് കമ്ബനിയാണ് നല്‍കേണ്ടത്. അതിന്റെ ബില്ല് ബിവറേജസ് കോര്‍പ്പറേഷന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
നാലുമാസം പ്രായമായ കുട്ടി മരിച്ചത് കൊറോണ ബാധിച്ചല്ല;ചികിത്സാ പിഴവെന്ന് മാതാപിതാക്കള്‍; സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുന്നു
മലപ്പുറം: മഞ്ചേരിയില്‍ നാല് മാസം പ്രായമുള്ള കുട്ടി മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് മാതാപിതാക്കള്‍. ചികിത്സാ പിഴവുകൊണ്ടാണ് കുട്ടി മരിച്ചതെന്നും പരിശോധനയില്‍ സംഭവിച്ച പിഴവ് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഏപ്രില്‍ 24നാണ് നാലുമാസം പ്രായമുള്ള പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച് മരിച്ചത്. 21ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അന്ന് മുതല്‍ വെന്റിലേറ്ററിലായിരുന്നു. ജന്മനാ ഹൃദ്രോഗിയായ കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചതെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നത്.കുട്ടിയുടെ കോവിഡ് ഫലം പോസറ്റീവായതില്‍ സംശയമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ മരണശേഷം ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ സ്രവപരിശോനഫലത്തില്‍ നെഗറ്റീവാണന്നോ പോസറ്റീവാണെന്നോ സ്ഥിരികരിച്ചിരുന്നില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധന ഫലം നെഗറ്റീവാണെന്നറിഞ്ഞിട്ടും ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.കുട്ടിയുടെ ചികിത്സയില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴും ചികിത്സാ പിഴവ് മറച്ചുവെക്കാനുള്ള ശ്രമമാണ് അധികൃതര്‍ തുടരുന്നത്. കുട്ടിയുടെ മരണശേഷം ബന്ധുക്കളായ 33പേരെ ഐസൊലേഷനില്‍ ആക്കിയിരുന്നു.കുട്ടിക്ക് കൊറോണ ഉണ്ടായിരുന്നെങ്കില്‍ അടുത്തിടപഴകിയ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കളായ അഷ്‌റഫ്, ആഷിഫ, പിതൃസഹോദരന്‍ ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈനില്‍ കഴിയാന്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം:വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റൈനില്‍ കഴിയാന്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തുക സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിക്കും. പാവപ്പെട്ടവര്‍ക്ക് ചെലവുകുറഞ്ഞ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തും.വിദേശത്ത് നിന്ന് എത്രപേര്‍ വന്നാലും ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പ്രവാസികള്‍ മടങ്ങിയെത്തുന്ന സമയത്തെ മുഖ്യമന്ത്രിയുടെ നിലപാട്.ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് പണം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് എത്തിയ പ്രവാസികള്‍ക്ക് 7 ദിവസം സര്‍ക്കാര്‍ നിര്‍ബന്ധിത സൗജന്യ ക്വാറന്റൈന്‍ നല്‍കിയിരുന്നു. ഇത് ഒഴിവാക്കിയാണ് പ്രവാസികളില്‍ നിന്നും പണം ഈടാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് ഉള്‍പ്പടെ എത്തുന്ന നിരവധി പേര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും.അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളെ മാത്രമാണ് വീടുകളിലേക്ക് വിടുന്നത്. ഇത്തരത്തില്‍ ഏഴു ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഞ്ചൽ കൊലപാതകം;ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജിന്‍റെ കുറ്റസമ്മതമൊഴി
കൊല്ലം:അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സൂരജിന്റെ കുറ്റസമ്മതമൊഴി പുറത്ത്.ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.ഉത്രയെ കുടുംബം അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറഞ്ഞു.വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്നും സൂരജ് ഭയന്നിരുന്നു.അതിനിടെ ഇന്ന് സൂരജിനെ അടൂര്‍ പറക്കോട്ടുള്ള വീട്ടിലെത്തിച്ച് തെളിവെടുക്കും. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും ഇന്നുതന്നെ പ്രതികളെയെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യുവതിയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം. മാര്‍ച്ച് രണ്ടിന് അടൂരിലെ ഭര്‍തൃവീട്ടില്‍ വെച്ച് അണലി വര്‍ഗ്ഗത്തില്‍ പെട്ട പാമ്ബിനെക്കൊണ്ടായിരുന്നു സൂരജ് ഉത്രയെ ആദ്യം കടിപ്പിച്ചത്. 10000 രൂപക്ക് രണ്ടാംപ്രതി സുരേഷിന്‍റെ പക്കല്‍ നിന്നും വാങ്ങിയ പാമ്പിനെ കൊലപാതക ശ്രമത്തിന് ശേഷം എന്തുചെയ്തു എന്ന് പരിശോധിക്കുന്നതിനാണ് സൂരജിന്റെ വീട്ടിലെ തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 7000 രൂപക്ക് വാങ്ങിയത് പത്തനംതിട്ട ഏനാത്ത് വെച്ചായിരുന്നു. രണ്ടുപ്രതികളെയും ഇന്ന് ഈ സ്ഥലത്തും എത്തിക്കും.അതേസമയം ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലാകും മരണത്തിലെ സൂക്ഷ്മവിവരങ്ങള്‍ ഉണ്ടാവുക. കൊലക്കുപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തി സാമ്പിളുകൾ ഇന്നലെ പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലവും ഉത്രയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ ബന്ധപ്പെടുത്തിയാല്‍ മാത്രമേ പ്രതികള്‍ക്കെതിരായ തെളിവുകള്‍ ശക്തമാക്കാനാവുകയുള്ളൂ.ഇതിനായി ഉത്രയുടെ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് അന്വേഷണസംഘം.പാമ്പിന്റെ ഡിഎന്‍എ പരിശോധനയും നിര്‍ണായകമാണ്.
ജില്ലയിൽ ഇന്നലെ എട്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ധർമ്മടത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ വീട്ടിലെ നാലു പേര്‍ക്ക് കൂടി രോഗബാധ
കണ്ണൂര്‍: ജില്ലയില്‍ എട്ടുപേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേര്‍ ദുബൈയില്‍ നിന്നും രണ്ടുപേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. ബാക്കി നാലുപേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബൈയില്‍ നിന്നു വന്നവര്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയില്‍ നിന്നെത്തിയത്.ധര്‍മടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസ്സുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. നാലുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ധർമടം സ്വദേശിനിയുടെ വീട്ടില്‍ താമസക്കാരായ ബന്ധുക്കളാണ്.ഇതോടെ ഇവരുടെ വീട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11 ആയി.ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 11397 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.