കോഴിക്കോട്:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.റിയാദില്‍ നിന്നും ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സുലൈഖയെ ഈ മാസം 25ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഹൃദയ സ്തംഭനവുമുണ്ടായി. ഗുരുതരാവസ്ഥയിലായ സുലൈഖയെ പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.20ഓടെയാണ് മരണം സംഭവിച്ചത്. സുലൈഖയുടെ ഭര്‍ത്താവിനും കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ചാംഘട്ട ലോക്ക് ഡൌൺ;കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; സംസ്ഥാനത്തിന്‍റെ തീരുമാനം നാളെ
തിരുവനന്തപുരം:രാജ്യത്ത് അഞ്ചാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ലെന്ന് സൂചന.രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രത്തിന്‍റെ ഇളവുകള്‍ രാജ്യത്ത് വലിയ വിപത്തുണ്ടാക്കുമെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മയും പ്രതികരിച്ചു. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച രാവിലെ ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടായേക്കും.ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ സംസ്ഥാനം പൂര്‍ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പലമേഖലകളിലും കൂടുതല്‍ നിയന്ത്രണം തുടരേണ്ടി വരും. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്‍റെ ഇളവുകള്‍ സംസ്ഥാനം നടപ്പാക്കാനുള്ള സാധ്യതയും വിരളമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. മതമേലധ്യക്ഷന്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും.സ്‌കൂളുകളിലും കോളേജുകളിലും വിവിധ ആപ്പുകള്‍ വഴിയാണ് പഠനം നടക്കുക. സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്‌സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഞായറാഴ്ച പുറത്തിറക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന സ്‌കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും. വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം.ടി വിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.ലോക്ക് ഡൗണിനിടയിലും വിവാദങ്ങളെയെല്ലാം മറികടന്ന് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പുതിയ ദൗത്യത്തിലേക്കു കടക്കുന്നത്.കോളജുകളില്‍ സൂം ഉള്‍പ്പെടെയുള്ള വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍. ഇതിനായി അതത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളജുകളിലെത്തണം.
ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൌണ്‍;പകര്‍ച്ചവ്യാധി തടയാന്‍ ശുചീകരണ യജ്ഞം നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗണ്‍.സമ്പൂർണ്ണ ലോക്ഡൗണായ ഇന്ന് എല്ലാവരും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളില്‍ പങ്കാളികളാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും പങ്കെടുക്കും.വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയണം.ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്ജിലെ ട്രേ എന്നിവയിലെ വെള്ളവും ഒഴിവാക്കണം. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇന്നത്തെ ലോക്ക്ഡൗണില്‍ ചരക്കുവാഹനങ്ങളും ആശുപത്രിയിലേക്കുള്ള വാഹനങ്ങളും നിരത്തിലിറക്കാം. ജോലിക്കു പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, അവശ്യ വിഭാഗ ജീവനക്കാര്‍ എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യസാധന കടകള്‍ തുറക്കാം.പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും തടസ്സമില്ല.ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത് 58 പേര്‍ക്ക്;10 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 58 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ ആലപ്പുഴ ജില്ലയില്‍ കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ഇന്നലെ മരണമടഞ്ഞ വ്യക്തിയുടെ പരിശോധനാഫലവും ഉള്‍പെടുന്നു.രോഗബാധ സ്ഥിരീകരിച്ചവരിൽ 17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-6, യു.എ.ഇ.-6, ഒമാന്‍-2, സൗദി അറേബ്യ-1, ഖത്തര്‍-1, ഇറ്റലി-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-19, തമിഴ്‌നാട്-9, തെലുങ്കാന-1, ഡല്‍ഹി-1, കര്‍ണാടക-1) നിന്നും വന്നതാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും (പാലക്കാട്) 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (കൊല്ലം, പാലക്കാട്) രോഗം ബാധിച്ചു.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. രുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘം കേരളത്തിലെത്തും
തിരുവനന്തപുരം:ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് ടീം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ പത്ത് ടീമിനെ മുന്‍കൂട്ടി നിയോഗിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.മൊത്തം 28 ടീം സന്നദ്ധമായി നില്‍ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് നാല് ടീം എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ്. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘത്തെ നിയോഗിക്കുക.
ആശങ്കയകന്നു;കോവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റിവ്
കോഴിക്കോട്:കോവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റിവ്.അഴിയൂര്‍ സ്വദേശി ഹാഷിമിന്റെ സ്രവ പരിശോധന ഫലമാണ് നെഗറ്റിവായിരിക്കുന്നത്.ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷിം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് ഹാഷിം മരണപ്പെട്ടത്. ഹാഷിം നിരീക്ഷണത്തിലിരിക്കുന്ന ആള്‍ ആണെന്ന കാര്യം വെളിപ്പെടുത്താതെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.ഇതേ തുടര്‍ന്ന് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു.മരണത്തിന് ശേഷമാണ് ഹാഷിം ക്വാറന്റൈനില്‍ കഴിഞ്ഞ വ്യക്തിയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയുന്നത്.അതിനാല്‍ ഹാഷിമുമായി ഇടപെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോയിരുന്നു.
വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്:വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു.അഴിയൂര്‍ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം മറച്ചുവച്ചുവെന്ന് ആരോപണമുണ്ട്.ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം ആരോഗ്യവകുപ്പും അറിഞ്ഞിട്ടില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
10 ദിവസം മുന്‍പാണ് ഇയാള്‍ വിദേശത്തു നിന്നും നാട്ടില്‍ എത്തിയത്.ഇന്നലെ വൈകിട്ട് 3.30മണിയോടെ വീട്ടില്‍ നിന്നും വീണു നെറ്റിക്ക് പരുക്കേറ്റ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധവസ്ഥയില്‍ ആയിരുന്ന ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ സ്‌കാനിങ് ചെയുവാന്‍ വേണ്ടിയും തുടര്‍ ചികിത്സയ്ക്കുമായി മാഹി ആശുപത്രി ആംബുലന്‍സ് കൊണ്ടുപോകുകയായിരുന്നു.ഇയാള്‍ വിദേശത്തു നിന്നും വന്നതാണെന്ന് വിവരവും നിരീക്ഷണത്തില്‍ ആണെന്നുള്ള വിവരവും കൊണ്ടുവന്നവര്‍ മറച്ചു വെച്ചതായി ആരോപണമുണ്ട്.തുടര്‍ന്ന് ഡോക്ടര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ മതിയായ സുരക്ഷ സംവിധാനങ്ങളോടെ ആയിരുന്നില്ല രോഗിയെ കൈകാര്യം ചെയ്തത്. വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്.തുടര്‍ന്ന് ഇയാളുടെ കൊവിഡ് ഫലം വരും വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള ജീവനക്കാര്‍ ക്വാറന്റൈനിൽ പോകുകയായിരുന്നു.
തമിഴ്‌നാട്ടിലെ നാമക്കലില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
അഞ്ചൽ കൊലപാതകം;ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന
കൊല്ലം:അഞ്ചൽ കൊലപാതകക്കേസിൽ അറസ്റ്റിലായ സൂരജ് ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന.ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയുടെ എല്‍ ഐ സി പോളിസി എടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഉത്രയുടെ കൊലപാതകം സൂരജ് നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതില്‍ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതുമാണ് ഈ തെളിവുകള്‍ എന്നും പോലീസ് പറയുന്നു.ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു.ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്.എല്‍ഐസി പോളിസികളെ കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു.ഇത് എന്ത് ചെയ്തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി.പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്.ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ചും വ്യക്തമാക്കി. അടൂരിലെ മരുന്നുകടയില്‍ നിന്ന് വാങ്ങിയ ഉറക്ക ഗുളികയുടെ ശേഷിച്ച സ്ട്രിപ് സൂരജിന്റെ കയ്യില്‍ നിന്ന് കണ്ടെടുത്തു. പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായി ഉത്രയ്ക്ക് ഉറക്കഗുളികകള്‍ സൂരജ് നല്‍കിയിരുന്നു.അതേസമയം സൂരജിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.സൂരജിന്‍റെ മാതാപിതാക്കളെയും ചോദ്യംചെയ്തേക്കും.