കണ്ണൂർ വിമാനത്താവളത്തിൽ 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി;കതിരൂർ സ്വദേശിനി പിടിയിൽ

keralanews 40 lakh gold seized at kannur airport kathirur resident arrested

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട.വിമാനത്താവളത്തിൽ നിന്നും പർദ്ദയ്‌ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ ഇന്ന് പുലർച്ചെ ഗൾഫിൽ നിന്നും വിമാനത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീന പിടിയിലായി. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.തുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച നിലയിലുള്ള സ്വർണം പിടികൂടിയത്. പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് വ്യക്തമാക്കി.

കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം;ഒരാൾ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

keralanews four workers killed in landslide during building construction in kalamasseri one trapped under soil

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾ മരിച്ചു.വിവിധഭാഷ തൊഴിലാളികളാണ് മരിച്ചത്. ഒരാൾ കൂടി മണ്ണിനടിയിലുണ്ടെന്നാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.മണ്ണിനടിയിൽ കുടുങ്ങിക്കിടന്നിരുന്ന ആറ് പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു. ഇതിലെ നാല് പേരാണ് മരിച്ചത്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം.കുഴിയിൽ നിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ആശുപത്രിയിലെത്തിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ

keralanews after waiting for six years kerala blasters reached the final of the indian super league

മഡ്ഗാവ്: ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെ 1-1 ന് സമനിലയിൽ തളച്ചതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപാദ മത്സരത്തിൽ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയതോടെ ഇരുപാദങ്ങളിലുമായി ബാസ്റ്റേഴ്‌സ് 2-1 ന്റെ ലീഡുനേടിയാണ് ഫൈനൽ യോഗ്യത നേടിയത്.നാളെ നടക്കുന്ന ഹൈദരാബാദ് – എടികെ മത്സരത്തിലെ വിജയികളെ ഫൈനലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിടും. 2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനുമുമ്പ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്‌ 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ആണ് ഐഎസ്‌എല്‍ ഫൈനല്‍ നടക്കുന്നത്. നീണ്ട രണ്ട് വര്‍ഷത്തിന് ശേഷമാണ് ഐ എസ് എല്ലില്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകര്‍ ഒന്നുകില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്, അവരുടെ അവസാന ഡോസില്‍ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കില്‍ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് RT-PCR റിപ്പോര്‍ട്ട് നല്‍കുകയോ വേണം. എല്ലായ്‌പ്പോഴും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കും.

രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു

keralanews vaccination of children between the ages of 12 and 14 years started in the country

ന്യൂഡൽഹി:രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ വാക്‌സിനേഷൻ ആരംഭിച്ചു. രാവിലെ 11.30 മുതൽ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. പൈലറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിൻ വിതരണം.സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകിയത്. ബയോ ഇ പുറത്തിറക്കിയ കോർബിവാക്സാണ് കുട്ടികൾക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്‌സിൻ നൽകുക. രാജ്യ വ്യാപകമായിട്ടാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഇന്ന് വാക്സിനേഷൻ ആരംഭിച്ചത്. വാക്‌സിൻ പ്രതിരോധത്തിലെ നിർണായക ദിനമെന്നാണ് ഈ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചത്. കേരളത്തിൽ 15 ലക്ഷത്തോളം കുട്ടികളാണ് ഈ പ്രായപരിധിയിൽ വാക്‌സിൻ സ്വീകരിക്കാനുള്ളത്. കേരളത്തിൽ കൂടാതെ കർണാടകയിലും കുട്ടികൾക്ക് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 20 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാൻ തയ്യാറായിരിക്കുന്നത്. ഇന്ന് വാക്‌സിനേഷൻ ആരംഭിച്ചതായും പരിപാടി ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ. കെ സുധാകർ റെഡ്ഡി അറിയിച്ചു.60 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കരുതൽ ഡോസ് വാക്‌സിൻ വിതരണവും ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;5 മരണം;1444 പേർ രോഗമുക്തി നേടി

keralanews 966 corona cases confirmed in the state today 5 deaths 1444 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 966 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂർ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂർ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസർകോട് 9 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 38 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,008 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 916 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1444 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 183, കൊല്ലം 96, പത്തനംതിട്ട 58, ആലപ്പുഴ 72, കോട്ടയം 212, ഇടുക്കി 88, എറണാകുളം 345, തൃശൂർ 82, പാലക്കാട് 22, മലപ്പുറം 34, കോഴിക്കോട് 61, വയനാട് 77, കണ്ണൂർ 85, കാസർഗോഡ് 29 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 7536 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത;രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

keralanews chance of heavy rain in the coming hours in the state yellow alert in two districts

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റ് ആയി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാദ്ധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. ഇതിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുക. ഈ രണ്ട് ജില്ലകളിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുനമർദ്ദം ശക്തി പ്രാപിച്ച് മാർച്ച് 21 ഓടെ ആന്തമാൻ തീരത്തിനു സമീപത്തു വച്ചാണ് ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത.മാർച്ച് 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. ഇന്ത്യൻ തീരത്തിനു ഭീഷണിയില്ലെങ്കിലുംകേരളത്തിൽ ഒറ്റപെട്ട വേനൽ മഴ തുടരാൻ സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിനോട് ചേർന്നുളള തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ ഏഴ് വയസ്സുകാരി മുങ്ങി മരിച്ചു;മരിച്ചത് രാജസ്ഥാൻ സ്വദേശിനി

keralanews seven year old girl drowns in thalassery jagannath temple pool rajasthan native died

കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ ഏഴ് വയസ്സുകാരി മുങ്ങി മരിച്ചു.ജഗന്നാഥ ക്ഷേത്ര ഉത്സവ സ്ഥലത്ത് ബലൂൺ വിൽപ്പന നടത്തുകയായിരുന്ന കുട്ടിയാണ് മുങ്ങിമരിച്ചത്.  രാജസ്ഥാൻ സ്വദേശിയായ കൊനയാണ് മരിച്ചത്.രാജസ്ഥാനിലെ റയ്‌വാൻ ജില്ലയിലെ ഗോപി – മംത ദമ്പതികളുടെ മകളാണ് കൊന. രക്ഷിതാക്കളെ കാണാതായതിനെ തുടർന്ന് ഇവരുടെ മൂന്ന് കുട്ടികൾ കുളത്തിന് സമീപം എത്തിയിരുന്നു. കുളത്തിന് സമീപം പരിശോധിക്കുന്നതിനിടെ മൂന്ന് പേരും കുളത്തിലേക്ക് വീണു.കുട്ടികൾ കുളത്തിൽ വീണത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ രക്ഷപെടുത്താനായി കുളത്തിൽ ഇറങ്ങി. രണ്ട് പേരെ നാട്ടുകാർ രക്ഷപെടുത്തുകയും ചെയ്തു. കൊനയെ മുങ്ങിയെടുത്ത് പോലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷൻ നാളെ മുതൽ;2010ന് ശേഷം ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാം; നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

keralanews corona vaccination of children between ages of 12 and 14 from tomorrow anyone born after 2010 can register health minister veena george with suggestions

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊറോണ വാക്സിനേഷൻ നാളെ മുതൽ പൈലറ്റടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷൻ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തിൽ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാർഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്സിനേഷൻ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷൻ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. ഇപ്പോൾ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷൻ സമയത്ത് വാക്സിനേഷൻ ഫലപ്രദമായി നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാൽ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷൻ നടത്തുക. നിലവിൽ മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീലയും 15 മുതൽ 17 വയസുവരെയുള്ളവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് പിങ്കുമാണ്. മുതിർന്നവർക്ക് കൊവിഷീൽഡും, കൊവാക്സിനും 15 മുതൽ 17 വയസുവരെയുള്ളവർക്ക് കൊവാക്സിനുമാണ് നൽകുന്നത്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പുതിയ കോർബിവാക്സാണ് നൽകുന്നത്. അതിനാൽ വാക്സിനുകൾ മാറാതിരിക്കാൻ മറ്റൊരു നിറം നൽകി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതാണ്.2010ന് ശേഷം ജനിച്ച എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും വാക്സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയാൽ മാത്രമേ വാക്സിൻ നൽകുകയുള്ളൂ. 2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്സിനെടുക്കാൻ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്‌ക്ക് ബാക്കിയുള്ളവർക്കും വാക്സിനെടുക്കാൻ സാധിക്കും. അതിനാൽ എല്ലാവരും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. കേന്ദ്ര പോർട്ടലായ കോവിനിൽ 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ചെയ്യാനുള്ള സംവിധാനം ആയിട്ടില്ല. അതിന് ശേഷമേ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ.

സംസ്ഥാനത്ത് ഇന്ന് 1193 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;1034 പേർക്ക് രോഗമുക്തി

keralanews 1193 corona cases confirmed in the state today 1034 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1193 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂർ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂർ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസർകോട് 12 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 54 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1034 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂർ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂർ 37, കാസർകോട് 14 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 8064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ;ഇന്ന് രോഗം സ്ഥിരീകരിച്ചത് 809 പേർക്ക്;1597 പേർക്ക് രോഗമുക്തി

keralanews number of corona patients in the state below 1000 in the state today 1597 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 809 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂർ 55, പത്തനംതിട്ട 43, കണ്ണൂർ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസർകോട് 8 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 71 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,886 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ ആരുംതന്നെയില്ല. 769 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1597 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 257, കൊല്ലം 95, പത്തനംതിട്ട 68, ആലപ്പുഴ 42, കോട്ടയം 209, ഇടുക്കി 207, എറണാകുളം 313, തൃശൂർ 141, പാലക്കാട് 34, മലപ്പുറം 44, കോഴിക്കോട് 17, വയനാട് 63, കണ്ണൂർ 82, കാസർകോട് 25 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 7980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.