കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച്‌ സംസ്ഥാനത്തെ ആരാധനാലയങ്ങൾ ചൊവ്വാഴ്ച തുറക്കുന്നു;കടുത്ത നിയന്ത്രണങ്ങള്‍

keralanews religious shrines in the state opens from june 8th following central govt guidelines

തിരുവനന്തപുരം:കേന്ദ്രനിര്‍ദ്ദേശം അനുസരിച്ച്‌ സംസ്ഥാനത്തെ ആരാധനാലയങ്ങൾ ജൂണ്‍ എട്ടുമുതല്‍ തുറക്കും.ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല. പ്രസാദവിതരണവും തീര്‍ത്ഥജലം തളിക്കലും പാടില്ല.10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരണം. 65 വയസ് മുകളില്‍ പ്രായമുള്ള പുരോഹിതര്‍ക്കും ഈ നിബന്ധന ബാധകമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. പൊതുടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. എയര്‍ കണ്ടീഷനുകള്‍ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കില്‍ 24 മുതല്‍ 30 വരെ ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കണം. പായ, വിരിപ്പ് എന്നിവര്‍ ആരാധനയ്ക്ക് എത്തുന്നവര്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;22 പേർക്ക് രോഗമുക്തി

keralanews covid confirmed in 111 persons today and 22 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്.48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.പാലക്കാട് 40, മലപ്പുറം 18,പത്തനംതിട്ട 11, എറണാകുളം 10,തൃശൂർ 8, തിരുവനന്തപുരം 5, ആലപ്പുഴ 5,കോഴിക്കോട് 4,ഇടുക്കി 3,   വയനാട് 3, കൊല്ലം 2, കോട്ടയം 1, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍. 22 പേര്‍ രോഗമുക്തരായി.പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്‌നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു. 1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 1,77,106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആരോഗ്യപ്രവർത്തകരായ ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കി

keralanews central govt give 50 lakh rupees to the families of asif and dona died during covid duty

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച ആസിഫിന്റെയും ഡോണയുടെയും കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 50ലക്ഷം വീതം നല്‍കി. ഇവരുടെ ഇന്‍ഷുറന്‍സ് തുകയാണ് കുടുംബത്തിന് കൈമാറിയത്. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ അബ്ദുവിന്റെ മകന്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) എന്നിവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടങ്ങളില്‍ പെട്ടാണ് മരിച്ചത്.മാര്‍ച്ച്‌ 26ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. കോവിഡ്19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ആസിഫ്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ആസിഫ് ഓടിച്ച്‌ പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു മരണം.തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയിരുന്നു ഡോണ. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടാണ് ഡോണ മരിച്ചത്.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഐഎംഎ

keralanews i m a issued a warning against the opening of places of worship in the state

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം മുന്നറിയിപ്പ്  നൽകി. ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗവ്യാപനം നിയന്ത്രണാതീതമാവും. ഉറവിടം അറിയാത്ത കൊവിഡ് കേസുകളിലൂടെ സമൂഹവ്യാപനം നടക്കുന്നുവെന്ന് കരുതണമെന്നും ഐ.എം.എ പറയുന്നു.കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും നിരീക്ഷണം ലംഘിക്കുന്നതായും നാം മനസിലാക്കുന്നു. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാദ്ധ്യത കൂടിവരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാനെന്നും ഐ.എം.എ വ്യക്തമാക്കുന്നു.രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.അതിനാല്‍ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് തന്നെയാണെന്ന് ഐ.എം.എ കേരള ഘടകം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുന്ന അവസ്ഥയുണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ചികിത്സയ്‌ക്കെത്തിയ ഗ​ര്‍​ഭി​ണി​ക്കു കോ​വി​ഡ്; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 80 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

keralanews pregnant lady came for treatment confirmed covid 80 health workers at kozhikode medical college under observation

കോഴിക്കോട്:ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. വിവിധ ഡിപ്പാ‍ര്‍ട്ടമെന്റുകളിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 80 പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയായ യുവതി മേയ് 24-നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ഇതിനിടയില്‍ പ്രസവ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യുവതിയെ സര്‍ജന്‍, ന്യൂറോ വിദഗ്ധന്‍, പീഡിയാട്രിക് സര്‍ജന്‍, കാര്‍ഡിയോളജി എന്നിങ്ങനെ വിവിധ ഡിപ്പാ‍ര്‍ട്ടമെന്റുകളിലെ വിദഗ്ധന്‍ അടക്കമുള്ളവര്‍ പരിശോധിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും യുവതിയുമായി ഇടപഴകിയിരുന്നു. യുവതി കോവിഡ് സംബന്ധമായി ആരുമായും നേരിട്ട് സമ്പർക്കം പുലര്‍ത്തിയിട്ടില്ലാതിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. പരിശോധനയുടെ ഭാഗമായി യുവതിയുടെ സ്രവം പരിശോധനയ്ക്കയച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍ പോകുകയായിരുന്നു.യുവതിക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്നു ഇതുവരെ വ്യക്തമായില്ല.

പടക്കം കടിച്ച് പരിക്കേറ്റ ​ഗര്‍ഭിണിയായ ആന ചരിഞ്ഞ കേസ്; മലപ്പുറം സ്വദേശി അറസ്റ്റില്‍

keralanews one accused arrested in connection with the death of pregnant elephant in palakkad

പാലക്കാട്:പാലക്കാട് വെള്ളിയാര്‍ പുഴയില്‍ പടക്കം കടിച്ച് പരിക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്താണ് വില്‍സണ്‍ കൃഷി ചെയ്യുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടാനയുടെ ജീവനെടുത്തത് കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന  നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയില്‍ സ്ഫോടകവസ്തു നിറച്ചുനല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മേയ് 23 ന് വെളളിയാര്‍ പുഴയില്‍ എത്തുന്നതിന് മുന്‍പേ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പരുക്കേറ്റിരുന്നു. നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായതെന്നും രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി

keralanews central government has issued guidelines for the opening of places of worship in the country from june 8

ന്യൂഡൽഹി:രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ആരാധനാലയങ്ങളിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.

കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

  • കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്
  • കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
  • മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
  • ഒരുമിച്ച്‌ ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
  • 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം.
  • ആരാധനാലയത്തിലെ വിഗ്രഹത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.
  • പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.
  • സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല.
  • പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ക്രമീകരിക്കണം.
  • ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണം.
  • പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക്   ഒരുമിച്ച്‌ പാദരക്ഷകള്‍ വയ്ക്കാം.
  • ക്യൂവില്‍ ആറടി അകലം പാലിക്കണം.
  • ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
  • ആരെങ്കിലും ആരാധനാലയത്തില്‍ വച്ച്‌ അസുഖ ബാധിതന്‍ ആയാല്‍, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച്‌ വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.

ചെലവ് കുറയ്ക്കാന്‍ വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി; ഇനി മുതല്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസം വീടുകളില്‍ തന്നെ കഴിയാം

keralanews govt order to make home as quarantine centers expatriates can stay in home in the first seven days

തിരുവനന്തപുരം:ക്വാറന്റൈൻ ചെലവ് കുറയ്ക്കാന്‍ വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ഇതോടെ ഇനി മുതല്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ആദ്യ ഏഴ് ദിവസം വീടുകളില്‍ തന്നെ കഴിയാം.വിദേശത്ത് നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതോടയാണ് പ്രവാസികള്‍ക്ക് വിദേശത്ത് നിന്നെത്തുന്നതിന് പിന്നാലെ വീട്ടിലേക്ക് പോകാന്‍ അവസരം ഒരുങ്ങിയത്.ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണു ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ ഇതുപ്രകാരം വീടുകളിലേക്ക് അയച്ചു തുടങ്ങി. വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത് വഴി സര്‍ക്കാരിന് വന്‍ ബാധ്യതയാണ് ഉണ്ടാകുന്നത്. ഹോട്ടലുകളിലും മറ്റും ക്വാറന്റൈന്‍ ഒരുക്കിയതോടെ ഒരാള്‍ക്ക് ഒരു ദിവസം 2000ത്തിന് മുകളില്‍ രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. ബെഡ്ഷീറ്റും കിടക്കയും മറ്റ് അവശ്യ സാധനങ്ങളും അടക്കം ഓരോരുത്തരും മാറുന്നതിന് അനുസരിച്ച്‌ മാറ്റി നല്‍കുകയും വേണമായിരുന്നു. എന്നാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവും കുറയും.

തലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീക പീഡനം; ഭർത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു;യുവതിയുടെ നില അതീവ ഗുരുതരം

keralanews woman given liquor forcibly gang raped by husband and friends in thiruvananthapuram

തിരുവനന്തപുരം:തലസ്ഥാനത്തെ ഞെട്ടിച്ച് ലൈംഗീക പീഡനം.ഭര്‍ത്താവും കൂട്ടുകാരും ചേർന്ന് യുവതിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കണിയാപുരം സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.കണിയാപുരം പള്ളിനട സ്വദേശിനിയും രണ്ടും കുട്ടികളുടെ അമ്മയുമായ യുവതി പോത്തന്‍കോടെ ഭര്‍തൃവീട്ടിലായിരുന്നു താമസം. കടല്‍തീരത്ത് കൊണ്ടുപോകുന്നെന്ന് പറഞ്ഞ് ഭര്‍ത്താവ് പുതുകുറിച്ചിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് റോഡിലെത്തിയ യുവതി റോഡില്‍ കണ്ട വാഹനത്തിന് കൈകാണിച്ചു. വാഹനത്തില്‍ എത്തിയവരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചതും പൊലീസിനെ അറിയിച്ചതും. പൊലീസെത്തി യുവതിയെ ചിറയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.അര്‍ധ ബോധാവസ്ഥയിലുള്ള സ്ത്രീയുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ട്.യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റു നാലുപ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അബോധാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. അതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളു.

കേരളത്തില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 94 പേര്‍ക്ക്; മൂന്ന് മരണം

keralanews 94 covid cases confirmed in the state yesterday and three death reported

തിരുവനന്തപുരം:കേരളത്തില്‍ ഇന്നലെ 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 47 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം–5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.സംസ്ഥാനത്ത് ഇന്നലെ മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ബുധനാഴ്ചയാണ് മരിച്ചത്.ഷബ്‌നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു.മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് തവണ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ മരണങ്ങളുടെ എണ്ണം 14 ആയി.ഇന്നലെ 39പേരുടെ പരിശോധനാഫലം നെഗറ്റീവായി. പാലക്കാട് 13 പേരുടേയും മലപ്പുറത്ത് 8 പേരുടേയും കണ്ണൂര്‍ 7 പേരുടേയും കോഴിക്കോട് 5 പേരുടേയും തൃശ്ശൂര്‍,വയനാട് ജില്ലകളില്‍ 2 പേരുടേയും വീതവും തിരുവനന്തപുരം,പത്തനംതിട്ട ജില്ലകളില്‍ ഒരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.സംസ്ഥാനത്ത് നിലവിൽ ഹോട്സ്പോട്ടുകൾ 124 ആയി.ഇന്നലെ പുതുതായി 9 ഹോട്സ്പോട്ടുകൾ കൂടി നിലവിൽ വന്നു.കണ്ണൂർ 4, കൊല്ലം 3, പാലക്കാട് 2 എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.