കൊച്ചി:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ ലഭ്യമാകും.29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്‌ത മോഡലാണ് എത്തിയത്.ദിവസങ്ങള്‍ക്കകം ഇത് പൊതുവിപണിയിലുമെത്തും.സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്‌ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്‌സ്.ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണ് പ്രധാന നേട്ടം. കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മ്മാണശാലയാണ് കൊക്കോണിക്‌സിന് കൈമാറിയത്.വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ് ലാപ്‌ടോപ് കൈമാറി. പഴയ ലാപ്ടോപ്പുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഇ- -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്‌സ് ഒരുക്കുന്നു.
പ്രളയഫണ്ട് തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍
കൊച്ചി: പ്രളയദുരിതാശ്വാസ നിധിയില്‍ നിന്നും പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കേസിലെ ഒന്നാം പ്രതി വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും അറസ്റ്റു ചെയ്തു. പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രളയ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുക വ്യാജ കൈപ്പറ്റ് രശീതിയുണ്ടാക്കി തട്ടിയെടുത്ത കേസിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലായത്.ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന വിഷ്ണു പ്രസാദ് അടക്കമുള്ള മുന്നു പ്രതികള്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.കേസില്‍ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.ഇതിനു പിന്നാലെയാണ് വീണ്ടും അറസ്റ്റ് നടന്നത്.ഇന്നലെ രാത്രി ഏഴേകാലോടെ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ലോക്കപ്പിലെ സ്ഥലപരിമിധി മൂലം ഹില്‍പാലസ് പോലിസ് സ്റ്റേഷനിലേക്ക് പിന്നീട് മാറ്റി. ഇന്ന് കളക്റ്ററേറ്റിൽ എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അധികം തുക അക്കൗണ്ടിലെത്തിയ ദുരിതബാധിതര്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട പതിനായിരം രൂപ കൈപ്പറ്റിയ ശേഷം ശേഷിച്ച തുക കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷനില്‍ തിരിച്ചടക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയ ഓരോ വീടുകള്‍ക്കും 10,000 രുപ വീതം ക്ലീനിംഗിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മുപ്പതിനായിരവും, അറുപതിനായിരവും രൂപയെത്തിയിരുന്നു. ഇത് കമ്പ്യൂട്ടർ തകരാറായതിനാല്‍ അധികമായി കൈപ്പറ്റിയ തുക രൊക്കം പണമായി തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സെക്ഷന്‍ ക്ലാര്‍ക്ക് ആയിരുന്ന വിഷ്ണ പ്രസാദ് തന്നെ ദുരിതബാധിതരെ ഫോണില്‍ ബന്ധപെട്ടിരുന്നു. ഇത്തരത്തില്‍ തിരികെ ലഭിച്ച ഒരു കോടി രൂപയില്‍ 47 ലക്ഷം രൂപ മാത്രമാണ് വിഷ്ണുപ്രസാദ് ട്രഷറിയില്‍ തിരികെ അടച്ചതത്രെ. പണം കൈപ്പറ്റിയ ശേഷം ഇവര്‍ക്ക് നല്‍കിയ കൈപ്പറ്റ് രശീത് വിഷ്ണുപ്രസാദ് സ്വയം കമ്പ്യൂട്ടറില്‍ നിര്‍മ്മിക്കുകയായിരുന്നു. വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരടക്കമുള്ളവരെക്കൊണ്ടാണ് വ്യാജ രശീതിയില്‍ ഇയാള്‍ ഒപ്പ് വയ്പിച്ചിരുന്നത്. ഡപ്യൂട്ടി കലക്ടറടക്കം പത്ത് പേരെ വിളിച്ചു വരുത്തിയ അന്വേഷണ സംഘം ഇവരില്‍ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്.
ക്വാറന്റൈന്‍ ലംഘനം;ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ:ക്വാറന്റൈന്‍ ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചുവെന്നാണ് ആരോപണം. പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് ഇരിട്ടി പൊലീസ് കേസെടുത്തത്.ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പം വിദേശത്ത് നിന്നെത്തിയ 38 കാരനായ പ്രവാസിയ്ക്ക് മെയ് 31 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ പിതാവ് തുടര്‍ ചികിത്സക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിളിച്ച് ചികിത്സക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് ബാധിതന്റെ ഭാര്യയും കുഞ്ഞും വേങ്ങാടുള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുപറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനക്ക് ചെന്നപ്പോള്‍ കാണേണ്ട ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടര്‍ന്നാണ് കൂത്തുപറമ്പിലെ വീട്ടില്‍ എത്തിയതെന്നുമാണ് പറയുന്നത്.തങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോൾ മകന്റെ ഭാര്യയും കുഞ്ഞും തനിച്ചവാതിരിക്കാനാണ് അവരെ അവരുടെ വീട്ടില്‍ വിട്ടതെന്നാണ് പ്രവാസിയുടെ വീട്ടുകാരുടെ വിശദീകരണം. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് വീട്ടിലും മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെയാണ് കഴിയുന്നത്. അതിനാല്‍ മറ്റ് ആശങ്കകള്‍ വേണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഉത്ര വധക്കേസ്;ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്;ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെ
കൊല്ലം:ഉത്ര വധക്കേസില്‍ ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് വിദഗ്ദര്‍ പരിശോധിച്ച് നിഗമനത്തിലെത്തിയത്.സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നു മുറിയില്‍ തുറന്നുവിട്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്നുള്ള പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറും.രണ്ടാം പ്രതി ചാവര്‍കോട് സുരേഷില്‍ നിന്നു വാങ്ങിയ അണലിയെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സുരേഷില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ വാങ്ങി മേയ് ആറിന് ഉത്രയുടെ അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വീട്ടിലെത്തി. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു
ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
കണ്ണൂർ:ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പെ അദ്ദേഹത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തെ തന്നെയുണ്ടായിരുന്ന ജീവിതശൈലീരോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ക്രയാറ്റിന്‍ അളവും, ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയവ കൂടിയതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.പിതാവ്: മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സമീറ (കാട്ടാമ്പള്ളി). മക്കള്‍: സിദ്റത്തുല്‍ മുന്‍തഹ (13), സിയാദ് (എട്ട്), സിനാന്‍ (ഒന്ന്).
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചത് തൃശൂർ സ്വദേശി ഡിന്നി ചാക്കോ
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഡിന്നി ചാക്കോയുടെ മരണത്തോടെ ജില്ലയിലെ തൃശൂര്‍ ജില്ലയിലെ കൊവിഡ് മരണം മൂന്നായി.മാലി ദീപില്‍ നിന്ന് എത്തി നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ടെസ്റ്റ് റിസല്‍ട്ട് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഡിന്നിയുടെ ഭാര്യക്കും മകനും ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച് അവരും ചികിത്സയിലായിരുന്നു. അവര്‍ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ്ര പരിചരണ വിഭാഗത്തിലായിരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ബസ് ചാർജ് വർധന നടപ്പിലാക്കാനാകില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധന നടപ്പിലാക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ബസ് ഉടമകളുടെ പ്രതിസന്ധി സർക്കാറിന് അറിയാം. സാധ്യമാകുന്ന ഇളവുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ. ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിങ് നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ നിലവില്‍ ബസ് ഓടിക്കുന്നതിലൂടെ ഇന്ധന ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കഴിയുന്നില്ല. ലോക്ക് ഡൌണ്‍ ഇളവ് ലഭിച്ചപ്പോള്‍ നിരത്തിലിറങ്ങിയ ചില ബസുകള്‍ ഇതിനകം ഓട്ടം നിര്‍ത്തി.
രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റിന് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. ഒരാഴ്ച 15,000 പരിശോധനയാണ് നടത്താനുദ്ദേശിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗബാധയേൽക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കാനും, മറ്റുജില്ലകളില്‍ 500 കിറ്റുകള്‍ ഉപയോഗിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എത്തിയത്. നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടന്‍ എത്തും.റാപ്പിഡ് പരിശോധനയുടെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാകും ഉള്‍പ്പെടുത്തുക. ഇവര്‍ക്കൊപ്പം ആള്‍ക്കാരുമായി അടുത്തിടപഴകുന്ന മറ്റുള്ളവരെയും പരിശോധിക്കും.രക്ത പരിശോധനയിലൂടെ കൊവിഡ്ബാധ തിരിച്ചറിയുന്ന പരിശോധനയാണ് ആന്റിബോഡി ടെസ്റ്റ്.വളരെ എളുപ്പത്തില്‍ ഫലം ലഭ്യമാകും.വിരല്‍ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയില്‍ ഫലമറിയാന്‍ 20 മിനിറ്റില്‍ താഴെമാത്രം മതി. വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കും.മുൻപ് രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂർ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.ശ്വാസം മുട്ടലിനെ തുടർന്നാണ് കുമാരൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു.ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.ചേറ്റുവ സ്വകാര്യ ആശുപത്രിയിലേതുൾപ്പെട്ട ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളിലേക്കും അധികൃതർ കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.