കൊച്ചി:സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ദ്ധിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.ഹർജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.ബസ് യാത്രാനിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഉടമകള്‍ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കോവിഡ് ഭീഷണിയുടെയും പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും സിംഗിള്‍ ബഞ്ചിന്‍റെ സ്റ്റേ നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്.സര്‍ക്കാര്‍ നടപടി താല്കാലികമായാണ് കോടതി അംഗീകരിച്ചത്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.ഒരു സീറ്റില്‍ ഒരാള്‍ എന്ന ലോക്ക് ഡൌണ്‍ നിയന്ത്രണമുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ 50 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്താമെന്ന ഇളവ് വന്നതോടെ സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ചു. പഴയ നിരക്കേ ഈടാക്കാവൂ എന്ന് വ്യക്തമാക്കി. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.ഈ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി
കണ്ണൂർ:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി. പി.കെ.രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കുകയും ചെയ്തു . രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ വെള്ളോറ രാജന് 27 വോട്ടുകളാണ് നേടിയെടുക്കാനായത് . ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ ഭരണവും.നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ.പി.എ.സലിം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്. യു.ഡി.എഫ്. കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെ.പി.എ.സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് എല്‍.ഡി.എഫ്. പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി.കെ.രാഗേഷ് അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടത്. ഇതേത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലീഗ് നേതൃത്വം കെ.പി.എ.സലീമിനെ അനുനയിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഡെപ്യൂട്ടി മേയറായിരുന്ന പി.കെ.രാഗേഷ് രാജിവെച്ച് 86 ദിവസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുകയായിരുന്നു.രാഗേഷ് വിജയിച്ചതോടെ മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ച് ലീഗിന്റെ പ്രതിനിധി സി.സീനത്തിനുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയും ചെയ്യും. മുന്നണിധാരണയെത്തുടര്‍ന്നാണിത്. അതു കൊണ്ടുതന്നെ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിരുന്നു. കളക്ടര്‍ ടി.വി.സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ഹാളില്‍ രാവിലെ 11 മണിക്ക് കോവിഡ് നിയന്ത്രണചട്ടങ്ങള്‍ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ച ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടിക്കാണ് (71) കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇന്നലെ രാത്രിയിലാണ് മരിച്ചത്.മുംബൈയില്‍ നിന്ന് ജൂണ്‍ 9 നാണ് ഇയാള്‍ കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്താംതീയതി ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും പരിശോധന ഫലംവന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.
കുടുംബവഴക്കിനെ തുടർന്ന് റിട്ടയേര്‍ഡ് വനിതാ എസ്‌ഐയെ വെട്ടിക്കൊന്ന് എഎസ്‌ഐ ആയ ഭര്‍ത്താവ് ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. റിട്ടയേര്‍ഡ് എസ്‌ഐ ലീലയാണ് മരിച്ചത്. ഇവരെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ തൊടുവന്‍കോടുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം.രണ്ടുപേരും റിട്ടയേര്‍ഡ് പൊലീസുകാരാണ്. ഇവര്‍ തമ്മില്‍ ദീര്‍ഘനാളായി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഇന്ന് രാവിലെ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ വീട്ടിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടായതായും പൊലീസ് പറയുന്നു.രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്. പൊന്നനും രണ്ട് പെണ്‍മക്കളും ആറു മാസം മുന്‍പ് പണിത പുതിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന് എതിര്‍വശത്തുള്ള വീട്ടിലാണ് ലീല താമസിച്ചത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ വീടുകള്‍.പൊന്നനും മക്കളും താമസിച്ചിരുന്ന വീട്ടിലേക്ക് രാവിലെ ചെന്ന ലീലയെ വാക്കുതര്‍ക്കത്തിനിടെ പൊന്നന്‍ പട്ടിക കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. അടിയേറ്റ് ലീല അബോധാവസ്ഥയിലായി. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ വിവരം അറിയുകയും ഇവര്‍ പൊലീസില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ആംബുലന്‍സ് എത്തിയതോടെയാണ് ഭാര്യ മരിച്ചു എന്ന ധാരണയില്‍ ഇയാള്‍ തൂങ്ങിമരിച്ചത്. വീടിന് സമീപത്തെ മരത്തില്‍ ആണ് പൊന്നനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് ലീല മരിച്ചത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരി കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷിന്റെ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ്.86 ദിവസമായി ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.നേരത്തേ ലീഗ് അംഗത്തെ കൂടെക്കൂട്ടി അവിശ്വാസത്തിലൂടെ എല്‍.ഡി. എഫ് പുറത്താക്കിയ പി.കെ രാഗേഷാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.രാഗേഷിനെ പുറത്താക്കാന്‍ എല്‍.ഡി.എഫിന് ഒപ്പം നിന്ന ലീഗ് അംഗം ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമില്ല. പാര്‍ട്ടി നേതൃത്വത്തിനൊപ്പമാണ് അദ്ദേഹമിപ്പോള്‍. അതിനാല്‍ പി.കെ രാഗേഷിനുതന്നെയാണ് വിജയസാദ്ധ്യത. എല്‍.ഡി.എഫിന് 27 അംഗങ്ങളും യു.ഡി.എഫിന് 28 അംഗങ്ങളുമാണുള്ളത്. അതേസമയം മേയർ സുമ ബാലകൃഷ്ണനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ഈ മാസം 19നും പരിഗണിക്കും.മുസ്ലിം ലീഗുമായുള്ള ധാരണപ്രകാരം സുമ ബാലകൃഷ്ണൻ വെള്ളിയാഴ്ച മേയർ സ്ഥാനം രാജിവയ്ക്കും.ഇതിനിടെ മേയര്‍ക്ക് എതിരെ അവിശ്വസ പ്രമേയത്തിന് കളക്ടര്‍ക്ക് എല്‍ഡിഎഫ് നേരത്തെനോട്ടീസ് നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവിശ്വസ പ്രമേയം ഇനിയും ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല. മേയര്‍ രാജിവെക്കുന്നതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കില്ല.
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
കണ്ണൂർ:കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു.ഇരിക്കൂര്‍ സ്വദേശിയായ ഉസന്‍കുട്ടി (71) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയില്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു മരണം.മുംബൈയില്‍ നിന്ന് ഇക്കഴിഞ്ഞ ഒൻപതാം തീയതിയാണ് ഇയാൾ നാട്ടിലെത്തിയത്. തുടര്‍ന്ന് ക്വാറന്‍റൈനില്‍ കഴിയുന്നതിനിടെ അസുഖബാധിതനായി അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്‍ററില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പത്തിന് ഇയാളുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നെങ്കിലും ഫലംവന്നിരുന്നില്ല. ഇന്നലെ രാത്രിയില്‍ സ്രവം വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഉസന്‍ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.
ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു; സംസ്ക്കാരം ഇന്ന് കണ്ണൂരിൽ
കണ്ണൂർ:ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുതിര്‍ന്ന സി.പി.ഐ (എം) നേതാവും പാനൂര്‍ ഏരിയ കമ്മിറ്റിയംഗവുമായ പി.കെ. കുഞ്ഞനന്തന്‍(73) അന്തരിച്ചു.തിരുവനന്തപുരം മെഡി.കോളജില്‍ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു അന്ത്യം.കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ 8 മണി മുതല്‍ 9 മണി വരെ സി.പി.ഐ (എം) ഏരിയ കമ്മിറ്റി ഓഫീസായ രാജു മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. 9.30 മുതല്‍ 11 മണി വരെ പാറാട് ടൗണിലും തുടര്‍ന്ന് 12 മണിക്ക് വീട്ടു വളപ്പില്‍ സംസ്കരിക്കും.ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞനന്തന്‍ ചികിത്സാര്‍ത്ഥം ജാമ്യത്തിലായിരുന്നു. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം.ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്‍. ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് പി.കെ കുഞ്ഞനന്തനെ വിചാരണക്കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.അതേസമയം പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയുംചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ബോയിങ് 777 വിമാനമിറങ്ങി;വൈഡ് ബോഡി വിമാനമിറങ്ങുന്നത് ആദ്യമായി
ചൊവ്വാഴ്ച കുവൈറ്റ് എയർവേസിന്റെ എയർ ബസ് 330 വിമാനവും ആദ്യമായി കണ്ണൂരിലിറങ്ങിയിരുന്നു.ഇതോടെ വിദേശ വിമാനങ്ങൾക്കും വൈഡ് ബോഡി വിമാനങ്ങൾക്കും കണ്ണൂർ വിമാനത്താവളത്തിലേക്ക് വഴിതുറക്കുകയാണ്.വിദേശ കമ്പനികളായ ഫ്ലൈ ദുബായ്,സലാല എയർ,ഒമാൻ എയർ തുടങ്ങിയ കമ്പനികളും കണ്ണൂരിൽ വിമാനമിറക്കാനുള്ള അനുമതി തേടിയിട്ടുണ്ട്.വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള 13 സർവീസുകൾക്ക് പുറമെ നിരവധി ചാർട്ടേർഡ് വിമാനങ്ങളും വരും ദിവസങ്ങളിൽ പ്രവാസികളുമായി കണ്ണൂരിലെത്തും.ഗോ എയറിന്റെ ദമാമിൽ നിന്നുള്ള വിമാനവും 175 യാത്രക്കാരുമായി ബുധനാഴ്ച രാത്രി കണ്ണൂരിലെത്തിയിരുന്നു.കൂടുതൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന തരത്തിൽ വിമാനത്താവളത്തിൽ നിലവിലുള്ള 3050 മീറ്റർ റൺവെ 4000 മീറ്ററാക്കി വികസിപ്പിക്കുന്നുണ്ട്.പഴം,പച്ചക്കറി കയറ്റിറക്കുമതികൾക്കുള്ള കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ ചരക്ക് വഹിക്കാൻ കഴിവുള്ള വൈഡ് ബോഡി വിമാനങ്ങളെത്തിയാൽ കണ്ണൂർ വിമാനത്താവളത്തിന് അത് നേട്ടമാകും.
അഞ്ജു ഷാജിക്ക് മാനസികപീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല അന്വേഷണ സമിതി;ഹാള്‍ടിക്കറ്റിന്റെ പുറക് വശമുള്ള കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചു
കോട്ടയം: മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി എംജി സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘം. പരീക്ഷാഹാളില്‍ അഞ്ജു പി ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടിവന്നതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തുകയുംമറ്റും ചെയ്തത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. എന്നാല്‍, അന്വേഷണം തുടരുന്നെന്നും ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുത് എന്നാണ് സര്‍വകലാശാല നിയമം. അതിനാല്‍ അഞ്ജുവിനെ ഒരുമണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ കുറ്റമാണെന്നും അന്വേഷണ സമിതി പറയുന്നു. പ്രാഥമിക വിലയിരുത്തലിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗങ്ങള്‍ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജില്‍ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. ഡോ. എംഎസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കോളേജിലെത്തിയത്. സര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവരോട് സര്‍വകലാശാലയിലെത്തി മൊഴി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണസമിതി യോഗംചേര്‍ന്ന് വെള്ളിയാഴ്ച വൈസ് ചാന്‍സലര്‍ക്ക് ആദ്യറിപ്പോര്‍ട്ട് സമര്‍പ്പിക്കും.കോട്ടയം എസ്പി ജയദേവ്, പാലാ ഡിവൈഎസ്പി കെ ബൈജുകുമാര്‍, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ തുടങ്ങിയവരും കോളേജിലെത്തിയിരുന്നു. പോലീസ് അന്വേഷണസംഘം, ഹാളിലെ രണ്ട് ഇന്‍വിജിലേറ്റര്‍മാരുടെയും കോളേജ് പ്രിന്‍സിപ്പാളിന്റെയും മൊഴിയെടുത്തു. ഹാളിലെ നിരീക്ഷണ ക്യാമറയിലുള്ള സംഭവങ്ങളാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയിലും. പെണ്‍കുട്ടിയുടെ സമീപത്തിരുന്ന് പരീക്ഷയെഴുതിയ ആറ് വിദ്യാര്‍ത്ഥികളുടെയും അഞ്ജു പഠിച്ച സെന്റ് ആന്റണീസ് കോളേജിലെ രണ്ട് അധ്യാപകരുടെയും മൊഴിയെടുത്തിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നെന്നാണ് അധ്യാപകര്‍ പോലീസിനെ അറിയിച്ചത്.അതേസമയം അഞ്ജുവിന്റെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാ ദിവസം ഹാള്‍ടിക്കറ്റിന്റെ പുറക് വശം എഴുതിയിരുന്ന പാഠഭാഗങ്ങള്‍ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകള്‍ കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ നിന്നും പൊലീസ് ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരും.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ്
കണ്ണൂർ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് മണിക്കൂറുകൾക്കകമാണ് മരണം.മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് ഇദ്ദേഹത്തിന്‍റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാൾ അഞ്ചരക്കണ്ടി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇന്നലെയാണ് മുഹമ്മദിനും ഭാര്യക്കും മകന്‍റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ രാത്രി 10.30 ഓടെ മുഹമ്മദ് മരിച്ചു. നിലവിൽ ഇദ്ദേഹം ക്യാൻസർ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഏറെ കാലം ഇരിട്ടിയിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിയിരുന്ന മുഹമ്മദ് കുറച്ച് കാലമായി കുടുംബസമേതം മസ്ക്കറ്റിലായിരുന്നു താമസം. കോവിഡ് പ്രോട്ടോക്കാൾ പ്രകാരം മുഹമ്മദിന്‍റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.