കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (65) അന്തരിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കെ സുരേന്ദ്രന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തനകും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു സുരേന്ദ്രനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ നഗരത്തില്‍ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല; അഞ്ച് വാര്‍ഡുകളെ കൂടി കണ്ടൈന്‍മെന്റ് സോണിൽ ഉൾപ്പെടുത്തി
കണ്ണൂര്‍ നഗരത്തില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല. രോഗ വ്യാപന ഭീഷണി പൂര്‍ണമായും ഇല്ലാതാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അതെ സമയം ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്.സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്നതായി യോഗം വിലയിരുത്തി.ഈ സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തിലും ജില്ലയിലെ മറ്റ് ചില പ്രദേശങ്ങളിലും തുടരുന്ന നിയന്ത്രങ്ങള്‍ ഉടന്‍ പിന്‍ വലിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ സുനിലിന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടരുകയാണ്. കണ്ണൂര്‍ നഗരസഭയില്‍ താമസക്കാരനായ 14 വയസ്സുകാരന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.അതെ സമയം പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26 ആം വാർഡ്, പാനൂര്‍ നഗരസഭയിലെ 31 ആം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്നലെ 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;93 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 5 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്‍-5, ഒമാന്‍-5, ഖത്തര്‍-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)-1) 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്‌നാട്-17, മഹാരാഷ്ട്ര-16, ഡല്‍ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും (ഒരു തൃശൂര്‍ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും (ഒരു കണ്ണൂര്‍ സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.
കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം
കണ്ണൂർ:കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച യുവ എക്‌സൈസ് ഉദ്യോഗസ്ഥന് ചികിത്സ കിട്ടിയില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത്.ഇത് സംബന്ധിച്ച് കുടുംബം മുഖ്യ മന്ത്രിക്ക് പരാതി നല്‍കും.സുനിലിന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ ചികിത്സാ കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചു. ആരോപണം മുഖ്യമന്ത്രിയും നിഷേധിച്ചു.കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ചികിത്സ കിട്ടിയിരുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ചികിത്സയിലിരിക്കെ സുനില്‍ ബന്ധുക്കളോട് പറയുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തു വിട്ടിരുന്നു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സുനിലിന്റെ ബന്ധുക്കള്‍. എന്നാല്‍ ചികിത്സ വൈകിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. സുനിലിന്റെ മരണം ആരോഗ്യ വകുപ്പ് പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സ വൈകിയിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതരും പ്രതികരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ന്യുമോണിയയ്ക്കുള്ള ചികിത്സ തുടങ്ങി. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു എന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിൽ ഇന്ന് ഇളവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചകളിൽ എർപ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൌൺ ഇന്ന് ഉണ്ടാവില്ല. പ്രവേശന പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാത്രമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. മദ്യ വിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കുമെന്നും സർക്കാർ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി നേരത്തെ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരുന്നു. ഇതിനാണ് ഇന്നത്തേക്ക് മാത്രമായി ഇളവ് നൽകിയത്. കെ- മാറ്റ് ഉള്‍പ്പെടെയുളള പ്രവേശ പരീക്ഷകൾ ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ പലര്‍ക്കും ഇതര ജില്ലകളിലാണ് കേന്ദ്രങ്ങള്‍. വിദ്യാർത്ഥികൾക്കുളള ബുദ്ധിമുട്ട് ഒഴിവാക്കാനായി പൊതുഗതാഗതം സംവിധാനത്തിനും നിയന്ത്രണങ്ങൾ ഉണ്ടാവില്ല.കടകള്‍ തുറക്കാനും അനുമതിയുണ്ട്. ബാറുകളും ബെവ്കോ ഔട്ട്‍ലെറ്റുകളും കളളുഷാപ്പുകളും പ്രവർത്തിക്കും. ബാറുകളില്‍ മദ്യവില്‍പ്പന മാത്രമായിരിക്കും.സമ്പൂർണ്ണ ലോക്ക്ഡൌണിൽ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും മറ്റു ദിവസങ്ങളിലെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് സർക്കാർ അറിയിച്ചു.
നവജാതശിശുവിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം;പിതാവ് അറസ്റ്റിൽ; കുഞ്ഞിന്റെ നില അതീവ ഗുരുതരം
അങ്കമാലി:54 ദിവസം മാത്രം പ്രായമായ നവജാതശിശുവിനെ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് പെണ്‍കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്കുളളില്‍ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. രണ്ടുദിവസം മുന്‍പാണ് സംഭവം.ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു. പിതാവ് ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ കാലുകളില്‍ ചതവുമുണ്ട്.ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്.
സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.മലപ്പുറം 5, കോഴിക്കോട് 12, തിരുവനന്തപുരം 5, കാസർകോട് 7, പത്തനംതിട്ട 17, ഇടുക്കി 1, എറണാകുളം 3, കോട്ടയം 11, കൊല്ലം 24, തൃശൂർ 6, കണ്ണൂർ 4, ആലപ്പുഴ 4, പാലക്കാട് 23, വയനാട് 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിച്ചവരുടെ കണക്ക്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശത്തു നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും(മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1) വന്നവരാണ്.സമ്പർക്കം വഴി മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.അതേസമയം ഇന്ന് 57 പേർ രോഗമുക്തി നേടി.തിരുവനന്തപുരം-2,കൊല്ലം-2, പത്തനംതിട്ട-12, ആലപ്പുഴ-12, എറണാകുളം-1, മലപ്പുറം-1, പാലക്കാട്-10, കോഴിക്കോട്-11, വയനാട്-2, കണ്ണൂര്‍-2 കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസ്താവനയില്‍ മാപ്പുപറയുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. രാജകുമാരി എന്നും റാണി എന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. അത് തിരുത്താനില്ല.കോവിഡ് രോഗം പടര്‍ന്ന കാലത്ത് 42 ഓളം വിദേശ മാധ്യമങ്ങളിലാണ് ലേഖനം വന്നത്. ലണ്ടനിലെ ഒരു പത്രം റോക്കിംഗ് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഇത് പോസിറ്റീവ് ആണെങ്കില്‍, റാണി, രാജകുമാരി എന്നു വിളിച്ചതില്‍ എന്%B
പരിയാരം ദേശീയപാതയില്‍ ആംബുലന്‍സ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്ക്
കണ്ണൂര്‍:പരിയാരം മെഡിക്കല്‍ കോളജിലേക്ക് രോഗിയെയും കൊണ്ടുവരുകയായിരുന്ന ആംബുലന്‍സ് ദേശീയപാതയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.കാസര്‍ഗോഡ് കുനിയ ശിഹാബ്തങ്ങള്‍ മെമ്മോറിയലിന്റെ ആംബുലന്‍സാണ് മറിഞ്ഞത്.ശനിയാഴ്ച രാവിലെ 7.40 ന് മെഡിക്കല്‍ കോളേജിന് മുന്നിലെ പരിയാരം ദേശീയ പാതയിലായിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വദേശികളായ ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുല്‍ ഖാദര്‍( 63 )ജമീല (47) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. മുഹമ്മദ് ഫാസില്‍(23) ആംബുലന്‍സ് ഡ്രൈവര്‍ എന്‍.പി.ഷംസീര്‍ (33) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. നാലുപേരും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റലില്‍ നിന്നും ഹൃദ്യോഗിയായ അബ്ദുല്‍ഖാദറിനേയും കൊണ്ട് വന്ന ആംബുലന്‍സ് പരിയാരം മെഡിക്കല്‍ കോളേജിന് 200 മീറ്റര്‍ അടുത്താണ് ദേശീയപാതയില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.ആംബുലന്‍സിന്റെ സ്റ്റിയറിംഗ് തകരാറായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിയാരം എ എസ് ഐ സി.ജി.സാംസണിനെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സമൂഹ വ്യാപന സാധ്യത;കണ്ണൂരില്‍ മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു
കണ്ണൂർ:ജില്ലയിൽ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മൂന്ന് കോവിഡ് ആശുപത്രികള്‍ കൂടി സജ്ജമാക്കുന്നു.പരിയാരം ഗവ. ആയുര്‍വേദ കോളജ് ആശുപത്രി,തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റല്‍ എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി ഏറ്റെടുത്ത് ആശുപത്രികളാക്കുക. ആവശ്യമായ സജ്ജീകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ടി വി സുഭാഷ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.160 ബെഡുകളാണ് പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ ഉള്ളത്.ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ എന്‍ അജിത്കുമാര്‍ പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ ഈ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചിരുന്നു.കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം എയ്റോസിസ് കോളേജായി പ്രവർത്തിച്ചു വരികയായിരുന്നു. ഇവിടെ നൂറിലേറെ ബെഡുകള്‍ സജ്ജീകരിക്കും.പാലയാട് ഡയറ്റ് ഹോസ്റ്റല്‍ തലശേരി മേഖലയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഫണ്ട് ദേശീയ ആരോഗ്യദൗത്യത്തില്‍ (എന്‍എച്ച്‌എം) നിന്ന് ഉപയോഗപ്പെടുത്തും. ഇതിനായി ഡിപിഎമ്മിനെ ചുമതലപ്പെടുത്തി.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.