ദുബായ്:മലയാളി വ്യവസായി ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി. പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ (55) യാണ് ബഹുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുനൂറോളം ജീവനക്കാരുള്ള ദുബായിലെ സ്‌പെയ്‌സ് മാക്‌സ് എന്ന കമ്പനിയുടെ ഉടമയാണ് അജിത്.കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ് സൊലുഷന്‍സ് ഇന്‍റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു.സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.അതേസമയം ദുബായില്‍ താമസിക്കുന്ന അജിത്ത് പുലര്‍ച്ചെ ഷാര്‍ജയിലെത്തിയത് എന്തിനെന്നതില്‍ വ്യക്തതയില്ല. സ്പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്ന ഇദ്ദേഹം ദുബായിലെ മെഡോസിലായിരുന്നു താമസിച്ചിരുന്നത്.ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാർഥികൾ ഭക്ഷ്യധാന്യ കിറ്റ്;പ്രയോജനം ലഭിക്കുക പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് ജൂലൈ മുതല്‍ ഭക്ഷ്യകിറ്റ് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് അരിയും പലവ്യഞ്ജനവും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുക.അരിക്കു പുറമേ ഒൻപത് ഇനം സാധനങ്ങളാണ് കിറ്റിലുണ്ടാവുക. ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറി പൗഡറുകള്‍, ആട്ട, ഉപ്പ് തുടങ്ങിയവയാണ് അരിക്കു പുറമേ നല്‍കുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 1,311 ടിവികളും 123 സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാല് സിഐഎസ്‌എഫുകാര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക്
കണ്ണൂര്‍: ജില്ലയില്‍ ആറു പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്‌എഫുകാരാണ്.കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ എത്തിയ കൊളച്ചേരി സ്വദേശി 65കാരന്‍, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 29കാരന്‍, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്‍, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 29കാരന്‍, ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
കൊല്ലം:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68) ആണ് മരിച്ചത്.ഈ മാസം 8ആം തിയ്യതിയാണ് ഡല്‍ഹിയിൽ നിന്നും ഇദ്ദേഹം ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ചത്. 10ആം തിയ്യതി നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.15ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്.ഈ മാസം 17ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് 20ആം തിയ്യതി മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചു.ഇദ്ദേഹത്തിന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമുണ്ടായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതവുമുണ്ടായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും.ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 22 ആയി.
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;60 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ്(ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമ ബംഗാള്‍-2, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, ഹരിയാണ-2, ആന്ധ്രപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1) വന്നത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.അതേസമയം ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മായനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണു നൂറിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിലവില്‍ 1,620 പേര്‍ ചികിത്സയിലുണ്ട്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 275 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4473 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3,661 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.സംസ്ഥാനത്തെ ഒൻപത് ജില്ലകളിലും നൂറിലേറെ രോഗികള്‍ ചികിത്സയിലുണ്ട്. മലപ്പുറം-201, പാലക്കാട്-154, കൊല്ലം-150, എറണാകുളം-127, പത്തനംതിട്ട-126, കണ്ണൂര്‍-120, തൃശൂര്‍-114, കോഴിക്കോട്-107, കാസര്‍കോട്-102 എന്നിങ്ങനെയാണ് കണക്ക്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്;കൂടുതൽ പേരെ നിരീക്ഷണത്തിലാക്കി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഈ വ്യക്തി.രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ സന്ദര്‍ശിച്ച നടുവണ്ണൂരിലെ പെട്രോള്‍ പമ്പും ബേക്കറിയും ഫ്രൂട്ട‌്‌സ് കടയും തത്ക്കാലത്തേക്ക് അടക്കാന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കി. ഇവിടങ്ങളിലെ ജീവനക്കാരോട് 14 ദിവസം ക്വാറന്റീനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരോട് പതിനാല് ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നേരത്തെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാനേജരുമായി അടുപ്പമുണ്ടായിരുന്ന 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;736 ഗ്രാം മിശ്രിത സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രാവിലെ ഗള്‍ഫില്‍ നിന്ന് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശി ജിതിന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 736 ഗ്രാം മിശ്രിത സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മാര്‍ക്കറ്റില്‍ 36 ലക്ഷത്തോളം രൂപ വിലമതിക്കും.ഇന്നലെയും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിയ രണ്ട് യാത്രക്കാരനില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണം പിടികൂടിയിരുന്നൂ. ഇവരെല്ലാം ഒരു സംഘമാണോ എന്ന് അന്വേഷണം നടക്കുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക വിമാനങ്ങളില്‍ പോലും സ്വര്‍ണക്കടത്ത് കണ്ടെത്തിയതോടെ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു.കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പതിവ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അങ്കമാലിയിൽ പിതാവ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
അങ്കമാലിയില്‍ പിതാവ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കൈകാലുകൾ അനക്കുന്നുണ്ട്. കണ്ണുകൾ തുറക്കാനുള്ള ശ്രമം കുഞ്ഞ് നടത്തുന്നുണ്ട്. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. പ്രതീക്ഷ നൽകുന്ന പുരോഗതിയെന്ന് ഡോക്ടർമാര്‍ അറിയിച്ചു.തലയ്ക്ക് ഏറ്റ ക്ഷതം കാരണം കുഞ്ഞിന്റെ തലച്ചോറിൽ അമിത രക്തസ്രാവവും നീർക്കെട്ടും ഉണ്ടായിരുന്നു.ഇതേ തുടർന്ന് തലയുടെ ഒരു ഭാഗം മുഴച്ചു. തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യുന്നതിനായാണ് ഇന്നലെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദം ഒഴിവാക്കി. തലച്ചോറിനും തലയോട്ടിക്കും ഇടയിലായി ഉണ്ടായിരുന്ന രക്തസ്രാവം നീക്കാനായി.ഹൃദയമിടിപ്പ് സാധാരണ നിലയിലായി.പ്രതീക്ഷ നൽകുന്ന പുരോഗതിയാണിതെന്ന് ഡോക്ടർമാര്‍ അറിയിച്ചു.കഴിഞ്ഞ 18നാണ് കുഞ്ഞിനെ സ്വന്തം പിതാവ് തലക്ക് പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയെക്കുറിച്ചുളള സംശയമാണ് കൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുഞ്ഞായത് കൊണ്ടാണ് ഭര്‍ത്താവ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നാണ് ഭാര്യ നല്‍കിയ പരാതി. അറസ്റ്റിലായ പ്രതി ഷൈജു തോമസ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
‘ഞാനിപ്പം മരിക്കും,എന്നെ ആരും നോക്കുന്നില്ല’, കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവറുടെ ഓഡിയോ പുറത്ത്
കണ്ണൂർ:കഴിഞ്ഞ ദിവസം കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഡ്രൈവറുടെ ആശുപത്രിയിൽ നിന്നുള്ള ഓഡിയോ പുറത്ത്.സുനിലിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നു കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച ബന്ധുക്കള്‍, സുനില്‍ മരിക്കുന്നതിനു 2 ദിവസം മുന്‍പ് സഹാദരനുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിട്ടു.”ഞാനിവിടന്ന് മരിക്കാറായി, ഒന്നു പറ. ഞാനിപ്പം ഇവടന്നു ചാവും. ഇവിടെ നോക്കാനും പറയാനും ആരുമില്ല. അച്ഛനോട് വേഗം വരാന്‍ പറ. ഞാനിപ്പം ഹോസ്പിറ്റലില്‍ കിടന്ന് മരിക്കും. ശ്വാസം കിട്ടുന്നില്ലെന്നു പറ. ഇവിടന്ന് ആരും നോക്കുന്നില്ല.’ എന്നെല്ലാം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലുണ്ട്. അതേസമയം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിനെ ആസൂത്രിതമായി അപമാനിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആശുപത്രിയിലെത്തുമ്പോൾ തന്നെ ആരോഗ്യസ്ഥിതി മോശമായിരുന്ന രോഗിക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. എട്ടു പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം എല്ലാ ശ്രമവും നടത്തിയെന്നുമാണ് അധികൃതര്‍ പറയുന്നത്. എക്സൈസ് ഓഫിസറുടെ മരണം പ്രത്യേക കേസായി എടുത്ത് അന്വേഷിക്കുമെന്നു മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ന്യൂ മാഹി അഴിയൂരിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു
കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് കുട്ടിയടക്കം രണ്ടുപേർ മരിച്ചു.ന്യൂ മാഹി അഴിയൂരിലാണ് അപകടം നടന്നത്.അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപം താമസിക്കുന്ന ഇര്‍ഫാന്‍ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്.കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇര്‍ഫാന് ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.മഴവെള്ളം കെട്ടിനിന്ന വഴിയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. ആള്‍ സഞ്ചാരം കുറഞ്ഞ വഴിയില്‍ ലൈന്‍ പൊട്ടിവീണത് സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.മഴവെള്ളത്തിൽ തേങ്ങ വീണ് കിടക്കുന്നത് കണ്ട് സഹല്‍ എടുക്കാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ കരച്ചില്‍ കേട്ടാണ് ഇര്‍ഫാന്‍ എത്തിയത്. സഹലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇര്‍ഫാനും അപകടത്തില്‍ പെടുകയായിരുന്നു.ഇരുവരും അയല്‍വാസികളാണ്.