തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വന്നു.ഒരാഴ്ചത്തേക്കാണ് നിയന്ത്രണം, പൊതുഗതാഗതമില്ല, മരുന്ന് കടകൾ മാത്രം പ്രവർത്തിക്കും. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പൊലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനമെടുത്തത്.ബാങ്കുകളും എടിഎമ്മുകളും ഡാറ്റാ സെൻററകളും ഉണ്ടാകും. മാധ്യമപ്രവർത്തകർക്ക് അനുമതി ഉണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവെ സ്റ്റേഷനിലേക്കും പോകാൻ അനുമതി ഉണ്ട്.ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വന്നതോടെ നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു.ഇവിടെ പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ഇന്ന് രാവിലെ 6 മുതലാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരുന്നത്. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല. സെക്രട്ടറിയേറ്റും അടക്കുന്നതിനാല്‍ മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്നാകും പ്രവര്‍ത്തിക്കുക. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇളവുണ്ട്. മെഡിക്കൽ അടിയന്തര സേവനങ്ങൾക്കല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. മെഡിക്കൽ ഷോപ്പുകൾ, മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ രാവിലെ ഏഴുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. എന്നാൽ ഈ സേവനങ്ങൾക്കായി ജനങ്ങള്‍ പുറത്തുപോകരുത്. ജില്ലാഭരണകൂടം നിശ്ചയിച്ച ഫോണ്‍ നമ്പരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.കോർപ്പറേഷൻ പരിധിക്കു പുറത്ത് നിലവിലുള്ള കണ്ടെയിൻമെന്‍റ് സോണുകൾ അതുപോലെത്തന്നെ തുടരും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് എറണാകുളം തോപ്പുംപടി സ്വദേശി
എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം തോപ്പുംപടി സ്വദേശി യുസുഫ് സെയ്ഫുദ്ദീന്‍ ആണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു മരണം.കഴിഞ്ഞ മാസം 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ 28 ആം തീയതിയാണ് തോപ്പുംപ്പടി സ്വദേശിയായ യൂസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദീര്‍ഘനാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. യൂമോണിയ ബാധിച്ചതിനാല്‍ 28 ആം തീയതി മുതല്‍ തന്നെ ഇദ്ദേഹം ശ്വസനസഹായിയുടെ സഹായത്തോടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് വൃക്കകളുടെ പ്രവര്‍ത്തനവും വഷളായി. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും. ഇന്നലെ സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗബാധയുണ്ടായത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(84)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന മുഹമ്മദ് ഹാജിയെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു.വാർദ്ധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ച് വരവ് വൈകുകയായിരുന്നു. മരിച്ച മുഹമ്മദ് ഹാജിക്ക് ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും വണ്ടൂർ എംഎല്‍എ എ പി അനിൽകുമാർ ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 30 കിലോ സ്വര്‍ണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണം കണ്ടെത്തിയത്.യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് 30 കിലോ വരുന്ന സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.പാഴ്സലെത്തിയത് ദുബായില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ആരാണ് പാഴ്സലയച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് പാഴ്സല്‍ രൂപത്തില്‍ സ്വര്‍ണ്ണം വന്നതെന്നാണ് സൂചന. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് വന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്നാണ് വിവരം.
സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 209 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 37 പേര്‍ക്കും, കണ്ണൂര്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 52, യു.എ.ഇ. – 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് – 1) 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന – 5, ഉത്തര്‍പ്രദേശ് – 1, ജമ്മുകാശ്മീര്‍- 1)വന്നവരാണ്.17 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അങ്കമാലിയില്‍ അച്ഛന്‍ കട്ടിലിൽ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു
കൊച്ചി: അങ്കമാലി ജോസ്‌പുരത്ത് അച്ഛന്‍ കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുമാസമായ കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു.വനിത കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടർന്ന് അമ്മേയയും കുഞ്ഞിനെയും പുല്ലുവഴിയിലെ മാതൃശിശു കേന്ദ്രത്തിലേക്കാണ് മാറ്റിയത്.ഭര്‍ത്താവിന്റെ ജോസ്‌പുരത്തെ വീട്ടിലേക്ക് പോകാനില്ലെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും മാതൃശിശു കേന്ദ്രത്തില്‍ താമസിക്കും.ഭര്‍ത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18നാണ് അച്ഛന്‍ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരുമാസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കുമെന്ന് ആങ്കമാലി സി.ഐ ബാബു അറിയിച്ചു.അച്ഛന്‍റെ മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയിലും തലച്ചോറിലും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയും വേണ്ടി വന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ മുന്നാഴ്ചത്തെ ചികിത്സ ഫലം കണ്ടതോടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിടുന്നത്. എന്നാല്‍ ഓരോ മാസവും കുട്ടിക്ക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു.
കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു
കണ്ണൂര്‍: കുവൈത്തില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.ജൂണ്‍ 24നു കുവൈത്തില്‍ നിന്നു നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവേ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഖബറടക്കം സ്രവ പരിശോധന ഫലം ലഭിച്ച ശേഷം നടക്കും.
മലപ്പുറത്ത് ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ്;നിരവധി പേരുമായി സമ്പർക്കം; യുവാവ് സന്ദര്‍ശിച്ച കടകള്‍ അടക്കാന്‍ ഉത്തരവ്
മലപ്പുറം:എടവണ്ണപ്പാറയിൽ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.ചീക്കോഡ് സ്വദേശിയായ 23കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.ജൂണ്‍ 18 നാണ് ഇയാള്‍ ജമ്മു കാശ്മീരില്‍ നിന്ന് നാട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ നിരവധി കടകളില്‍ കയറി. നാട്ടിലെത്തി ഏഴു ദിവസം പോലും പൂര്‍ത്തിയാക്കാതെയാണ് ഇയാള്‍ കറങ്ങിനടന്നത്. കഴിഞ്ഞ മാസം 23 ന് മൊബൈല്‍ ഷോപ്പില്‍ കയറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ സന്ദര്‍ശനം നടത്തിയ കടകള്‍ ആരോഗ്യവിഭാഗം അടപ്പിച്ചു.ഇയാളുടെ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി വരികയാണ്.
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈൻ വഴി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.രജിസ്ട്രേഷന്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30 വരെ www.eemploy ment.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ‘ശരണ്യ’, ‘കൈവല്യ” തുടങ്ങിയ സ്വയം തൊഴില്‍ പദ്ധതികളുടെ വായ്പാ തിരിച്ചടവ് , എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി താത്കാലിക നിയമനം കിട്ടിയവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എക്സ്ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നിര്‍വഹിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കിയാല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിനോ അതിനുശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ ലഭിക്കും. ഈ കാലയളവില്‍ ഫോണ്‍/ഇമെയില്‍ മുഖേന അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുമായി ഫോണ്‍/ഇമെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണ് .
കണ്ടെയ്ന്‍മെന്റ് സോണിൽ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്;മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം
തിരുവനന്തപുരം: കോവിഡ് കണ്ടെയ്ന്‍മെന്റ് മേഖലയില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചു.സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കും.ഈ തുക പിന്നീടു റീഡിങ് എടുക്കുമ്പോൾ ക്രമീകരിച്ചു നല്‍കും. മീറ്റര്‍ റീഡിങ്ങിനു സമയമാകുമ്പോൾ ബോര്‍ഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ യ വിജയിച്ചാല്‍ റീഡിങ് എടുക്കാന്‍ സമയമാകുമ്പോൾ ഉപയോക്താവിന് എസ്‌എംഎസ് ലഭിക്കും.താല്‍പര്യമുള്ളവര്‍ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയാകും.ഈ സംവിധാനം നിലവില്‍ വരുന്നതു വരെയാണു മീറ്റര്‍ റീഡര്‍ ഫോണില്‍ വിളിച്ചു പടം എടുത്തു വാട്സാപ്പില്‍ ഇടാന്‍ ആവശ്യപ്പെടുക.