ആലപ്പുഴ: ചെന്നിത്തലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കോവിഡ് ബാധയുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ തുളസി ഭവനില്‍ ദേവിക ദാസിനാണ് (20) രോഗം കണ്ടെത്തിയത്. ഭര്‍ത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയില്‍ ജിതിന് (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്ചയാണ് രണ്ടുപേരെയും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുമാസം ഗര്‍ഭിണിയായ ദേവികാദാസിന്‍റെ മൃതദേഹം തറയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു.ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മേയ് ആറിനായിരുന്നു. സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിയ ശേഷം ജിതിൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോൺ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;താന്‍ നിരപരാധി,അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്.ഇന്നലെ രാത്രി വൈകി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയിലാണ് സ്വപ്‌ന സുരേഷ് തന്റെ വാദം നിരത്തുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്.സ്വര്‍ണക്കടത്തുമായി തനിക്ക് യൊതാരു ബന്ധവുമില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തയാറെടുക്കുന്നത്.നേരത്തെ താന്‍ യു എ ഇ കോണ്‍സുലേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥയായിരുന്നു.പിന്നീട് താന്‍ കോണ്‍സുലേറ്റില്‍ നിന്നും പോന്നു.തന്റെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു ശേഷവും പല ഘട്ടങ്ങളിലും കോണ്‍സുലേറ്റ് തന്റെ സഹായം സൗജന്യമായി തേടിയിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗ്സ്ഥന്‍ മടങ്ങിപോയിരുന്നു. ഈ സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ബാഗ് വിട്ടു കിട്ടാന്‍ വൈകുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ കോണ്‍സുലേറ്റില്‍ നിന്നും നിര്‍ദേശിച്ച അടിസ്ഥാനത്തിലാണ് താന്‍ അവരെ ബന്ധപ്പെട്ടതെന്നും എന്തുകൊണ്ടാണ് ബാഗ് കൈമാറാത്തതെന്ന് ചോദിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്‌ന സുരേഷ് തന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.തനിക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നും തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് വിലക്കണമെന്നും സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
കോവിഡ് വ്യാപനം;തളിപ്പറമ്പ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി;മാര്‍ക്കറ്റിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കുന്നത് ഒരു വഴിയിലൂടെ മാത്രം
കണ്ണൂർ:ജില്ലയിൽ കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി പോലീസ്.തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒരു വഴിയിലൂടെ മാത്രമേ വാഹനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കാനാവൂ. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. കടകള്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. തട്ടുകടകൾക്കും ഹോട്ടലുകൾക്കും ഇത് ബാധകമാക്കും.നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടത്തില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.അന്യസംസ്ഥാനത്ത് നിന്നും ചരക്ക് വാഹനങ്ങളില്‍ എത്തുന്നവരുമായി പണം ഇടപാട് നടത്തുമ്പോൾ ഗ്ലൗസ് ധരിക്കുന്നതും നിര്‍ബന്ധമാക്കുമെന്ന് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍. എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്ത് വെള്ളിയാഴ്ച വാഹനപണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി പണിമുടക്ക്.ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
കോവിഡ് സമൂഹ വ്യാപന ആശങ്ക;തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നിവയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫര്‍ സോണായും പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല. പാല്, പലചരക്ക്, റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങാൻ പാടില്ല. മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഉറപ്പാക്കും.പൂന്തുറയില്‍ കോവിഡ‌് സൂപ്പര്‍ സ്പ്രെഡ് ആണുണ്ടായത്. ഒരൊറ്റ രോഗിയില്‍ നിന്ന് അനേകം പേരിലേക്ക് രോഗം പകരുന്നതാണ് സൂപ്പര്‍ സ്പ്രെഡ്. പൂന്തുറ, പുത്തന്‍പള്ളി, മാണിക്കവിളാകം മേഖലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്കാണ്. അഞ്ച് ദിവസത്തിനിടെ 119 പേര്‍ക്ക് രോഗം വന്നു. അതിഗുരുതരമാണ് സ്ഥിതി.രോഗികളുടെ സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആറ് സംഘങ്ങളെ നിയോഗിച്ചു. തമിഴ്നാട് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റിനും നിര്‍ദേശം നല്‍കി.റോഡുകളും വീടുകളും അണുവിമുക്തമാക്കും. വീടുകളില്‍ ബ്ലീച്ചിങ് പൌഡര്‍ വിതരണം ചെയ്യും. കുടുംബത്തിന് 5 കിലോ വീതം സൌജന്യ റേഷന്‍ നല്‍കും.പ്രദേശത്ത് കമാന്റോകളെയും വിന്യസിച്ചിട്ടുണ്ട്.
സി സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയർ
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലീംലീഗിലെ സി സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ ഇ പി ലതയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. സി സീനത്തിന് 28ഉം ഇ പി ലതക്ക് 27ഉം വോട്ട് ലഭിച്ചു. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ചുമതലയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. അഡ്വ. ടി ഒ മോഹനന്‍ മേയര്‍ സ്ഥാനത്തേക്ക് സി സീനത്തിന്റെ പേര് നിര്‍ദേശിച്ചു. ഇ പി ലതയുടെ പേര് എന്‍ ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍. ആകെ കൗണ്‍സിലര്‍മാരെ മൂന്ന് ബാച്ചായി തിരിച്ച് ഇരിപ്പിടം സജ്ജമാക്കി ഡിവിഷന്‍ ക്രമത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരി മുൻപാകെ പുതിയ മേയറായി സി സീനത്ത് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി ടി വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ സുധാകരന്‍ എംപി, കെ എം ഷാജി എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സതീശന്‍ പാച്ചേനി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, അഡ്വ. അബ്ദുള്‍ കരീം ചേലേരി, എ ഡി മുസ്തഫ, ടി പി കുഞ്ഞുമുഹമ്മദ്, കോര്‍പ്പറേഷനിലെ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാലര വര്‍ഷത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ മേയര്‍ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണ പ്രകാരം മേയറായിരുന്ന കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞടുപ്പ് ആവശ്യമായി വന്നത്.
സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 15 പേര്‍ക്കും, വയനാട് ജില്ലയില്‍ 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും(സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 6, ബഹറിന്‍- 2, കസാക്കിസ്ഥാന്‍ -1) 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും(കര്‍ണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാള്‍- 16, മഹാരാഷ്ട്ര- 12, ഡല്‍ഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീര്‍- 1) വന്നതാണ്.
90 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേരുടേയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (കണ്ണൂര്‍ 1), തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോഴിക്കോട് (മലപ്പുറം 1), കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (പത്തനംതിട്ട 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.ഇതോടെ 2605 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3561 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,546 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,409 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3137 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 31), പുല്‍പ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (36, 43) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഓഗസ്റ്റിന് മുൻപ് കൊവിഡ് അവസാനിക്കാന്‍ പോകുന്നില്ല;വിദ്യാർത്ഥികൾ ഓണത്തിന് മുൻപുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂൾ വിദ്യാഭ്യാസം ഓണ്‍ലൈനായി തന്നെ തുടരേണ്ട സാഹചര്യമാണുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റിന് മുൻപ് കോവിഡ് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് നിലവിലെ സ്ഥിതിയില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ട് ഓണത്തിന് മുൻപുള്ള ഒരു ടേം പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കുറച്ച് കാലം കൂടി കോവിഡ് നമ്മുടെ കൂടെയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളില്‍ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാരണം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൂട. ക്ലാസില്‍ പോയിരുന്ന് പഠിക്കുന്നതിന് പകരമാവില്ലെങ്കിലും പകരം സംവിധാനത്തിന് നമ്മള്‍ നിര്‍ബന്ധിതരായതിനാലാണ് ഓണ്‍ലൈന്‍ പഠന സംവിധാനമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികള്‍ക്ക് പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തീരെ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ വായനശാലകള്‍, അങ്കണവാടികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ടി വികള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇപ്പോള്‍ ഒരുക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്ന കണക്കുകളില്‍ പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ സഹോദരങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്. അവര്‍ വരേണ്ടതില്ല എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. അവര്‍ക്കുകൂടി അര്‍ഹതപ്പെട്ടതാണ് ഈ നാട്. ഇത്തരത്തില്‍ വരുന്നവരില്‍ ചിലര്‍ രോഗവാഹകരാണ്. അതിനാല്‍ ഇവരില്‍ നിന്നും രോഗം പകരുന്നത് ഒഴിവാക്കണം. ഇതിനായി അവരും കുടുംബാംഗങ്ങളും വാര്‍ഡ്തല സമിതികളും ജാഗ്രതയോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ധര്‍മ്മടത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന
ജനീവ:കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ നിഗമന പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങൾ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.കോവിഡ് ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളില്‍ ഉള്ള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുള്ളവര്‍ ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ കടക്കുമെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം:സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായരുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം സന്ദീപ് നായര്‍ ഒളിവിലാണ്. ഇവര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല.കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് കാര്‍ബണ്‍ ഡോക്ടര്‍. നെടുമങ്ങാട് അടക്കം വിവിധയിടങ്ങളില്‍ വര്‍ക്ക് ഷോപ്പുകളുള്ള കാര്‍ബണ്‍ ഡോക്ടര്‍ കമ്പനിയില്‍ സ്വപ്നയ്ക്കും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനും പങ്കാളിത്തമുള്ളതായി കസ്റ്റംസ് സംശയിക്കുന്നു. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.കാര്‍ബണ്‍ ഡോക്ടര്‍ ഉദ്ഘാടനം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് നിര്‍വഹിച്ചത്. സ്വപ്‌നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഒളിവില്‍ കഴിയുന്ന സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചില്‍ തുടരുന്നു. കേരളം വിട്ടതായാണ് സംശയിക്കുന്നത്. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ചൊവ്വാഴ്ച പകലുടനീളം റെയ്ഡ് നടത്തി.