കണ്ണൂർ:പിലാത്തറ ദേശീയപാതയില്‍ വാഹനാപകടം.കെ എസ് ടി പി റോഡില്‍ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ ക്ലീനര്‍ മരിച്ചു.നാഷണല്‍ പെര്‍മിറ്റ് ലോറി ക്ലീനര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സിക്കന്തര്‍ ആണ് മരിച്ചത്.നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ സാരമായി പരുക്കേറ്റ സിക്കന്തറിനെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണൂരിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ആലക്കോട് തിമിരിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെമ്ബുക്കരയില്‍ സന്ദീപ് ,അമ്മ ശ്യാമള എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്ദീപിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വിദേശത്ത് ജോലി ആയിരുന്ന സന്ദീപ് ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.ഇതിനിടെ കാണാതായ സന്ദീപിന്റെ അമ്മ ശ്യാമളയെ വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വപ്നയും സംഘവും കേരളത്തിലേക്ക് കടത്തിയത് 230 കിലോ സ്വര്‍ണം;ഡമ്മി ബാഗേജ് അയച്ച് ആദ്യം പരീക്ഷണം നടത്തി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്തിനുമുന്‍പ് ഡമ്മി ബാഗ് എത്തിച്ച് പരീക്ഷണം നടത്തിയെന്നും വിജയകരമായതോടെ നിരവധി തവണകളായി 230 കിലോഗ്രാം സ്വര്‍ണം കേരളത്തിലെത്തിച്ചെന്നുമാണ് വിവരം.ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.സ്വപ്‌ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായും കസ്റ്റംസ് കണ്ടെത്തി.2019 ജൂലായ് ഒമ്ബത് മുതലാണ് ബാഗേജുകള്‍ വന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയതത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.ഫൈസല്‍ ഫരീദിനെ പോലുള്ള നിരവധി ആളുകള്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ സ്വര്‍ണം അയച്ചിട്ടുണ്ട്. അവരെ സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.അതേസമയം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനിതിരായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്ന സുരേഷിനെ രണ്ടാംപ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒന്നാംപ്രതി ബിനോയ് ജേക്കബ് സ്വപ്നയെപോലെ വാജ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനം;കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരും. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഇന്നലെ ജില്ലയില്‍ ഇന്ന് 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 22 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ജില്ലയില്‍ എടച്ചേരി, ഏറാമല, പുറമേരി ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം പഞ്ചയത്തിലെ വാര്‍ഡ് 8, വളയം പഞ്ചായത്തിലെ വാര്‍ഡ് 11, വില്യാപ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 14, ചോറോട് പഞ്ചായത്തിലെ വാര്‍ഡ് 7, ചെങ്ങോട്ടുക്കാവ് പഞ്ചായത്തിലെ വാര്‍ഡ് 17, മൂടാടി പഞ്ചായത്തിലെ വാര്‍ഡ് 4, കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 35, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 7, 14, 32 വാര്‍ഡുകളും, കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും.
തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു.നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് താഹ ഗള്‍ഫില്‍ നിന്ന് എത്തിയത്. വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു. മാനസിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കൌണ്‍സിലിങ് നല്‍കി. തുടര്‍ന്ന് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി;എറണാകുളം സ്വദേശി മരിച്ചത്
എറണാകുളം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ്(67) ഇന്ന് മരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു.പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. കര്‍ഷകനായ ഇദ്ദേഹം ഉല്‍പന്നങ്ങള് വില്‍ക്കാന്‍ ആലുവാ – മരട് മാര്‍ക്കറ്റുകളില്‍ പോകാറുണ്ടായിരുന്നു. ആലുവയില്‍ നിന്നാണ് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. എട്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അടക്കം 13 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് പ്രോട്ടോക്കോള് അനുസരിച്ചാകും മൃതദേഹം സംസ്ക്കരിക്കുക.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുക്കുന്നു
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി എൻഐഎ തിരുവനന്തപുരത്തെത്തിച്ചു.എന്‍ഐഎ രണ്ട് സംഘമായാണ് ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയത്.സ്വപ്നയെ സെക്രട്ടറിയേറ്റിനടുത്തുള്ള ഹെതര്‍ ഫ്ലാറ്റിലാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് സ്വര്‍ണം പിടിച്ചെടുക്കുമ്പോള്‍ ഇവരുടെ ടവര്‍ ലൊക്കേഷന്‍ ഇവിടെയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട മറ്റ് ചില പ്രതികളും ഹെതര്‍ ഫ്ലാറ്റിലെത്തിയിരുന്നതായി സൂചനയുണ്ട്.ഹെതര്‍ ഫ്ലാറ്റിന് പുറമെ കേശവദാസപുരത്തുള്ള റോയല്‍ ഫര്‍ണിച്ചര്‍ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലും സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വെള്ളയമ്പലം ആല്‍ത്തറയ്ക്ക് സമീപത്തെ വീട്, മരുതംകുഴിയിലെ വീട്, ഹെതര്‍ ഫ്ലാറ്റ്, സന്ദീപ് നായരുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്.സന്ദീപിനെ ഫെദര്‍ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും വാഹനത്തില്‍ നിന്ന് ഇറക്കിയിരുന്നില്ല.ഉദ്യോഗസ്ഥര്‍ മാത്രം ഇറങ്ങുകയായിരുന്നു. സന്ദീപിനെ വാഹനത്തില്‍ നിന്ന് ഇറക്കാതെ ഫ്‌ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സന്ദീപിനോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്. അരുവിക്കരയിലെ വാടകവീട്ടില്‍ എത്തിയപ്പോള്‍ എന്‍ഐഎ സംഘം സന്ദീപിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായും ഉദ്യോഗസ്ഥര്‍ സംസാരിച്ചു. അതിനിടെ സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തില്‍ കസ്റ്റംസ് റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സന്ദീപ് നായരുടെ ഫ്ലാറ്റിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.
കാസർകോഡ് നിയന്ത്രണം ശക്തം;കണ്ണൂരൂമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ അടച്ചു, പാലങ്ങളില്‍ ഗതാഗത നിരോധനം
കാസര്‍കോട്:കൊറോണ സമ്പർക്ക വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണം. ദേശീയ പാത ഒഴികെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ അടച്ചു. ഒളവറ തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കല്‍ പാലങ്ങളാണ് അടച്ചത്. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചത്. അതേസമയം മുന്നറിയിപ്പില്ലാതെ റോഡുകളും പാലങ്ങളും അടച്ചത് യാത്രക്കാരെ വലച്ചു.കാസര്‍കോട് പൊതുഗതാഗതത്തിന് കാസര്‍കോട് പൊതുഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ പുളിങ്ങോമിലെ പാലം ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് അടച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. മുന്നറിയിപ്പില്ലാതെ പാലം അടച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ആംബുലന്‍സ് അടക്കം ഒരു വാഹനവും കടത്തി വിടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കാസർകോഡ് ജില്ലയിൽ നിന്നും കണ്ണൂരിലേക്ക് പ്രവേശിക്കുന്ന അതിർത്തികളാണ് പയ്യന്നൂർ,പെരിങ്ങോം, ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ അടച്ചത്.വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ അതിർത്തികൾ അടയ്ക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവി സ്റ്റേഷനുകളിലേക്ക് നിർദേശം നൽകിയത്.എന്നാൽ റെവന്യൂ അധികൃതരെ ഇക്കാര്യം അറിയിച്ചില്ല. ദേശീയപാതയിൽ കാലിക്കടവിലൂടെ മാത്രമാണ് രാവിലെ ഗതാഗതം അനുവദിച്ചത്.ഒളവറ പാലം രാവിലെ അടച്ചതോടെ ഇരുവശത്തേക്കുമുള്ള ആരോഗ്യപ്രവർത്തകരെയും ആവശ്യസർവീസുകളെയും മറ്റ് അത്യാവശ്യ വാഹനങ്ങളെയും ഒളവറയിൽ തടഞ്ഞു.ഇതേ തുടർന്ന് പാലത്തിന് രണ്ടുവശത്തുമായി വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. പിന്നീട് തഹസിൽദാരുടെ ആവശ്യപ്രകാരം അത്യാവശ്യ വാഹനങ്ങളെയും ആളുകളെയും കടത്തിവിട്ടു.മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതിനെ തുടർന്ന് യാത്രക്കാരും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി.
കനത്ത മഴയിൽ കണ്ണൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
കണ്ണൂര്‍:രണ്ടു ദിവസമായി െപയ്യുന്ന കനത്തമഴയില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കണ്ണൂര്‍ നഗരത്തിനടുത്ത പടന്നപ്പാലം റോഡ്, പാസ്പോര്‍ട്ട് ഓഫിസിലെ പാര്‍ക്കിങ് ഏരിയ എന്നിവിടങ്ങളില്‍ വെള്ളം കയറി. അഞ്ചുകണ്ടി, മഞ്ചപ്പാലം എന്നിവിടങ്ങളില്‍ നിരവധി വീടുകളിലും വെള്ളം കയറി. പടന്നപ്പാലം റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ ഒാവുചാലില്‍ വീണു. മഞ്ചപ്പാലം, പടന്നപ്പാലം ഭാഗങ്ങളില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, താവക്കര എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.അഞ്ചുകണ്ടിയിൽ 15 ഉം വെറ്റിലപ്പള്ളിയിൽ നാലും വീടുകളിൽ വെള്ളം കയറി.ഇവിടങ്ങളിൽ കിണറുകളും മലിനമായി.അഞ്ചുകണ്ടിയിൽ ഓവുചാലിൽ മാലിന്യം വന്നടിഞ്ഞതാണ് വെള്ളം കയറാനിടയാക്കിയത്.റവന്യൂ-കോർപറേഷൻ-അഗ്നിരക്ഷാ സേന എന്നീ വിഭാഗങ്ങൾ മണിക്കൂറുകൾ പണിപ്പെട്ട് സ്ളാബ് അറുത്തുമാറ്റി മാലിന്യം ഒഴുക്കിവിട്ടപ്പോഴാണ് ജലനിരപ്പ് താഴ്ന്നത്.അഴീക്കോട് ഓലടക്കുന്നിൽ ഉരുൾപൊട്ടി പാറക്കല്ലിടിഞ്ഞു വീണു.കല്ല് മരത്തിൽത്തട്ടി നിന്നതിനാൽ താഴെ താമസിക്കുന്നവർ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു.അഴീക്കോട് വൻ കുളത്ത് വയൽ ,അരയബ്രത്ത് ക്ഷേത്രം പഴയ വൈദ്യുതി ഓഫീസ് ഭാഗങ്ങളിൽ കൂടി പോകുന്ന തോട് നിറഞ്ഞൊഴുകിയതിനാൽ ആ ഭാഗത്തും വെള്ളക്കെട്ട് ഉണ്ടായി.മേയർ സി.സീനത്ത്, കൗൺസിലർമാരായ ടി.ഓ മോഹനൻ,സി.സമീർ,വില്ലേജ് ഓഫീസർ പി.സുനിൽകുമാർ തുടങ്ങിയവർ വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.
തിരുവനന്തപുരത്ത് ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു
തിരുവനന്തപുരം:കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തം. ഹോട്ടല്‍ ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ കത്തിനശിച്ചു.അഗ്‌നിശമന സേനയുടെ ആറോളം യൂണിറ്റുകളെത്തിയാണ് തീ കെടുത്തിയത്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് സൂചന.പുലര്‍ച്ചെ അഞ്ചേകാലോടെയാണ് കവടിയാര്‍ ടോള്‍ ജംഗ്ഷനിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.റസ്റ്റോറന്റിനോട് ചേര്‍ന്നുള്ള ഇലക്‌ട്രോണിക്‌സ് സര്‍വീസ് സെന്റര്‍, ഡിടിപി സെന്റ്ര്‍ എന്നിവയിലേക്കും തീ പടര്‍ന്നു. റസ്റ്റോറന്റിന് പിന്‍വശത്തുള്ള ഓടിട്ട വീട്ടിലാണ് മറ്റ് രണ്ട് കടകളും പ്രവര്‍ത്തിച്ചിരുന്നത്.ലോക്ക് ഡൗണ്‍ ആയതിനാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാതിരുന്നത് ആളപായം ഒഴിവാക്കി.കടയുടെ പിന്‍ഭാഗത്തേക്ക് പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധിച്ചത്.തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊട്ടടുത്ത കടകളിലും വീടുകളിലുമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താത്ക്കാലികമായി ഒഴിപ്പിച്ചിരുന്നു.