തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഏർപ്പെടുത്തില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതലായി ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും.മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയുമായി ചേർന്ന പ്രത്യേക യോഗത്തിന് ശേഷം സമ്പൂർണ്ണ ലോക്ക് ഡൌൺ വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.വീഡിയോ കോൺഫെറൻസിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.
വൻ പോലീസ് സുരക്ഷയിൽ കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിച്ചു
കോട്ടയം:മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ വൻ പോലീസ് സുരക്ഷയിൽ കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിച്ചു.ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ(83) സംസ്കാരമാണ് മുട്ടമ്പലത്ത് നടന്നത്.ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ഔസേപ്പിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിച്ചത്.മുട്ടമ്പലത്ത് സംസ്കരിക്കുന്നത് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക.മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ അടക്കമുളളവരെ കളക്ടറേറ്റിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ സംസ്കാരം മാറ്റിവെയ്ക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.ഇതിനു ശേഷം രാത്രി പതിനൊന്നു മണിയോടെ കൂടുതല്‍ പൊലീസുകാരെ എത്തിച്ചശേഷമാണ് സംസ്കാരം നടത്തിയത്. രാത്രി 10.57 ന് ആരംഭിച്ച സംസ്കാരച്ചടങ്ങ് 11.16 ന് അവസാനിച്ച ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കൂടുതൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 140 പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 140 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.സംസ്ഥാനത്ത് കോവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരില്‍ 14 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് പി പി ഇ കിറ്റുകളുടെ കുറവ് മൂലമെന്ന ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പി പി ഇ കിറ്റുകള്‍ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവര്‍ത്തകരില്‍ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. കോവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്.14ശതമാനം പേര്‍ക്ക് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റുകളുടെ കുറവ് മൂലമോ, പുനരുപയോഗം മൂലമോ ആണ്. തിരുവനന്തപുരത്ത് മാത്രം പിപിഇ കിറ്റിന്റെ അഭാവം മൂലം 9 പേര്‍ക്ക് രോഗം പിടിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിന് രോഗം ബാധിച്ചത് പിപിഇ കിറ്റ് കഴുകി ഉപയോ%E
സ്വര്‍ണക്കടത്ത് കേസ്;ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. എന്‍.ഐ.എയുടെ ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുക്കും.പ്രത്യേക ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ മുഴുവനായും ക്യാമറയില്‍ പകര്‍ത്തും.ഇന്ന് രാവിലെയാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്.അഞ്ച് മണിക്കൂർ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മിൽ മണിക്കൂറുകൾ നീണ്ട ഫോൺ വിളിയിലും എൻ.ഐ.എക്ക് സംശയമുണ്ട്.എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ദല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് കൊച്ചിയിലെത്തിയത്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് ചോദിക്കുക. പ്രത്യേകം തയാറാക്കിയ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സെക്രട്ടറിയേറ്റിലെ സിസി ടി വി യിൽ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും. അത് ഉടൻ നൽകാനാണ് മുഖ്യ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ട സാഹചര്യമുണ്ടോയെന്നും ശിവശങ്കർ പരിശോധിക്കുന്നതായി സൂചനയുണ്ട്.കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചിയിലേക്കു വിളിച്ച് ചോദ്യം ചെയ്യുന്നത്.
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 689 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുളം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഒ.പി സംവിധാനം ക്രമീകരിച്ചു
പരിയാരം:കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചില ഡോക്റ്റർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനാലും കൂടുതൽ പേർ ക്വാറന്റൈനിൽ പോയതിനാലും ആശുപത്രിയിലെ ഓ.പി വിഭാഗങ്ങളിൽ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നു. ആശുപത്രിയുടെ ഓരോ ഭാഗവും അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്.മൂന്നാം നില പൂർണ്ണമായും അണുവിമുക്തമാക്കി കഴിഞ്ഞു.തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ മൂന്നാം നിലയിലായിരിക്കും വിവിധ ഓ.പി കൾ പ്രവർത്തിക്കുക.നിലവിൽ സൈക്യാട്രി,ചെസ്റ്റ് വിഭാഗം,ഒഫ്‌താൽമോളജി,ഇ.എൻ.ടി,സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ എന്നിവയുടെ ഓ.പി പരിശോധന നടക്കുന്ന മൂന്നാം നിലയിലുള്ള യഥാക്രമം 17,24,21 നമ്പർ റൂമുകളിലായിരിക്കും തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ മെഡിസിൻ,സർജറി,നെഞ്ചുരോഗ വിഭാഗം,ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നിവയുടെ ഓ.പി കൾ നടക്കുക എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.തിങ്കളാഴ്ച രണ്ടാം നിലയിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കും.ബുധനാഴ്ച മുതൽ പതിവ് പോലെ രണ്ടാം നിലയിൽ തന്നെ ഒ.പി കൾ പ്രവർത്തിക്കും.ആശുപത്രിയിൽ രോഗികൾ കുറഞ്ഞതിനാൽ വലിയ തിരക്ക് അനുഭവപ്പെടാത്തതുകൊണ്ട് വേഗത്തിൽ അണുവിമുക്തമാക്കുന്നതിന് സാധിക്കുന്നുണ്ട്.പ്രസ്തുത ക്രമീകരണങ്ങളുമായി പൊതുജനങ്ങളും രോഗികളുടെ കൂട്ടിരുപ്പുകാരും പരമാവധി സഹകരിക്കണമെന്ന് പ്രിൻസിപ്പൽ ഡോ.കെ.എം കുര്യാക്കോസ്,സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ അഭ്യർത്ഥിച്ചു.
ഒരു കൊവിഡ് മരണം കൂടി;മരിച്ചത് തലശേരി സ്വദേശിനി ലൈല
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐ.സി.യുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.വ്യാഴാഴ്ച ബെംഗളൂരുവില്‍ വച്ച് നടത്തിയ കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58 ആയി. ശനിയാഴ്ചമാത്രം നാലുപേരാണ് വൈറസ് ബാധമൂലം മരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വിഷുവിന് നല്‍കിയ കിറ്റിന്‍റെ കമ്മീഷന്‍ സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.കഴിഞ്ഞ വിഷുവിന് കിറ്റ് അനുവദിച്ചപ്പോള്‍ കാര്‍ഡ് ഒന്നിന് 20 രൂപ വീതം കമ്മീഷന്‍ നല്‍കണമെന്നായിരുന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടത്. 5 രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ഓണമെത്താറായിട്ടും പണം കിട്ടിയില്ല. ഇത് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണക്കാലത്തെ ഭക്ഷ്യകിറ്റ് വിതരണം ബഹിഷ്‍കരിക്കാനാണ് റേഷന്‍ ഡീലേഴ്‍സ് അസോസിയേഷന്‍ തീരുമാനം.കൂടാതെ ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
കണ്ണൂരിൽ വാഹനാപകടത്തില്‍പെട്ട് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു
കണ്ണൂർ:കണ്ണൂരിൽ വാഹനാപകടത്തില്‍പെട്ട് മരിച്ച വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചു. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിത്സയ്ക്ക് എത്തിയ ചില രോഗികള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അമലിനും രോഗം ബാധിച്ചിട്ടുള്ളത് ആശുപത്രിയില്‍ നിന്നാകാം എന്നാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കില്ല;കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനം.കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സർക്കാർ നീക്കം.അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത കക്ഷികളില്‍ ഭൂരിഭാഗവും ലോക് ഡൌണിനെ എതിര്‍ത്തതോടെയാണ് സര്‍ക്കാര്‍ താത്കാലികമായി പിന്നോട്ട് പോയത്. രോഗവ്യാപനം കൂടിയ മേഖലകളെ പ്രത്യേകം തിരിച്ച് അവിടെ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തീവ്രബാധിത മേഖലകളില്‍ നിലവിലെ നിയമത്തില്‍ ഒരു വിട്ട് വീഴ്ചയും വരുത്തേണ്ടെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അടുത്ത രണ്ടാഴ്ച സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണ്. നിലവിലെ രോഗ വ്യാപനം ഇതിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലെന്നാണ് ആരോഗ്യവകുപ്പും സര്‍ക്കാരും കാണുന്നത്.