കാസർകോട്:ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.ചെറുവത്തൂരിലെ മട്ടലായിയിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ ദേവാനന്ദ (16) യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ആന്റ് ഫുഡ് പോയിന്റ് എന്ന കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമ്മ കഴിച്ച ശേഷം അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഫുഡ് സേഫ്റ്റി ലെെസൻസ് ഇല്ലാതെയാണ് കൂൾബാർ പ്രവർത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂൾബാർ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.അതേസമയം സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പി സി ജോർജ് അറസ്റ്റിൽ;ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിൽ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്ബോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.അതേസമയം കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അന്വേഷണത്തിന് സഹകരിക്കുമെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വ്യക്തമാക്കി.
മതവിദ്വേഷ പ്രസംഗം;പിസി ജോർജ്ജ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്.ഡി.ജി.പി. അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തത്. യൂത്ത് ലീഗ് ഉള്‍പ്പെടെ ഡി.ജി.പി.ക്ക് പരാതിനല്‍കിയിരുന്നു.ഹരിദ്വാർ മോഡൽ പ്രസംഗമാണ് പി.സി ജോർജ്ജ് നടത്തിയതെന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം. പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു. ലീഗ് നേതാവ് കെപിഎ മജീദും പി.സി ജോർജ്ജിനെതിരെ രംഗത്തെത്തിയിരുന്നു.വർഗീയത ആളിക്കത്തിക്കാൻ ആണ് ജോർജ് ശ്രമിക്കുന്നതെന്നും മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണ് നടത്തിയതെന്നും ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വന്തം വാഹനത്തിലാണ് പി.സി.ജോര്‍ജിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാര്‍ക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജും ഈ വാഹനത്തിലുണ്ട്.മുസ്ലിങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോര്‍ജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങള്‍ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥര്‍ക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തു നല്‍കുന്നവെന്നടക്കം പ്രസംഗത്തില്‍ പറഞ്ഞുവെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ-റെയിൽ കല്ലിടലിനെതിരെ കണ്ണൂർ ധർമടത്ത് പ്രതിഷേധം;സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനമെന്ന് പ്രതിഷേധക്കാർ
കണ്ണൂർ: കെ-റെയിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സംഘർഷം.കല്ലിടാൻ വേണ്ടി രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ നാട്ടുകാരും വീട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകളാണ് പ്രതിഷേധ രംഗത്തുണ്ടായിരുന്നത്.ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.സാധാരണക്കാരെ കൊന്നിട്ട് വേണോ വികസനം. വീടിന്റെ പേരിൽ നിരവധി കടബാദ്ധ്യതകൾ ഉണ്ട്. ആ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സമാധാനം പറയേണ്ടി വരും. മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സത്യഗ്രഹമിരിക്കും’ എന്നിങ്ങനെ വീടുകളിൽ നിന്ന് പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകൾ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ധർമ്മടം പഞ്ചായത്തിൽ കെ റയിൽ സർവേ കല്ല് സ്ഥാപിക്കാനായില്ല. സർവേ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. നേരത്തെ തന്നെ വലിയ രീതിയിൽ ഇവിടെ പ്രതിഷേധം നടന്നിരുന്നു. നേരത്തെയും ഇവിടെ കല്ലിട്ടിരുന്നു. എന്നാൽ ഇത് പിഴുതെറിയുകയായിരുന്നു. ഈ സ്ഥലത്താണ് ഇപ്പോൾ വീണ്ടും കല്ലിട്ടത്. കല്ല് സ്ത്രീകൾ തന്നെ രംഗത്തെത്തി പിഴുതു മാറ്റുകയും ചെയ്തു. പോലീസുമായുണ്ടായ വാക്കേറ്റത്തിനിടെ ഒരു സ്ത്രീയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും; ഉപയോഗം കുറയ്‌ക്കണമെന്ന് കെഎസ്‌ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് കെഎസ്‌ഇബി. 15 മിനിറ്റ് നേരമുള്ള വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് കെഎസ്‌ഇബി ചെയര്‍മാന്‍ ബി.അശോക് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാന്‍ പോകുന്നുവെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണം. 20 രൂപ നിരക്കില്‍ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതോടെ 50 കോടി രൂപയുടെ വരെ കടബാദ്ധ്യതയാണ് കെഎസ്‌ഇബിയ്‌ക്കുണ്ടാവുക. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാദ്ധ്യത ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് മെയ് 31 വരെ തുടരുമെന്നും അശോക് അറിയിച്ചു. രാത്രി ആറരയ്‌ക്കും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. കഴിഞ്ഞ വര്‍ഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നതെന്നും അശോക് വ്യക്തമാക്കി.
ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി
കണ്ണൂർ: ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തെത്തി.ഇതാദ്യമായാണ് ഒരു പടക്കപ്പല്‍ അഴീക്കലില്‍ എത്തുന്നത്.പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പലിന് വളരെ വേഗത്തില്‍ സഞ്ചരിക്കാനും ആഴം കുറഞ്ഞ പ്രദേശത്ത് എത്തിച്ചേരാനും കഴിയും. പൊതുജനങ്ങള്‍ക്ക്കപ്പല്‍ കാണാനും അറിയാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണി വരെ കപ്പല്‍ അഴീക്കല്‍ തുറമുഖത്ത് ഉണ്ടാവും.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു.ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയുള്ളവര്‍ക്കാണ് ഇളവ് അനുവദിക്കപ്പെടുക.സര്‍ക്കാര്‍ മേഖലയിലെ മെഡിക്കല്‍ ബോര്‍ഡ് 40% ഭിന്നശേഷി ശുപാര്‍ശ ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഭിന്നശേഷിക്കാരുടെ ഏഴ് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്.ഇതോടെ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യമാണ് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൂടി ലഭ്യമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി;മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി.മാസ്‌ക് ഉപയോഗം നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കാനുള്ള തീരുമാനം. സംസ്ഥാനത്തെയും, രാജ്യത്തെയും, കൊറോണ സാഹചര്യങ്ങൾ സംസ്ഥാന ദുരന്തനിവാരണ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌ക് ഉപയോഗം കർശനമാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു സ്ഥലങ്ങൾ, കൂടിച്ചേരലുകൾ, തൊഴിലിടങ്ങൾ, യാത്രാ വേളകളിൽ എല്ലാം നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇത് ലംഘിച്ചാൽ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാസ്‌ക് ഉപയോഗം തുടരാൻ ആരോഗ്യമന്ത്രി വീണാ ജോർജും നിർദ്ദേശിച്ചിരുന്നു.കൊറോണ കേസുകൾ കുറയാൻ ആരംഭിച്ചതോടെ സംസ്ഥാനം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതേ തുടർന്ന് മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കാൻ ആരംഭിച്ചതോടെ കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുകയായിരുന്നു.
പെട്രോൾ പമ്പുകൾക്കെതിരെ നിർബ്ബന്ധിത നടപടി സ്വീകരിക്കരുത്
കൊച്ചി: പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ലൈസൻസ് എടുക്കാത്ത പെട്രോൾ പമ്പുകൾക്കെതിരെ പെറ്റീഷൻ തീർപ്പാക്കുന്നത് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
തങ്ങളുടെ അംഗങ്ങളായ കാസർക്കോട്,ഇടുക്കി ജില്ലയിലെ ഡീലർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നീക്കത്തിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും, പരാതിക്കാരായ ഡീലർമാരും ചേർന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ബഹു. ജസ്റ്റിസ്. ടി.ആർ.രവിയുടെ ഉത്തരവുണ്ടായത്..
ഹർജിക്കാർക്ക് വേണ്ടി അഡ്വ. നന്ദഗോപാൽ.എസ്.കുറുപ്പ്, അഡ്വ.അതുൽ ടോം എന്നിവർ ഹാജരായി.
സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാം; നിർബന്ധമായും മാസ്‌ക് ധരിക്കണം;ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊറോണ തരംഗങ്ങൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ജനങ്ങൾ കർശനമായി തുടരണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥനത്തെ കൊറോണ സാഹചര്യം വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രായമായവർ, ജീവിത ശൈലി രോഗമുള്ളവർ, വാക്‌സിൻ എടുക്കാത്തവർ എന്നിവർക്കിടയിലാണ് കൊറോണ മരണങ്ങൾ കൂടുതലായിട്ടുള്ളത്. അതിനാൽ വാക്‌സിൻ സംബന്ധിച്ച് സംസ്ഥാന/ജില്ലാ തലങ്ങളിൽ ശക്തമായ ബോധവത്കരണം നടത്താൻ നിർദ്ദേശം നൽകി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേളയിൽ സംസ്ഥാനത്ത് പരീക്ഷാ കാലമായിരുന്നു. അതുകൊണ്ട് വാക്‌സിനേഷൻ യജ്ഞം ആയി നടത്തിയില്ല. സ്‌കൂൾ തുറന്നാൽ വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തോടെ വാക്‌സിൻ യജ്ഞവും ബോധവത്കരണവും നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.ജനങ്ങൾ നിർബന്ധമായും മാസ്‌ക് ധരിക്കണം. പൊതുയിടങ്ങളിൽ മാസ്‌ക് മാറ്റാം എന്ന ധാരണ ശരിയില്ല. മാസ്‌ക് ധരിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ അകലം പാലിക്കുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നത് തുടരണം. കൊറോണയെ പ്രതിരോധിക്കാൻ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും, വാക്‌സിൻ സ്വീകരിക്കുകയുമാണ് പ്രതിവിധിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രതിദിന കേസുകളിൽ കാര്യമായ വർദ്ധനവില്ല. എങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ കൊറോണ ക്ലസ്റ്റർ ഇല്ല. അടുത്ത ദിവസം രണ്ടാഴ്ചത്തെ കണക്കുകൾ പ്രസിദ്ധീകരിക്കും. ക്ലസ്റ്റർ ഉണ്ടായാൽ ജനിതക പരിശോധനയുൾപ്പെടെ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.