വയനാട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു. നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി (72), കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി (65) എന്നിവരാണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് കുഞ്ഞി ഹാജി. കഴിഞ്ഞമാസം 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.ഭാര്യയും മക്കളുമുള്‍പ്പെടെ ഇദ്ദേഹത്തിന്റെ വീട്ടിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കല്‍പ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളോടെ മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.
കനത്ത മഴയിൽ ഇരിട്ടിയില്‍ കുന്നിടിഞ്ഞ് താഴ്ന്നു;ഗതാഗതം തടസ്സപ്പെട്ടു
കണ്ണൂര്‍: ഇരിട്ടി-വീരാജ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപം കൂറ്റന്‍ കുന്നിടിഞ്ഞു വീണു. തലശേരി-വളവുപാറ റോഡ് വികസനത്തിന്‍റെ ഭാഗമായി ഇരിട്ടി കുന്നിടിച്ച് വീതി കൂട്ടിയ ഭാഗമാണ് ഇടിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.വലിയപാറകള്‍ ഉള്‍പ്പെടെ റോഡില്‍ പതിച്ചെങ്കിലും വാഹന-കാല്‍നട യാത്രക്കാരില്ലാത്തതിനാല്‍ ദുരന്തം ഒഴിവായി.കുന്നിടിച്ചില്‍ ഭീതി നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ ഭീതിയിലാണ്. കുടകില്‍ ഉരുള്‍പൊട്ടലിലും ഇവിടുത്തെ കനത്ത മഴയും കൂടിയായതോടെ മേഖല ഉരുള്‍പൊട്ടല്‍,വെള്ളം കയറല്‍ ഭീതിയിലാണ്. വള്ളിത്തോട്, മാടത്തില്‍, കച്ചേരിക്കടവ്, നുച്യാട്, മണികടവ്, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അധികൃതര്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം എട്ടായി;എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
മൂന്നാര്‍:രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു.പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിൽ നിന്നും 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി
മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിൽ നിന്നും 53 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയോളം സ്വർണ്ണം പിടികൂടി.കാസർകോഡ് സ്വദേശികളായ ഹംസ,മിസ്ഹാബ് എന്നിവരിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.ദുബായിൽ നിന്നും വ്യാഴാഴ്ച ഫ്ലൈ ദുബായ് വിമാനത്തിലാണ് ഇവർ കണ്ണൂരിലെത്തിയത്.ട്രോളി ബാഗിനുള്ളിൽ സ്ട്രിപ്പ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ,സി.വി മാധവൻ,ഇൻസ്പെക്റ്റർമാരായ എൻ.അശോക് കുമാർ,യദുകൃഷ്ണ,കെ.വി രാജു,സന്ദീപ് കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കോവിഡ് വ്യാപനം;തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങൾ ഇന്ന് മുതൽ പൂർണ്ണമായും അടച്ചിടും
കണ്ണൂർ:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങൾ പൂർണ്ണമായും അടച്ചിടാൻ തീരുമാനം.ജില്ലാ ഭരണകൂടവും പോലീസും നഗരസഭാ അധികൃതരും സംയുക്തമായി ആലോചിച്ചതിനു ശേഷമാണ് ജില്ലാ കലക്റ്റർ അടച്ചിടൽ പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം മുതൽ ചികിത്സയിലായ കോവിഡ് രോഗികളുടെ സമ്പർക്കമാണ് ഇത്തരത്തിലൊരു ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കടക്കാൻ കാരണം.നഗരത്തിലെ ചില കടകൾ വഴി രോഗവ്യാപനമുണ്ടായതായി സംശയമുണ്ട്.അടച്ചിടൽ പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ രാത്രി നഗരസഭാ പരിധിയിൽ പോലീസിന്റെ നേതൃത്വത്തിൽ അറിയിപ്പുണ്ടായി. ഹോട്ടലുകളും കടകമ്പോളങ്ങളും പൂർണ്ണമായും അടച്ചിടും.ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നതും നിയന്ത്രിക്കും.സർക്കാർ ഓഫീസുകളിൽ അത്യാവശ്യക്കാരെ മാത്രമേ കയറ്റിവിടുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.അടച്ചിടൽ ഒരാഴ്ചയിലേറെ നീളാനാണ് സാധ്യത.
കുടകിലെ ബ്രഹ്മഗിരി മലയില്‍ ഉരുള്‍പൊട്ടല്‍; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബവും ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി
കുടക്: തലക്കാവേരിയില്‍ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളില്‍ ഒരാളായ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ത്ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്.ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് കുടകില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്‌വാരത്തായിരുന്നു അപകടം. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ച രാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെമുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയില്‍ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.ഇതിനിടെ ത്രിവേണി സംഗമത്തില്‍ വെള്ളം ഉയര്‍ന്ന് ഭാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങള്‍ക്കും അപകടസ്ഥലത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരും. നാരായണ ആചാറിന്റെ വീട്ടിലെ 20 പശുക്കള്‍, രണ്ട് വാഹനങ്ങള്‍ എന്നിവയും മണ്ണിനടിയില്‍ പെട്ടതായി കരുതുന്നു.മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുൻപ് പുതിയ വീട് നിര്‍മ്മിച്ച് ഭാഗമണ്ഡലത്തേക്ക് താമസം മാറിയതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. ബ്രഹ്മഗിരി മലയില്‍ തലക്കാവേരി ക്ഷേത്രത്തിനു സമീപമാണ് ഉരുള്‍പൊട്ടലുണ്ടാത്. കാവേരി നദിയുടെ ഉദ്ഭവസ്ഥാനമാണ് ഇവിടം.
മൂന്നാർ രാജമലയിൽ വൻ മണ്ണിടിച്ചിൽ;നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം
ഇടുക്കി:മൂന്നാർ രാജമലയിൽ വൻ മണ്ണിടിച്ചിൽ. പെട്ടിമുടിയില്‍ 80 പേര്‍ താമസിക്കുന്ന ലയത്തിനു മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞു വീണിരിക്കുന്നത്. എന്നാല്‍ ഇവിടെ എത്ര പേര്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നും എത്ര പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മറ്റിയെന്നും വ്യക്തമല്ല.പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍നിന്നും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്. നിരവധി പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നതായുമാണ് വിവരം.പോലീസും അഗ്നിശമനസേനയും രാജമലയിലേക്ക് തിരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നതിനാല്‍ രണ്ട് മണിക്കൂറെങ്കിലും വേണം ഇവര്‍ക്ക് ഇവിടെ എത്താന്‍. മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലവും ഒലിച്ച് പോയിരുന്നു. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1017 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 99 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 73 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 58 പേര്‍ക്കും, വയനാട് ജില്ലയില്‍ 46 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 40 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 33 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.തിരുവനന്തപുരം ജില്ലയിലെ 210 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 139 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 128 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 109 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 94 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 62 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 61 പേര്‍ക്കും, എറണാകുളം ജില്ലയിലെ 54 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 36 പേര്‍ക്കും, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേര്‍ക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്‌എസ് ജീവനക്കാരനും രോഗം ബാധിച്ചു.അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7),കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.൧൬ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വര്‍ണക്കടത്ത് കേസ്:സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും ശിവശങ്കറുമായും അടുത്ത ബന്ധമെന്ന് എൻ.ഐ.എ റിപ്പോർട്ട്
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും ശിവശങ്കറുമായും അടുത്ത ബന്ധമെന്ന് എൻ.ഐ.എ റിപ്പോർട്ട്.സ്വര്‍ണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നക്ക് വലിയ പങ്കുണ്ടെന്നും കോണ്‍സുലേറ്റില്‍ വൻ സ്വാധീനം ഉണ്ടായിരുന്നുവെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്.രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്‌വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.
വടക്കന്‍ ജില്ലകളില്‍ കനത്തമഴ; കോഴിക്കോടും വയനാടും റെഡ് അലര്‍ട്ട്;ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങള്‍ കേരളത്തിലെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വടക്കന്‍ ജില്ലകളില്‍ മഴ കനത്തു. കോഴിക്കോട്, വയനാട് ജില്ലകളില് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർകോഡ് വരെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒൻപതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റുവീശാനും സാധ്യതയുണ്ട്. മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.വയനാട്ടിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള ചൂരല്‍മല,മുണ്ടക്കൈ മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്‍റെ മേൽക്കൂര പൂർണ്ണമായും റോഡിലേക്ക് പതിച്ചു. മേപ്പാടിയിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായി വൈദ്യുതി നിലച്ചു.കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോടഞ്ചേരി ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്.ട്രോളിംഗ് നിരോധനത്തിന് ശേഷം മീന്‍പിടുത്തത്തിനുളള അനുമതി നാളെ മുതലാകും മുതലാകും നടപ്പിലാകുക. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.