ദുബായ്:നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു.അബുദാബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.അബുദാബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബൈയിലും അബുദാബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. ഇത് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്നാല്‍, കേസിലെ നിര്‍ണായക കണ്ണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.അബുദാബി പൊലീസിന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായം ലഭിച്ചിച്ചിരുന്നു.
രാജമല ഉരുള്‍പൊട്ടല്‍;മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മൂന്നാര്‍: രാജമല ഉരുള്‍പൊട്ടലില്‍ ഇന്നുച്ചവരെ നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി.നബിയ (12), ലക്ഷണശ്രീ (10), സുമതി (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം ഇനി 15 പേരെ കൂടി കണ്ടെത്താനുണ്ട്.അതില്‍ ഏഴുപേര്‍ കുട്ടികളാണെന്ന് ദേവികുളം സബ് കലക്റ്റർ പ്രേം കൃഷ്ണന്‍ അറയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം;തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങൾക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും.സൈബര്‍ പോലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം രൂക്ഷമാണ്. വനിതാ മാധ്യമപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ കുടുംബാംഗങ്ങള്‍ക്ക് നേരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിശദ അന്വേഷണം നടക്കുന്നത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു
ബംഗളൂരു:കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേ നാലില്‍ വെച്ച് തീപിടിച്ചത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് പൊള്ളലേറ്റ് മരിച്ചത്. 27 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹിരിയുര്‍ പൊലീസ് അറിയിച്ചു.എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രാജമല ദുരന്തം; തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 19 പേരെ
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുന്നു.രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചു. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.ഇനി കണ്ടെത്താനുള്ളതില്‍ കൂടുതല്‍ കുട്ടികളാണ്. ഒന്‍പത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുള്ളതിനാൽ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേരെ ഇന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തെരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കോവിഡ്;1242 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;1426 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ്.
കണ്ണൂര്‍ ജില്ലയിലെ ഉളിക്കല്‍ പയ്യാവൂര്‍ മലയോര ഹൈവേയില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നു
കണ്ണൂര്‍:ജില്ലയിലെ മലയോര ഹൈവെയുടെ ഭാഗമായ ഉളിക്കല്‍ പയ്യാവൂര്‍ റോഡ് മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപം ഇടിഞ്ഞു താഴ്ന്നു. ഇന്നലെ രാത്രി മുതല്‍ റോഡില്‍ ചെറിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇന്ന് രാവിലെയോടെ വിള്ളല്‍ വികസിച്ച് റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.ചെറിയ വിള്ളല്‍ രൂപപ്പെട്ടപ്പോള്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം ഭാഗിഗമായി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ റോഡിന്റെ ഒരു വശം താഴേക്ക് ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ഉളിക്കലിനും പയ്യാവൂരിനുമിടയില്‍ മുണ്ടാനൂര്‍ എസ്റ്റേറ്റിന് സമീപത്താണ് റോഡ് തകര്‍ന്നത്. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മുണ്ടാന്നൂര്‍ വാതില്‍മട പയ്യാവൂര്‍ റോഡിലൂടെ വഴി തിരിച്ചുവിട്ടിരിക്കുകയാണ്.അതേ സമയം നിര്‍മ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും റോഡ് തകര്‍ന്നതിന് പിന്നില്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പിഴവുകളുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി (75) മരിച്ചു.ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണപ്പെട്ടത്.വയനാട് കാരക്കാമല സ്വദേശി എറമ്പയിൽ മൊയ്തുവും(59) കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
രാജമല ദുരന്തം;അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു;ഇനി കണ്ടെത്താനുള്ളത് 21 മൃതദേഹങ്ങള്‍
ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ അധികവും കുട്ടികളാണ്. വീടുകള്‍ക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും.പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നീക്കം.പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഈ സംഘത്തെ പൂര്‍ണമായും നിരീക്ഷണത്തിലാക്കി.മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്ക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അൻപതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.