തിരുവനന്തപുരം:പൂജപ്പുര സെൻട്രൽ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് പുറമെ രണ്ട് ജീവനക്കാര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 114 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്.ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 217 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ജയിലിനുള്ളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.ഇന്നലെ 143 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്‌പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്തുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി.തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു.ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന് പുറമേ വൃക്ക സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറേ കളീക്കല്‍ പി.വി.മാത്യുവാണ്(60 ) കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു വ്യക്തി.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. പ്രമേഹരോഗിയായിരുന്നു ഇദ്ദേഹം. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.ഇവര്‍ക്ക് പുറമേ വടകര സ്വദേശി മോഹനന്‍, ഫറോക്ക് സ്വദേശി രാജലക്ഷ്മി എന്നിവരാണ് കോഴിക്കോട് മരിച്ചത്.മോഹനന് ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലേക്കെത്തുമ്പോൾ തന്നെ നില വഷളായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
സ്വകാര്യ, ടൂറിസ്റ്റ് ബസ്സുകളുടെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം:സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ റോഡ് നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തെ നികുതിയാണ് വേണ്ടെന്ന് വച്ചത്. നികുതി ഒഴിവാക്കണമെന്ന ആവശ്യം നിരസിച്ചതോടെ രണ്ടാഴ്ചയായി സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടും ബസുടമകള്‍ വഴങ്ങിയില്ല. തൊഴിലാളികളുടെ ആറുമാസത്തെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഇളവുകള്‍ അനുവദിച്ചതോടെ അടുത്തദിവസം മുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.
മലപ്പുറം കളക്റ്ററുമായി സമ്പർക്കം;മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു
തിരുവനന്തപുരം:കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്റ്ററുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിപ്പൂർ വിമാനത്താവള സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം മലപ്പുറം കലക്റ്റർ എൻ.ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു.നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ ഇന്ന് നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല.പകരം സംസ്ഥാനതല സ്വാതന്ത്രദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകി.മലപ്പുറം കല്കട്ടർക്ക് പുറമെ സബ്‌കളക്റ്റർക്കും കളക്റ്ററേറ്റിലെ 21 ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.മലപ്പുറം എസ്.പി യു.അബ്ദുൽ കരീമിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍
തിരുവനന്തപുരം:കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപനം. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്‍റ് എം രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍ നിന്ന് വിരമിച്ച ഡിവൈ എസ് പി വി മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്‌ഐ ജി ഹരിഹരന്‍,തിരുവനന്തപുരം റൂറല്‍ നാരുവാമൂട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആര്‍ വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ എസ് ഐ കെ സൂരജ്, മലപ്പുറം വിജിലന്‍സിലെ എ എസ് ഐ പി എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്. സംസ്ഥാനത്തിന് പുറത്തുള്ള 16 മലയാളികള്‍ക്കും സ്തുത്യര്‍ഹമായ സേവനത്തിന് മെഡല്‍ ലഭിച്ചു.
പുതിയതെരു ടൗണിൽ ഇന്ന് മുതൽ ലോക്ക് ഡൌൺ
കണ്ണൂർ:ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പുതിയതെരു ടൗണിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയതായി വളപട്ടണം പോലീസ് അറിയിച്ചു.ടൗണിലെ വ്യാപാരസ്ഥാപനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കടകൾ തുറക്കാൻ പാടില്ല.ഷോപ്പുകളിൽ നിന്നും പഴം,പച്ചക്കറി,മുട്ട തുടങ്ങിയ സാധനങ്ങൾ എടുത്തുമാറ്റേണ്ടവർക്ക് ഇന്ന് രാവിലെ 7 മണി മുതൽ 9 മണി വരെ സമയം അനുവദിച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ ലോക്ഡൗൺ പിൻവലിച്ചു. മാളുകൾക്കും ജിമ്മുകൾക്കും ഉൾപ്പെടെ പ്രവർത്തനാനുമതി നൽകി.കണ്ടെയ്ന്‍മെന്‍റ് സോൺ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രദേശങ്ങളിലാണ് ലോക് ഡൗൺ മാറ്റിയത്. എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ പ്രവര്‍ത്തിക്കാം. റസ്റ്റോറന്‍റുകള്‍ക്ക് രാത്രി ഒന്‍പതു വരെ പ്രവര്‍ത്തന അനുമതിയുണ്ട്. പാർസൽ സർവീസ് മാത്രമേ നടത്താവു. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ്,ബാറുകള്‍, ബീയര്‍ പാര്‍ലറുകള്‍ , ജിമ്മുകള്‍ എന്നിവയും മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഓഫീസുകൾക്കും ബാങ്കുകൾക്കും പ്രവര്‍ത്തിക്കാം. സിനിമ ഹാള്‍, വിനോദ പാര്‍ക്കുകള്‍ക്ക് പ്രവർത്തനാനുമതിയില്ല. പൊതു പരിപാടികളും പാടില്ല.ഇന്നലെ 310 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 300 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്തെ ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ അക്കൗണ്ട് നമ്പർ അനുസരിച്ച് പുതിയ സമയക്രമീകരണം
തിരുവനന്തപുരം: കേരളത്തില്‍ സമ്പർക്കത്തിലൂടെ കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടേതാണ് തീരുമാനം.നിയന്ത്രണം ഇങ്ങനെ: 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം. 4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം. 8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.തിങ്കളാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും.സെപ്റ്റംബര്‍ 9 വരെ ഇതേ രീതിയില്‍ തുടരാനാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. അതേസമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1304 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 58 പേര്‍ക്കും, വയനാട് ജില്ലയില്‍ 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1381 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 173 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 161 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കോട്ടയം ജില്ലയിലെ 86 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 68 പേര്‍ക്കും, കൊല്ലം ജില്ലയിലെ 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 63 പേര്‍ക്കും, വയനാട് ജില്ലയിലെ 56 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 424 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 199 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 87 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നാല് ഗര്‍ഭിണികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നാല് ഗര്‍ഭിണികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിയും മറ്റു മൂന്നു പേര് ഗര്‍ഭിണികളുമാണ്.ഇവരെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അതേസമയം കണ്ണൂരില്‍ ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പായം സ്വദേശി ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.