ജില്ലയിൽ 100 കടന്ന് കോവിഡ് കേസുകൾ;ഇന്നലെ രോഗം സ്ഥിരീകരിച്ചത് 123 പേർക്ക്

keralanews covid cases in kannur crossed 100 and 123 cases confirmed yesterday

കണ്ണൂർ:ജില്ലയിൽ ഒറ്റ ദിവസം 100 കടന്ന് കോവിഡ് കേസുകൾ.ഇന്നലെ മാത്രം 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.110 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ.മൂന്നു പേർ വിദേശത്തു നിന്നും ഒൻപതു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.ഒരു ആരോഗ്യ പ്രവർത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 2231 ആയി.ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 58 പേരടക്കം 1592 പേർ ആശുപത്രി വിട്ടു.കൊവിഡ് സ്ഥിരീകരിച്ച 16 പേർ ഉൾപ്പെടെ 22 പേർ മരണപ്പെട്ടു.ബാക്കി  617 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.പരിയാരം ഗവ മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റാണ് രോഗ ബാധിതനായ ആരോഗ്യ പ്രവർത്തകൻ. ഇന്നലെ രോഗമുക്തി നേടിയ 58 പേരിൽ 18 പേർ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും 15 പേർ സ്‌പോർട്സ് ഹോസ്റ്റൽ സി.എഫ്.എൽ.ടി.സി യിൽ നിന്നും 11 പേർ പാലയാട് സി.എഫ്.എൽ.ടി.സി യിൽ നിന്നുമാണ്.സെഡ് പ്ലസ് സി.എഫ്.എൽ.ടി.സി യിൽ ചികിത്സയിലായിരുന്ന 10 ഉം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മൂന്നും മലപ്പുറം സി.എഫ്.എൽ.ടി.സി യിൽ നിന്ന് ഒരാളും ഇന്നലെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 1592 ആയി.

വയനാട്ടിൽ വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

keralanews black money seized from wayanad two arrested with one crore rupees

വയനാട്:വയനാട്ടിൽ വന്‍ കുഴല്‍പ്പണ വേട്ട.ഒരു കോടിയോളം രൂപയുമായി രണ്ടുപേര്‍ പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പോലീസും സംയുക്തമായി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണാടകത്തില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാത്ത കൊണ്ട് വന്ന 92,50,000 രൂപയാണ് പിടിച്ചെടുത്തത്. കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍ കെ ഹാറൂണ്‍ (47) എന്നിവരെ കസ്റ്റഡിയിലെടുത്തു.

വഴിയോര മീന്‍ കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി;ഇനി കച്ചവടം ചന്തകളില്‍ മാത്രം

keralanews fish trade on road side banned and trade only in markets

കോഴിക്കോട്:സംസ്ഥാനത്ത് വഴിയോര മീന്‍ കച്ചവടത്തിന് വീണ്ടും വിലക്കേര്‍പ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം.തദ്ദേശവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചന്തകള്‍ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകള്‍ തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.പ്രാദേശിക മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാല്‍ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇനി മുതല്‍ വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. പ്രത്യേകിച്ച്‌ മത്സ്യവിപണനത്തിനുള്ള മാര്‍ക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാല്‍ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാര്‍ക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തില്‍ വഴിയോര മത്സ്യവിപണനത്തൊഴിലാളികള്‍ സര്‍ക്കാരുമായി സഹകരിച്ച്‌ മത്സ്യവിപണനം മാര്‍ക്കറ്റുകളിലേക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു.

എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ അക്രമിച്ചു പണം തട്ടിയെടുത്ത സംഭവം;മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ശക്തമാക്കി

keralanews search continues for three who attacked man came to take cash from atm

പയ്യന്നൂര്‍: എടിഎമ്മില്‍ നിന്നും പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചു കൊള്ളയടിച്ചു കടന്നു കളഞ്ഞ സംഘത്തിനെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി.പയ്യന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പയ്യന്നൂര്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ വയോധികനെ മര്‍ദിച്ചവശനാക്കി പണം കവരുകയും മൊബൈല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച കൊക്കാനിശേരി മഠത്തുംപടിയിലെ കോളിയാട്ട് കമ്മാരന്റെ (76) പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വൈശാഖ് ബാറിന് എതിര്‍വശത്തുള്ള എടിഎമ്മിലെത്തിയതായിരുന്നു വയോധികന്‍. എടിഎമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എടിഎമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദനം തുടങ്ങിയത്.അടിച്ചും തള്ളിയും താഴെയിട്ട ശേഷവും മര്‍ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം കൈക്കലാക്കി. വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതിയിലുണ്ട്. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വയോധികനില്‍നിന്ന് മൊഴിയെടുത്ത പോലീസ് എ.ടി.എമ്മിലെ നിരീക്ഷണ ക്യാമറ ദ്യശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

keralanews one and a half year old boy died after fell into water in bucket

കണ്ണൂർ:ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.ഇരിട്ടി സ്വദേശികളായ ജിതേഷ് ജിന്‍സി ദമ്പതികളുടെ മകന്‍ ഒന്നരവയസ്സുകാരൻ യശ്വിനാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം.ബാത്റൂമിന് പുറത്ത് ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ കുഞ്ഞ് വീഴുകയായിരുന്നു.ഈ സമയം കുഞ്ഞിന്റെ ‘അമ്മ ബാത്റൂമിനുള്ളിലായിരുന്നു.കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ കിടക്കുന്നത് വീട്ടുകാര്‍ കാണുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരിട്ടി പുന്നാട് താവിലാക്കുറ്റി സ്വദേശികളാണ് ജിജേഷും ജിന്‍സിയും.

സംസ്ഥാനത്ത് പി എസ് സി പരീക്ഷകള്‍ ഇനി മുതല്‍ 2 ഘട്ടമായി നടത്തും

keralanews psc exams in the state conduct in two phases

തിരുവനന്തപുരം:സംസ്ഥാനത്ത് പി എസ് സി പരീക്ഷയുടെ രീതി മാറുന്നു. ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക.ആദ്യ ഘട്ടമെന്ന നിലയില്‍ ഡിസംബറില്‍ പുതിയ രീതിയിലുളള പരീക്ഷകള്‍ നടത്തും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ നിന്ന് മെറിറ്റുള്ളവരെ കണ്ടുപിടിച്ച്‌ പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി തിരഞ്ഞെടുക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് സ്വീകരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പത്താംക്ലാസ്, പ്ലസ്ടു,ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക. ഗൗരവത്തോടെ പി എസ് സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. അന്തിമ പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും.യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേഗഗതി കൊണ്ടുവന്നതെന്നും പിഎസ്സി ചെയര്‍മാന്‍ അറിയിച്ചു. അതിനിടെ കോവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച്‌ കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും കെ എ എസ് പ്രാഥമിക പരീക്ഷഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിക്കും

keralanews moratorium on repayment of bank loans in the country ends on august 31st

ന്യൂഡൽഹി:രാജ്യത്ത് ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിനുള്ള മൊറൊട്ടോറിയം അവസാനിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറ് മാസമായി ഏര്‍പ്പെടുത്തിയിരുന്ന മൊറട്ടോറിയമാണ് ഈ മാസം 31 ഓടെ അവസാനിക്കുന്നത്. ഇതേ തുടര്‍ന്ന് നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിച്ച്‌ രണ്ട് വര്‍ഷം വരെ നീട്ടാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളില്‍നിന്ന്‌ എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാര്‍ച്ച്‌ ഒന്നുമുതല്‍ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായിട്ടാണ് ആറ് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നത്.എന്നാല്‍,വായ്പ തിരിച്ചടവ് നിര്‍ത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ മുതല്‍ വായ്പകളുടെ തവണകള്‍ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവര്‍ഷം വരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാന്‍ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാര്‍ച്ചിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി.അതേസമയം വിദ്യാഭ്യാസ വായ്പകള്‍ക്ക് ഇളവുകള്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 10 മുതല്‍ 11 ശതമാനം നിരക്കില്‍ ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാല്‍ പലിശ നിരക്ക് കുറച്ചുകിട്ടും.

കരിപ്പൂർ വിമാനാപകടം;രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews karipur plain crash covid confirmed 10 people who carried out rescue operation

കോഴിക്കോട്:കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നെടിയിരുപ്പില്‍ ആറ് പേര്‍ക്കും കൊണ്ടോട്ടിയില്‍ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വിമാന അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി കണ്ടെയിന്‍മെന്‍റ്  സോണ്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തന്നെ എല്ലാവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മലപ്പുറം കലക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൊണ്ടോട്ടിയില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്തുന്നുണ്ട്.അപകടം നടന്നപ്പോൾ കോവിഡ് മഹാമാരിയും മഴയും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ആളുകളുടെ മനുഷ്യത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പരിക്കേറ്റവരെ സ്വന്തം വാഹനങ്ങളിലാണ് പലരും ആശുപത്രികളിലെത്തിച്ചത്. രക്തം നല്‍കാനും ആശുപത്രികളില്‍ നിരവധി പേരെത്തിയിരുന്നു.

ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്

keralanews e d says swapna got 3 crore rupees commision through life mission project

കൊച്ചി:തൃശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് 3 കോടി രൂപയോളം കമ്മീഷൻ ലഭിച്ചതായി എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. കമ്മീഷന്‍റെ വിഹിതം പലർക്കായി കൈമാറിയെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രെസന്‍റ് ആണ് ഫ്ലാറ്റ് നിർമിക്കുന്നത്. ഈ പദ്ധതിക്കു വേണ്ടി ഇടനിലക്കാരി ആയപ്പോൾ ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്നു സ്വപ്ന സുരേഷ് എൻ.ഐ.എക്ക് മൊഴി നല്‍കിയിരുന്നു.അതേസമയം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. സ്വപ്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം നല്കരുതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുഖ്യന്ത്രിയുടെ പ്രിന്‍‌സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരനുമായി സ്വപ്നക്ക് അടുത്ത ബന്ധമുണ്ട്. ഇരുവരും ഒരുമിച്ച് വിദേശ യാത്ര നടത്തിയിരുന്നുവെന്നും സ്വപ്ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്‍റെ ഉപദേശ പ്രകാരമായിരുന്നുവെന്നും ഇത് അന്വേഷിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം വിവാദമായ ലൈഫ് മിഷൻ ഫ്ലാറ്റ് കെട്ടിടം  യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ദർശിക്കും.സർക്കാർ ലൈഫ് മിഷനെ മറയാക്കി നടത്തിയ സാമ്പത്തിക തട്ടിപ്പും ഗൂഢാലോചനയും അന്വേഷിക്കണം എന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം.

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് മലപ്പുറം,എറണാകുളം സ്വദേശികൾ

keralanews two more covid death reported in the state malappura ernakulam natives died

മലപ്പുറം:സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.മലപ്പുറം സ്വദേശി തെയ്യാല ഗണേശൻ(48),എറണാകുളം കോതമംഗലം സ്വദേശി ടി വി മത്തായി എന്നിവരാണ് മരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു ഗണേശന്റെ മരണം. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മത്തായിയാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ പ്ലാസ്മാ തെറാപ്പി നല്‍കിയിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മത്തായിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു . ഇതോടെ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത് 14 മരണങ്ങളാണ്. രോഗം രൂക്ഷമായി പിടിമുറുക്കിയിരിക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ മരണം 13 ആയി.സംസ്ഥാനത്ത് മൊത്തം കോവിഡ് മരണം 169 ആണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ നിലവില്‍ 157 കൊവിഡ് രോഗികളാണ് ഐസിയുവില്‍ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. 30 രോഗികള്‍ വെന്റിലേറ്ററിലാണ്.