തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു.ലൈഫ് പദ്ധതിയില്‍ കേന്ദ്രാനുമതി നേടിയെങ്കില്‍ ഇത് സംബന്ധിച്ച ഫയല്‍ ഹാജരാക്കണം,റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് അനുമതി കിട്ടിയിരുന്നെങ്കിൽ അത് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കണം, കരാര്‍ തുക കൈമാറ്റം ചെയ്തത് സംബന്ധിച്ച നിയമോപദേശവും മിനിറ്റ്സും ഉള്‍പ്പെടെ രേഖകള്‍ കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമ്മിഷന്‍ തുകയുടെ പങ്ക് പറ്റിയെന്ന സംശയത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക്ക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.20 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നാല് കോടി 30 ലക്ഷം രൂപ കമ്മിഷന്‍ തുകയായി കൊടുത്തു എന്നായിരുന്നു യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൊടുത്തമൊഴിയില്‍ വ്യക്തമാക്കിയത്. ഇതില്‍ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു. ബാക്കിവന്ന ഒരു കോടിയാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചത്. ബിനാമി ഇടപാടില്‍ മറ്റാര്‍ക്കോവേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നും അത് ആര്‍ക്കുവേണ്ടിയാണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്ക് പറ്റിയതെന്നാണ് അന്വേഷണസംഘം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് തയ്യാറെടുക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
പത്തനംതിട്ട:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ (76 ) ആണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ മരണം 9 ആയി.അതേസമയം അതേസമയം കൊവിഡ് മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്.203 മരണങ്ങളില്‍ 132 പേരും അറുപതു വയസിനു മുകളിലുള്ളവരാണ്. 7 പേര്‍ 18 – 40 നുമിടയില്‍ പ്രായമുളളവരും 52 പേര്‍ 41 നും 59 നുമിടയിലുള്ളവരുമാണ്. 24.63 % പേര്‍ക്കും രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. 64.53% പേര്‍ക്ക് പ്രാദേശിക സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി
ഇടുക്കി:മറയൂരില്‍ യുവതിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി.പാണപ്പെട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകന്‍ കാളിയപ്പനാണ് വെടിവച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കാളിയപ്പന്‍, സുഹൃത്ത് മണികണ്ഠന്‍, മാധവന്‍ എന്നിവരെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കാളിയപ്പന്റെ സുഹൃത്ത് മണികണ്ഠന്‍ ചന്ദനകേസിലെ പ്രതിയാണ്. ഇയാളെ ചന്ദന വില്‍പ്പനയുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് വാച്ചറായ ചന്ദ്രികയുടെ സഹോദരന്‍ ഒറ്റികൊടുത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.ഇന്നലെ രാത്രി പത്തുമണിയോടെ മദ്യ ലഹരിയില്‍ മൂന്ന് പേരും ചേര്‍ന്ന് നാടന്‍ തോക്കുമായി കുടിയിലേയ്ക്ക് പോകുകയായിരുന്നു. ഈ സമയം കുടിയുടെ സമീപത്തുള്ള കപ്പ തോട്ടത്തില്‍ കാവല്‍ കിടന്നിരുന്ന ചന്ദ്രിക ഇവരെ തടയുകയുകയായിരുന്നു. തുടര്‍ന്നാണ് ചന്ദ്രികയെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇവരെ നാട്ടുകാര്‍ തന്നെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയായിരുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനി ഗ്രൂപ്പിന് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം ഹൈക്കോടതിയില്‍
തിരുവനന്തപുരം:തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍.കേന്ദ്രത്തിന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കെ.എസ്.ഐ.ഡി.സിയും സ്വകാര്യവ്യക്തികളും നേരത്തെ ഹരജി നല്കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അഡ്വ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ അപ്പീലില്‍ പുതിയ ഉപഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്.അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായില്‍ കുലുക്കുഴിഞ്ഞ വെള്ളം ഉപയോഗിച്ച് പരിശോധന;കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍
ന്യൂഡൽഹി:കോവിഡ് പരിശോധനക്ക് സാമ്പിളെടുക്കാന്‍ പുതിയ രീതിയുമായി ഐ.സി.എം.ആര്‍. വായില്‍ നിറച്ച വെള്ളം പരിശോധിച്ചാല്‍ മതിയെന്നാണ് കണ്ടെത്തല്‍. ഇതിനായി ഡല്‍ഹി എയിംസില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. ഇങ്ങനെ സ്രവം ശേഖരിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആർ പറയുന്നത്. ഗുരുതരമല്ലാത്ത രോഗികൾക്ക് ഈ പരിശോധന നടത്തിയാൽ മതിയാകും.ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി ഗാര്‍ഗിള്‍ സാമ്പിളും പോസ്റ്റീവായിരുന്നു.സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകൾ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഈ തരത്തിലുള്ള ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒപ്പം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്നും വേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം:നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ജൂനിയര്‍ നഴ്സുമാരുടെ ആവശ്യം. ഏഴ് മെഡിക്കല്‍ കോളജുകളില്‍ കോവിഡ് ഡ്യൂട്ടിയിലുള്ളവര്‍ അടക്കം 375 നഴ്‌സുമാരാണ് സമരം ചെയ്യുന്നത്.അതേസമയം, വേതനം പുതുക്കുന്നതില്‍ ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെയാണ് സമരമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.നഴ്‌സിംഗ് കോഴ്‌സിലെ ബോണ്ടിന്‍റെ ഭാഗമായുള്ള നിര്‍ബന്ധിത സേവനമാണെന്നിരിക്കെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ് കണ്ടെത്തല്‍.ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കണ്ടെത്തല്‍.മിക്ക കിറ്റുകളിലും 400 മുതല്‍ 490 രൂപ വരെയുള്ള വസ്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയെന്നും വിജിലന്‍സ് കണ്ടെത്തി.സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്.സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാല്‍ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.എന്നാല്‍ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തല്‍. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് സംബന്ധിച്ച് വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു വിജിലന്‍സിന്‍റെ അന്വേഷണം.
സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവം;അന്വേഷണത്തിന് ഉത്തരവിട്ടു
വയനാട്:മാനന്തവാടിയിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നല്‍കിയ അരി സൂപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വയനാട് മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് നല്‍കിയ 386 കിലോഗ്രാം അരിയാണ് നാലാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വിറ്റത്.സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് അരി കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഭക്ഷ്യ കമ്മിഷന്‍ അംഗം വിജയലക്ഷ്മി നിര്‍ദ്ദേശം നല്‍കി. ഉച്ചഭക്ഷണത്തിനു നല്‍കിയ അരി കാണാതായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാന്‍ വയനാട് ഡി.ഡി.ഇ ആവശ്യപ്പെട്ടു.എ . ഇ. ഒ. യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപകന്‍ സാബു പി. ജോണ്‍, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നല്‍കാവുന്നതാണെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
മത്തായിയുടെ മരണം;അന്വേഷണം സിബിഐക്ക്;മുഖ്യമന്ത്രി ഫയലിൽ ഒപ്പുവെച്ചു
പത്തനംതിട്ട:പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ശുപാര്‍ശ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ പിറ്റേന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയതാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു.ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.അതിനിടെ മത്തായിയുടെ കസ്റ്റഡി മരണത്തില്‍ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, ചുമത്തിയിരിക്കുന്ന വകുപ്പുകള്‍, മരണ കാരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, നിയമോപദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; എം.ശിവശങ്കറിന് കുരുക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല അയ്യര്‍ എൻഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കി.സ്വപ്‌നയെ ഓഫീസില്‍ കൊണ്ടുവന്നാണ് ശിവശങ്കര്‍ പരിചയപ്പെടുത്തിയത്.സ്വപ്നയെ പരിചയപ്പെടുത്തിയ കൂടിക്കാഴ്ചയില്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ കൂടെ ഉണ്ടായിരുന്നുവെന്നും വേണുഗോപാല അയ്യര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ശിവശങ്കര്‍ നല്‍കിയ മൊഴിക്ക് വിപരീതമായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കുന്ന വിവരങ്ങള്‍.സ്വപ്നയെ പരിയപ്പെടുത്തിയ ശേഷം മടങ്ങിയെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കര്‍ നല്‍കിയ മൊഴി.എന്നാല്‍ സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് വേണുഗോപാല അയ്യര്‍ വ്യക്തമാക്കി. സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നു. ബാങ്ക് ലോക്കര്‍ സംയുക്തമായി തുടങ്ങാന്‍ ആവശ്യപ്പെട്ടത് ശിവശങ്കറാണെന്നും അദ്ദേഹം പറഞ്ഞു.ജോയിന്റ് അക്കൗണ്ടില്‍ 30 ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തില്‍ സ്വപ്‌ന സുരേഷ് നിക്ഷേപിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി സ്വപ്‌ന തന്നെ തുക പിന്‍വലിച്ചു. പിന്നാലെ അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് അന്വേഷണ സംഘം 64 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.അതേസമയം സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസില്‍ സ്വപ്ന സുരേഷേ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.