കണ്ണൂർ:ജില്ലയില്‍ ഇന്നലെ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.111 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.9754 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 244 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 148 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 326 പേരും വീടുകളില്‍ 8944 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 56735 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 56218 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
നിയമസഭ സമ്മേളനം തുടങ്ങി;അവിശ്വാസ പ്രമേയത്തിന് അനുമതി
തിരുവനന്തപുരം:സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു.സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ കലുഷിതമായ രംഗങ്ങള്‍ അരങ്ങേറി.സ്പീക്കര്‍ അനുമതി നല്‍കിയ ശേഷം അവിശ്വാസ പ്രമേയം വി ഡി സതീശന്‍ അവതരിപ്പിച്ചു. പ്രമേയത്തില്‍ രാവിലെ 10ന് ചര്‍ച്ച നടക്കും. അഞ്ചു മണിക്കൂറാണ് ചര്‍ച്ചക്ക് അനുവദിച്ചിട്ടുള്ളത്. ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് വിവരം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം.ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.സര്‍ക്കാറിന് ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം പാസാകില്ല. എന്നാല്‍, ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ആന്റിജന്‍ പരിശോധനക്ക് വിധേയരായ ശേഷമാണ് സഭാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത്. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്. ആദ്യം ധനകാര്യ ബില്ലായിരിക്കും സഭയില്‍ പാസാക്കുക.ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും. സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
കണ്ണൂര്‍:ഗെയിം കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി മൊബൈലില്‍ ഗെയിം കളിച്ചതിന് പിതാവ് വഴക്ക് പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഇതിനു പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.ഉറങ്ങാനാണെന്ന് കരുതി ആരും വിളിച്ചതുമില്ല. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാതായപ്പോള്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലെ ഒമ്ബതാം തരം വിദ്യാര്‍ത്ഥിയാണ്.
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അവരുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.ന്യുമോണിയ ബാധിച്ച ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങളുണ്ടായത്.
ഗുണനിലവാരമില്ല;ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ
തിരുവനന്തപുരം:ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓണക്കിറ്റിനായി എത്തിച്ച നാല് ലോഡ് ശര്‍ക്കര തിരിച്ചയച്ച് സപ്ലൈകോ.ഈറോഡ് ആസ്ഥാനമായുള്ള എവിഎന്‍ ട്രേഡേഴ്സ് ആണ് കേരളത്തിൽ ശർക്കര വിതരണത്തിനായി എത്തിച്ചത്.പല പായ്ക്കറ്റുകളും പൊട്ടിയൊലിച്ച നിലയിലാണ്. ഇത്തരത്തില്‍ ശര്‍ക്കര വിതരണം ചെയ്യാനാകില്ലെന്ന് പല ഡിപ്പോ മാനേജര്‍മാരും സപ്ലൈകോയെ അറിയിച്ചിരുന്നു.തുടർന്നാണ് സപ്പ്ളൈക്കോയുടെ നടപടി.അതേസമയം, ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതില്‍ വീഴ്‌ച സംഭവിച്ചതായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തൂക്കത്തില്‍ കുറവ് വന്നതായാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1292 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 104 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 93 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 37 പേര്‍ക്കും, വയനാട് ജില്ലയില്‍ 25 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 9, തൃശൂര്‍ ജില്ലയിലെ 8, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 290 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 125 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 240 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 52 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.
ഇന്ന് 25 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.ഇതോടെ നിലവില്‍ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി:മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം.എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. അതേസമയം സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തെ കെ.ടി ജലീല്‍ സ്വാഗതം ചെയ്തു.ഏത് അന്വേഷണത്തിനും ആയിരംവട്ടം തയാറെന്ന് മന്ത്രി ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷണം നടത്താം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാനാണെന്നും ജലീല്‍ ചോദിച്ചു.
കാസര്‍കോട് തോണി മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: പെരുബള പുഴയില്‍ തോണി മുങ്ങി കാണാതായ യുവാവിനെ്റ മൃതദേഹം കണ്ടെത്തി. ശനിയഴ്ച രണ്ടരമണിയോടെ മൃതദേഹം പെരുബള പാലത്തിന് സമീപത്ത് വെച്ച് കണ്ടെത്തിയത്.കുന്നുമ്മല്‍ നാസറിന്റെ മകന്‍ നിയാസാണ് (23) ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ കാണാതായത്. ശക്തമായ ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കപ്പെട്ടിരുന്നത്. നിയാസ് അടക്കം നാല് പേരാണ് എഞ്ചിന്‍ ഘടിപ്പിച്ച ഫൈബര്‍ തോണിയില്‍ ഉണ്ടായിരുന്നത്. നിയാസാണ് എഞ്ചിന്‍ നിയന്ത്രിച്ചിരുന്നത്. യുവാവിന് ഇക്കാര്യത്തില്‍ വലിയ പരിചയം ഇല്ലാത്തത് കൊണ്ട് പെരുബള പാലത്തിന്റെ തൂണിലിടിച്ച് തോണി മറിയുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും നിയാസിനെ കാണാതാവുകയായിരുന്നു.ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്ര വധക്കേസ്;സൂരജിന്‍റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തു
കൊല്ലം:അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
സ്ത്രീധന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇവരെ പുനലൂര്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇവരെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം ചുമത്തിയിരുന്നു.ഫെബ്രുവരി 26നാണ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള ഉത്രയെ കൊല്ലാനായി ഭർത്താവ് സൂരജ് പാമ്പു പിടുത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങിയത്. ഉത്രയുടെ വീട്ടിൽ വച്ച് കിടന്നുറങ്ങുമ്പോൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.
പെട്ടിമുടിയോട് യാത്ര പറഞ്ഞ് ‘കുവി’;പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക്
രാജമല:ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ പെട്ടിമുടിയോട് വിടപറയുന്നു.ഇനി പുതിയ റോളില്‍ കുവി ഇടുക്കി ഡോഗ് സ്ക്വാഡിനൊപ്പം ഉണ്ടാകും.ഇന്നലെ വൈകിട്ടാണ് കുവിയെ പൊലീസ് പെട്ടിമുടിയില്‍ നിന്ന് കൂട്ടികൊണ്ട് പോയത്.കഴുത്തില്‍ പുതിയ ടാഗ് അണിയിച്ച് പെട്ടിമുടിക്കാര്‍ തന്നെ കുവിയെ യാത്രയാക്കി.ദുരന്തഭൂമിയില്‍ അവശനായി അലഞ്ഞ് നടന്ന കുവിയെ ഏറ്റെടുക്കാന്‍ ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകന്‍ അജിത് മാധവ് നേരത്തെ അനുമതി തേടിയിരുന്നു, കുവിയെ വീട്ടിലെത്തിച്ച് പരിപാലിക്കാനായിരുന്നു അജിത് ഉദ്ദേശിച്ചിരുന്നത്, എന്നാല്‍ കുവിയെ ജില്ലാ ഡോഗ് സ്ക്വാഡിനൊപ്പം വിടാനായിരുന്നു അധികൃതരുടെ തീരുമാനം. ഡോഗ് സ്ക്വാഡിലെ നായകള്‍ക്കൊപ്പം കുവിക്കും ഇനി പ്രത്യേക പരിചരണം ലഭിക്കും.ദുരന്ത ഭൂമിയിലെ എട്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് കുവി തന്‍റെ കളിക്കൂട്ടുകാരിയായ ധനുഷ്കയെ കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയെത്താതിരുന്നിടത്തേക്ക് കുവി അവരെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ദുരന്തത്തില്‍ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു.