തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് അനുമതി നല്‍കുന്ന മുറക്ക് സ്വകാര്യ ബസുകള്‍ക്കും അനുമതി നല്‍കാനാണ് തീരുമാനം. സ്വകാര്യ ബസുകളുടേയും സ്കൂള്‍ ബസുകളുടേയും മൂന്ന് മാസത്തെ നികുതി ഒഴിവാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര ബസ് യാത്ര പുനരാരംഭിക്കാനൊരുങ്ങിയിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതേസമയം സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ 90 കോടി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുക. കോവിഡ്- 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല മുന്നോട്ടുപോകുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു.
സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹന വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി.എൽ
തിരുവനന്തപുരം:സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നോഡൽ ഏജന്‍സിയായി കേരള സർക്കാർ, കെ.എസ്.ഇ.ബി.എൽ – നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകൾ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എൽ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ രേഖകള്‍ക്കനുസൃതമായി സർക്കാർ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്തും, സര്‍ക്കാരിന്റേയോ, അര്‍ദ്ധസർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ്.ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളിൽ കെ.എസ്.ഇ.ബി.എൽ ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകൾ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു.ഇതിൽ ആദ്യത്തേത് തിരുവനന്തപുരം-നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂര്‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനിൽ ഒരേ സമയം 3 കാറുകൾ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. കൊല്ലം, എറണാകുളം,തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം സ്റ്റേഷനുകൾ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികൾ പൂരോഗമിക്കുന്നത്. തുടര്‍ന്ന് 56 സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ദര്‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസ്;ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് ചോദ്യംചെയ്യുന്നത്.അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്പ്യാരിൽ നിന്നും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം.അനില്‍ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന. ഫോണില്‍ ബന്ധപ്പെട്ടവരില്‍ ചിലയാളുകള്‍ ഒളിവില്‍ പോകാന്‍ സ്വപ്ന സുരേഷിന് സഹായം ചെയ്തു നല്‍കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം.അതേസമയം യുഎഇ വിസിറ്റിംഗ് വിസയ്ക്കു വേണ്ടി തികച്ചും ഔദ്യോഗികമായാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്ന് അനില്‍ നമ്പ്യാർ പറഞ്ഞു. സ്വര്‍ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയുടെ ഭാഗമായാണ് താന്‍ സ്വപ്‌നയെ വിളിച്ചിരുന്നതെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നപ്പോള്‍ കോണ്‍സുലേറ്റില്‍ തനിക്ക് പരിചയമുള്ള ഒരാളെന്ന നിലയിലാണ് സ്വപ്നയെ വിളിക്കുന്നതെന്നും എന്നാല്‍ സ്വപ്ന കോണ്‍സുലേറ്റിലെ ജോലി വിട്ടുപോയ കാര്യം അറിയില്ലായിരുന്നുവെന്നും അനില്‍ നമ്പ്യാർ പറഞ്ഞു.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് 100 ലേറെ കോവിഡ് പോസിറ്റീവ് ഗർഭിണികൾ
കണ്ണൂർ(പരിയാരം):കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഗർഭിണികളായ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം 100 കടന്നു.107 പേരാണ് ഇതുവരെ ചികിത്സ തേടിയത്.39 പേർ ഇതിനോടകം പ്രസവിച്ചു.ഇതിൽ 9 പേരുടെത് സങ്കീർണ്ണ ശസ്ത്രക്രിയ വഴിയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.68 പേർ നിലവിൽ പ്രസവസംബന്ധമായ ചികിത്സ തുടരുകയാണ്.ഇതിൽത്തന്നെ ഇപ്പോൾ ആശുപത്രിയിലുള്ള 21 പേർ കോവിഡ് രോഗമുക്തിക്കായുള്ള ചികിത്സയിൽക്കൂടിയാണുള്ളത്.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് പോസിറ്റീവായ ഗർഭിണികൾ ഒഴികെ എല്ലാവരും കോവിഡ് രോഗമുക്തി നേടിയവരാണ്.ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ് അജിത്തിന്റെയും പീഡിയാട്രിക് വിഭാഗം മേധാവി ഡോ.എം.ടി.പി മുഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തുന്നത്.
കേരളത്തിലാദ്യമായി കോവിഡ് പോസിറ്റീവായ യുവതി പ്രസവിച്ചത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രി തന്നെ അന്ന് മലയാളികളെ അറിയിച്ചതുമാണ്. ഗർഭിണി ഉൾപ്പെടെ കുടുംബത്തോടെ കോവിഡ് ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും യുവതിയുടെ പ്രസവം കഴിഞ്ഞ് യുവതിക്കും നവജാത ശിശുവിനുമൊപ്പം കുടുംബാംഗങ്ങളെല്ലാം കോവിഡ് രോഗമുക്തിയും നേടി ഒരുമിച്ച് ഇരട്ടി സന്തോഷത്തോടെ ആശുപത്രിവിട്ട് അവരവരുടെ വീടുകളിലേക്ക് പോയ നാല് പ്രത്യേക സന്ദർഭങ്ങളും പരിയാരത്ത് കോവിഡ് ചികിത്സയിലുണ്ടായി.സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് ഗർഭിണികൾ ചികിത്സ തേടിയത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലാണെന്നാണ് ലഭിക്കുന്ന വിവരം.
കോവിഡ് അതിവ്യാപന ഘട്ടമായതിനാൽ മുഴുവനാളുകളും കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. പരിയാരത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരികയാണെങ്കിലും പൊതുവിൽ ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്.രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടുന്നത് ജീവന്റെ വിലയുള്ള ജാഗ്രത അനിവാര്യമാക്കുന്നുണ്ട് എന്നത് ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു.സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധപ്രവർത്തകരും മാത്രം വിചാരിച്ചാൽ കോവിഡ് വ്യാപനം പൂർണ്ണമായും തടയാൻ കഴിയില്ല.കോവിഡ് 19 അതിവ്യാപന ഘട്ടമായതിനാൽ അസുഖം വരാതിരിക്കാനും വ്യാപനം ഓരോരുത്തരും പൂർണതോതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.മാസ്ക് ഉൾപ്പെടെ പൂർണ്ണമായും ധരിക്കുകയും സാമൂഹിക അകലം പാലിച്ചും ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായുള്ള സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അസുഖവ്യാപനം തടയണമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി;മരിച്ചത് കണ്ണൂർ,മലപ്പുറം സ്വദേശികൾ
കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങൾ കൂടി. മലപ്പുറം ജില്ലയില്‍ രണ്ടും കണ്ണൂർ ജില്ലയിൽ ഒരു കോവിഡ് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജിയും(80) കോട്ടക്കൽ സ്വദേശി ഇയ്യത്തുട്ടിയും(65) മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയിലിരിക്കെയാണ് മരിച്ചത്.കണ്ണൂരാണ് ഒരു കോവിഡ് മരണം ഉണ്ടായത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തനാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. അനന്തന്‍റെ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.കഴിഞ്ഞ ദിവസം യുവാക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ കോവിഡ് ബാധിച്ചുമരിച്ചിരുന്നു. അനന്തന്റെ മരണത്തോടെ അതു 29യായി ഉയര്‍ന്നിട്ടുണ്ട്.
സെക്രെട്ടറിയേറ്റിലെ അഗ്നിബാധ; തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പി ഡബ്യൂ ഡി അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രെട്ടറിയേറ്റിൽ തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് പി ഡബ്യൂ ഡി അന്വേഷണ റിപ്പോര്‍ട്ട്.ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയറെ ഇന്നലെത്തന്നെ നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രി ജി സുധാകരന് ഇന്ന് രാവിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സെക്രട്ടറിയേറ്റിന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. തീപിടിത്തത്തിലെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഇന്നലെയുണ്ടായ പ്രശ്നങ്ങളില്‍ ചീഫ്സെക്രട്ടറി ജാഗ്രതയോടെ ഇടപെട്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
കണ്ണൂരില്‍ ബിജെപി കലക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം;നിരവധി പേർക്ക് പരിക്ക്
കണ്ണൂര്‍: സെക്രട്ടറിയറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കണ്ണൂര്‍ കളക്‌ട്രേറ്റിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന താളിക്കാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്‌ട്രേറ്റ് പടിക്കല്‍ എത്തിയപ്പോൾ പൊലീസ് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞു.പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപിരങ്കി പ്രയോഗിച്ചു.ഇതോടെ യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അന്തര്‍സംസ്ഥാന സർവീസ് പുനരാരംഭിച്ചു
കണ്ണൂര്‍:കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും അന്തര്‍സംസ്ഥാന സർവീസ് തുടങ്ങി. ബംഗളൂരുവിലേക്കുള്ള സർവീസ് രാവിലെ 7.35ന് പുറപ്പെട്ടു. വൈകീട്ട് 4.30 ഓടെ അവിടെയെത്തുന്ന ബസ് രാത്രി 11ന് ബംഗളൂരുവില്‍നിന്ന് കണ്ണൂരേക്ക് തിരിക്കും. 10 ശതമാനം നിരക്ക് വര്‍ധനയാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുക.ഓണക്കാലം ലക്ഷ്യമിട്ട് തുടങ്ങുന്ന സ്പെഷല്‍ സര്‍വിസ് സെപ്റ്റംബര്‍ ആറുവരെ മത്രമാണുണ്ടായിരിക്കുകയെന്ന് ഡി.ടി.ഒ അറിയിച്ചു. ഇരിട്ടി -കൂട്ടുപുഴ -വീരാജ്പേട്ട -മൈസൂരു വഴിയാണ് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുക.ബുധനാഴ്ച സീറ്റ് മുഴുവനായാണ് ബസ് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തിയത്. കോവിഡ് വ്യാപനത്തിെന്‍റ ഭാഗമായി അതിസുരക്ഷയാണ് യാത്രയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സര്‍വിസ് നടത്തുന്ന ബസുകളില്‍ ഡ്രൈവര്‍ കാബിന്‍ അടക്കം ഒരുക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ടിക്കറ്റിനൊപ്പം രജിസ്ട്രേഷന്‍ പേപ്പറും കാണിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കൂ.കോവിഡ് രോഗലക്ഷണങ്ങളുള്ളവരെയും 50 വയസ്സിന് മുകളിലുള്ളവരെയും കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ത്രീ ലെയര്‍ മാസ്ക്, ഫേസ് ഷീല്‍ഡ് അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയെന്നും ഡി.ടി.ഒ അറിയിച്ചു.
സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു.ഇന്ന് മുതല്‍ രാത്രി ഒന്‍പത് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണം പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്.അടുത്ത മാസം രണ്ടു വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. നേരത്തെ ഓണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വൈകിട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.
പെട്ടിമുടി ദുരന്തം; തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു
ഇടുക്കി:മണ്ണിടിച്ചിൽ ദുരന്തമായുണ്ടായ മൂന്നാർ പെട്ടിമുടിയിൽ തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു.എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും.വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ 70 പേരില്‍ ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ലയങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലും, പെട്ടിമുടി പുഴയിലുമായി 19 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ്, പൊലീസ്, റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു.കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.