തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ രണ്ടു പേര്‍കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മദപുരം സ്വദേശി ബിജു (ഉണ്ണി), ഇയാളുടെ സുഹൃത്ത് പുല്ലംപാറ സ്വദേശി അന്‍സര്‍ എന്നിവരാണ് വെമ്പായം നൂറേക്കറിനു സമീപത്തു നിന്ന് ഇന്നലെ രാത്രി വൈകി പൊലീസ് പിടിയിലായത്.സംഭവത്തില്‍ ഇതുവരെ ഒന്‍പത് പ്രതികളാണ് പിടിയിലായത്. ഉണ്ണിയെയും അന്‍സറിനെയും പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാകും അന്‍സറിന്റെ അറസ്റ്റ്. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും നിര്‍ദേശം ലഭിച്ചിരുന്നോ, ഒളിവില്‍ പോകാന്‍ ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നത്.നേരത്തെ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കും.മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയാകും തെളിവെടുപ്പ് ആരംഭിക്കുക.കൊലപാതകശേഷം പ്രതികളായ സനലിനെയും സജീവിനെയും വാഹനത്തിൽ രക്ഷപ്പെടാന്‍ സഹായിച്ചത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീജയാണെന്ന് പൊലീസ് പറഞ്ഞു. പ്രീജ ചിട്ടിപിടിച്ച പണം ഇരുവര്‍ക്കും നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തി. ഇതില്‍ 13,500 രൂപ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടേതെന്നു കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് രണ്ട് ഷര്‍ട്ട് കിട്ടിയത്. ഷര്‍ട്ടും ആയുധങ്ങളും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.രാഷ്ട്രീയ കൊലപാതകത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് ഇടപെടലും പരിശോധിക്കുന്നുണ്ട്.ചിലരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇവരുടെ രണ്ടുമാസത്തെ ഫോണ്‍വിവരങ്ങളാണ് ശേഖരിക്കുന്നത്.
ബെംഗളൂരു മയക്കുമരുന്ന് കേസ്;അന്വേഷണം കേരളത്തിലേക്ക്; പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ചും ശൃംഖല
ബംഗളുരു: മയക്കുമരുന്ന് കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ( എന്‍സിബി). നിലവില്‍ മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി റിജീഷ് രവീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്കും എത്തുന്നത്. മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് ബിനീഷ് കൊടിയേരിക്ക് പങ്കാളിത്തമുള്ള ഹയാത്ത് ഹോട്ടലില്‍ വച്ചാണെന്നാണ് റിജീഷ് മൊഴി നല്‍കിയിട്ടുള്ളത്.റിജീഷിന്റെ മൊഴിയിലുള്ള വിവരങ്ങള്‍ ബിനീഷിനുമേല്‍ വലിയ കുരുക്കുണ്ടാക്കുന്നതാണ്. ബിനീഷും ധര്‍മ്മടം സ്വദേശിയായ അനസും ചേര്‍ന്ന് ബംഗളുരുവില്‍ നടത്തിയിരുന്ന പണമിടപാട് സ്ഥാപനവും മയക്കുമരുന്നു കച്ചവടത്തിന് പണം മുടക്കിയതായും എന്‍സിബി സംശയിക്കുന്നുണ്ട്. 2015ല്‍ തുടങ്ങിയ ബി ക്യാപ്പിറ്റല്‍ ഫിനാന്‍സ് കമ്പനിയാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.ഈ സാഹചര്യത്തിലാണ് അന്വേഷണം കേരളത്തിലേക്ക് എത്തുന്നത്. കേസിലെ രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് ഒന്നാം പ്രതിയായ കന്നട സീരിയല്‍ നടി ഡി അനിഖയെ പരിചയപ്പെടുത്തിയത് കണ്ണൂര്‍ സ്വദേശിയായ ജിംറിന്‍ ആഷിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജിംറിന്‍ ആഷിയുടെ ഫോട്ടോ എന്‍സിബിക്ക് ലഭിച്ചെങ്കിലും കൃത്യമായ വിലാസം ലഭ്യമായിട്ടില്ല.
അതേസമയം പ്രതി അനൂപ് മുഹമ്മദിന് കൊച്ചി കേന്ദ്രീകരിച്ച് വന്‍ ലഹരി മരുന്ന് ശൃംഖല ഉള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമാ രംഗത്തെ യുവാക്കളും ലഹരി മരുന്നിന്റെ വിതരണക്കാരെന്ന് വിവരം. അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.പ്രതികളുടെ മൊബൈല്‍ ഫോണുകളും ടെലഗ്രാം മെസേജുകളും അന്വേഷണ സംഘം പരിശോധിച്ചു. മലയാള സിനിമാ രംഗത്തെ എട്ട് യുവാക്കള്‍ക്ക് പ്രതികള്‍ മൂന്ന് വര്‍ഷമായി ലഹരി എത്തിച്ചു നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു. അനൂപ് മുഹമ്മദാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കിയത്. ഈ എട്ട് യുവാക്കളെ ഉപയോഗിച്ച് ലഹരിക്കടത്തിന് കൂടുതല്‍ കണ്ണികളെ സംഘടിപ്പിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി.ലഹരി കടത്തില്‍ കൊച്ചിയിലെ മൂന്ന് യുവതികളുടെ വിവരങ്ങള്‍ അറസ്റ്റിലായ അനിഘയുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അനിഘയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അനിഘയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിനുള്ള ബന്ധം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്.
ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പോസിറ്റീവ് കേസിൽ കുറവുണ്ടായി.ഓണാവധിയായതിനാൽ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതാണ് ഇതിനു കാരണം. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി.5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്.മൊത്തം കേസുകളുടെ 50 ശതമാനവും ഒരു മാസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല.ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്.അതു പിടിച്ചു നിർത്താൻ സാധിച്ചു. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി.നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു.അതേസമയം രോഗ വ്യാപനം വർധിച്ചു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച അതുകൊണ്ടുതന്നെ പ്രധാനമാണ്. കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നു.എല്ലാകാലത്തും അടച്ചിട്ടു പോകാൻ സാധിക്കില്ല. സംസ്ഥാനവും ഉചിതമായ ഇളവുകൾ നൽകുന്നു.വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. ഏറ്റവും അധികം കരുതലോടെ വയോജനങ്ങളെ പരിപാലിക്കണം.അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാൽ മരണനിരക്ക് കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈനും ഓൺലൈൻ രജിസ്‌ട്രേഷനും തുടരും
തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈനും ഓൺലൈൻ രജിസ്‌ട്രേഷനും തുടരുമെന്ന് സംസ്ഥാന സർക്കാർ.ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് പാസ് ഉൾപ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്രസർക്കാർ പിൻവലിച്ചെങ്കിലും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് ജാഗ്രതാ പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ തുടരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.യാത്രക്കാരുടെ വിവരങ്ങൾ അറിയാനും ക്വാറന്റൈൻ ഉറപ്പുവരുത്താനും മാത്രമാണ് രജിസ്റ്റേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.കേന്ദ്രസർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ പല സംസ്ഥാനങ്ങളും ക്വാറന്റൈൻ കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.എന്നാൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ക്വാറന്റൈനിൽ ഇളവ് നൽകേണ്ട എന്നതാണ് കേരളത്തിന്റെ തീരുമാനം.
മരിച്ചിട്ട് 39 ദിവസം; പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും
പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സി.ബി.ഐയുടെ ആവശ്യപ്രകാരം ഫോറൻസിക് വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ചിറ്റാർ സ്വദേശി പി.പി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് ഇന്ന് പോസ്റ്റ്മോർട്ടം നടക്കുക. നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധരുടെയും നേത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം ക്യാമറയിൽ ചിത്രീകരിക്കും.കേസ് അന്വേഷിക്കുന്ന സിബിഐ സംഘം റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും സംസ്ഥാന സർക്കാരിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയ് 28ന് വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച നിലയിലാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മത്തായിയുടെ മരണകാരണമെന്നായിരുന്നു വിശദീകരണം. ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല.എന്നാൽ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ഭാര്യ ഷീബയും ബന്ധുക്കളും മൃതദേഹം സംസ്കരിക്കാൻ തയ്യാറാവാതെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.തുടർന്ന് കോടതിയെ സമീച്ച കുടുംബം ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് ഇവർ നിലപാടിൽ മാറ്റം വരുത്തിയത്.പോസ്റ്റ്മോർട്ടത്തിന് ശേഷം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് 3ന് കട്ടച്ചിറ കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൃതദേഹം സംസ്കരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്; 1950 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ 317 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 164 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 160 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 131 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 118 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 93 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 91 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 87 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 74 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 58 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 44 പേര്‍ക്കും, വയനാട് ജില്ലയില്‍ 18 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.1391 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 299 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 90 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 10, കോഴിക്കോട് ജില്ലയിലെ 4, കണ്ണൂര്‍ ജില്ലയിലെ 3, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 2 വീതവും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1950 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 343 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 212 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില്‍ 22 നിന്നുള്ള പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 209 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 68 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 210 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 186 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 137 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 167 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുധാകരന്‍ എംപി
കണ്ണൂര്‍: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍ വ്യക്തമാവാനും കൊലപ്പെടുത്തിയത് ആരാണ് എന്ന് വ്യക്തമാവാനും സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ റഹീമിന്റെയും സിപിഎം നേതാക്കളുടെയും കണ്ണീര് കണ്ട് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചുപോവുമെന്ന് കരുതിയോ. കാസര്‍കോട്ട് രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ഷുഹൈബിനെ വെട്ടിനുറുക്കിയപ്പോഴും സിപിഎം നേതാക്കളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളിവെള്ളവും പുറത്തേക്ക് ഒഴുകിയില്ലല്ലോ എന്നും സുധാകരൻ ചോദിച്ചു.സിപിഎമ്മിന് കേരളം എന്ന അവസാന തുരുത്തിന്റെ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എംഎല്‍എ, പ്രഫ. എ ഡി മുസ്തഫ, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്‍, വി സുരേന്ദ്രന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു സംസാരിച്ചു.
തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കണ്ണൂർ:തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.മലപ്പുറം പൊന്‍മുണ്ടത്തെ ഇ പി ജാഫര്‍ അലി (36)യെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ദിലിപും സംഘവും അറസ്റ്റ് ചെയ്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപം ഇയാൾ സഞ്ചരിച്ച കാര്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.കാസര്‍കോട് നിന്ന് വാങ്ങിയ കഞ്ചാവ് മലപ്പുറത്തേക്ക് കടത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിന് മൊഴി നല്‍കി.കാസര്‍കോട് മുതല്‍ മലപ്പുറം വരെ കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ കെ വി ഗിരിഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി കെ രാജീവന്‍, പി പി മനോഹരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പി പി രജിരാഗ്, ഡ്രൈവര്‍ കെ വി പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തും;അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സർവീസ് ആരംഭിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി മറികടക്കാനും യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി.ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്‍ത്തുന്നതായിരിക്കും. ഇതോടെ എവിടെ നിന്നു വേണമെങ്കിലും യാത്രക്കാര്‍ക്ക് ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക.പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇതു നടപ്പിലാക്കുക. രാവിലെയും വൈകിട്ട് തിരിച്ചും യാത്രക്കാരെ തീരെ കിട്ടാത്ത ഷെഡ്യൂളുകള്‍ നഗരാതിര്‍ത്തിക്കു പുറത്തേക്കു മാറ്റി സ്റ്റേ സര്‍വീസുകളാക്കും. ഇതിലെ ജീവനക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നുള്ള ദൂരം കണക്കാക്കി കിലോമീറ്ററിനു രണ്ടു രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും.കൂടാതെ, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതു യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ഓര്‍ഡിനറി സര്‍വീസുകള്‍ കുറവുള്ള മലബാര്‍ മേഖലയില്‍ സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തുന്ന പഴയ രീതി തുടരാം.ഇന്ധന ചെലവ് കുറയ്ക്കാന്‍ നഷ്ടത്തിലുള്ള ഷെഡ്യുളുകള്‍ പരമാവധി സ്റ്റേ സര്‍വീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും കാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വൈപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം;കസേരയും ജനാലയും തല്ലിത്തകര്‍ത്തു
കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം.നരക്കോടുള്ള ഇന്ദിരാഭവനു നേരെ രാത്രി പന്ത്രണ്ടോടെയാണ് ആക്രമണമുണ്ടായത്.ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും തകര്‍ത്തു.15 പേരടങ്ങിയ സംഘം ഓഫിസിലേക്കു പാഞ്ഞെത്തി ഫര്‍ണിച്ചറുകളും മറ്റും തകര്‍ക്കുകയായിരുന്നുവെന്നു പ്രദേശവാസികള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.സംഭവത്തില്‍ മേപ്പയ്യൂര്‍ പോലീസ് കേസെടുത്തു.സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സ്ഥലത്തു പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.