തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻസിബി.കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അടുത്തയാഴ്ച ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകര്‍പ്പ് എന്‍സിബി എന്‍ഫോഴ്‌സ്‌മെന്റിനോട് തേടിയിട്ടുണ്ട്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ബിനീഷിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ച ബിനീഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ഇ.ഡിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍, ബിനീഷിന് ഇ.ഡി ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ബിനീഷ് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. വൈരുദ്ധ്യം പൂര്‍ണമായും വെളിവാകണമെങ്കില്‍ ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തേണ്ടതെന്ന് ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിനീഷ് നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് എന്‍ഫോഴ്സ്‌മെന്റിന്റെ തീരുമാനം.
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലും അലന്‍ ഷുഹൈബും ഇന്ന് ജയിൽമോചിതരാവും
കൊച്ചി:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതികളായ താഹ ഫസലും അലന്‍ ഷുഹൈബും ഇന്ന് ജയില്‍ മോചിതരാകും. കഴിഞ്ഞ ദിവസമാണ് കൊച്ചി എന്‍ഐഎ കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്.മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്.എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം.യുഎപിഎ കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ് കൊച്ചി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. അറസ്റ്റിലായി പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1657 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസര്‍ഗോഡ് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂര്‍ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂര്‍ 144, കാസര്‍ഗോഡ് 127 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.
88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം:88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് നല്‍കാന്‍ തീരുമാനിച്ച് കേരള സര്‍ക്കാര്‍. നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന നൂറു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം.എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. ‘കോവിഡ്- 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്. ഈ പദ്ധതിയോട് ജനങ്ങള്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഓണക്കാലത്തും സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് 88 ലക്ഷം കുടുംബങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു.കോവിഡ് – 19 തീര്‍ക്കുന്ന ദുരിതം തുടരുന്ന സാഹചര്യത്തില്‍ നമ്മുടെ ജനതയെ താങ്ങി നിര്‍ത്താന്‍ നാലു മാസത്തേക്ക് കൂടി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യമാണ് നമ്മളെ നയിക്കുന്നത്’-മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍:കണ്ണവം ചിറ്റാരിപ്പറമ്പിൽ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ധീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മൂന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ചുണ്ട സ്വദേശികളായ എം അമല്‍രാജ് എന്ന അപ്പു(23), പി കെ ബ്രിപിന്‍ (23), എം ആഷിഖ് ലാല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് അനുമാനം. എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്ന കണ്ണവം അയ്യൂബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അമല്‍രാജ് എന്ന അപ്പു പ്രതിയാണ്.സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ എസ് എസ് ഉന്നത നേതൃത്വത്തിനു സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്പിനടുത്ത് ചൂണ്ടയില്‍വച്ചാണ് കുടുംബത്തിന്റെ കണ്‍മുന്നിലിട്ട് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സ്വലാഹൂദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കാറില്‍ വരുന്നതിനിടെയാണ് ആസൂത്രിത കൊലപാതകം അരങ്ങേറിയത്. സ്വലാഹുദ്ദീനും കുടുംബവും സഞ്ചരിച്ച കാറിനു പിന്നില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ഇടിക്കുകയായിരുന്നു. അപകടം പറ്റിയതറിഞ്ഞ് വാഹനം സൈഡില്‍ നിര്‍ത്തി പൊലീസിനെ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തൊട്ടുപിന്നാലെ ബൈക്കിലെത്തിയ അക്രമി സംഘം തലയ്ക്കും മറ്റും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരിമാരെ ബോംബും ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം സഹോദരി റാഹിദയെ ആയുധം കൊണ്ട് വയറ്റിലും നെഞ്ചത്തും കൈക്കും മറ്റും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ മൃതദേഹം കണ്ണവം വെളുമ്പത്ത് പളളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; സീരിയല്‍ നടിയും കുടുംബവും ഒളിവില്‍
കൊല്ലം:കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച സീരിയൽ നടിയും കുടുംബവും മുങ്ങി.കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല.നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫായിരിക്കുകയാണ്. പൊലീസ് പലവട്ടം ഇവരുടെ വീട്ടില്‍ അന്വേഷിച്ചു എത്തിയെങ്കിലും വീട് അടഞ്ഞ നിലയിലാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലടക്കം പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുമ്പ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.പക്ഷേ, ഇവര്‍ ഹാജരായിരുന്നില്ല. ഹാജരാകാന്‍ അസൗകര്യമുണ്ട് എന്നും അറിയിച്ചിരുന്നു.സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൗകര്യം പൊലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.പക്ഷേ, രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്ന് പൊലീസ് ഇവരെ അറിയിച്ചു. അതിന് വേണ്ടി കൂടുംബത്തിന്റെ ഫോണുകളില്‍ മാറി മാറി ബന്ധപ്പെട്ടെങ്കിലും എല്ലാ ഫോണുകളും സ്വിച്ച്ഓഫ് ആയിരുന്നു.എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് കൊട്ടിയം പോലീസ് പറഞ്ഞു.ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. അതേ സമയം നടിയും കുടുംബവും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നാണ് വിവരം.
ബെംഗളൂരു സ്വർണ്ണക്കടത്ത് കേസ്;ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. ചോദ്യംചെയ്യല്‍ 12 മണിക്കൂറിലധികം നീണ്ടു.ഇന്നലെ രാവിലെ പതിനൊന്ന് മുതലാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.രാത്രി പത്ത് മണി വരെ ചോദ്യം ചെയ്യല്‍ നീണ്ടു.കേസിലെ പ്രതികളുമായുള്ള പണമിടപാടുകളാണ് ബിനീഷില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്.തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് സംഘം ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യ സൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്. കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരുവിൽ പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ കെ ടി റമീസുമായും ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് മനസ്സിലായി.മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപുമായി ബിനീഷിന് അടുത്ത ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണത്തിന് പിറകേയാണ് ഈ വിഷയം ചര്‍ച്ചയായത്. തനിക്ക് വളരെ അടുത്ത് അറിയുന്ന ആളാണ് അനൂപെന്നും എന്നാല്‍ അനൂപിന് ഇത്തരം ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നായിരുന്നു ഇതിന് ബിനീഷ് കോടിയേരി മറുപടി പറഞ്ഞത്. സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വിസാ സ്റ്റാംപിങ് സെന്ററുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷന്‍ നല്‍കിയ കമ്പനികളിൽ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കേസില്‍ മറ്റൊരു പ്രതിയായ കെടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പനിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നു.
സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഒരു വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.തിങ്കളാഴ്ചക്കുള്ളില്‍ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളും ലോക് ഡൗണും കാരണം ഡ്രൈവിങ് സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം:അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍, അലക്‌സ്, തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചു വരുമ്പോൾ വലിയ തിരമാലയില്‍ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു. എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍.
പന്തീരങ്കാവ് യു.എ.പി.എ കേസ്;അലനും താഹക്കും ജാമ്യം
കൊച്ചി:പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ഉപാധികളോടെ ജാമ്യം. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.എല്ലാ മാസവും എല്ലാ ആദ്യ ശനിയാഴ്ചകളിലും അതാത് സ്റ്റേഷനില്‍ ഹാജരായി ഒപ്പ് രേഖപ്പെടുത്തണം, സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ആള്‍ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം, പാസ്‍പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നിങ്ങനെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികള്‍. അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിച്ചിരിക്കുന്നത്.കോഴിക്കോട് കോടതിയിലും എന്‍ഐഎ കോടതിയിലും ഹൈക്കോടതിയിലുമായി നേരത്തെ 3 തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താലാണ് ഇത് തള്ളിക്കളഞ്ഞത്. കുറ്റപത്രം ഏപ്രില്‍ 27 ന് സമര്‍പ്പിക്കപ്പെട്ടതിന് ശേഷം വീണ്ടും എന്‍ഐഎ കോടതിയെ സമീപിച്ച് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അതില്‍ കോടതി കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായി വാദം കേട്ടു. അതിന് ശേഷമാണ് ഇന്ന് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. താഹയുടെ ശബ്ദപരിശോധനയും ഇന്ന് കോടതിയില്‍ നടന്നു. മുദ്രാവാക്യം വിളിച്ചത് താഹ തന്നെയാണോ എന്ന് പരിശോധിക്കാനുള്ള പരിശോധനയാണ് നടത്തിയത്.