തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് യുവജനസംഘടനകളുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ്,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എല്ലാ ജില്ലകളിലും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. വളാഞ്ചേരിയിലെ ജലീലിന്‍റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കിയും ഗ്രെനേഡും പ്രയോഗിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. കമ്മീഷണര്‍ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ തവനൂരിലെ വീട്ടിലേക്ക് യൂത്ത് ലീഗും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ചും നടത്തി. തവനൂരിലെ എം.എല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടന്നു.കൊല്ലം ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചാ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിയും വീശി. തൃശൂരില്‍ ബിജെപി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.ഡിസിസി ഓഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്‍പില്‍ സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത്, വിനേഷ്, ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഷിബിന വി കെ, അനൂപ് തന്നട, പി ഇമ്രാന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി കെ അതുല്‍, ബ്ലോക്ക് പ്രസിഡന്റ്മാരായ വരുണ്‍ എം കെ, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, ലിജേഷ് കെ പി, ഷനോജ് ധര്‍മ്മടം, കെ എസ് യു ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴവളപ്പില്‍, മുഹസിന്‍ കീഴ്ത്തളളി തുടങ്ങിയവര്‍ മാർച്ചിനും ഉപരോധത്തിനും നേതൃത്വം നല്‍കി.
കാസർകോഡ് ജില്ലയിൽ കനത്ത മഴ;കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍
കാസർകോഡ്:കാസർകോഡ് ജില്ലയിൽ കനത്ത മഴ.ശക്തമായ മഴയിൽ ബളാല്‍ കോട്ടക്കുന്നില്‍ ഉരുൾപൊട്ടലുണ്ടായി.ബളാല്‍-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി.അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസര്‍കോട് തുടരുന്നത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്.സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമായത്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരും;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതോടെ കേരളത്തില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരും.എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകലില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്.ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശിച്ചു.കേരള തീരം,കര്‍ണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് റെയില്‍വേ
തിരുവനന്തപുരം;യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തില്‍ ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു.ശനിയാഴ്ച മുതല്‍ മൂന്ന് തീവണ്ടികളുടെയും സര്‍വീസ് നിര്‍ത്താനായിരുന്നു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരെ ജനപ്രതിനിധികളും യാത്രക്കാരും പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് തീരുമാനം.തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. ലോക്ക്ഡൗണിന് ശേഷം സര്‍വീസ് ആരംഭിച്ച ട്രെയിനുകളില്‍ 25 ശതമാനത്തില്‍ താഴെ മാത്രം യാത്രക്കാരായിരുന്നു ഓണത്തിന് മുന്‍പുളള കണക്ക് പ്രകാരം ഉണ്ടായിരുന്നത്. എന്നാല്‍ സ്ഥിരം യാത്രക്കായി നിരവധി പേര്‍ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.ട്രെയിനുകള്‍ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിനോയ് വിശ്വം എംപി, റെയില്‍വേ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍, ഹൈബി ഈഡന്‍ എംപി എന്നിവരും തീരുമാനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. തിരുവനന്തപുരം ഡിആര്‍എം ഓഫീസിന് മുന്നില്‍ യാത്രക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.അതേസമയം, കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക, റിസര്‍വേഷന്‍ ഇല്ലാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ മാറ്റങ്ങളോടെ യാത്രക്കാരുടെ കുറവ് പരിഹരിക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ റെയില്‍വെ തീരുമാനമെടുത്തിട്ടില്ല.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു;മരണനിരക്കും കൂടുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.ദിവസം കഴിയുംതോറും രോഗവ്യാപനത്തിന്‍റെ തോത് വലിയ വർധനവിലേക്കാണ് നീങ്ങുന്നത്. ഇതിൽ സമ്പർക്ക വ്യാപന തോത് സംസ്ഥാനത്ത് പിടിച്ചു നിർത്താനാവാത്ത വിധം ഉയരുകയാണ്. കഴിഞ്ഞ ജനുവരി 30ന് ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.രാജ്യത്ത് ആദ്യമായി സമൂഹവ്യാപനവും കേരളം സ്ഥിരീകരിച്ചു. ഇപ്പോൾ 3 ഘട്ടങ്ങളും പിന്നിട്ട് കേരളം പൊരുതുകയാണ്. മരണനിരക്ക് പിടിച്ചു നിർത്തുന്നതിനാണ് പരിഗണന കടുതൽ.ഇതു വരെ 20 ലക്ഷത്തിലധികം പേരെ പരിശോധിച്ചു.ആഗസ്ത് 19 നാണ് കേരളത്തിൽ ആകെ രോഗികൾ 50,000 കടന്നത്. എന്നാൽ ഏഴു മാസത്തെയും മറികടന്ന കുതിപ്പുമായി പിന്നീട് 22 ദിവസം കൊണ്ട് രോഗികൾ ഒരു ലക്ഷവും കടക്കുകയായിരുന്നു. മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. കഴിഞ്ഞ 11 ദിവസത്തിനിടെ 116 മരണങ്ങളാണുണ്ടായത്. വ്യാപനം പൂര്‍ണമായി സമ്പർക്കത്തിലേക്ക് മാറുകയാണ് എന്നതാണ് അപകടം.കൂടുതല്‍ ഇടങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്നാണ് വിലയിരുത്തല്‍.20,000 വരെ പ്രതിദിന കേസുകള്‍ ആഴ്ചകളില്‍ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്.റിവേഴ്‌സ് ക്വറന്റൈൻ പാളുന്നതും പ്രായമായവരിലേക്ക് രോഗം പടരുന്നതും ആയ സാഹചര്യം ഉണ്ടാകുമോ എന്നതാണ് സർക്കാരിന്റെ ഉള്ളിലുള്ള ആശങ്ക.. നിലവിൽ ചികിത്സയിൽ ഉള്ളവരിൽ ഒന്നേകാൽ ശതമാനത്തോളം ആളുകൾ ആണ് വെന്റിലേറ്റർ, ഐസിയു എന്നിവയിൽ ഉള്ളത്. 20,000 വരെ പ്രതിദിന കേസുകൾ ആവുന്നതോടെ ഇതേ തോതിൽ വന്നാൽ വെന്റിലേറ്ററുകളും ഐസിയുകളും നിറയും എന്നുറപ്പ്. വ്യാപനം പരമാവധി വൈകിപ്പിച്ചു പിടിച്ചു നിൽക്കുക എന്നത് തന്നെയാകും കേരളം തുടരാൻ പോകുന്ന രീതി.
മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തു
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.വിദേശത്തുനിന്ന് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തോട് ചോദിച്ചതായാണ് സൂചന.ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം ജയിക്കുമെന്നായിരുന്നു മന്ത്രി കെ. ടി ജലീന്റെ ഫെയ്സ്‍ബുക്കിലൂടെയുള്ള പ്രതികരണം.വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങളും മറ്റും എത്തിച്ച സംഭവത്തില്‍ മന്ത്രി കെ. ടി ജലീലില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ വെച്ചായിരുന്നില്ല ചോദ്യം ചെയ്യല്‍. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചവരെ നീണ്ടു. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം എന്നതുള്‍പ്പെടെയുളള കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം.തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്രാനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനോ വിതരണംചെയ്യാനോ കഴിയില്ലെന്നിരിക്കെയാണ് സംഭവം വിവാദമായത്. പാഴ്‌സലില്‍ മതഗ്രന്ഥങ്ങള്‍ തന്നെയാണോ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ചും സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.ഇതരരാജ്യത്തിന് ഇവിടെ മതഗ്രന്ഥങ്ങള്‍ വിതരണംചെയ്യാന്‍ വിദേശ-ആഭ്യന്തര മന്ത്രാലയങ്ങളിലേക്ക് വിവരമറിയിച്ച് മുന്‍കൂര്‍ അനുമതിതേടണം.കേരള സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയും വേണം. രണ്ടുവര്‍ഷത്തിനിടെ നയതന്ത്ര ബാഗേജുകള്‍ക്കൊന്നും യു.എ.ഇ. കോണ്‍സുലേറ്റിന് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ മതഗ്രന്ഥങ്ങള്‍ എല്ലാ വര്‍ഷവും യു.എ.ഇ. എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ളതാണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്. വിതരണം ചെയ്യരുതെന്നാണ് കേന്ദ്ര നിലപാടെങ്കില്‍ അവ കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറാണെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അതോടെ ഊഹാപോഹങ്ങളും ആരോപണവും അവസാനിക്കുമെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1326 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2809 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 308, കൊല്ലം 22, പത്തനംതിട്ട 35, ആലപ്പുഴ 199, കോട്ടയം 89, ഇടുക്കി 39, എറണാകുളം 63, തൃശൂര്‍ 105, പാലക്കാട് 46, മലപ്പുറം 111, കോഴിക്കോട് 105, വയനാട് 15, കണ്ണൂര്‍ 61, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനം
കോഴിക്കോട്:കേരളത്തിലുള്ളത് അതിവ്യാപനശേഷിയുള്ള കൊവിഡ് വൈറസെന്ന് പഠനങ്ങള്‍. കോഴിക്കോട് മെഡിക്കല്‍ കോളെജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വൈറസിന്റെ വ്യാപനശേഷിയെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയവരില്‍ നിന്നാണ് രോഗവ്യാപനമുണ്ടായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നുള്ള വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെപ്പറ്റിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ നിന്നും കൊറോണ വൈറസിന്റെ 89 വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.വടക്കന്‍ കേരളത്തിലെ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പതിന്നാല് ഡോക്ടര്‍മാരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.
സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീലിനെ നാളെ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്യും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്. ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്യും. നാളെ രാവിലെ ഒൻപതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ജലീലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു.ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീല്‍ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു.യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇഡിയും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചിരുന്നു, റംസാന്‍ കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്.തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ ആന്‍ ആണെന്നാണ് മന്ത്രി ജലീല്‍ പറയുന്നത്.
മന്ത്രി ഇ.പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തല്‍ കഴിയവേയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്കൊപ്പം ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കായി മാറ്റിയിട്ടുണ്ട്. മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതോടെ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ നേതാക്കളൊട്ടാകെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.