കണ്ണൂർ മട്ടന്നൂരില്‍ വീടിനുള്ളിൽ സ്ഫോടനം;ഒരാള്‍ മരിച്ചു

keralanews blast inside house in kannur mattannur one died

കണ്ണൂർ: മട്ടന്നൂര്‍ ചാവശ്ശേരി കാശിമുക്കില്‍ വീടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.അസം സ്വദേശി ഫസല്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷുഹൈദുല്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രിസാധനങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് സ്ഫോടനം നടന്നത്.ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവര്‍ താമസിച്ച പഴയ ഓട് പാകിയ വീട്ടില്‍ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. മരിച്ചയാളും പരിക്കേറ്റയാളും അസം സ്വദേശികളാണ്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.

കനത്ത മഴ;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews heavy rain holidays for educational institutions in kannur district tomorrow

കണ്ണൂര്‍: മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജൂലൈ 6ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.അവധി നൽകുന്നതിന്റെ ഭാഗമായി മുടങ്ങി പോകുന്ന ക്ലാസുകൾ ക്രമീകരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും കുട്ടികളുടെ പഠനം നഷ്ടമാകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മഴക്കെടുതികളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കമാണ് സ്വീകരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

keralanesws woman and new born died family alleges medical negligence

പാലക്കാട് :പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.6 ദിവസം മുൻപാണ് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ യുവതിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞ് മരിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെ യുവതിയും മരിച്ചു.ആശുപത്രി അധികൃതർ പ്രസവം വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.സിസേറിയന് ആവശ്യപ്പെട്ടപ്പോഴും ഡോക്ടർമാർ അത് ചെയ്തില്ല. കുട്ടയെ കൈയ്യിൽ ലഭിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രസവശേഷം യുവതിയ്‌ക്ക് രക്തസ്രാവം ഉണ്ടായെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ ഇത് ഭർത്താവ് പോലും അറിഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. ആശുപത്രിക്ക് എതിരെ പാലക്കാട് സൗത്ത് പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

കനത്ത മഴ;കടലാക്രമണത്തിനും കടൽക്ഷോഭത്തിനും സാധ്യത; കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജാഗ്രതാ നിർദേശം

keralanews heavy rain possibility of storm alert on kerala lakshadweep karnataka coasts

തിരുവനന്തപുരം : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയണ്ട്. അതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ലെന്നാണ് നിർദ്ദേശം.ചൊവ്വാഴ്ച വരെ ആന്ധ്രാപ്രദേശ് തീരം, മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ, മദ്ധ്യ കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ബുധനാഴ്ചയും വ്യാഴാഴ്ചയും തെക്ക് കിഴക്കൻ മദ്ധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി 11.30 വരെ 3.3 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും വ്യക്തമാക്കുന്നു.

ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം; സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും

keralanews file settlement intensive yajna all gramapanchayats in the state will be open today

തിരുവനന്തപുരം:ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇക്കാര്യം തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഓഫീസിൽ ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക്‌ മറ്റ്‌ സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല എന്നും അറിയിക്കുന്നു. ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരാകണമെന്നും, അവധി ദിവസം ജോലിയ്‌ക്കായി മാറ്റി വെയ്‌ക്കുന്ന ജീവനക്കാർക്ക് നന്ദി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം നടക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകൾ കണ്ടെത്തി അത് തീർപ്പാക്കുന്നതിനായി മാസത്തിൽ ഒരു ദിവസത്തെ അവധി മാറ്റി വെയ്‌ക്കണമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനവും പ്രവർത്തി ദിനമാക്കി മാറ്റാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

എ കെ ജി സെന്ററിന് നേരെ ബോംബേറ്

keralanews bomb attack against a k g centre

തിരുവനന്തപുരം:എ കെ ജി സെന്ററിന് നേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. എ കെ ജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. ബോംബെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന്  പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും  ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയവർ രക്ഷപ്പെട്ടിരുന്നു.പോളിറ്റ് ബ്യൂറോ മെമ്പര്‍  എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി.  ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന്  സിപിഎം  കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാ‍ർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തു.സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു.

തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

keralanews lady died in bus accident in thaliparamba national highay kuttikkol many injured

കണ്ണൂർ: തളിപ്പറമ്പ് ദേശീയപാതയില്‍ കുറ്റിക്കോലില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഉച്ചയ്ക്ക് 2.50 ഓടെയാണ് അപകടം നടന്നത്.അരമണിക്കൂറോളം ബസിനടിയില്‍പെട്ട സ്ത്രീയെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.ബസ് മറിഞ്ഞപ്പോള്‍ യാത്രിക ബസിനടിയില്‍പ്പെടുകയായിരുന്നു എന്നാണ് വിവരം. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിലാക്കുന്നില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗത്തില്‍ വന്ന ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി റോഡിന്റെ വീതികൂട്ടുന്നതിനായി ഏറ്റെടുത്തിട്ടുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ എച്ചൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു

keralanews father and son drowned while swimming practice in kannur eachur

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു.ഏച്ചൂർ സ്വദേശികളായ ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്.പട്ടപ്പൊയിൽ പന്നിയോട് കുളത്തിലാണ് അപകടം നടന്നത്വെള്ളത്തിൽ മുങ്ങിപ്പോയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജിയും മുങ്ങി മരിച്ചത്. ജ്യോതിരാദിത്യന് തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കേറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായിട്ടാണ് ഇരുവരും നീന്തൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം.ഫയർഫോഴ്‌സും, പോലീസും, നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി; ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും;പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം

keralanews masks made mandatory in public places in the state violators will be fined district police chiefs instructed to tighten checks

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ആൾക്കൂട്ടങ്ങളിലും യാത്രയിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലെങ്കിൽ ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നുമാണ് സർക്കുലർ. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമാണ്. ഉത്തരവ് പാലിക്കാത്തവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കും.പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപി നിർദേശം നൽകി.കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം ആക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെക്കുകയായിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 2994 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 12 മരണവും സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് എറണാകുളത്തും, തിരുവനന്തപുരത്തുമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

കണ്ണൂരില്‍ റെയിൽവേ ടിക്കറ്റ് എക്‌സാമിനര്‍ ചമഞ്ഞ് തട്ടിപ്പ്;യുവതി പിടിയിൽ;മുഖ്യ ആസൂത്രകയായ സ്ത്രീക്കെതിരെ അന്വേഷണം

keralanews fraud as railway ticket examiner lady arretsed in kannur

കണ്ണൂര്‍: റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണംതട്ടിയെടുത്ത സംഭവത്തിൽ യുവതി പിടിയിൽ.ഇരിട്ടി ചരള്‍ സ്വദേശിനി ബിന്‍ഷ ഐസക്ക്(27) ആണ് പിടിയിലായത്.യുവതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരിട്ടി സ്വദേശിനിയായ മാഡം എന്നു വിളിക്കുന്ന സ്ത്രീയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണസംഘംഅറിയിച്ചു.അഞ്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും രണ്ടുലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിന്‍ഷ ഐസക്ക്(27)തട്ടിയെടുത്തത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയായ മാഡത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബിന്‍ഷയുടെ മൊബൈല്‍ ഫോണില്‍ ഇവരുടെ ഫോണ്‍നമ്പരും ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുമുണ്ട്.ഇതോടെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ നീക്കം. ബിന്‍ഷ തൊഴില്‍ തട്ടിപ്പ് നടത്തിയത് ഇവരുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചിരുന്നു.എന്നാൽ പിന്നീട് ഈ ജോലി നഷ്ടപ്പെട്ടിരുന്നു.