കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ.ടി ഷറഫുദീന്‍, മുഹമ്മദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന, സരിത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇവരൊഴികെയുള്ള ബാക്കി പത്ത് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്.കേസില്‍ എല്ലാ പ്രതികള്‍ക്കും എതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് അന്വേഷണ സംഘം വാദിച്ചു. പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍ഐഎ വാദിച്ചു. എന്നാല്‍ സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.സ്വര്‍ണ്ണക്കത്ത് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്ന പ്രതികള്‍ക്കാണ് ജാമ്യം ലഭിക്കാതിരുന്നത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി വീണ്ടും എൻഫോഴ്‌സ്‌മെന്റിന് മുൻപാകെ ഹാജരായി. കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.
ആരോഗ്യപ്രവര്‍ത്തകരോടുള്ള അവഗണന;സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ പ്രതിഷേധത്തിലേക്ക്
തിരുവനന്തപുരം:ആരോഗ്യപ്രവര്‍ത്തകരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക്.ഇന്ന് മുതല്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ വ്യക്തമാക്കി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ സര്‍ക്കാര്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍, രോഗീപരിചരണത്തേയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധം.എല്ലാവിധ കൊവിഡേതര ട്രെയിനിംഗുകളും, വെബിനാറുകളും, ഡ്യൂട്ടി സമയത്തിനുശേഷമുള്ള സൂം മീറ്റിംഗുകളും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെകുറവ് പരിഹരിക്കുക, തുടര്‍ച്ചയായ കൊവിഡ് ഡ്യൂട്ടിക്കു ശേഷം ലഭിച്ചിരുന്ന അവധി പുനഃസ്ഥാപിക്കുക തുടങ്ങി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കി.
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു
തൃശൂർ:മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി(94) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1926 മാര്‍ച്ച് 18 പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിലാണ് അദ്ദേഹം ജനിച്ചത്.അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. 1949 ല്‍ 23-നാം വയസ്സില്‍ വിവാഹിതനായി. ഭാര്യ പട്ടാമ്പി ആലമ്പിള്ളി മനയിൽ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍. സഹോദരൻ അക്കിത്തം നാരായണൻ.ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി.മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിക്കല്ല്, വെണ്ണക്കല്ലിന്റെ കഥ, അമൃതഗാഥിക, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അന്തിമഹാകാലം, തെരഞ്ഞെടുത്ത കവിതകൾ, കവിതകൾ സമ്പൂർണം തുടങ്ങിയവയാണ് പ്രധാനകൃതികൾ.അരങ്ങേറ്റം, മധുവിധു, മധുവിധുവിനുശേഷം, നിമിഷക്ഷേത്രം, പഞ്ചവർണക്കിളികൾ, മനസ്സാക്ഷിയുടെ പൂക്കൾ, വളകിലുക്കം, അഞ്ചുനാടോടിപ്പാട്ടുകൾ, ബലിദർശനം, അനശ്വരന്റെ ഗാനം, സഞ്ചാരികൾ, കരതലാമലകം, ദേശസേവിക, സാഗരസംഗീതം (സി ആർ ദാസിന്റെ ഖണ്ഡകാവ്യ വിവർത്തനം) എന്നിവയാണ് മറ്റ് കവിതാസമാഹാരങ്ങൾ. ഒരു കുല മുന്തിരിങ്ങ, ഉണ്ണിക്കിനാവുകൾ, കളിക്കൊട്ടിൽ എന്നീ ബാലസാഹിത്യകൃതികളും കടമ്പിൻപൂക്കൾ, അവതാളങ്ങൾ എന്നീ ചെറുകഥകളും ‘ഈ ഏടത്തി നൊണേ പറയൂ’ എന്ന നാടകവും ഉപനയനം, സമാവർത്തനം എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.മൂർത്തിദേവി പുരസ്‌കാരം, എഴുത്തച്ഛൻ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ്, വയലാർ അവാർഡ്, കബീർസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു.കവിത ചെറുകഥ നാടകം വിവര്‍ത്തനം ലേഖനസമാഹാരം ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്.മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്‌ലൈന്‍ പുതുക്കിയത്. രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും 3 ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുമ്പോൾ ഡിസ്ചാര്‍ജാക്കാം. ഡിസ്ചാര്‍ജ് സമയത്ത് രോഗിയുടെ ആരോഗ്യ നില തൃപ്തികരമായിരിക്കണം. ഗുരുതര കോവിഡ് രോഗമുള്ളവുള്ളവരെ(കാറ്റഗറി സി)ആദ്യ പോസീറ്റീവായി പതിനാലാമത്തെ ദിവസം കഴിഞ്ഞിട്ട് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും 3 ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ആരോഗ്യനില തൃപ്തികരമാകുകയും ചെയ്താൽ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം 7 ദിവസം ക്വാറന്റൈനില്‍ തന്നെ കഴിഞ്ഞ് വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദര്‍ശനങ്ങളും, വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം.
ജനന, മരണ റജിസ്ട്രേഷന് ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധമില്ല
തിരുവനന്തപുരം:ജനന, മരണ റജിസ്ട്രേഷനുകള്‍ക്ക് ഇനിമുതല്‍ ആധാര്‍ നമ്പർ നിര്‍ബന്ധമല്ലെന്ന് റജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് വ്യക്തമാക്കി. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റര്‍ ചെയ്യുന്നതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ അതനുസരിച്ച്, ജനന, മരണ റജിസ്ട്രേഷന് ആധാര്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കും. ആധാര്‍ ഹാജരാക്കണോയെന്ന് അപേക്ഷകര്‍ക്കു തീരുമാനിക്കാം. ഒൗദ്യോഗിക രേഖകളില്‍ ആധാര്‍ നമ്പർ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം.
ജോസ് കെ മാണി എല്‍ഡിഎഫില്‍;രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചു
കോട്ടയം:കേരളാ കോണ്‍ഗ്രസ് (എം) ഇടത് മുന്നണിയില്‍. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്.ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി.38 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റം. ദീര്‍ഘകാലത്തെ യുഡിഎഫ് ബന്ധമാണ് അവസാനിപ്പിച്ചത്. മതേതര നിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടത് മുന്നണിയാണെന്ന് ജോസ് കെ മാണി പറഞ്ഞു.പാലാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച് ഇടത് മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. എന്തുതന്നെയായാലും പാല വിട്ടുകൊടുക്കില്ലെന്ന കടുംപിടുത്തം എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുടരുകയാണ്.പാല ഇല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടിവരുമെന്ന് അദ്ദേഹം എന്‍സിപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് കൊച്ചി ഇ.ഡി ഓഫീസിലെത്താൻ ശിവശങ്കറിന് നിർദേശം നൽകി. അതേസമയം ശിവശങ്കര്‍ നല്കിയ മൊഴി വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് തീരുമാനം. 22 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എന്തെല്ലാം സഹായങ്ങള്‍ പ്രതികള്‍ക്ക് ചെയ്ത് നല്കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായിട്ടും ഉണ്ടായിരുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞെങ്കിലും ഈ മൊഴി തൃപ്തികരമല്ലെന്നാണ് കസ്റ്റംസ് നല്കുന്ന സൂചന. പല കാര്യങ്ങളും ശിവശങ്കരന്‍ മറച്ച് വെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൌഹൃദം മാത്രമാണെന്നായിരുന്നു ആദ്യത്തെ മൊഴി. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ ബോധപൂർവ്വം ശിവശങ്കരനെ കരുവാക്കിയതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത;11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം, ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതാണ് കേരളത്തിലും മഴയ്ക്ക് കാരണമായിരിക്കുന്നത്.ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;7723 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം 777,കൊല്ലം 907,ആലപ്പുഴ 488,പത്തനംതിട്ട 244,കോട്ടയം 476, ഇടുക്കി 79,എറണാകുളം 1122,തൃശൂര്‍ 1010,പാലക്കാട് 606, കോഴിക്കോട് 1113,വയനാട് 110,മലപ്പുറം 1139,കണ്ണൂര്‍ 370, കാസര്‍ഗോഡ് 323 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8039 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7723 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 815, കൊല്ലം 410, പത്തനംതിട്ട 203, ആലപ്പുഴ 534, കോട്ടയം 480, ഇടുക്കി 129, എറണാകുളം 1123, തൃശൂര്‍ 650, പാലക്കാട് 385, മലപ്പുറം 772, കോഴിക്കോട് 1236, വയനാട് 122, കണ്ണൂര്‍ 442, കാസര്‍ഗോഡ് 422 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.21 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അനുകൂല സാഹചര്യമല്ല;സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല;ഒരുമാസം കൂടി അടച്ചിടുമെന്ന് കെഎസ്‌എഫ്ഡിസി
കൊച്ചി:സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. തീയറ്റര്‍ തുറക്കുന്നതിന് കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് 15 മുതല്‍ നിയന്ത്രണങ്ങളോടെ തീയറ്റര്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.നിലവില്‍ സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താല്‍ ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കും. തുറന്നാല്‍ത്തന്നെ സിനിമ കാണാന്‍ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. നിര്‍മാതാക്കളും വിതരണക്കാരും സിനിമ നല്‍കിയാല്‍ ട്രയല്‍റണ്‍ എന്നനിലയില്‍ കോര്‍പ്പറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിര്‍ദേശം കെഎസ്‌എഫ്ഡിസി മുന്നോട്ടുവെച്ചു. തിയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണ്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി എന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. അതു പരിഗണിക്കാതെ സിനിമകള്‍ നല്‍കിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായും അവര്‍ പറഞ്ഞു.ചര്‍ച്ചയില്‍ ചെയര്‍മാനു പുറമേ എം.ഡി. എന്‍.മായയും ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേമ്ബര്‍ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെ കോര്‍പ്പറേഷന്‍ അറിയിക്കും.