കൊല്ലം : സംസ്ഥാനത്ത് വാനര വസൂരി(മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. രോഗിക്ക് മൂന്ന് പേരുമായി സമ്പർക്കമുണ്ടെന്നാണ് കണ്ടെത്തൽ. വിമാനത്തിൽ അടുത്ത് യാത്ര ചെയ്ത 11 പേരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കമുള്ളവരെയാണ് നീരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരക്കുന്നത്.ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ആശുപത്രി അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.
കേരളത്തില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധിച്ചതായി സംശയം; യുഎഇയില്‍ നിന്ന് എത്തിയയാള്‍ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കേരളത്തിൽ ഒരാൾക്ക് മങ്കിപോക്സ് (കുരങ്ങ് വസൂരി) ബാധിച്ചതായി സംശയം. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തിയ ആൾക്കാണ് രോഗലക്ഷണം. പരിശോധനാഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മങ്കിപോക്സ് ബാധിച്ച ഒരാളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന വ്യക്തിയാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിരിക്കുന്നത്.വിദേശത്ത് നിന്നെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വ്യക്തിയെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. യുഎഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. വീട്ടിലുള്ളവരുമായി മാത്രമാണ് ഈ വ്യക്തിക്ക് അടുത്ത ബന്ധം ഉണ്ടായിട്ടുള്ളു എന്നാണ് വിവരം. നേരത്തെ പല രാജ്യങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു.പനിയുടെ ലക്ഷണങ്ങളാണ് മങ്കിപോക്സ് ബാധിച്ചവർക്കും ഉണ്ടാവുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരും. ശരീരസ്രവങ്ങൾ വഴിയാണ് ഈ വൈറസ് കൂടുതലായും പടരുന്നത്. അടുത്ത സമ്പർക്കം ഉള്ളവർക്ക് മാത്രമാണ് രോഗം പകരാനുള്ള സാധ്യത കൂടുതലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
കണ്ണൂർ: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു.ഏഴാം ബ്ലോക്കിലെ പി.എ ദാമുവാണ്(45) അതിദാരുണമായി കൊല്ലപെട്ടത്. ആറളം ഫാം തൊഴിലാളിയായ ദാമു ഇന്ന് പുലര്‍ച്ചെയിറങ്ങിയ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവുട്ടിക്കൊന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടെ ആറളം ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും ഇന്ന് പുലര്‍ച്ചെ കാട്ടാന തകര്‍ത്തിട്ടുണ്ട്. പാലപുഴയില്‍ ഫാം ഗെയ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാട്ടാന ഫാമിനകത്ത് നിന്ന് ടാര്‍ റോഡ് വഴി നടന്ന് വന്ന് ചെക്ക് പോസ്റ്റിന് മുന്‍പിത്തെി ഇവിടെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം തുമ്പികൈക്കൊണ്ട് എടുത്ത് പൊക്കി റോഡിലേക്ക് എറിഞ്ഞ് തിരികെ കാട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനിടെയാണ് ദാമു വിറക് ശേഖരിക്കാനായി പോകവേ കാട്ടാനയുടെ മുന്‍പില്‍ അകപെട്ടതെന്ന് സംശയിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയംതേടി ക്രൈംബ്രാഞ്ച്;ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ആവശ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു.മെമ്മറി കാര്‍ഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് കാര്‍ഡ് പരിശോധിച്ചത്. മൂന്നു തീയതികളില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് പരിശോധനാഫലമെന്നാണ് സൂചന. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോള്‍ ജങ്ഷണന് സമീപം കെട്ടിടം പണിക്കായി തറ കീറുന്നതിനിടെയാണ് അപകടം.ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍, ഷിബു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്.ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
ദിലീപിനെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയത്; നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ആർ ശ്രീലേഖ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി ആർ ശ്രീലേഖ.ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ രംഗത്തെത്തിയത്.ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.പൾസർ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രങ്ങൾ പകർത്തി അവരെ ബ്ലാക് മെയിൽ ചെയ്തിട്ടുണ്ടെന്നും അവർ ആരോപിച്ചു. എന്തുകൊണ്ട് ഇത് പോലീസിൽ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ താൻ ചോദിച്ചിട്ടുണ്ട്. കരിയർ ഓർത്തും കേസിന് പുറകേ പോകണമെന്നും ഓർത്ത് പണം കൊടുത്ത് ഒത്തു തീർപ്പാക്കിയെന്നാണ് അവർ പറഞ്ഞതെന്ന് ശ്രീലേഖ പറയുന്നു.പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലെയുള്ള സാക്ഷികളെ ഉപയോഗിച്ചും മാദ്ധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ ആരോപിക്കുന്നു.അതേസമയം പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ചുള്ള ചിത്രം മോര്‍ഫ് ചെയ്തതാണെന്ന ശ്രീലേഖയുടെ വാദം തെറ്റാണെന്ന് ഫോട്ടോയെടുത്ത ബിദില്‍ വ്യക്തമാക്കി. ഫോട്ടോയില്‍ കൃത്രിമം നടന്നിട്ടില്ല. ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് തന്‍റെ ഫോണില്‍ എടുത്ത സെല്‍ഫിയാണിത്. അത് എഡിറ്റ് ചെയ്തിട്ടില്ല. ഫോട്ടോയും ഫോട്ടോ പകര്‍ത്തിയ ചിത്രവും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബിദില്‍ വിശദീകരിച്ചു.
കണ്ണൂരിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേർക്ക് പരിക്ക്
കണ്ണൂർ:കണ്ണൂർ കണ്ണോത്തുംചാലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേർന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. ഏഴുപേരുടെയും പരിക്ക് നിസ്സാരമാണ്.ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്‌ക്ക് ശേഷം വിട്ടയച്ചു.
കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെയും(08/07/2022) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ,ICSE/CSE സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;വെള്ളിയാഴ്ച 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു.തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കനത്ത മഴ തുടരുന്നു;കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കണ്ണൂർ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ നാളെയും(07/07/2022) അവധി പ്രഖ്യാപിച്ചു.സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, അംഗൻവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.