തിരുവനന്തപുരം:നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കരന് പങ്കുണ്ടെന്നാണ് എന്‍ഫോസ്‌മെന്റിന്റെ വാദം. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ആയ ശിവശങ്കരന്‍ തന്റെ ഉന്നത പദവി കള്ളകടത്തിന് ദുരുപയോഗം ചെയ്തു എന്നും എന്‍ഫോഴ്‌സ്മെന്റ് പറയുന്നു. എന്നാല്‍ തന്നെ ഇതില്‍ കുടുക്കിയതാണെന്നും, ഈ കേസിന്റെ ഭാഗമായി താന്‍ ശാരീരികവും മാനസികവുമായി ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് എന്ന് ശിവശങ്കരന്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നും ആരോപിച്ചാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണ് അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്നും,ശിവശങ്കരന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്. പ്രതിയല്ലെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ മുന്‍കൂര്‍ ജാമ്യം എന്തിനാണെന്ന ചോദ്യം ഉയര്‍ത്തുന്ന കസ്റ്റംസ് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 717, എറണാകുളം 521, മലപ്പുറം 664, ആലപ്പുഴ 594, കോഴിക്കോട് 570, തിരുവനന്തപുരം 288, കോട്ടയം 391, പാലക്കാട് 164, കൊല്ലം 326, കണ്ണൂര്‍ 198, പത്തനംതിട്ട 79, വയനാട് 100, കാസര്‍ഗോഡ് 62, ഇടുക്കി 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 12 വീതം, കോഴിക്കോട് 11, എറണാകുളം 10, പത്തനംതിട്ട 5, തൃശൂര്‍ 3, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, പാലക്കാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 24 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 688 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം;ഫെലൂദ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി
തിരുവനന്തപുരം:ഒരു മണിക്കൂറിൽ കോവിഡ് ഫലം ലഭിക്കുന്ന ഫെലൂദ പരിശോധന കിറ്റുകൾ എത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ കമ്പനികളുമായി ചര്‍ച്ച തുടങ്ങി. ഫെലൂദ വരുന്നതോടെ പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍.ഡൽഹി കേന്ദ്രമായ സി.എസ് ഐ.ആറും ടാറ്റയും ചേർന്ന് കണ്ടെത്തിയ നൂതന കോവിഡ് പരിശോധന സംവിധാനമാണ് ഫെലൂദ. പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചുള്ള ലളിതമായ രീതി. മൂക്കില്‍ നിന്നുള്ള സ്രവം എടുത്ത് തന്നെയാണ് പരിശോധന. വൈറസിന്‍റെ ചെറു സാന്നിധ്യം പോലും കണ്ടെത്താനാകും. അതായത് ഫലം കൃത്യമായിരിക്കും. രോഗമുണ്ടോയെന്ന് കണ്ടെത്താൻ തുടര്‍ പരിശോധനയുടെ ആവശ്യവുമില്ല. വില കുറവാണെന്നതാണ് മറ്റൊരു ഗുണം. മെഷീൻ സ്ഥാപിക്കാൻ 25,000 രൂപ മതി. ഒരു മണിക്കൂറിൽ 500 രൂപയാണ് പരിശോധനയുടെ ചെലവ്.സിഎംആറിന്‍റെ അനുമതി കിട്ടിയതോടെ കേരളവും പരിശോധന കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കമ്പനികളുമായി ചര്‍ച്ച നടത്തി . വരും ആഴ്ചകളില്‍ തന്നെ ടെണ്ടര്‍ നടപടികൾ ഉൾപ്പെടെ പൂര്‍ത്തിയാക്കി കിറ്റ് എത്തിക്കാനാണ് നീക്കം.
വാളയാർ കേസ്;തന്നെ മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ വീഴ്ച വരുത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണം. മൂന്ന് മാസത്തിന് ശേഷം തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ജലജ മാധവന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി ലതാ ജയരാജിനെ നിയമിച്ചത് ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന ഉത്തരവിന് ശേഷമാണ്. എന്നാല്‍ എന്നെ മാറ്റിയതിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. അതിന് ഉത്തരം പറയേണ്ട് ആഭ്യന്തര മന്ത്രാലയമാണ്. അതിനാണ് വാര്‍ത്താസമ്മേളനം വിളിച്ചത്’ -ജലജ മാധവന്‍ പറഞ്ഞു.കഷ്ടിച്ച് മൂന്ന് മാസം പ്രോസിക്യൂട്ടറായി നിന്ന്, യാതൊരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയില്‍ നിന്ന് തന്നെ പറഞ്ഞ് വിട്ടിട്ട്, അത് തന്‍റെ വീഴ്ചയാണെന്ന് പറയുമ്പോൾ അതെന്താണെന്ന് തനിക്ക് പറഞ്ഞ് തരാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്.രണ്ട് ഓഫീഷ്യല്‍ വിറ്റ്‌നസിനെ എക്‌സാം ചെയ്തു കഴിഞ്ഞ് അതിന്റെ ഹിയറിംഗ് തുടങ്ങുന്നതിനു മുന്നേ അവര്‍ എന്നെ മാറ്റിയിരുന്നു. ഞാന്‍ പല സംശയങ്ങള്‍ ഉയര്‍ത്തുകയും സിഡബ്ല്യുസി ചെയര്‍മാനെതിരേ ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയതതിനുശേഷമാണ് മാറ്റുന്നത്. ഞാന്‍ തുടരുന്നത് ശരിയാകില്ലെന്ന് ആര്‍ക്കെങ്കിലുമൊക്കെ തോന്നിക്കാണുമെന്നാണ് ജലജാ മാധവന്‍ സംശയമുന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയും ജലജ മാധവന്‍ തന്‍റെ ആവശ്യം ഉന്നയിച്ചിരുന്നു.വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ കാരണം പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച്ചയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വ.ലത ജയരാജിനെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റുന്നത്. പകരം അഡ്വ. പി സുബ്രഹ്മണ്യത്തെ നിയമിച്ചു. എന്നാല്‍, ലത ജയരാജനെതിരേ ആരോപണം ഉയര്‍ത്തുന്ന സര്‍ക്കാര്‍ എന്തിനാണ് ഒരിക്കല്‍ മാറ്റിയശേഷം വീണ്ടും അവരെ തന്നെ വാളയാര്‍ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കി വച്ചത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഇപ്പോഴും മറുപടി പറഞ്ഞിട്ടില്ല. പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റാതിരിക്കാന്‍ സര്‍ക്കാരിനോട് കേസ് നടത്തി തോറ്റ ഒരാള്‍ കൂടിയാണ് ലത ജയരാജ് എന്നിടത്താണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് അഡ്വ. ജലജ മാധവന്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് അവയവദാന തട്ടിപ്പ് നടത്തിയത് വ്യാജ രേഖകള്‍ മറയാക്കി; ക്രൈംബ്രാഞ്ച് ആരോഗ്യ വകുപ്പിനോട് വിശദീകരണം തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകള്‍ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. പണം വാങ്ങി അവയവങ്ങള്‍ നല്‍കിയവര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങള്‍ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടന്ന 35 അവയവദാനങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് ഇതിന് പിന്നിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം.അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാല്‍ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്.അവയവം സ്വീകരിച്ചവരില്‍ നിന്ന് 60 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവദാതാക്കള്‍ക്ക് 10 ലക്ഷം രൂപ മാത്രമാണു നല്‍കിയതെന്നും ബാക്കി തുക സ്വന്തമാക്കിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. കോടികള്‍ കൊയ്യുന്ന അവയവ മാഫിയാ സംഘത്തില്‍ ഏജന്റുമാര്‍, ചില ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവയവ മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ഡോക്ടര്‍മാരടക്കമുള്ള കണ്ണികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും സംഘത്തിന്റെ ഏജന്റുമാര്‍ നിരീക്ഷണത്തിലാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.തൃശൂര്‍ ഡിഐജി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്‌പി കെ.എസ്. സുദര്‍ശനനാണു കേസ് അന്വേഷിക്കുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നാണു സൂചന.
കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയില്‍ വീണ് മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്സിന് അകത്തുണ്ടായ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്യോസ് ഹാജിയാണ് മരിച്ചത്. കോംപ്ലക്സില്‍ നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ ഇദ്ദേഹം താഴെയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഹൈദ്യോസ് ഹാജി പിന്നീട് മരിച്ചു. കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് എരിയയില്‍നിന്ന് മുകള്‍ നിലയിലേക്കു നിര്‍മിച്ച ദ്വാരത്തിന്‍റെ വാതില്‍ തുറന്നു കിടന്നതാണ് അപകടത്തിനും വ്യാപാരിയുടെ മരണത്തിനും വഴിവച്ചത്. സംഭവത്തില്‍ കസബ പോലീസ് അന്വേഷണം തുടങ്ങി.
കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തു;പിന്നാലെ ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കുണ്ടറയില്‍ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭര്‍ത്താവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടറ വെളളിമണ്‍ സ്വദേശിനിയായ രാഖിയും മകന്‍ രണ്ടുവയസുകാരന്‍ ആദിയും ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.കുഞ്ഞുമായി രാഖി കായലില്‍ ചാടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഇന്ന് രാവിലെയാണ് രാഖിയുടെ ഭർത്താവ് സിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വര്‍ഷം മുന്‍പായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു.
‘പത്താം തിയ്യതി ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകും, എല്ലാവരും ഇവിടെത്തന്നെ കാണണം’;എതിരാളികളെ വെല്ലുവിളിച്ച് കെ എം ഷാജി
കണ്ണൂർ:നവംബര്‍ 10ന് ഹാജരാവാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. താന്‍ ഇവിടെ തന്നെയുണ്ടാവുമെന്നും പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെയുണ്ടാവണമെന്നും കെ എം ഷാജി പറഞ്ഞു.’നവംബര്‍ 10-ന് ഹാജരാകാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയായ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ചെയ്യുക തന്നെ ചെയ്യും. അതുവരെ പൊതുമധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുതെന്ന നിയമവിദഗ്ധരുടെ ഉപദേശമുള്ളതിനാല്‍ അതിന് മുന്‍പ് പ്രതികരിക്കുന്നില്ലെന്ന്’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും.
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം.
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം.അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐ സി യു വില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം.ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാവേണ്ടവനാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; നിര്‍ബന്ധവുമുണ്ട്…
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി
കൊച്ചി:ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി.മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. ഇന്നലെ രാവിലെ മാലദ്വീപില്‍ നിന്നു പറന്നുയര്‍ന്ന സീപ്ലെയിന്‍ ഉച്ചയ്ക്കു 12.45നാണു കൊച്ചി കായലില്‍ ഇറങ്ങിയത്. വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു. നാവികസേനയുടെ അനുമതിയോടെ ആയിരുന്നു ഇത്. തുടര്‍ന്നു നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തതു കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്നു സ്വീകരിച്ചു.മാലി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാവിലെ 7.20നു പുറപ്പെട്ട ജലവിമാനം മൂന്നു മണിക്കൂറിനു ശേഷം രാവിലെ 10നു മാലിയിലെ തന്നെ ഹനിമാധി വിമാനത്താവളത്തില്‍ ഇറങ്ങി ഇന്ധനം നിറച്ചിരുന്നു. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീ പ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്നു പുറപ്പെട്ട് ഇന്ന് സബര്‍മതിയിലെത്തും.ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബര്‍മതി മുതല്‍ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സര്‍വീസിനായി നല്‍കേണ്ടി വരിക. സ്പൈസ് ജെറ്റിനാണ് സര്‍വീസ് ചുമതല. പതിനാറ് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനം പ്രതിദിനം 8 സര്‍വീസുകളാണ് നടത്തുക. റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ നാല് മണിക്കൂര്‍ വേണ്ടിടത്ത് സീപ്ലെയിനില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകതാ പ്രതിമയ്ക്കടുത്ത് എത്താം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യും.
സ്വർണ്ണക്കടത്ത് കേസിൽ ഒരു എംഎൽഎ ക്കും പങ്കെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രമുഖനായ എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. കേസിലെ പ്രധാന പ്രതി സന്ദീപിന്‍റെ ഭാര്യയാണ് എം.എല്‍.എയുടെ പങ്കിനെ പറ്റി കസ്റ്റംസിന് മൊഴി നല്‍കിയത്. സന്ദീപും റമീസും സ്വര്‍ണം കടത്തിയത് എംഎല്‍എക്ക് വേണ്ടിയാണെന്നും മൊഴിയിലുണ്ട്.ഇതേ എം.എല്‍.എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എന്നും റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വെളിപ്പെടുത്തുന്നു.കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍ക്കും സ്വപ്ന സുരേഷിനുമെതിനെതിരെ ‘കോഫെപോസ’ ചുമത്താനുള്ള പ്രത്യേക അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്. സ്വര്‍ണ്ണക്കടത്തിന്റെ പദ്ധതിയും ആസൂത്രണവും സംബന്ധിച്ച് പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പേര് പറയുന്നുണ്ട്.അതേസമയം, നിലവില്‍, കേസിലെ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്നയും ഇയാളും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടും ഇല്ല. ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്റെ കണ്ണി റമീസായിരുന്നു എന്നാണ് കസ്റ്റംസ് പറയുന്നത്.എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടുമില്ല.സ്വര്‍ണം അടങ്ങിയ നയതന്ത്ര പാഴ്സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈല്‍ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുകയുണ്ടായി. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്. ഇതിലെ സിം കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്നാട് സ്വദേശിയുടെ പേരിലാണ്.