സ്വകാര്യ ബസ്സുകള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു

keralanews 50 percentage tax reduction for private buses in the state

തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബര്‍ ഒന്നിന് തുടങ്ങിയ ക്വാര്‍ട്ടറിലെ വാഹന നികുതി അന്‍പത് ശതമാനം ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.ബാക്കി വരുന്ന അന്‍പത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകള്‍ക്ക് 2020 ഡിസംബര്‍ 31 വരെയും കോണ്‍ട്രാക്റ്റ് കാര്യേജുകള്‍ക്ക് 2020 നവംബര്‍ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7854 പേർക്ക് രോഗമുക്തി

keralanews 7002 covid cases confirmed today in kerala 7854 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം ഇന്ന്  നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര്‍ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര്‍ 393, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

നടിയെ ആക്രമിച്ച കേസ്‌; ഈ മാസം 16 വരെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

keralanews trial of actress attack case adjourned till 16th of this month

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 16 വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റീനില്‍ ആയതിനാലാണ് നടപടി. നേരത്തെ വിചാരണ നടപടികള്‍ ഇന്നുവരെയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്.വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും, കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാരും വിചാരണ കോടതിക്കെതിരെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഈ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കേസില്‍ ഹാജരാകേണ്ട അഭിഭാഷന്‍ ക്വാറന്റീനിലായത്. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജു വാര്യര്‍ പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കിടെ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഹരജിക്കാരിയുടെ ആരോപണം. കേസ് ഇതേ കോടതിയില്‍ തുടര്‍ന്നാല്‍ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം അറിയിച്ചിരുന്നു.പ്രതിഭാഗത്തെ അഭിഭാഷകര്‍ കോടതി മുറിയിയില്‍ തന്നെ മാനസികമായി തേജോവദം ചെയ്‌തെന്നും പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളും ഹരജിയിലുണ്ട്.

വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താൻ കെ എം ഷാജി നൽകിയ അപേക്ഷ തള്ളി

keralanews apllication by k m shaji to rearrange the plan of house rejected by kozhikkode corporation

കോഴിക്കോട്:വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മാണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയത്. കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്‌. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ കൂടുതൽ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്നാണ് കണ്ടെത്തല്‍. 2,200 ചതുരശ്ര അടി അധിക നിര്‍മാണത്തില്‍ ഉള്‍പ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള വീടിനാണെന്നും എന്നാല്‍, നിര്‍മ്മിച്ചത് 5,450 സ്ക്വയര്‍ ഫീറ്റ് വിസ്‌തൃതിയുള്ള വീടാണെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ നിർദേശമനുസരിച്ച് കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്.ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു.2017 ല്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന കേസാണ് ഇ ഡി അൺഎവേശിക്കുന്നത്.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബര്‍ പത്തിനാണ് ചോദ്യം ചെയ്യല്‍. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് തുടരുന്നു; കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപയോളം പിടിച്ചെടുത്തു

keralanews income tax raid in believers church institutions five crore rupees seized

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്‌സ് ചര്‍ച്ച്‌ അധികൃതര്‍ വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും .ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഐ ടി ഉദ്യോഗസ്ഥര്‍. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഐ ടി തയ്യാറെടുക്കുന്നുണ്ട്. വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.

നാടകീയ രംഗങ്ങൾക്കൊടുവിൽ തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് സംഘം മടങ്ങി

keralanews enforcement team returned from bineesh kodiyeri house after completing raid

തിരുവനന്തപുരം:നാടകീയ രംഗങ്ങൾക്കൊടുവിൽ 27 മണിക്കൂർ നീണ്ട തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് സംഘം മടങ്ങി.തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മഹ്‌സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. പിന്നീട് ഇവരുടെ അമ്മയുടെ മൊബൈൽ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് സംബന്ധിച്ച്‌ മാത്രം ഇവര്‍ ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെതിര മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇഡിയുടെ പരിശോധനയ്‌ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്‍കി.അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 27 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി.

ശി​വ​ശ​ങ്ക​റിനെ ആ​റ് ദി​വ​സ​ത്തേ​ക്കു കൂ​ടി എൻഫോഴ്‌സ്‌മെന്റ് ക​സ്റ്റ​ഡി​യി​ല്‍ വിട്ട് കോടതി

keralanews m sivasankar under enforcement custody for six more days

കൊച്ചി: എം. ശിവശങ്കറെ ആറ് ദിവസത്തേക്കു കൂടി എന്‍ഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയില്‍ വിട്ടു. തനിക്ക് ആവശ്യത്തിന് വിശ്രമം അനുവദിച്ചെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ലൈഫ് മിഷനും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് വാട്‌സ്‌ആപ്പ് ചാറ്റിലൂടെ കൈമാറിയെന്ന് ഇഡി കോടതിയില്‍ വ്യക്കമാക്കി. ചോദ്യം ചെയ്യലിന്‍റെ ആദ്യദിവസങ്ങളില്‍ ശിവശങ്കര്‍ സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ എന്നീ പദ്ധതികളില്‍ സ്വപ്നയുടെ ഇടപെടലുണ്ടായിരുന്നുവെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളുമായും ശിവശങ്കറിന് ബന്ധമുണ്ടായിരുന്നുവെന്നും ഇഡി കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം, ലൈഫ് മിഷനും ഇഡി കേസുമായി ബന്ധമില്ലെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ബിനീഷ് കോടിയേരിയുടെ ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതായി ആരോപണം;ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

keralanews bineesh kodiyeris relatives protest infront of stage alleging his wife under house arrest

തിരുവനന്തപുരം:ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിന് മുൻപിൽ ബന്ധുക്കളുടെ പ്രതിഷേധം. ബിനീഷിന്റെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും മക്കളുമാണ് എത്തിയത്. വീട്ടുകാരെ കണ്ടില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞുങ്ങളും അസുഖമുള്ളവരും വീടിനകത്തുണ്ടെന്നും ഇവരെ കാണാതെ പോകില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഇഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാനാവില്ലെന്ന നിലപാടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇവിടെ പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് പ്രതികരിച്ചു. ബന്ധുക്കള്‍ കൊണ്ടുവന്ന ഭക്ഷണം വീടിനകത്തെത്തിച്ചു. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.റെയ്ഡിനിടെ അനൂപ് മുഹമ്മദിന്‍റെ ക്രഡിറ്റ് കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്നാണ് ഇഡി പറയുന്നത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടുവെച്ചതാണെന്ന് ആരോപിച്ച് മഹസർ രേഖകളിൽ ഒപ്പു വെക്കാൻ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല.ഇതോടെ രാത്രി മുഴുവനും ഈ നേരംവരെയും അന്വേഷണ ഉദ്യോഗസ്ഥരും വീട്ടില്‍ തുടരുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍;ശി​വ​ശ​ങ്കറിന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു;ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

keralanews custody period of sivasankar ends today present today in court

കൊച്ചി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചിട്ടുണ്ട് .കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടുണമെന്നാണ് ഇഡിയുടെ ആവശ്യം.എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുമെന്നാണ് ഇഡിയുടെ നിലപാട്.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സംഘം റെയ്ഡ് നടത്തുന്നു

keralanews enforcement raid in the house of bineesh kodiyeri

തിരുവനന്തപുരം:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൾ ലത്തീഫിന്‍റെ സ്ഥാപനത്തിലുമാണ് റെയ്ഡ് . അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ താമസം മാറിയിരുന്നു. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.ബെംഗളൂരുവില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരവെയാണ് സാമാന്തരമായി തിരുവനന്തപുരത്ത് പരിശോധനയ്ക്കും അന്വേഷണ സംഘം എത്തുന്നത്.