ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ്;മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

keralanews jewellery investment fraud case muslim league mla mc kamarudheen in police custody for two days

കാസർകോഡ്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു.ഹോസ്ദുര്‍ഗ്ഗ് കോടതിയുടെയാണ് നടപടി.എംഎല്‍എ ഇന്ന്  ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ചുമത്തിയ വകുപ്പുകള്‍ ഒന്നും നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. ഇതോടെയാണ് രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം 11ന് ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.കാസര്‍കോട് എസ്‌പി ഓഫിസില്‍ വച്ചാണ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചന്ദേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ചന്തേര പൊലീസ് സ്റ്റേഷന്‍, പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലായാണ് എംഎല്‍എയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എയ്‌ക്കെതിരെ പരാതി ഉയര്‍ന്ന് ഒരു വര്‍ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്. ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്‍മാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീന്‍. അതേസമയം റിമാന്‍ഡിലായ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഒരു വഞ്ചനാ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 112 ആയി. മാവിലകടപ്പുറം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസ്.

യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസ്;മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

keralanews customs will question k t jaleel today in the case o distributing quran through uae consulate

കൊച്ചി:യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടാതെ നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. എന്നാല്‍ മന്ത്രി ജലീല്‍ ഇതെല്ലാം ലംഘിച്ചു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.നേരത്തേ, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെ എന്‍ ഐഎ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പ്രതിയെന്ന നിലയിലല്ല, സാക്ഷിയെന്ന നിലയിലാണ് ചോദ്യം ചെയ്തതെന്ന് തെളിവുസഹിതം ജലീല്‍ പ്രസ്താവിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യ മൊഴി നല്കാൻ ഇ.ഡി ഓഫീസില്‍ എത്തി

keralanews case of illegal acquisition of property km shajis wife came to the ed office to give statement

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് എത്തിയത്.അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇഡി ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് മാലൂര്‍ കുന്നില്‍ നിര്‍മിച്ച ആഡംബര വീടിനെ കുറിച്ച്‌ അറിയുന്നതിനായി ഭാര്യയെ വിളിപ്പിച്ചത്. ഭാര്യയുടെ പേരിലാണ് വീടുള്ളത്. പ്ലസ്ടു കോഴ വാങ്ങിയെന്ന് പറയുന്ന കാലഘട്ടത്തിലായിരുന്നു ഈ വീട് നിര്‍മിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ചും ഇത് വാങ്ങാനും വീട് നിര്‍മിക്കാനും ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചറിയും. ഭാര്യയുടെ പേരിലുള്ള മറ്റു സ്വത്തുക്കളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്.സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.

സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സർക്യൂട്ട് മൂലമല്ല;രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി; അന്തിമ ഫോറന്‍സിക് റിപ്പോർട്ട് തയ്യാറായി

keralanews secretariat fire not due to short circuit two liquor bottles found final forensic report ready

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തില്‍ ദുരൂഹത തുടരുന്നു. തീ പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികള്‍ കണ്ടെടുത്തു. ഇതിലെ മദ്യം ഉപയോഗിച്ചാണോ തീ കത്തിച്ചതെന്ന സംശയം സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് ബംഗളൂരുവിലോ ഡല്‍ഹിയിലോ അയയ്ക്കാനാണ് തീരുമാനം. മുറിയിലെ ഫാന്‍ തീപിടിച്ച്‌ ഉരുകിയതിന് തെളിവ് കിട്ടുകയും ചെയ്തു.ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നു രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകള്‍ കത്തിനശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം. സെക്രട്ടറിയേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായി ഫയലുകള്‍ കത്തിനശിച്ചത് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു സര്‍ക്കാരിന്റേയും അന്വേഷണസമിതികളുടേയും വിശദീകരണം. തീപിടുത്തത്തില്‍ നയതന്ത്രരേഖകള്‍ കത്തിനശിച്ചു എന്ന് ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്;എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരുന്നു;ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

keralanews fashion gold investment fraud case m c kamarudheen mls likely to be arrested

കാസര്‍കോട്:ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.ഇന്ന് രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് എസ്.പി ഓഫിസില്‍ അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ തട്ടിപ്പ് നടന്നതായി തെളിവ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം എഎസ്പി മാധ്യമങ്ങളോട് സ്ഥിരികരിച്ചിട്ടുമുണ്ട്.800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ രൂപ തട്ടിയെന്നാണ് ആരോപണം. ജ്വല്ലറിയുടെ പേരില്‍ നിക്ഷേപമായി സ്വികരിച്ച പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ നിരവധി കേസുകള്‍ അദ്ദേഹത്തിനെതിരെ രജിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്പനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു. കൂടാതെ, കേസ് ഒത്തുതീര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏല്‍പിച്ച കല്ലട്ര മാഹിന്‍ ഉള്‍പ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നല്‍കിയിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to governor arif muhammed khan

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിവരം ഗവര്‍ണര്‍ തന്നെയാണ് ട്വീറ്റ് ചെയ്‌തത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടനെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് അയച്ചു;തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

keralanews customs sent notice to k t jaleel present for questioning on monday

കൊച്ചി:മന്ത്രി കെ.ടി ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകി. കൊച്ചിയിലെ ഓഫീസിൽ തിങ്കളാഴ്ച എത്തിച്ചേരാനാണ് നിർദ്ദേശം. അനധികൃതമായി ഖുര്‍ആന്‍ വിതരണം ചെയ്ത കേസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്.തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം.ഈ സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്‍ഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്. കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. ജലീലിനെതിരെ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിപ്പിക്കുന്നത്.

ഒന്നരവയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്;രണ്ടാംപ്രതി നല്‍കിയ പുനരന്വേഷണ ഹരജി കോടതി തള്ളി

keralanews case of one and a half year old boy killed by thrown into a sea wall re investigation petion of second accused rejected

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി തയ്യിലില്‍ ഒന്നര വയസ്സുകാരനെ മാതാവ് കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രണ്ടാംപ്രതി നല്‍കിയ ഹരജി കോടതി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിനാണ് തന്നെ കേസിലേക്കു പൊലീസ് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്ന വാദമുയര്‍ത്തി പുനരന്വേഷണത്തിനായി ഹരജി നല്‍കിയത്.ഈ ഹരജിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയത്.കേസിലെ 27 ആം സാക്ഷിയാണ് ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും ഇടക്കിടെ മൊഴിമാറ്റുന്ന ശരണ്യയെ പോളിഗ്രാഫോ നാര്‍ക്കോ അനാലിസിസോ പോലുള്ള ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിതിന്‍ ഹരജി നല്‍കിയത്. എന്നാല്‍, കേസില്‍ പ്രതിക്കുമേലുള്ള കുറ്റപത്രം നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ച്‌ ഹരജി കോടതി തള്ളുകയായിരുന്നു.2020 ഫെബ്രുവരി 17നാണ് തയ്യില്‍ കടപ്പുറത്ത് വീടിനു സമീപത്തെ കടല്‍തീരത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ ശരണ്യയുടെ മകന്‍ വിയാന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ശരണ്യ പാതിരാത്രി എടുത്തുകൊണ്ടുപോയി തൊട്ടടുത്ത കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. മകനെ കൊന്ന് കൊലക്കുറ്റം ഭര്‍ത്താവിനുമേല്‍ ചാരി കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ പദ്ധതിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് മാസങ്ങള്‍ക്കുശേഷമാണ് പുനരന്വേഷണ ഹർജിയുമായി നിതിന്‍ കോടതിയെ സമീപിച്ചത്.

ലഹരി​മ​രു​ന്ന് കേസ്;ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

keralanews drug case custody period of bineesh kodiyeri ends today

ബെംഗളൂരു:ലഹരിമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ഇന്ന് ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.ബിനീഷിന്‍റെ കസ്റ്റഡി കാലാവധി ഇനിയും നീട്ടി നല്‍കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്ന സമയം എന്‍സിബി നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ പത്ത് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കുന്നത്.അതേസമയം, ബിനീഷിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും

keralanews local body election in kerala held in three phases

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ആദ്യഘട്ടത്തില്‍ ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും രണ്ടാം ഘട്ടം ഡിസംബര്‍ 10ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും മൂന്നാം ഘട്ടം ഡിസംബര്‍ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെ വോട്ട് ചെയ്യാവുന്നതാണ്.1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.കോവിഡ് രോഗമുള്ളവർക്ക് തപാൽ വോട്ട് ഉണ്ടായിരിക്കും. പോളിങിന്റെ മൂന്ന് ദിവസം മുമ്പ് തപാല്‍ വോട്ടിങിനായി അപേക്ഷിക്കണം. കലാശക്കൊട്ട് പാടില്ലെന്നും വീടുതോറുമുള്ള പ്രാചരണത്തിന് 3 പേർ മാത്രമേ പാടുള്ളൂവെന്നും നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും കമ്മീഷന്‍ നിർദേശിച്ചു. നോട്ടീസ് ലഘുലേഖ വിതരണം പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍മീഡ‍ിയ ഉപയോഗിക്കണം.സ്ഥാനാര്‍ത്ഥികള്‍ വിളിക്കുന്ന യോഗത്തില്‍ 30 പേരില്‍ കൂടുതല്‍ പാടില്ല. കോവിഡ് ബാധിച്ചാല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഇറങ്ങരുത്. വോട്ടര്‍മാര്‍ മാസ്ക് ധരിച്ച് മാത്രമേ പോളിങ് ബൂത്തില്‍ എത്താന്‍ പാടുള്ളു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും കോവി‍ഡ് പ്രോട്ടോകാള്‍ നല്‍കിയിട്ടുണ്ട്.