ബംഗളൂരു:ബംഗലൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ ഹാജരായി. ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഇഡിയ്ക്ക് മുന്നില്‍ എത്തിയത്.നവംബര്‍ രണ്ടിന് ഹാജരാകാനായിരുന്നു ഇഡി അറിയിച്ചിരുന്നത്. എന്നാല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.ഓള്‍ഡ് കോഫീ ഹൗസ് എന്ന റെസ്റ്റോറന്റില്‍ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.ലത്തീഫിനെ ബിനാമിയാക്കിക്കൊണ്ട് നിരവധി സ്ഥാപനങ്ങള്‍ ബിനീഷിനുണ്ടെന്നും ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലത്തീഫിന്റേയും അനസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം അബ്ദുല്‍ ലത്തീഫ് നിഷേധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമി അല്ലെന്നും ഇ.ഡി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.വീട്ടിലെ റെയ്ഡിനിടെ ഇ.ഡി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ ബിനീഷിനും തനിക്കും പത്ത് ശതമാനം വീതം പങ്കാളത്തിമുണ്ട്. എന്നാല്‍ ബിനീഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നാണ് അബ്ദുള്‍ ലത്തീഫിന്റെ വിശദീകരണം. ലത്തീഫിനെ കൂടാതെ ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവരോടും ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു. ഇവരും ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.
നടിയെ ആക്രമിച്ച കേസ്; വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വാദം പൂര്‍ത്തിയായ കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. നേരത്തെ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും വിചാരണാ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണ സമയത്ത് ക്രോസ് വിസ്താരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വിചാരണ കോടതി മാറ്റണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണ കോടതി മുന്‍ വിധിയോടെയാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷനും ഹൈക്കോടതിയെ അറിയിച്ചിരുന്നു.പ്രതിഭാഗം നടിയെ വ്യക്തിഹത്യ ചെയ്തിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.അതോടൊപ്പം വിസ്താരത്തിനിടെയുണ്ടായ മാനസികമായ തേജോവധത്തെത്തുടര്‍ന്ന് താന്‍ പലവട്ടം കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് നടിയും കോടതിയെ ആറിയിച്ചിരുന്നു.കേസിന്റെ വിസ്താരം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയില്‍ പെരുമാറുന്നതെന്നാണ് പ്രധാന ആരോപണം. അനാവശ്യ ചോദ്യങ്ങളാണ് ജഡ്ജി പലപ്പോഴും ചോദിച്ചതെന്നും നടി ആരോപിച്ചിരുന്നു.
ശബ്ദസന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ പുറത്തുവന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്‍റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജയിൽവകുപ്പ്. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന പൂർണമായും സമ്മതിച്ചിട്ടില്ല. ജയിൽ മേധാവിക്ക് ഡി.ഐ.ജി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാറാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര ജയിലില്‍ റിക്കാര്‍ഡ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദസന്ദേശത്തില്‍ കൂടുതലും കൃത്യമായ മലയാളത്തിലാണ് സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാല്‍ താന്‍ മലയാളം പഠിച്ചിട്ടില്ലാത്തതിനാല്‍ കൂടുതലും ഇംഗ്ലിഷിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരികയെന്നും സ്വപ്‌ന ജയില്‍ ഡിഐജിയോട് പറഞ്ഞു.അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നു. അതിനാലാണ് ഓര്‍മ വരാത്തതെന്നും സ്വപ്‌ന വ്യക്തമാക്കി.അതേസമയം ശബ്ദരേഖ പുറത്ത് വന്നതില്‍ കേസ് എടുക്കണമോയെന്ന കാര്യത്തില്‍ പൊലീസിനുള്ളില്‍ ആശയക്കുഴപ്പം തുടരുകയാണ്. ജയില്‍ ഡിജിപിയുടെ പരാതിയില്‍ കേസ് എടുക്കണമോയെന്ന് തീരുമാനിക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ന് മറുപടി ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.ജയില്‍ വകുപ്പിന്‍റെ വിശ്യാസത ഉറപ്പ് വരുത്താന്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. തന്‍റെ ശബ്ദമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചതോടെ നിയമലംഘനം നടന്നിട്ടില്ലെന്ന വിലയിരുത്തലാണ് പൊലീസിന് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ അട്ടകുളങ്ങര ജയിലിനുള്ളില്‍ നിന്നാണ് ശബ്ദ രേഖ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതെങ്കില്‍ അത് ആര് ചെയ്തുവെന്ന് കണ്ടെത്താന്‍ അന്വേഷണമില്ലെങ്കില്‍ സാധ്യമാകില്ല.
സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;6860 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍ഗോഡ് 145, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 836, തൃശൂര്‍ 614, കോഴിക്കോട് 534, ആലപ്പുഴ 519, പാലക്കാട് 277, തിരുവനന്തപുരം 343, എറണാകുളം 283, കോട്ടയം 340, കൊല്ലം 331, കണ്ണൂര്‍ 244, ഇടുക്കി 225, പത്തനംതിട്ട 117, കാസര്‍ഗോഡ് 134, വയനാട് 107 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 658, കൊല്ലം 596, പത്തനംതിട്ട 124, ആലപ്പുഴ 626, കോട്ടയം 402, ഇടുക്കി 219, എറണാകുളം 936, തൃശൂര്‍ 836, പാലക്കാട് 406, മലപ്പുറം 522, കോഴിക്കോട് 894, വയനാട് 118, കണ്ണൂര്‍ 337, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു; 48 മണിക്കൂറിനുള്ളില്‍ കൂടുതൽ തീവ്രമാകും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്.തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാം. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ശബ്ദരേഖ സ്വപ്നയുടേത് തന്നെ;ജയിലിൽ നിന്ന് റെക്കോർഡ് ചെയ്തതല്ലെന്ന് ഡി ഐ ജി
കൊച്ചി: കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം ജയിലില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡിഐജി. അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡിഐജിയുടെ പ്രതികരണം. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍ നിന്നുള്ളതല്ല. പുറത്ത് വെച്ച് സംഭവിച്ചതാണെന്നും ഡിഐജി പറഞ്ഞുഅതേസമയം പുറത്ത് വന്ന ശബ്ദരേഖ തന്‍റേത് തന്നെയാണെന്ന് സ്വപ്ന ഡി.ഐ.ജിക്ക് മൊഴി നല്‍കി. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. ഒക്ടോബര്‍ 14-നാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. ഭര്‍ത്താവിനെയും മക്കളേയും കണ്ടതും കസ്റ്റംസ് സാന്നിധ്യത്തിലാണെന്നും സ്വപ്ന പറഞ്ഞു.അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പരിശോധിക്കുമെമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.സ്വപ്‌ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇന്ന് രാവിലെയാണ് ഋഷിരാജ് സിങ് ശബ്ദ സന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡിഐജി അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. ഇതിനിടെ ഇഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡി.ഐ.ജി മാധ്യമങ്ങളോട് പ്രതികരിച്ചത്.മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായും രേഖപ്പെടുത്തിയ തന്‍റെ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.
സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല; സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ തളളി ഫോറന്‍സിക് പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനില്‍ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. തീപിടിത്തത്തെ കുറിച്ച് ഫോറന്‍സികിന്റെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും രണ്ടു തരത്തിലുളള പരിശോധന നടത്തിയിരുന്നു. ഇതില്‍ കെമിസ്ട്രി വിഭാഗം നാല്‍പ്പത്തിയഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് വിഭാഗം പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സര്‍ക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂര്‍ണമായും തളളുന്നതാണ് ഫോറന്‍സിക് പരിശോധനാ ഫലം.തീപിടിത്തത്തിന് ശേഷം ശേഖരിച്ച സാമ്പിളുകളിൽ രണ്ട് മദ്യക്കുപ്പികളും ഉള്‍പ്പെടുന്നുണ്ട്. ഇവ സംബന്ധിച്ച് കെമിക്കല്‍ അനാലിസിസും നടത്തിയിരുന്നു.മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളെന്നും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയിലൊന്നും തീപിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മൂന്ന് ഘട്ടമായാണ് പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതില്‍ ഫാനിന്റെ സാമ്പിളുകൾ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. അതായത് ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തുമ്പോൾ ഈ ഫാനുകളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നു വേണം കണക്കാക്കേണ്ടത്. പിന്നീട് പൊലീസാണ് ഈ ഫാനുകളുടെ സാമ്പിളുകൾ കൂടി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയത്. ഈ ഫാനുകളുടെ മുഴുവന്‍ ഭാഗവും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് തീപിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി.അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡിജിപി വീണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ഉത്തരവിറക്കിയത്.സ്ത്രീകള്‍ക്കെതിരെ ശിക്ഷാര്‍ഹമായ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ക്കും എസ്‌എച്ച്‌ഒമാര്‍ക്കുമടക്കം കൈമാറിയ സുപ്രധാന നിര്‍ദേശങ്ങള്‍ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമത്തെ കുറിച്ചുള്‍പ്പെടെ വിവരം ലഭിച്ചാല്‍ ആദ്യം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറണം. മാനഭംഗക്കേസുകളില്‍ അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ശിക്ഷാ നിയമം അനുശാസിക്കുന്നതിനാല്‍ ഇത് പാലിക്കണം. ഇക്കാര്യം നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ സെക്ഷ്വല്‍ ഒഫന്‍സസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരുക്കിയിട്ടുണ്ട്. ലൈംഗീകാതിക്രമ കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അംഗീകൃത ഡോക്ടറെ കൊണ്ട് വൈദ്യ പരിശോധന നടത്തണം. ഇര മരിച്ചുപോകുന്ന സാഹചര്യമുണ്ടായാല്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലല്ലായെന്ന കാരണം പറഞ്ഞ് മൊഴിയെടുക്കാതിരിക്കരുത്. ലൈംഗീകാതിക്രമ കേസുകളില്‍ ഉള്‍പ്പടെ സ്ത്രീകളുടെ മൊഴിയെടുക്കുമ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യമുണ്ടായിരിക്കണം. ലൈംഗീകാതിക്രമ തെളിവ് ശേഖരണ കിറ്റ് ഉപയോഗിച്ച് മാത്രമേ സാമ്പിൾ പരിശോധന നടത്താവൂ.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഗുരുതര കുറ്റമായി കണ്ട് തുടര്‍ നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ സംഭവം; ഗണേഷ് കുമാറിന്‍റെ സെക്രട്ടറി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ ഇയാള്‍ വിപിന്‍ലാലിനെ ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്ന് ഭീഷണിക്കത്തുകള്‍ വന്നതോടെ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന്‍ വരെ അപപകടത്തിലാകാമെന്നുമായിരുന്നു ഭീഷണി.പ്രദീപ്, വിപിന്‍ ലാലിന്‍റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്‍റെ പരാതിയിലുണ്ട്. ബന്ധുവിന്‍റെ ജ്വല്ലറിയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
‘മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം’, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം പുറത്ത്;അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെതെന്ന് അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തിലെ ചിലര്‍ നിര്‍ബന്ധിക്കുന്നതായും സമ്മര്‍ദം ചെലുത്തുന്നതായും സന്ദേശത്തില്‍ സ്വപ്‌ന സുരേഷ് പറയുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒരു വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്. തന്‍റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യു.എ.ഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളത്.മൊഴിയിലെ വിവരങ്ങള്‍ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നും സമ്മര്‍ദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി ഒരു വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. എന്നാല്‍, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.അതേസമയം, സ്വപ്നയുടേതെന്ന േപരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണമേഖല ഡി.ഐ.ജി അജയകുമാറിനാണ് അന്വേഷണ ചുമതല. വനിതാ ജയിലില്‍ എത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.