കോഴിക്കോട്:വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തി.മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം.രാവിലെ ഒമ്പതുമണി മുതല്‍ 11.45 വരെ ആയിരുന്നു പരിശോധന. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്കെത്തി.ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി..അതേസമയം, ഉരാളുങ്കല്‍ സൊസൈറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്.അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായതെന്നും ചെയര്‍മാന്‍ അറിയിച്ചു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്;എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീെന്‍റ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഫാഷന്‍ ഗോള്‍ഡിെന്‍റ പേരില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഖമറുദ്ദീൻ ജാമ്യഹരജി നല്‍കിയത്. നവംബര്‍ ഏഴിന് അറസ്റ്റിലായ തെന്‍റ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നല്‍കിയില്ലെന്ന പേരില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്നും ഇദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തി;കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തൽ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കോടികളുടെ ആസ്തിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ കണ്ടെത്തല്‍. കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ രവീന്ദ്രന് പങ്കാളിത്തമുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇരുപത്തി നാല് സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇലക്‌ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്‍പന കേന്ദ്രം, ജ്വല്ലറി തുടങ്ങിയ ഇടങ്ങളിലാണ് അദ്ദേഹത്തിന് പങ്കാളിത്തമുള്ളത്. രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക.നിലവില്‍ നടത്തിപ്പുകാരില്‍ നിന്ന് ഇ.ഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇ.ഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇ.ഡിയുടെ പരിശോധന. നേരത്തെ തന്നെ രവീന്ദ്രന്റെ ബിനാമി ഇടപാടുകളെക്കുറിച്ച് ചില പരാതികള്‍ ഇഡിക്ക് ലഭിച്ചിരുന്നു.
കണ്ണൂർ പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി
കണ്ണൂർ:പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിെന്‍റ നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി. ജംഷിദ് എന്ന ബുള്ളറ്റ് ജംഷിയുടെ വീട്ടില്‍നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതും കൈവശംവെച്ചാല്‍ 10 മുതല്‍ 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. തളിപ്പറമ്പ, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പന നടത്തുന്നയാളാണ് ജംഷിദെന്ന് എക്സൈസ് സംഘം പറഞ്ഞു. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വില്‍പനക്കാര്‍ വഴി ഉപയോക്താക്കളില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും കാര്‍ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് ജംഷിദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ വീട് പരിശോധിക്കുകയായിരുന്നു. പ്രിവന്‍റിവ് ഓഫിസര്‍ വി.പി. ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റിഷാദ് , ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന, ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു; 26 യാത്രക്കാര്‍ക്ക് പരിക്ക്
എറണാകുളം:എറണാകുളത്ത് കെ എസ് ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. 26 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. തിരുവനന്തപുരം വയനാട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ 4.15ലോട് കൂടിയായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. പൊലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം;നാളെ അര്‍ധരാത്രി മുതല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് നിരോധിച്ചു
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ നാളെ അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതേ തുടർന്ന് പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കാലവസ്ഥാ മോഡലുകളുടെ സൂചന അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും ഇനിയുള്ള മുന്നറിയിപ്പുകള്‍ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ശക്തമായ കാറ്റിന് സാധ്യത പ്രതീക്ഷിക്കുന്നതിനാല്‍ ശക്തമായ മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുകളില്‍ ഷീറ്റ് പാകിയവരും അവ അടിയന്തരമായി ബലപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. കാറ്റ് ശക്തമാവുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 2 നോട് കൂടി തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാന്‍ തയ്യാറെടുക്കുവാന്‍ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടാവസ്ഥകള്‍ 1077 എന്ന നമ്പറിൽ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തണം. അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രതപാലിക്കണം.
സംസ്ഥാനത്ത് 6,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂര്‍ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂര്‍ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസര്‍ഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂര്‍ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂര്‍ 179, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അബുദാബിയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു
അബുദാബി:അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു. പിണറായി സ്വദേശികളായ റഫിനീദ് വലിയപരമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നില്‍ അല്‍ഐന്‍ – അബുദാബി റോഡിന് സമാന്തരമായുള്ള റോഡിലാണ് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതോടെ നിയന്ത്രണം വിട്ട് കാര്‍ റോഡിലെ ഡിവൈഡറിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായി തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു. വന്നിടിച്ച കാറിലെ ഡ്രൈവര്‍ ചികിത്സയിലാണ്.റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.ചെറുപ്പം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് റഫിനീദും റാഷിദും. അബുദാബിയില്‍ രണ്ട് സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു.
ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.
കെ.ബി. ഗണേഷ് കുമാറിനെതിരെ സി.മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരി
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിനെതിരെ സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരി രംഗത്ത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മര്‍ദമുണ്ടായിരുന്നു. താന്‍ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണ്. മനോജ് കുമാറിന്‍റെ ഫോണ്‍ വിളികള്‍ പരിശോധിക്കണം. തെളിവ് പുറത്തുവിടാന്‍ താന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ വെല്ലുവിളിക്കുന്നു. എല്ലാം അന്വേഷിക്കട്ടെയെന്നും സോളാര്‍ കേസ് പരാതിക്കാരി പറഞ്ഞു.പരാതിക്കാരിയെക്കൊണ്ട് ക്കൊണ്ട് പലതും പറയിക്കുകയും യുഡിഎഫ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും എഴുതിക്കുകയും ചെയ്തിനു പിന്നില്‍ ഗണേഷ് ആണെന്ന് മനോജ് വെളിപ്പെടുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനാപുരത്ത് നടന്ന ഒരു യോഗത്തിലാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. കെ.ബി.ഗണേഷ് കുമാറിന്റെ അടുത്ത ബന്ധുവും സോളര്‍ വിവാദ കാലത്ത് കേരള കോണ്‍ഗ്രസ് (ബി) യുടെ സംസ്ഥാന ഭാരവാഹിയുമായിരുന്ന മനോജ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സജി ചെറിയാനെതിരെയും ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കോട്ടത്തലയ്‌ക്കെതിരെയും ശരണ്യ മനോജ് ആരോപണമുന്നയിച്ചിരുന്നു. പരാതിക്കാരി നിരന്തരം മൊഴി മാറ്റിയതിനു പിന്നില്‍ ഗണേഷും പിഎ പ്രദീപ് കോട്ടത്തലയുമാണ്. പരാതിക്കാരിയുടെ കത്തില്‍ തിരുത്തലുകള്‍ നടന്നു എന്നത് സത്യമാണ്. ഉമ്മന്‍ചാണ്ടിയുടെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ പരാതിക്കാരിയെക്കൊണ്ട് പറയിപ്പിച്ചത് ഗണേഷ് കുമാര്‍ ആണെന്നും ശരണ്യ മനോജ് പറഞ്ഞു.
സോളാർ കേസിനു പിന്നിൽ ഗണേഷ് കുമാർ;വെളിപ്പെടുത്തലുമായി ശരണ്യമനോജ്
കൊല്ലം: സോളാര്‍ കേസില്‍ മുഖ്യപ്രതി കെ.ബി ഗണേഷ്‌കുമാറാണെന്ന വെളിപ്പെടുത്തലുമായി ബന്ധുവും കേരള കോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന നേതാവുമായ ശരണ്യമനോജ്. പത്തനാപുരത്തു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. സോളാര്‍ കേസിലെ പരാതിക്കാരിക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചതും ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ വിഷയം വന്നപ്പോള്‍ താനാണ് മുഖ്യപ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണം എന്നുപറഞ്ഞു. പക്ഷേ ദൈവം പോലും പൊറുക്കാത്ത തരത്തില്‍ പിന്നീട് ആ സ്ത്രീയെക്കൊണ്ട് ഗണേഷ്‌കുമാറും പി.എയും ചേര്‍ന്ന് ഓരോന്നു പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തു’- മനോജ് പറഞ്ഞു.കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുൻപ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.