ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്;കോ​വി​ഡ് രോഗികൾക്കായുള്ള ത​പാ​ല്‍ വോ​ട്ട് ആരംഭിച്ചു

keralanews local body election postal vote for covid patients starts

തിരുവനന്തപുരം:കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കായുള്ള തപാല്‍ വോട്ട് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനൊപ്പം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പും ഇന്ന് തന്നെ തുടങ്ങി.5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികള്‍ താമസിക്കുന്ന വീടുകള്‍, ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഇവര്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച്‌ ടിക്ക് മാര്‍ക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച്‌ മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.തപാലില്‍ അയക്കേണ്ടവര്‍ക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസര്‍ കൈപ്പറ്റിയ രസീത് നല്‍കും. അത് കൊണ്ട് തന്നെ സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക. വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല.അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച്‌ കോവിഡ് മാനദണ്ഡം പാലിച്ച്‌ പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.

ഡോളര്‍ കടത്തുകേസില്‍ ശിവശങ്കര്‍ നാലാം പ്രതി;കസ്റ്റംസ് കേസ് രെജിസ്റ്റർ ചെയ്തു

keralanews dolar case sivasankar fourth accused customs registered case

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍കടത്തു കേസില്‍ പ്രതിചേര്‍ത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.ഡോളര്‍ കടത്തുകേസില്‍ നാലാംപ്രതിയായാണ് ശിവശങ്കരിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. കള്ളക്കടത്തില്‍ ശിവശങ്കര്‍ നേരിട്ട് പങ്കാളിയായതായി തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളാണ് നിര്‍ണ്ണായകമായത്. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ഈ മാസം ഏഴാം തീയതിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു.ശിവശങ്കര്‍ ഉള്‍പ്പടെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ ഏഴുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമായിരുന്നു കസ്റ്റംസിന്റെ വാദം.എന്നാല്‍ സ്വപ്‌നയുടെ മൊഴി നിഷേധിച്ച ശിവശങ്കര്‍ ഡോളര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ശിവശങ്കറിനോടൊപ്പം നാലു തവണ യാത്ര ചെയ്തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സ്വപ്നയേയും സരിത്തിനേയും ശിവശങ്കറിനൊപ്പം ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണക്കടത്തുകേസിലെ കസ്റ്റംസ് അന്വേഷണം നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. കള്ളക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തതിന് അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച മൊഴികളുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി ശിവശങ്കറെ പ്രതി ചേര്‍ത്തത് ന്യായമാണെന്നും വ്യക്തമാക്കി.

രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു

keralanews cooking gas price increased (2)

ന്യൂഡൽഹി:രാജ്യത്ത് പാചക വാതക വില വര്‍ധിപ്പിച്ചു.ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.

കൊ​ല്ല​ത്ത് യു​വാ​വി​ന്‍റെ ആ​സി​ഡ് ആ​ക്ര​മ​ണം;ഭാ​ര്യ​യ്ക്കും മ​ക​ള്‍​ക്കും അയൽവാസികളായ കുട്ടികൾക്കും പ​രി​ക്ക്

keralanews wife daughters children in neighborhood injured in acid attack of man in kollam

കൊല്ലം:ഇരവിപുരം വാളത്തുങ്കലില്‍ യുവാവിന്‍റെ ആസിഡ് ആക്രമണത്തിൽ ഭാര്യയ്ക്കും മകള്‍ക്കും അയൽവാസികളായ കുട്ടികൾക്കും പരിക്കേറ്റു. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.ജയന്‍റെ ഭാര്യ രജി, മകള്‍ ആദിത്യ(14) എന്നിവര്‍ക്കും അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ജയനു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് സൂചന.

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക്;നാളെ ഉച്ചയോടെ കേരളത്തിലെത്തും;അതീവ ജാഗ്രതാ നിർദേശം

keralanews cyclone burevi hits sri lankan coast reach kerala tomorrow high alert issued

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ബുറേവി ചുഴലിക്കാറ്റായി ഇന്ന് ശ്രീലങ്കന്‍ തീരത്തെത്തിയേക്കും.ഇന്ന് വൈകീട്ടോടെ ബുറേവി ലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും എന്നാണ് കണക്ക്കൂട്ടല്‍.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളം തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തില്‍ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക.നാളെ ഉച്ചമുതല്‍ മറ്റന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ശ്രീലങ്കന്‍ തീരത്തെത്തുമ്പോൾ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 75 മുതല്‍ 85 കിമീ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറില്‍ എത്തുകയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കന്യാകുമാരിയുടെയും പാമ്പാന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് പ്രവേശിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്‌നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പരമാവധി 95 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതു പൂര്‍ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് റെഡ് അലര്‍ട്ടായിരിക്കും. ഇതേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഉണ്ട്. കക്കി ഡാം, കല്ലട ഡാം, നെയ്യാര്‍ റിസര്‍വ്വോയര്‍ എന്നിവിടങ്ങളില്‍ പരമാവധി ജാഗ്രത പാലിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് മണിമലയാറ്റിലും അച്ചന്‍കോവില്‍ ആറ്റിലും പമ്പയിലും ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദീപ് കോട്ടാത്തലക്ക് ജാമ്യം

keralanews actress attack case pradeep kottathala got bail

കാസർകോഡ്:നടിയെ ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലക്ക് ജാമ്യം അനുവദിച്ചു.ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അതോടൊപ്പം തന്നെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പാടില്ല എന്ന ഉപാധിയും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.കഴിഞ്ഞ ജനുവരി 24നാണ് പ്രദീപ് കോട്ടാത്തല നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയത്.കാസര്‍കോട് താമസിച്ച ശേഷം കേസിലെ മാപ്പുസാക്ഷിയുടെ ബന്ധുവിനെ സമീപിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നൽകണം എന്ന് ആവശ്യപ്പെടുകയായിരുന്നു.പിന്നീട് കത്ത് മുഖേനെയും ഫോണ്‍ മുഖേനയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അന്വേഷണത്തിനൊടുവിലാണ് പ്രതി പ്രദീപാണ് എന്ന് കണ്ടെത്തിയത്.

സംസ്ഥാന സർക്കാറിന്റെ സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ഡിസംബർ 3 മുതൽ

keralanews govt free christmas kit distribution starts on december 3rd

തിരുവനന്തപുരം:കോവിഡ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബര്‍ മുതല്‍ വിതരണം ചെയ്യും.‌11 ഇനങ്ങളാണ്  കിറ്റിലുണ്ടാവുക. പഞ്ചസാര- -500 ഗ്രാം, കടല- 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്- ഒരു കിലോ, വെളിച്ചെണ്ണ-അര ലിറ്റര്‍, മുളകുപൊടി- 250 ഗ്രാം, ഖദര്‍ മാസ്‌ക്‌- രണ്ട്‌, ഒരു തുണി സഞ്ചി, ചെറുപയര്‍- 500 ഗ്രാം, തുവരപ്പരിപ്പ്‌- 250 ഗ്രാം, തേയില- 250 ഗ്രാം, ഉഴുന്ന്‌- 500 ഗ്രാം, എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌. റേഷന്‍കടകള്‍ വഴി എല്ലാ കാര്‍ഡുടമകള്‍ക്കും കിറ്റ്‌ ലഭിക്കും. നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. ഇപ്പോള്‍ തുടരുന്നത് പിങ്ക്‌ കാര്‍ഡുകാരുടെ കിറ്റ്‌ വിതരണമാണ്‌. ബാക്കിയുള്ളവര്‍ക്ക് ഒക്ടോബറിലെ കിറ്റ്‌ വാങ്ങാന്‍‌ ഡിസംബര്‍ അഞ്ചുവരെ നല്‍കും.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം;തെക്കന്‍ കേരളത്തില്‍ കനത്ത ജാഗ്രത

keralanews extreme low pressure formed in begal sea heavy alert in south kerala

തിരുവനന്തപുരം:തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കും.നാളെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തെത്തുമെന്നും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്.വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കേരളതീരത്ത് മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി വ്യോമ നാവിക സേനകളുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 7 യൂണിറ്റുകളുടെ സാന്നിധ്യവും ജില്ലകളില്‍ ഉറപ്പാക്കും.അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ആശ്വാസം;രാജ്യത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നു

keralanews train services in the country is returning to normal

ന്യൂഡല്‍ഹി:രാജ്യത്തെ തീവണ്ടി ഗതാഗതം സാധാരണ നിലയിലേക്കെത്തുന്നു. മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മാവേലി, മലബാര്‍ എക്സപ്രസ്സുകള്‍ ഈ മാസം ആദ്യ വാരം മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും.മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്ത് മുതലുമാണ് ഓടിത്തുടങ്ങുക. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ വണ്ടികള്‍ ഈ മാസം എട്ടിനും മധുര-പുനലൂര്‍ എക്സ്പ്രസ് വെള്ളിയാഴ്ചയും സര്‍വീസ് ആരംഭിക്കും. ദിവസേനയുള്ള വണ്ടികളാണ് എല്ലാം കോവിഡ് കാല സ്പെഷ്യല്‍ ട്രെയിനുകൾ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്പാർട്ട്മെന്റുകൾ ഉണ്ടാവില്ല.എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും.ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് വീണ്ടും സര്‍വീസ് തുടങ്ങുന്ന മറ്റുവണ്ടികള്‍. അതേസമയം പകല്‍വണ്ടികളായ പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്സ്പ്രസുകള്‍ എന്ന് ഓടിത്തുടങ്ങുമെന്നു കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6055 പേര്‍ക്ക് രോഗമുക്തി

keralanews covid confirmed to 3382 persons in the state today 6055 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2880 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം 578, കോഴിക്കോട് 447, എറണാകുളം 246, ആലപ്പുഴ 258, തൃശൂര്‍ 244, കോട്ടയം 240, പാലക്കാട് 104, കൊല്ലം 235, തിരുവനന്തപുരം 153, കണ്ണൂര്‍ 121, പത്തനംതിട്ട 76, വയനാട് 78, കാസര്‍ഗോഡ് 75, ഇടുക്കി 25 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.തിരുവനന്തപുരം 334, കൊല്ലം 633, പത്തനംതിട്ട 143, ആലപ്പുഴ 765, കോട്ടയം 156, ഇടുക്കി 455, എറണാകുളം 518, തൃശൂര്‍ 659, പാലക്കാട് 482, മലപ്പുറം 507, കോഴിക്കോട് 913, വയനാട് 116, കണ്ണൂര്‍ 299, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 504 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.