തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂര്‍ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂര്‍ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 410, പത്തനംതിട്ട 268, ആലപ്പുഴ 551, കോട്ടയം 588, ഇടുക്കി 88, എറണാകുളം 492, തൃശൂര്‍ 590, പാലക്കാട് 405, മലപ്പുറം 1023, കോഴിക്കോട് 460, വയനാട് 148, കണ്ണൂര്‍ 288, കാസര്‍ഗോഡ് 172 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് ,യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് മഴയുടെ തോതിനനുസരിച്ച് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിന് ഇടുക്കിയിലും ഡിസംബര്‍ അഞ്ചിന് മലപ്പുറത്തും ഓറഞ്ച് അലേര്‍ട്ട് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നീ ജില്ലകളില്‍ ഡിസംബര്‍ നാലിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ അഞ്ചിനും എറണാകുളം ജില്ലയില്‍ ആറിനും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി;ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന് എതിരെ പോക്‌സോ കേസ്
കണ്ണൂർ:കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെതിരെ പോക്‌സോ കേസ്.ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 21നാണ് സംഭവമുണ്ടായത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. കൗണ്‍സിലിംഗിനിടെ പ്രതി പെണ്‍കുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.രഹസ്യമൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി ഇക്കാര്യം മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്. എന്നാല്‍ ഇ ഡി ജോസഫ് ആരോപണം നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും ഇ ഡി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട;ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണം പിടികൂടി
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.കോഴിക്കോട് സ്വദേശിയിൽ നിന്നും 1.15 കോടിയോളം രൂപ വിലവരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.സുരക്ഷ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോയില്‍ അധികം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരാളില്‍ നിന്നും ഇത്രയധികം സ്വര്‍ണം ഇതാദ്യമായാണ് പിടികൂടുന്നത്. അറസ്റ്റിലായ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
നടിയെ ആക്രമിച്ച കേസ്;വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് നടന്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു.ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന.നേരത്തെ, വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.തന്‍റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ചത്.എന്നാല്‍ പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്നും അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെയും നടിയുടേയും ആവശ്യം കോടതി തള്ളിയത്.
ഇന്ത്യയില്‍ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി; കണ്ടെത്തിയത് സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍
കണ്ണൂര്‍: ഇന്ത്യയില്‍ തന്നെ അപൂര്‍വമായ മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഈ മലേറിയ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയിലാണ് രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. ഇവിടെ ജില്ലാ ടിഒടി ആയ ടി വി അനിരുദ്ധനാണ് പ്ലാസ്‌മോഡിയം ഒവേല്‍ എന്ന വ്യത്യസ്ത മലമ്പനി രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.ലോകാരോഗ്യസംഘടനയുടെ മലേറിയ പരിശീലകനും സംസ്ഥാന ടിഒടിയും ആയ എം വി സജീവ് വിശദപരിശോധനയിലൂടെ ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ യു എന്‍ ദൗത്യവുമായി ജോലിക്കുപോയ പട്ടാളക്കാരന്‍ പനിബാധിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുകയായിരുന്നു. മലമ്പനിയുടെ ലക്ഷണങ്ങള്‍കണ്ട് രക്തപരിശോധന നടത്തിയപ്പോഴാണ് പ്ലാസ്‌മോഡിയം ഒവേല്‍ കണ്ടെത്തിയത്. ഏകകോശ ജീവിയായ പ്രോട്ടോസോവയാണ് മലമ്പനി രോഗാണു.പ്ലാസ്‌മോഡിയം വൈവാക്സ്, പ്ലാസ്‌മോഡിയം ഫാല്‍സിപാരം എന്നിവയാണ് കേരളത്തില്‍ സാധാരണയായി കാണുന്ന മലേറിയ രോഗാണുക്കള്‍. അനോഫലീസ് കൊതുകുവഴി പടരുന്ന മലേറിയയുടെ സാധാരണ രോഗലക്ഷണങ്ങള്‍തന്നെയാണ് പ്ലാസ്‌മോഡിയം ഒവേല്‍ ബാധിച്ചാലും ഉണ്ടാവുക. ചികിത്സയും ഒന്നുതന്നെയാണ്. അതേസമയം, ആഫ്രിക്കയെ കടുത്ത ദുരിതത്തിലാക്കിയ ഈ രോഗാണു കേരളത്തിലും എത്തുന്നത് ഇതാദ്യമാണ്.
തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു
കണ്ണൂർ:തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു.കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായും കത്തി നശിച്ചത്.12.45 ഓടെ ശബ്ദം കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലിയും പുറത്തിറങ്ങിയെങ്കിലും തീ നിയന്ത്രണാധീതമായിരുന്നു.തളിപ്പറമ്പ അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാറിന് തീ പിടിച്ചപ്പോള്‍ 2 പേര്‍ ഇവിടെ നിന്ന് ബൈക്കില്‍ പോയത് കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്.പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടര്‍പ്പന്റേന്‍ ലായനിയുടെ ഒഴിഞ്ഞ കുപ്പി ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിച്ചാണ് തീ വച്ചതെന്ന് സംശയിക്കുന്നു. ആലിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ച് വരികയാണ്.
ബുറേവി ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിൽ ഒൻപത് മരണം;കേരളത്തിൽ ജാഗ്രത തുടരും
ചെന്നൈ:തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റിൽ ഒൻപത് മരണം.കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. കടലൂര്‍, ചെന്നൈ, പുതുക്കോട്ട, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണാണ് അമ്മയും മകളും മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരില്‍ മരം വീണും ഒരു യുവതി മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസുള്ള സ്ത്രീയും മരിച്ചു. കാഞ്ചീപുരത്ത് വെള്ളത്തില്‍വീണ്് മൂന്ന് പെണ്‍കുട്ടികളും മരിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതിനാല്‍ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. എങ്കിലും ജാഗ്രത തുടരും. കേരളത്തിലെത്തും മുൻപ് കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം; ആക്രമണം നടത്തിയത് പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ക്കെതിരെ;വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചു തകർത്തു
കോഴിക്കോട്:കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ക്കെതിരെയാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.ആറംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാ സംഘത്തിന്റെ പക്കല്‍ വടിവാള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉണ്ടായിരുന്നു.കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു.ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ വിവാഹമായിരുന്നു നടത്തിയത്.പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കവേയായിരുന്നു പെണ്‍കുട്ടിയുടെ അമ്മാവന്മാരുടെ അഴിഞ്ഞാട്ടം. ഇവര്‍ വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വരന്‍ സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കാറിലുള്ളവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കയ്യില്‍ വടിവാളുമായാണ് ഇവര്‍ സ്വാലിഹിനെ വഴിവക്കില്‍ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരില്‍ച്ചിലരെത്തി തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു.സംഭവത്തിൽ ഇന്നലെ പരാതി നല്‍കിയിട്ടും പൊലീസ് വ്യക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ തന്നെ ആരോപിക്കുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്രമികള്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു. അതേസമയം പ്രതികളെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസ് വീഴ്‌ച്ച വരുത്തിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‍സ്‍മെന്‍റ് നോട്ടീസ്;ഈ മാസം 10 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കി.ഈ മാസം 10ന് കൊച്ചിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാം തവണയാണ് ഇ. ഡി നോട്ടീസ് നല്‍കുന്നത്.മുന്‍പ് നവംബര്‍ ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സി.എം. രവീന്ദ്രന്‍ ഇഡിയെ അറിയിച്ചിരുന്നു.നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാകാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.തുടര്‍ന്നാണ് പത്താം തിയതി ഹാജരാകാന്‍ നിര്‍ദേശിച്ച് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.