കണ്ണൂർ:കെ എം ഷാജി എംഎല്‍എയുടെ പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ വിജിലന്‍സ് ചോദ്യം ചെയ്തു.ജില്ലാ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദിനെ സിറ്റി അഞ്ചുകണ്ടിയിലെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്തത്.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഈ വിഷയത്തില്‍ മുസ്‌ലീംലീഗ് നടത്തിയ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും വിജിലന്‍സ് ചോദിച്ചറിഞ്ഞു. അഴീക്കോട് ഹൈസ്‌കൂളിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരില്‍ കെ എം ഷാജി സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്തു സമ്പാദനത്തിനും വിജിലന്‍സ് ഷാജിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സമാന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നേരിടുകയാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് നേരെത്ത എഫ്‌ഐആര്‍ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്‌പി മധുസൂദനനാണ് അന്വേഷണച്ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയത്.ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലുണ്ടായ അഭിപ്രായം, അതോടൊപ്പം കൊടുമണ്‍ പത്മനാഭന്റെ മൊഴി, മുന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന നൗഷാദ് പൂതപ്പാറയുടെ പരാതി എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഷാജി മാത്രമാണ് കേസിലെ പ്രതി.
കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം;ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെ കടുത്ത നടപടികളുമായി കേന്ദ്രം.ഇടത് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു.കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.ഇന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ സിപിഎം നേതാവ് അമ്രറാം, മറിയം ധാവ്‌ലെ എന്നിവരും അറസ്റ്റിലായിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അരുണ്‍ മേത്ത ഗുജറാത്തില്‍ വെച്ച് അറസ്റ്റിലായി. യു.പിയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സുഭാഷിണി അലിയുടെ വീടിന് മുന്‍പില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുന്നത്. സുഭാഷിണി അലി സമരവേദിയിലെത്തുന്നത് തടയാനാണ് പൊലീസ് ശ്രമമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.നേരത്തെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി ചന്ദ്രശേഖര്‍ ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പോലീസിനൊപ്പം ഇരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ വീണ്ടും അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് പോയിരിക്കുന്നു എന്നാണ് ആസാദിന്റെ ട്വീറ്റ്. ഇന്ന് നമ്മുടെ അന്ന ദാതാക്കളായ കര്‍ഷകര്‍ക്ക് നമ്മളെ ആവശ്യമുണ്ട്. എന്നാല്‍ യോഗി സര്‍ക്കാരിന്റെ പോലീസ് തന്നെ രാവിലെ മുതല്‍ക്കേ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രിസൈഡിംഗ് ഓഫീസറുടെ മാസ്കില്‍ പാർട്ടി ചിഹ്നം; ഡ്യൂട്ടിയില്‍ നിന്ന് മാറ്റി;അന്വേഷണത്തിന് ഉത്തരവ്
കൊല്ലം:പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിംഗ് ഓഫീസറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി.കൊല്ലം മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോണ്‍സ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം.ഉദ്യോഗസ്ഥ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്ക് ധരിച്ച് ബൂത്തിലെത്തി.ഇതിനെതിരെ ബി ജെ പി, യു ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് ഇവര്‍ രേഖാമൂലമുളള പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റിനിറുത്തിയത്. പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരു കാരണവശാലും ബൂത്തിലോ സമീപത്തോ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവം നിയമപരമായി നേരിടുമെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ട്രയല്‍ റൂമില്‍ സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈലില്‍ പകർത്തി; കോട്ടയത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരന്‍ അറസ്റ്റില്‍
കോട്ടയം: ട്രയല്‍ റൂമില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ വസ്ത്രശാല ജീവനക്കാരന്‍ അറസ്റ്റില്‍. കോട്ടയത്തെ പ്രമുഖ വസ്ത്രശാലയായ ശീമാട്ടിയിലെ ജീവനക്കാരനായ നിധിന്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. കാരാപ്പുഴ സ്വദേശിയാണിയാള്‍. ഷോപ്പിംഗിനെത്തിയ ഒരു അഭിഭാഷകയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മകനുമൊത്ത് ശീമാട്ടിയിലെത്തിയ അഭിഭാഷകയായ ആരതിയാണ് നിതിനെ കയ്യോടെ പിടിച്ചത്. ട്രയല്‍ റൂമിലെത്തിയ ഇവര്‍ വസ്ത്രം മാറുന്നതിനിടെ മുകള്‍ഭാഗത്തായി ഒരു മൊബൈലും കയ്യുടെ കുറച്ച് ഭാഗങ്ങളും കണ്ടു. സംശയം തോന്നി ട്രയല്‍ റൂമില്‍ നിന്നിറങ്ങിയ ആരതി, മൊബൈല്‍ കണ്ട തൊട്ടടുത്ത മുറിയിലെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു എന്നാല്‍ അത് അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.മനപ്പൂര്‍വം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തന്നെ ആരോ അകത്തുകയറിയതാണെന്ന് ഇതോടെ മനസിലായി. കതകില്‍ തട്ടിയിട്ട് അകത്തുള്ള ആരായാലും പുറത്തോട്ട് വരാന്‍ പറഞ്ഞു. ആദ്യം വന്നില്ല. പിന്നീട് ബഹളം വച്ചപ്പോള്‍ ഇറങ്ങി വന്നു. ശീമാട്ടിയിലെ തന്നെ സെയില്‍സ്മാനാണ് അതെന്ന് അപ്പോഴാണ് മനസിലായത്. താന്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ തന്നെ അസിസ്റ്റ് ചെയ്തിരുന്ന ആളായിരുന്നു അതെന്നും ആരതി പറയുന്നു.ചോദ്യം ചെയ്തപ്പോള്‍ പല ന്യായങ്ങളും നിരത്തി. ബഹളമായതോടെ മറ്റ് സ്റ്റാഫുകള്‍ കൂടി. അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അയാളോട് ഫോണ്‍ ചോദിച്ചു. രംഗം വഷളായതോടെ യുവാവ് തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും അഭിഭാഷക പറയുന്നു. ഇവര്‍ തന്നെ നല്‍കിയ പരാതി അനുസരിച്ചാണ് പൊലീസ് നിധിനെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈല്‍ അധികൃതര്‍ ആദ്യം പൊലീസിനെ വിവരം അറിയിക്കാന്‍ മടിച്ചുവെന്നും ആരതി ആരോപിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും വേറെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി സ്ഥിരമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ്; പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം :സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി ഇരുവരും കസ്റ്റംസിന് കസ്റ്റഡിയിലായിരുന്നു.ഇതിനിടയില്‍ പ്രതികള്‍ വിദേശത്തേക്കുള്ള ഡോളര്‍ കടത്ത് കേസില്‍ മാപ്പ് സാക്ഷികളാക്കുകയും ചെയ്തു.കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ വമ്പന്മാരെ കുറിച്ച് പ്രതികള്‍ സൂചന നല്‍കിയതായാണ് വിവരം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.മൂന്നു പ്രതികളെയും രാവിലെ 11 മണിയോടെ വിഡിയോ കോണ്‍ഫറന്‍സിലൂടെയും നേരിട്ടും എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടിങ് ഇന്ന്;ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.തിരുവനന്തപുരം 10.41 ശതമാനം, കൊല്ലം 11.39 ശതമാനം, ആലപ്പുഴ 11.62 ശതമാനം, പത്തനംതിട്ട 11.96 ശതമാനം, ഇടുക്കി 11.29 ശതമാനം എന്നിങ്ങനെയാണ് ജില്ലകളിലെ ആദ്യ ഒന്നര മണിക്കൂറിനുള്ളിലെ പോളിങ് ശതമാനം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പു നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6,911 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്. ആകെ 88,26,620 വോട്ടര്‍മാരാണ് ഈ അഞ്ചു ജില്ലകളിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നിവോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്പോഴും പുറത്തു പോകുമ്പോഴും സാനിറ്റൈസര്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തപാല്‍ വോട്ടിന് അവസരം ലഭിക്കാത്ത കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും വോട്ടിംഗിന്‍റെ അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം.രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്.
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്
കൊച്ചി; സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി കസ്റ്റംസ്.എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുദ്രവച്ച കവറിലാണ് തെളിവുകള്‍ നല്‍കിയത്. ശിവശങ്കറിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.ഇത് മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതിയാണ് നിര്‍ദേശിച്ചത്. ശിവശങ്കറിന്റെ ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് നിലപാട്. നേരത്തെ കണ്ടെടുത്ത ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഡോളര്‍ കടത്തു കേസില്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു വിദേശികളും ഉള്‍പ്പെട്ടിട്ടുള്ളതിനാൽ വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും കസ്റ്റംസ് പറയുന്നു.വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. ഉന്നതര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ കസ്റ്റംസ് കോടതിയില്‍ നല്‍കിയിരുന്നു.
സ്വർണ്ണക്കടത്ത് കേസ്;കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു
കൊച്ചി:കസ്റ്റംസ് കേസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സിജെഎം കോടതിയിൽ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയാണ് കസ്റ്റംസ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്.ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാളെ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി.കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ച്ചയായ 12 ദിവസമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
രാജ്യത്ത് ഇന്ധനവില കുതിക്കുന്നു;പെട്രോള്‍ വില 85 കടന്നു, ഡീസല്‍ വില 80ന് അടുത്തെത്തി
കൊച്ചി:രാജ്യത്ത് ഇന്ധനവില കുതിക്കുന്നു.പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്.18 ദിവസത്തിന് ഇടയില്‍ ഡീസലിന് കൂടിയത് 3.57 രൂപയാണ്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണ ഇന്ധനവില കൂട്ടി.ഇക്കാലത്ത് പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വര്‍ധിച്ചു.പല ജില്ലകളിലും പെട്രോള്‍ വില 85 കടന്നു. ഡീസല്‍ വില 80ന് അടുത്തെത്തി.ഇന്ധനവില കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കു കുതിച്ചു. 2018 ഒക്ടോബറിനു ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ എണ്ണവിലയില്‍ വര്‍ദ്ധന തുടരുന്നത് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ഇടുക്കി: വലിയതോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.ജാര്‍ഖണ്ഡ് സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്കു ലാലിന്റെ ഭാര്യ വാസന്തിക്ക് തലയില്‍ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതി ജാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ് യാഹല്‍ സ്വദേശി സഞ്ജയ് ബാസ്കി (30) ആണ് പിടിയിലായത്. വലിയതോവാള പൊട്ടന്‍ കാലായില്‍ ജോര്‍ജിന്റെ തോട്ടത്തില്‍ പണി ചെയ്തിരുന്നവരാണ്.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു. പണം സംബന്ധമായ തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.