തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും.പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതും പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താനൊരുങ്ങുന്നത്. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി വിലയിരുത്തിയാകും തീരുമാനമെടുക്കുക.ഈ മാസം 17 മുതല്‍ പത്ത്,പ്ളസ്ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരുദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് അദ്ധ്യാപകരോട് സ്കൂളിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വൈകാതെ പുറപ്പെടുവിക്കും. ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചിച്ചിരിക്കുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയം കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതീയതി തീരുമാനിക്കുക.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട് പൊടിച്ചത് 100 കോടിയിലേറെ രൂപയാണ്. സ്പീക്കറുടെ ധൂര്‍ത്തും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംശയത്തിന്റെ നിഴല്‍ പോലും സ്പീക്കറുടെ മേല്‍ വീഴുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും. എന്നാല്‍ അടുത്ത കാലത്ത് നമ്മുടെ സ്പീക്കറെ സംബന്ധിച്ച് മോശപ്പട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്.സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സ്പീക്കറോ മുഖ്യമന്ത്രിയോ സത്യം പറയുമെന്നാണ് കരുതിയത്. ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും നടന്നിട്ടില്ല. മാധ്യമങ്ങളെ കാണാന്‍ സ്പീക്കര്‍ക്ക് കഴിയാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റബോധം മൂലമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുമ്പോൾ നിര്‍ലജ്ജം അഴിമതി നടത്തുന്ന നടപടിയാണ് നിയമസഭയില്‍ നടന്നിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളും കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.
ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി. ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഈ ജോലി ഏല്പിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. രണ്ടുു ദിവസത്തേക്കാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ആദ്യ ലോക കേരള സഭയുടെ ഭാഗമായി വിദേശത്തുനിന്ന് കൊണ്ടുവന്ന ശരറാന്തല്‍വിളക്ക് ഉള്‍പ്പെടെ പൊളിച്ചുമാറ്റി. സീറ്റിംഗ് അറേഞ്ചുമെന്റും പൊളിച്ചു. താന്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയെ ചെലവായുള്ളു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. നിയമസഭയെ കടലാസ് രഹിതമാക്കാന്‍ 51.31 കോടി രൂപ ചെലവാക്കി. ടെന്‍ഡര്‍ ഇല്ലാത്ത ഈ പദ്ധതി നടപ്പാക്കാന്‍ ഏല്പിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെ ആണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി 13.51 കോടി രൂപ നല്‍കി. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഉന്നയിക്കുന്ന അതേ ആരോപണമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത്രയും തുക ചെലവഴിച്ചിട്ടും നിയമസഭയ്‌ക്കോ അംഗങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്.
ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേര്‍ക്ക് കരാര്‍ നിയമനം നല്‍കി. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. നിയമസഭ ടിവിയാണ് അടുത്ത അഴിമതി. നിയമസഭ സമാജികരുടെ ഫ്‌ളാറ്റില്‍ ഏറെ മുറികള്‍ ഉണ്ടായിട്ടും കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു. ഇതിന് പ്രതിമാസം 25,000 രൂപ വാടക. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ്. ഫ്‌ളാറ്റിലേക്ക് പാത്രങ്ങളും കപ്പുകളും വാങ്ങിയ ചെലവും നിയമസഭയുടെ പേരിലാണ്. ഇ.എം.എസ് സ്മൃതി.- 87 ലക്ഷം രൂപ. വിവാദമുണ്ടായപ്പോൾ പദ്ധതി നിര്‍ത്തിവച്ചു.ഗസ്റ്റ്ഹൗസ്- നിയമസഭ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും സൗകര്യങ്ങളും ഉണ്ടായിരിക്കേ പ്രത്യേകം ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുന്നു. അതിന്റെ ചെലവ് വ്യക്തമല്ല. നിയമസഭയിലെ ചെലവ് സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. അതിന്റെ മറവിലാണ് ഈ ധൂര്‍ത്ത്.പുതിയ നിയമസഭ മന്ദിരം പണിതതിന്റെ ചെലവ് 76 കോടിയാണ്. എന്നാല്‍ നാല് വര്‍ഷത്തിനകം 100 കോടി രൂപയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുടക്കി. ഇതുവരെ ഒരു കണക്കും വച്ചിട്ടില്ല. പണം ചെലവഴിക്കുന്നതില്‍ പ്രത്യേക സൗകര്യം ഉപയോഗിച്ച് വലിയ അഴിമതിയാണ് നടത്തുന്നത്. സ്പീക്കറുടെ അഴിമതിയില്‍ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി;അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു
എറണാകുളം:തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്.അഞ്ച് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാരാണുള്ളത്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തി. കോവിഡിന്‍റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിനായി തയ്യാറാക്കിയ 12643 പോളിങ് ബൂത്തുകളും അണുവിമുക്തമാക്കി. ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഇന്ന് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിങ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം.സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
പോളിങ് ശതമാനം (രാവിലെ 8.30 വരെ)
ജില്ല പോളിങ് ശതമാനം
കോട്ടയം 8.78 %
എറണാകുളം 8.22 %
തൃശൂര്‍ 8.25 %
പാലക്കാട് 7.99 %
വയനാട് 8.62 %
ആകെ 8.29 %
ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം;ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ശൈലജ ടീച്ചറും
തിരുവനന്തപുരം:ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ കേരളാ ആരോഗ്യമന്ത്രി കെ കെ ശൈലജയും. ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസാണ് 12 വനിതകളെ തെരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഡിസംബറില്‍ മാഗസിന്‍ ആഗോളാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന പട്ടികയിലാണ് ഈ വര്‍ഷം കെ കെ ശൈലജയും ഇടം നേടിയത്.നൂറുകണക്കിന് നോമിനേഷനുകളില്‍ നിന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് 12 പേരെ തെരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യുഎസ് നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. നേരത്തെ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയറായും ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചായിരുന്നു വോഗ് മാസിനിലെ ഫീച്ചര്‍. നിപ്പ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയെ അടയാളപ്പെടുത്തിയിരുന്നത്.പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്‌ട് മാഗസിനും കെകെ ശൈലജയെ ആദരിച്ചിരുന്നു. ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അൻപത് വ്യക്തികളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമതെത്തിയിരുന്നു.
കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി
കണ്ണൂര്‍: കണ്ണൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ഥി കാമുകനൊപ്പം ഒളിച്ചോടി. മാലൂര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഭര്‍തൃമതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം പോയത്.പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്.എന്നാല്‍ വീട്ടില്‍ പോയ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാഹത്തിന് മുൻപ് തന്നെ സ്ഥാനാര്‍ഥി ഇയാളുമായി പ്രണയത്തിലായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇരുവരും വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചെന്നാണ് വ്യക്തമാവുന്നത്.
സ്വപ്ന സുരേഷിനു ജയിലിൽ വധഭീഷണി;ജയില്‍ ഡിഐജി അന്വേഷിക്കുമെന്ന് ഋഷിരാജ് സിംഗ്
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന ആരോപണം അന്വേഷിക്കാന്‍ ജയില്‍വകുപ്പ്. ദക്ഷിണമേഖലാ ജയില്‍ ഡിഐജിയാണ് അന്വേഷണം നടത്തുക. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു.ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഏജന്‍സികള്‍ക്കു തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുമാണ് ജയില്‍വകുപ്പിന്‍റെ നിലപാട്. സ്വപ്നയ്ക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കാനും ജയില്‍വകുപ്പ് തീരുമാനിച്ചതായാണു സൂചന. സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ തന്‍റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കോടതി നടപടി. നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്‍റെ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.നവംബര്‍ 25 ന് കസ്റ്റംസിെന്‍റ കസ്റ്റഡിയില്‍ വിടുന്നതിനുമുൻപ് പലതവണയും കസ്റ്റഡിയില്‍ വിട്ട 25 ആം തീയതിയും ഇക്കാര്യം പറഞ്ഞ് അവര്‍ പലതവണ ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റ് കോടതി പലപ്പോഴായി തെന്‍റ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,തെന്‍റ വെളിപ്പെടുത്തലുകള്‍ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പുറത്തുവന്നുകഴിഞ്ഞുവെന്നും സ്വപ്ന പറയുന്നു.. കേസില്‍ താല്‍പര്യമുള്ള ഉന്നത വ്യക്തികളുടെ ഇടപെടല്‍ മൂലം ജയിലിനകത്തുവെച്ച് തന്നെ അപായപ്പെടുത്തിയേക്കാം. ഈ സാഹചര്യത്തില്‍ മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പിക്കും അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ്;രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; വിധിയെഴുതുന്നത് അഞ്ച് ജില്ലകൾ
എറണാകുളം:തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു ജില്ലകളിലായി ആകെ 98,56,943 വോട്ടുമാറാനുള്ളത്. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്. 12,643 പോളിംഗ് ബൂത്തുകളാണുള്ളത്.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്.473 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 5 ജില്ലകളിലായി 63000 ത്തോളം ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്‍റൈനിൽ പോയവർക്കും ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ നാളെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ ആരോഗ്യ വകുപ്പിന്‍റെ സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്‌റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37 ആം വാർഡ്, തൃശൂർ കോർപ്പറേഷനിലെ 47 ആം ഡിവിഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. പോളിംങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിംങ് സാമഗ്രികളുടെ വിതരണം അഞ്ച് ജില്ലകളിലും ഇന്ന് രാവിലെ ആരംഭിക്കും.
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍കോട് 79, ഇടുക്കി 73 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കൊല്ലത്ത് പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ വയോധിക കൈയില്‍ ഒഴിച്ചു നല്‍കിയ സാനിറ്റൈസര്‍ കുടിച്ചു.കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ആലപ്പാട് എല്‍.പി സ്‌കൂളിലെ ബൂത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പോളിങ് ബൂത്തിലേക്ക് കയറുന്നതിന് മുന്‍പ് അണുവിമുക്തമാക്കാനായി കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ ഇവര്‍ കുടിക്കുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സംഘം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാനിറ്റൈസര്‍ ആണെന്ന് വൃദ്ധയ്ക്ക് ധാരണയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്;പോളിംഗ് ശതമാനം 55 കടന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് അഞ്ചു ജില്ലകളിൽ പോളിങ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് തുടങ്ങി ഏഴര മണിക്കൂര്‍ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 55 കടന്നു. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഭൂരിപക്ഷം ബൂത്തുകളിലും ദൃശ്യമായത്. ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിംഗ് തടസപ്പെട്ടു.സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ റെക്കോഡ് പോളിംഗാണ് തെക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തുന്നത്. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞു വീണ് മരിച്ചു. പത്തനംതിട്ട നാറണമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ പുതുപ്പറമ്പിൽ മത്തായി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പളളി പഞ്ചായത്തില്‍ മഹാദേവികാട് സ്വദേശിയായ ബാലന്‍ എന്നിവരാണ് മരിച്ചത്.
മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഉപയോഗിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പാലിക്കാനായില്ല.അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്. ഇന്നലെ മുതല്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം. പോളിങ് നടക്കുന്ന 11225 ബൂത്തുകളും അണുവിമുക്തമാക്കി. പോളിങിന്‍റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.