തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നേറ്റം.യു ഡി എഫിന് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും തിരിച്ചടിയുണ്ടായി. ചില തദ്ദേശ സ്ഥാപനങ്ങളില്‍ എന്‍ ഡി എ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.രാവിലെ 10.30 നുള്ള കണക്കനുസരിച്ച് കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും പഞ്ചായത്ത് തലത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. നഗരസഭകളില്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിനു മുന്നിലാണ്.തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരില്‍ യുഡിഎഫ് 2 സീറ്റുകള്‍ക്കു മുന്നില്‍. കൊച്ചിയില്‍ യുഡിഎഫിനാണ് ആധിപത്യം.മുനിസിപ്പാലിറ്റികളില്‍ 37 എണ്ണത്തില്‍ എല്‍ഡിഎഫും 39 എണ്ണത്തില്‍ യുഡിഎഫും മൂന്നിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തില്‍ 12 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും. ബ്ലോക്ക് പഞ്ചായത്തില്‍ 97 ഇടത്ത് എല്‍ഡിഎഫും 52 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ഗ്രാമപഞ്ചായത്തില്‍ 409 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. യുഡിഎഫ് 350, ബിജെപി 28, സ്വതന്ത്രര്‍ 53.
കീഴാറ്റൂരില്‍ ‘വയല്‍ കിളികള്‍ക്ക്’ തോൽവി
കണ്ണൂർ:കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തോൽവി.വനിതാ സംവരണ വാര്‍ഡ് ആയിരുന്നു കീഴാറ്റൂര്‍. വയല്‍കിളി സമരത്തിലെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് വയല്‍ കിളികള്‍ക്കായി മത്സരിച്ചിരുന്നത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചിരിക്കുന്നത്.85 ശതമാനത്തിലേറെ വോട്ട് എല്‍ഡിഎഫ് നേടി. വയല്‍ കിളികള്‍ക്ക് കോണ്‍ഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിന് എതിരെ ആയിരുന്നു തളിപ്പറമ്പിൽ വയല്‍ കിളികളുടെ സമരം.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് എന്‍ഡിഎ
കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി എന്‍ഡിഎ അക്കൗണ്ട് തുറന്നു. പള്ളിക്കുന്നില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷിജു ആണ് വിജയിച്ചത്. 200 ലേറെ വോട്ടിനാണ് ഷിജു ജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.തളിപ്പറമ്പ മുനിസിപ്പാലിറ്റിയിലും മൂന്ന് സീറ്റുകള്‍ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാല്‍ക്കുളങ്ങര , തൃച്ചംബരം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
പാലയില്‍ എല്‍.ഡി.എഫിന് മുന്നേറ്റം
കോട്ടയം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കെ. എം മാണിയുടെ തട്ടകമായ പാല നഗരസഭയിൽ എൽ.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. ജോസ്.കെ മാണിയുടെ മുന്നണി പ്രവേശനം എൽ.ഡി.എഫിന് ഗുണകരമായെന്നാണ്വിലയിരുത്തപ്പെടുന്നത്. ഫലമറിഞ്ഞ ഒമ്പതു സീറ്റില്‍ എട്ടിടത്തും എല്‍.ഡി.എഫ് വിജയിച്ചു. ജോസ് കെ. മാണിയുടെ ഇടതു മുന്നണിയുടെ പ്രവേശത്തില്‍ താത്പര്യമില്ലാത്ത നഗരസഭയിലെ പല മുതിര്‍ന്ന നേതാക്കളും ജോസഫി വിഭാഗത്തിലേക്ക് മാറിയിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളിലെ വലിയൊരു വിഭാഗത്തിന്‍റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ടായിരുന്നു.കോട്ടയം ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്.
കണ്ണൂരിൽ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം.
കണ്ണൂര്‍: കോര്‍പറേഷന്‍റെ വോട്ടെണ്ണല്‍ കേന്ദ്രമായ മുനിസിപ്പല്‍ ഹൈസ്കൂളില്‍ സംഘര്‍ഷം. ഇന്ന് രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്.പോസ്റ്റല്‍ വോട്ടുകള്‍ ഓരോ ഡിവിഷന്‍റെ തരംതിരിക്കാതെ ഒന്നിച്ച് കൂട്ടിയിട്ടതിനെ കോണ്‍ഗ്രസ് നേതാക്കളായ പി.കെ. രാഗേഷും ടി.ഒ. മോഹനനും ചോദ്യം ചെയ്തതാണ് കാരണം.29 മുതല്‍ 55 വരെയുള്ള വാര്‍ഡുകളിലെ റിട്ടേണിംഗ് ഓഫീസര്‍ ഏകപക്ഷീയമായ നടപടികള്‍ നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇങ്ങനെ കൂട്ടിയിട്ട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് കാരണം ഒരു ബൂത്തില്‍ എത്ര പോസ്റ്റല്‍ വോട്ട് എത്തിയെന്ന് മനസിലാക്കുവാന്‍ സാധിക്കുന്നില്ലെന്നും പോസ്റ്റല്‍ ബാലറ്റിന് സ്ഥാനാര്‍ഥിക്കോ ഏജന്‍റിനോ രസീത് നല്‍കാന്‍ റിട്ടണിംഗ് ഓഫീസര്‍ തയാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് അല്‍പസമയത്തേക്ക് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. റിട്ടേണിംഗ് ഓഫീസറുടെ നടപടി ധിക്കാരവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാണിച്ച് രാഗേഷ് ജില്ലാ കളക്ടര്‍ക്കും എഡിഎമ്മിനും പരാതി നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍; ഉച്ചയോടെ ചിത്രം വ്യക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. 244 കേന്ദ്രങ്ങൡലായി കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ആദ്യം തപാല്‍വോട്ടുകളാണ് എണ്ണിതുടങ്ങിയത്. കോര്‍പ്പറേഷനിലും നഗരസഭകളിലും രാവിലെ പത്ത് മണിയോടെ ഏകദേശ ഫലങ്ങള്‍ പുറത്തുവരും. ഗ്രാമപഞ്ചായത്തുകളില്‍ ത്രിതല സംവിധാനത്തിലെ വോട്ടുകള്‍ എണ്ണേണ്ടതിനാല്‍ ഫലം വൈകും.ഉച്ചയോടെ പൂര്‍ണ്ണമായ ഫലപ്രഖ്യാപനം നടത്താനാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. കൗണ്ടിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കെല്ലാം കൈയുറ, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്.കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. കോവിഡ് സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ ഉള്‍പ്പെടെ 2,11,846 തപാല്‍ വോട്ടുകളുണ്ട്. വോട്ടെടുപ്പു ദിവസം സംഘര്‍ഷമുണ്ടായ മലപ്പുറം ജില്ലയിലും കോഴിക്കോട്ടെ വടകര, നാദാപുരം, കുറ്റിയാടി, വളയം, പേരാമ്ബ്ര എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് ആറു മണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഇരിട്ടി മുഴക്കുന്നിൽ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിനു നേരെ ബോംബാക്രമണം
കണ്ണൂർ:ഇരിട്ടി മുഴക്കുന്നിൽ കോണ്‍ഗ്രസ് നേതാവിന്‍റെ വീടിനു നേരെ ബോംബാക്രമണം.തളിപൊയിലിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.എം.ഗിരീഷിന്‍റെ വീട്ടിനു നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത് . മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല . ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.തിങ്കളാഴ്ച നടന്ന അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനിടെ പ്രദേശത്ത് യുഡിഎഫിന്‍റ രണ്ട് ബൂത്ത് ഏജന്‍റുമാര്‍ക്ക് മര്‍ദനമേറ്റിരുന്നു. എട്ടാം വാര്‍ഡ് വട്ടപൊയിലിലെ ബൂത്ത് ഏജന്‍റ് സി.കെ മോഹനന്‍, ഷഫീന എന്നിവര്‍ക്കാണ് ബൂത്തിനുള്ളില്‍ വച്ച് മര്‍ദനമേറ്റത്. ബൂത്തിനകത്തു വച്ച് മോഹനന്‍റെ കൈയില്‍ ഉണ്ടായിരുന്നു വോട്ടര്‍പട്ടികയും സിപിഎമ്മുകാര്‍ വലിച്ചു കീറിയതായി ആരോപണമുണ്ട്.കള്ളവോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു മര്‍ദനം. മോഹനന്‍റെ കണ്ണിന് പേനകൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പ്; ഡിസംബര്‍ 26ന് ശേഷം ആര്‍.ടി.പി.സി.ആര്‍. നിർബന്ധമാക്കി
തിരുവനന്തപുരം:ശബരിമല സന്നിധാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തീർത്ഥാടകർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതുവരെ 51 തീര്‍ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും മറ്റുള്ള 3 പേർക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.മോശം വായുസഞ്ചാരമുള്ള അടച്ച ഇടങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, മുഖാമുഖം അടുത്ത സമ്ബര്‍ക്കം വരുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളത്. അതിനാല്‍ തന്നെ ഈ സ്ഥലങ്ങളില്‍ ഏറെ ജാഗ്രത വേണം. എല്ലാവരും കോവിഡ്-19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.ഫലപ്രദമായി കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെ യാത്ര യാത്രചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുന്‍കരുതലുകളും തീര്‍ഥാടകര്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍ കൈയ്യില്‍ കരുതണം. അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വസന ലക്ഷണങ്ങള്‍, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റുന്നില്ല തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്.ഡ്യൂട്ടിയില്‍ വിന്യസിക്കുന്നതിന് മുൻപ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പരിശോധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2020 ഡിസംബര്‍ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീര്‍ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്.എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂര്‍ മുൻപ് ഐസിഎംആറിന്റെ അംഗീകാരമുള്ള എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബില്‍ നിന്നെടുത്ത ആര്‍.ടി.പി.സി.ആര്‍, ആര്‍.ടി.ലാംമ്പ് , എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി
ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി.ജഡ്ജിയെ മാറ്റുന്നത് അപ്രായോഗികമാണ്. ജഡ്ജിയുടെ പരാമർശങ്ങള്‍ക്കെതിരെയോ നടപടികൾക്കെതിരെയോ പരാതിയുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുകയില്ല, മറിച്ച് ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.പ്രതിയുടെ മേലുള്ള കുറ്റകൃത്യങ്ങൾ തിരുത്തണമെങ്കിലും ഹൈകോടതിയെ സമീപിക്കാവുന്നതെയുള്ളൂ. അല്ലാതെ ഇത്തരത്തിൽ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുത്. ജഡ്ജിക്ക് മുൻവിധിയുണ്ടെന്ന് തെളിയിക്കാൻ ഇത് മതിയായ കാരണല്ലെന്നും കോടതി നിരീക്ഷിച്ചു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നത്,ഇരക്കെതിരെ മോശം പരാമ൪ശം നടത്തി, പല പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സ൪ക്കാ൪ ജഡ്ജിയെ മാറ്റാൻ അനുമതി തേടിയത്. സംസ്ഥാന സ൪ക്കാറിന് വേണ്ടി മുൻ അഡീഷണൽ സോളിസിറ്റ൪ ജനറൽ രഞ്ജിത് കുമാറാണ് ഹാജരായിരുന്നത്. ഹരജി തള്ളിയ സുപ്രിം കോടതി ഹൈകോടതി ഉത്തരവ് ശരിവെയ്ക്കുകയും ചെയ്തു.
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനമിടിച്ച് മരിച്ച സംഭവം;ലോറി ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ;വാഹനം നിർത്താതെ പോയത് ഭയന്നിട്ടെന്ന് ഡ്രൈവറുടെ മൊഴി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ച ലോറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജോയിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് ഭയന്നിട്ടാണെന്നാണ് ഡ്രൈവർ ജോയിയുടെ മൊഴി. അപകട സമയത്ത് വാഹനത്തിന്റെ ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നു. വെള്ളയാണിയിൽ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരം വഴി പേരൂർക്കടയിലെത്തി. തുടർന്ന് വാഹനം ഈഞ്ചയ്ക്കലിലേക്ക് മാറ്റി. വാഹനത്തിന്റെ ഉടമയെയും വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. കരമന-കളിയിക്കവിള ദേശീയപാതയിൽ ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അപകടത്തിന് പിന്നിൽ ടിപ്പർ വിഭാഗത്തിൽപ്പെട്ട വാഹനമാണെന്ന് പോലീസ് സ്ഥിരീകരി ച്ചിരുന്നു. സംഭവത്തിൽ പ്രദീപിൻറെ അമ്മ വസന്തകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായാണ് അമ്മ വസന്ത കുമാരി പറഞ്ഞത്.