കണ്ണൂർ:കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനും ഡ്രൈവറും പിടിയില്‍.കോര്‍പ്പറേഷനിലെ എടക്കാട് മേഖലാ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ രമേശ് ബാബു (52), ഡ്രൈവര്‍ എടക്കാട് നടാലിലെ പ്രജീഷ് (38) എന്നിവരാണ് പിടിയിലായത്. അലവില്‍ സ്വദേശി സഞ്ജയ്കുമാറാണ് പരാതി നല്‍കിയത്. ഭാര്യ സഹോദരിയുടെ പേരില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സഞ്ജയ് കുമാര്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയുടെ തുടര്‍നടപടികള്‍ക്കായി പലതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട് ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി 5000രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സഞ്ജയ് കുമാര്‍ വിജിലന്‍സിനെ സമീപിച്ചു.വിജിലന്‍സ് ഇയാളെ 500 ന്റെ 10 നോട്ടുകള്‍ ഏല്‍പ്പിച്ചു. പണം ഡ്രൈവര്‍ പ്രജീഷിനെ ഏല്‍പ്പിക്കാന്‍ ആയിരുന്നു രമേശ് ബാബു നിര്‍ദ്ദേശിച്ചിരുന്നത്.പ്രജീഷിന് ആദ്യം വിളിച്ചപ്പോള്‍ പണവുമായി താണയില്‍ എത്താന്‍ ആവശ്യപ്പെട്ടു. സഞ്ജയ് കുമാര്‍ താണയിലെത്തി വിളിച്ചപ്പോള്‍ ശ്രീപുരം സ്കൂളിന് സമീപത്തു വരാന്‍ പറഞ്ഞു. അവിടെവച്ചാണ് ആണ് വിജിലന്‍സ് നല്‍കിയ 5000 രൂപ സഞ്ജയ് കുമാര്‍ പ്രജീഷിന് നല്‍കിയത്. പണം കിട്ടിയ ഉടനെ ഡ്രൈവര്‍ പ്രജീഷ് ഇടക്കാട് ഓഫീസിലേക്ക് വിളിച്ച് അറിയിച്ചു. അപ്പോഴേക്കും മറഞ്ഞുനിന്ന വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ രമേശ് ബാബുവിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന പ്രജീഷ് മൊഴിനല്‍കി. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇന്‍സ്‌പെക്ടര്‍മാരായ എ.വി. ദിനേശ്, ടി.പി. സുമേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പങ്കജാക്ഷന്‍, മഹേഷ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു;പ്ലസ് ടു പരീക്ഷ രാവിലെ, പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്കും
തിരുവനന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച് 17 മുതലാണ് പരീക്ഷ നടക്കുന്നത്. രാവിലെ പ്ലസ് ടുവിനും ഉച്ചയ്ക്ക് ശേഷം പത്താം ക്ലാസിനുമാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.നിലവില സാഹചര്യം പരിഗണിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. പരീക്ഷകള്‍ വിദ്യാര്‍ത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിര്‍ദേശം മുന്‍പോട്ട് വെച്ചു.ഇതിനു പുറമെ, ക്ലാസ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുകയെന്നും അധികൃതര്‍ അറിയിക്കുന്നു. സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായം തേടിയേക്കും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കൂ.കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരില്‍ എത്രപേര്‍ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകള്‍ക്കു ക്രമീകരിക്കാം. എസ് എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.
യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ജയം
കോഴിക്കോട്: യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീ പോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിൽ യുഡിഎഫിന് ജയം.സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാലയും, മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ ജഹ്ഫര്‍ കുന്നത്തേരിയുമാണ് വിജയിച്ചത്.യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവിടെ റീം പോളിങ് നടത്തിയത്. 76.67 ശതമാനമാണ് വോട്ടിങ് നില. ഡിസംബര്‍ പത്തിന് ഉണ്ടായ പോളിംഗിനേക്കാള്‍ പത്ത് വോട്ടു കുറവാണ് ഇത്തവണ പോള്‍ രേഖപ്പെടുത്തിയത്.
‘കെ. സുധാകരനെ വിളിക്കൂ,കോണ്‍ഗ്രസിനെ രക്ഷിക്കൂ’;കെപിസിസി ആസ്ഥാനത്ത് ഫ്‌ളക്സ്
തിരുവന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഫ്‌ളക്‌സുകള്‍. “കെ. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്നെഴുതി യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്‌യുവിന്റെയും പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്.തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്നിലും എംഎല്‍എ ഹോസ്റ്റലിന് മുന്നിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും ബോര്‍ഡില്‍ പറയുന്നു.കേരളത്തിലെ കോണ്‍ഗ്രസിന് ഊര്‍ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ചിഹ്നവും ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് കെ. മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. താനായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരന്‍ എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നുമായിരുന്നു സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിന് ചേരാനിരിക്കെയാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. തോല്‍വി പരിശോധിക്കാന്‍ ജില്ലാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ഇന്ന് രാവിലെ പത്തിനു കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്
കാസര്‍കോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം
കാസര്‍കോട്: പടന്ന എടച്ചാക്കൈയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി.കെ ഫൈസലിന്റെ വീടിന് നേര്‍ക്കാണ് ആക്രമികള്‍ ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടു പറ്റിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് പി.കെ ഫൈസല്‍ ആരോപിച്ചു. എന്നാല്‍ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നും ഫൈസലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് സി.പി.എം പ്രതികരണം.
കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് മോദി പറഞ്ഞത്. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ കാര്‍ഷിക നിയമം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പാണ്. നിയമപരിഷ്കരണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പെന്ന് പ്രതിപക്ഷം പറയുന്നില്ല.കടം എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കായി എന്ത് ചെയ്തു. നിയമം നടപ്പിലാക്കിയിട്ട് ആറ് മാസമായി. പെട്ടന്നുള്ള സമരത്തിന് കാരണം രാഷ്ട്രിയം മാത്രമാണ്. കര്‍ഷക ക്ഷേമത്തിന്‍റെ ക്രെഡിറ്റ് മോദിക്ക് ലഭിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിന്.പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കുന്നതോടെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള ഇടനിലക്കാരെ ഒഴിവാക്കാനായി. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരേണ്ട മാറ്റമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ 14 പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്:ജില്ലയില്‍ 14 പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്‍ മരിച്ചിരുന്നു. രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 9 കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസ്സിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചു. പരിശോധന ഫലം നാളെ ലഭിച്ചേക്കും. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കണ്ണൂരിൽ മേയറാകാൻ മൂന്നുപേർ;കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിന് കൂടുതല്‍ സാധ്യത
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആരാകും മേയര്‍ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.യുഡിഎഫ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ച മുന്‍ ഡപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കെപിസിസി അംഗം ടി.ഒ. മോഹനന്‍, കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ വിജയിച്ചതോടെ ഇവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും നറുക്ക് വീഴുക. മേയര്‍സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെ ജാഗ്രതയോടെയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് കരുനീക്കം നടത്തിയത്. എല്‍ഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ച രാഗേഷിന്‍റെ പിന്തുണയിലായിരുന്നു മൂന്നരവര്‍ഷം എല്‍ഡിഎഫ് കോര്‍പറേഷന്‍ ഭരിച്ചിരുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് രാഗേഷിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവന്നാണ് യുഡിഎഫ് കോര്‍പറേഷന്‍ ഭരണം തിരിച്ചുപിടിച്ചത്. രാഗേഷ് നിരുപാധികമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നത് എന്നതുകൊണ്ടുതന്നെ രാഗേഷിനെ മേയര്‍സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കെ. സുധാകരന്‍ എം.പി ഉള്‍പ്പെടുന്ന ആലിങ്കീല്‍ ഡിവിഷനില്‍ നിന്നാണ് പി.കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടത്. കോര്‍പറേഷനിലെ അനുഭവസമ്പത്ത് നോക്കുമ്പോൾ രാഗേഷിനും ടി.ഒ. മോഹനനും തുല്യ അംഗീകാരമാണ് ലഭിക്കുക. പാര്‍ട്ടിയുടെ പ്രോട്ടോകോള്‍ പ്രകാരം കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലും മാര്‍ട്ടിന്‍ ജോര്‍ജിനും മേയര്‍സ്ഥാനത്തേക്ക് പ്രഥമ പരിഗണനയുണ്ട്.കെ.എസ്.യു ജില്ല പ്രസിഡന്‍റ്, യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഒന്നാം ഡിവിഷനായ പള്ളിയാംമൂലയില്‍ നിന്നാണ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ കന്നിയങ്കമായിരുന്നു. ചാല ഡിവിഷനില്‍ നിന്നാണ് അഡ്വ. ടി.ഒ. മോഹനന്‍ വിജയിച്ചത്. കെ.എസ്.യുവിലൂടെ തുടക്കം. ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗമാണ്. 34 വര്‍ഷമായി കോണ്‍ഗ്രസ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ടി.ഒ. മോഹനന്‍ കണ്ണൂര്‍ നഗരസഭയില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രഥമ കണ്ണൂര്‍ കോര്‍പറേഷനില്‍ പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.ഉഭയകക്ഷി ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടാമത്തെ രണ്ടര വര്‍ഷം മുസ്ലിം ലീഗും മേയര്‍ സ്ഥാനം വഹിക്കും. ഈ സാഹചര്യത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി മുസ്ലിം ലീഗിനു ലഭിക്കും. ഈ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് പരിഗണിക്കുന്നത് കസാനക്കോട്ട ഡിവിഷനില്‍നിന്ന് വിജയിച്ച ഷമീമ ടീച്ചറെയാണ്. അത്താണി ആയിക്കര സ്ഥാപനത്തിന്റെയും കസാനക്കോട്ടയിലെ വനിത പുനരധിവാസ കേന്ദ്രമായ സീല്‍ അറ്റ് ഹോമിെന്‍റയും ജനറല്‍ സെക്രട്ടറിയാണ്. ഓർഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ജില്ല വൈസ് പ്രസിഡന്‍റ്, മുസ്ലിം ഗേള്‍സ് ആന്‍ഡ് വിമന്‍സ് മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ആദ്യ വനിത അംഗമാണ്. രണ്ടാമത്തെ കാലാവധിയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസിനായിരിക്കും.
സി.എം. രവീന്ദ്രനെ ഇന്നും ചോദ്യം ചെയ്യും; ഇഡി ഓഫിസില്‍ ഹാജരായി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലിാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ ചോദ്യം ചെയ്തത് 12 മണിക്കൂറോളമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍ രവീന്ദ്രന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. നാല് തവണ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 8.45ഓടെയാണ് രവീന്ദ്രന്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 10.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ 12 മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് 11 മണിയോടെ രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് പുറത്തുവിടുകയായിരുന്നു. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തുന്നത്. ലൈഫ് മിഷന്‍, കെ ഫോണ്‍ എന്നീ പദ്ധതികളുടെ ഇടപാടില്‍ ശിവശങ്കറിന് രവീന്ദ്രനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ ഇയാള്‍ നിയന്ത്രിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചത് രവീന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും
തിരുവനന്തപുരം:ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് ആണ് ഈക്കാര്യം അറിയിച്ചത്. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കാനുമെന്നാണ് കെഎസ് ആര്‍ടിസി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഭൂരിപക്ഷം ബസുകളും കട്ടപ്പുറത്താണെന്നും അതിനാല്‍ ഘട്ടം ഘട്ടമായി മാത്രമേ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനാകുകയുള്ളുവെന്നാണ് സോണല്‍ ഓഫീസര്‍മാരുടെ നിലപാട്.അതേസമയം ക്രിസ്തുമസ് പുതുവല്‍സര ദിനത്തോടനുബന്ധിച്ച് കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും.ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെയാണ് പ്രത്യേക സര്‍വ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക