തിരുവനന്തപുരം:അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റര്‍ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഫാ. തോമസ് കോട്ടൂര്‍ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു.1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു.പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ചശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല. ഈ മാസം 10 നാണ് വാദം പൂര്‍ത്തിയായത്.
സിസ്റ്റർ അഭയ കൊലക്കേസ്;വിധി ഇന്ന്
കൊച്ചി:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി വിധി ഇന്ന്. 28 വര്‍ഷത്തിന
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളായ ആദില്‍, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി 8.30യോടെ കളമശ്ശേരി കുസാറ്റ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പുലര്‍ച്ചെ 12.30യോടെയാണ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും സ്‌റ്റേഷനില്‍ സൂക്ഷിച്ച പ്രതികളെ 11 മണിയോടെ മെഡിക്കല്‍ പരിശോധക്കയച്ചു. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃക്കാക്കര എ.സി.പി ജിജിമോന്‍ പറഞ്ഞു. പ്രതികള്‍ പിടിയിലായതിന് പിന്നാലെ കുടുംബാഗങ്ങളെ ഓര്‍ത്ത് ഇരുവര്‍ക്കും മാപ്പ് നല്‍കിയതായി നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നടി മാപ്പ് നല്‍കിയത് കൊണ്ട് മാത്രം കേസ് അവസാനിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.നടിയെ അപമാനിച്ചതില്‍ പൊലീസ് സ്വമേധയാ ആണ് നടപടികള്‍ തുടങ്ങിയതെങ്കിലും നടിയുടെ അമ്മ നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ തുടർനടപടികൾ കോടതിയുടെ തീരുമാന പ്രകാരം ആയിരിക്കും. നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ഇല്ലാത്തതിനാല്‍ ഫോണിലൂടെയാണ് മൊഴിയെടുത്തത്. കൊവിഡ് പരിശോധനക്ക് ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു
കൊച്ചി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു.പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ.ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം. കോര്‍പറേഷനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടേത് 11.30ന് ആരംഭിക്കും.തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തിന് ജില്ലാ കളക്ടറാണ് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നത്. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്.അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് 28, 30 തീയതികളില്‍ നടക്കും. സത്യപ്രതിജ്ഞ കഴിഞ്ഞാലുടന്‍ അംഗങ്ങളുടെ ആദ്യയോഗം നടക്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20-ന് പൂര്‍ത്തിയാകാത്ത എട്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ 22, 26, ജനുവരി 16, ഫെബ്രുവരി ഒന്ന് തീയതികളിലായി സത്യപ്രതിജ്ഞ നടക്കും. കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം.
എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം
കൊച്ചി:തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം.കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) ആണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു തെളിയിച്ചാല്‍ ഇവ പിന്നീട് തിരിച്ചു നല്‍കും.എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതി പണമാണെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. ശിവശങ്കറിനെതിരെ എടുത്ത കേസില്‍ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയില്‍ സമര്‍പ്പിക്കും. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത് . പിഎംഎല്‍എ സെക്‌ഷന്‍ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികള്‍ ഇക്കാര്യത്തില്‍ നിയമപരമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നല്‍കി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാന്‍ ഇഡി ശ്രമിക്കുന്നത്.
തട്ടിക്കൊണ്ടുപോയവരുടെ കയ്യിൽ നിന്നും മലയാളി ദമ്പതികളുടെ മകനെ കര്‍ണാടക പൊലീസ് രക്ഷപ്പെടുത്തിയത് സർജിക്കൽ സ്‌ട്രൈക്കിലൂടെ
മംഗളൂരു:കണ്ണൂര്‍ സ്വദേശികളും ബിസിനസുകാരുമായ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കി കര്‍ണാടക പൊലീസ് . വ്യാഴാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ കുട്ടിയെ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒരു പോറല്‍പോലും ഏല്ക്കാതെ രക്ഷപ്പെടുത്തിയത്. ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മംഗളുരു ബല്‍ത്തങ്ങാടി ഉജിരെയില്‍ മലയാളി ബിസിനസുകാരും കണ്ണൂര്‍ സ്വദേശികളുമായ ബിജോയ് അറയ്കലിന്റെയും ശാരിതയുടെയും എട്ടുവയസുള്ള മകന്‍ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.ബംഗളൂരു ഇലക്‌ട്രോണിക്സ് സിറ്റിയിലെ കോമള്‍, ഇയാളുടെ സുഹൃത്ത് മഹേഷ്, മാണ്ഡ്യ സ്വദേശി ഗംഗാധര്‍, കുട്ടിയെ ഒളിപ്പിച്ച വീടിന്റെ ഉടമ മഞ്ജുനാഥ് എന്നിവരും പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ലാത്ത മൂന്നു പേരുമാണ് അറസ്റ്റിലായത്. ഉജിരെയിലെ വീടിനു മുന്നില്‍ ബിജോയിയുടെ പിതാവ് ശിവന്‍ നോക്കിനില്‍ക്കേയാണ് ബംഗലൂരു രജിസ്ട്രേഷനിലുള്ള വെള്ള ഇന്‍ഡിക്ക കാറിലെത്തിയ സംഘം റോഡരികില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കോലാര്‍ ജില്ലയിലെ ഉള്‍പ്രദേശത്തെ വീട്ടില്‍ ഒളിപ്പിച്ചശേഷം വെള്ളിയാഴ്ച രാവിലെ അനുഭവിന്റെ അമ്മ ശാരിതയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഹാര്‍ഡുവെയര്‍ബിസിനസുകാരനാണ് ബിജോയ്.ബല്‍ത്തങ്ങാടി പൊലീസ് അന്വേഷണം തുടരവേ, സംഘാംഗം ശാരിതയെ വീണ്ടും വിളിച്ച് മോചനദ്രവ്യം 100 ബിറ്റ്കോയിനായി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് 20 ആയി കുറച്ചു. പണമായി നല്‍കുന്നെങ്കില്‍ പത്തുകോടി മതിയെന്നും പറഞ്ഞു. പിന്നീട് വിളിച്ച് 25 ലക്ഷം രൂപ അടിയന്തരമായി എത്തിക്കണമെന്നായി.ഇതിനിടെ ഫോണ്‍ ലൊക്കേഷന്‍ കോലാര്‍ ജില്ലയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിറുത്തി കോലാര്‍ പൊലീസിന്റെ സഹായത്തോടെ വീട് കണ്ടെത്തി നിരീക്ഷണത്തിലാക്കി. സംഘം ഉറക്കത്തിലായിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ കെട്ടുറപ്പില്ലാത്ത വീടുവളഞ്ഞ് പൊലീസ് ഇരച്ചുകയറുകയായിരുന്നു.ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി ബി.എല്‍. ലക്ഷ്മിപ്രസാദും കോലാര്‍ ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് റെഡ്ഡിയും ഓപ്പറേഷന് നേതൃത്വം നല്‍കി. കുട്ടിയെ കുടുംബത്തിന് കൈമാറി.
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
കൊച്ചി: ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ സ്വദേശികളായ ഇർഷാദ്,ആദിൽ എന്നിവരാണ് പിടിയിലായത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തിയ ആദിലിനേയും ഇര്‍ഷാദിനേയും കളമശേരി സിഗ്നല്‍ ജങ്ഷനില്‍ വാഹനം തടഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നതായി വാര്‍ത്തയുണ്ട്.പ്രതികളെ പിടിക്കാന്‍ കളമശേരി സിഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മലപ്പുറത്തും കോയമ്പത്തൂരും അന്വേഷിച്ചു പോയിരുന്നു. നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജോലി ആവശ്യത്തിന് കൊച്ചിയില്‍ എത്തിയപ്പോള്‍ തിരിച്ചുപോകാനുള്ള ട്രെയിന്‍ എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് ലുലുമാളില്‍ എത്തിയതെന്നും പ്രതികള്‍ പറഞ്ഞു. ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് നടിയെ കണ്ടത്. നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ത്തന്നെ തിരിച്ചുപോന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. നടിയുടെ ശരീരത്തില്‍ അബദ്ധത്തില്‍ കൈ തട്ടിയതാകാം, അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
കോഴിക്കോട് ഷിഗെല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിൽ നിന്നെന്ന് പ്രാഥമിക റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട്ടെ മായനാട് കൊറ്റമ്പരം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല രോഗം പടര്‍ന്നു പിടിച്ചത് കുടിവെള്ളത്തിലൂടെയെന്ന് കണ്ടെത്തല്‍.കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും സമര്‍പ്പിച്ചു.ഷിഗെല്ല രോഗം ബാധിച്ചു മരിച്ച പതിനൊന്നുകാരന്റെ മരണാനന്തരച്ചടങ്ങില്‍ വിതരണം ചെയ്ത വെള്ളത്തിലൂടെയാണു രോഗം പടര്‍ന്നതെന്നാണു കണ്ടെത്തല്‍. അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ല ബാക്ടീരിയ എങ്ങനെ എത്തിയെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് ഒരാഴ്ചയോളം തുടര്‍പഠനം നടത്തും.ഷിഗെല്ല സോനി ഇനത്തില്‍ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ഇതിന്റെ അളവു കൂടുമ്പോഴാണ് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.കോട്ടാംപറമ്പിൽ 11 വയസ്സുകാരന്‍ മരിച്ചതു ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയാണ് 6 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സംസ്കാരത്തില്‍ പങ്കെടുത്തവരായിരുന്നു 6 പേരും.കൂടുതല്‍ പേര്‍ക്ക് രോഗം പകരാതിരിക്കാന്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്തു. കുട്ടികള്‍ക്ക് കൂടുതലായി രോഗം കണ്ടെത്തിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം കര്‍ശനമാക്കിയിട്ടുണ്ട്. കിണറിലെ വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യക്തി ശുചിത്വം നിര്‍ബന്ധമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പ്രദേശത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് ജില്ല മെഡിക്കല്‍ വിഭാഗത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു;4,749 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6,293 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍കോട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, കോഴിക്കോട് 753, മലപ്പുറം 616, തൃശൂര്‍ 640, കോട്ടയം 560, ആലപ്പുഴ 447, കൊല്ലം 400, പാലക്കാട് 208, പത്തനംതിട്ട 289, തിരുവനന്തപുരം 291, കണ്ണൂര്‍ 218, വയനാട് 237, ഇടുക്കി 164, കാസര്‍ഗോഡ് 111 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.49 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവം;യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
കൊച്ചി:കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.മാളിലെ വിവിധയിടങ്ങളില്‍ നിന്നായി പോലീസ് ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നും മാസ്‌ക് ഉപയോഗിച്ച് മുഖം മറഞ്ഞിരിയ്ക്കുന്ന സാഹചര്യത്തില്‍ പ്രതികളെ തിരിച്ചറിയാനാവാതെ വന്നതോടെയാണ് കളമശേരി പൊലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.പ്രായപൂര്‍ത്തിയായ രണ്ടു യുവാക്കളാണ് ചിത്രങ്ങളിലുള്ളത്. ഏകദേശം തുല്യപൊക്കമാണ് ഇരുവര്‍ക്കുമുള്ളത്. ഒരാള്‍ നീല ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചിരിയ്ക്കുന്നു. മറ്റെയാള്‍ ചന്ദനനിറത്തിലുള്ള പാന്റ്‌സും ഇളംനീലനിറത്തിലുള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ലുലുമാളിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം മെട്രോ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള ദൃശ്യങ്ങളുമുണ്ട്. പൊലീസിന് നേരിട്ട് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവിരം കിട്ടുന്നവര്‍ കളമശേരി പൊലീസിനെ വിവരം അറിയിക്കണം.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാളിന്റെ പ്രവേശനകവാടത്തില്‍ പേരും ഫോണ്‍ നമ്ബരും നല്‍കിയശേഷം വേണം അകത്തുപ്രവേശിയ്ക്കാന്‍. എന്നാല്‍ യുവാക്കള്‍ പേരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നും കണ്ടെത്തി. പ്രവേശന കവാടത്തിനടുത്തുണ്ടായ തിരക്ക് മറയാക്കി ഇരുവരും അകത്തുകടക്കുകയായിരുന്നു. മാളില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും നടിയുടെ വെളിപ്പെടുത്തലില്‍ വസ്തുതയുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് ഷോപ്പിംഗിനായി കുടുംബത്തോടൊപ്പമെത്തിയ നടിയെ രണ്ടു യുവാക്കള്‍ അപമാനിച്ചത്.ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടി സംഭവം വെളിപ്പടെുത്തിയതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസില്‍ പരാതിനല്‍കേണ്ടതില്ലെന്ന നിലപാടിലാണ് നടിയുടെ കുടുംബം.എന്നാൽ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പൊലീസ് നടിയുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തിരുന്നു. വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ട് പോവണമെന്നും, ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വനിതാ കമ്മീഷന്‍ അംഗം എം സി ജോസഫൈന്‍ പറഞ്ഞു.