കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്‌മാന്‍(27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10.30ഓടെ കാഞ്ഞങ്ങാട് മുണ്ടോത്തുവെച്ചാണ് അബ്ദുള്‍ റഹ്‌മാന് കുത്തേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പഴയകടപ്പുറം മുണ്ടത്തോട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് അബ്ദുറഹ്‌മാന്‍. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതിചേര്‍ത്തു. കുത്തേറ്റ അബ്ദുള്‍ റഹ്‌മാനെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്ത് റിയാസ് പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇത് കൂടാതെ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് സൂചന.അബ്ദുള്‍ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
മലപ്പുറം : പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാവും രാജി. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും കെ.പി.എ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ട്.മതേതര നിലപാടില്‍ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ച ചെയ്യില്ല. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റുമെന്നും കെപിഎ മജീദ് പറഞ്ഞു.
സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ
തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്ക് ജീവപര്യന്തം തടവ്‌ശിക്ഷ. പ്രതികള്‍ 5 ലക്ഷം വീതം പിഴ നല്‍കാനും സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു.28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കാന്‍സര്‍ ബാധിതനാണെന്നും പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കവയിത്രി സുഗതകുമാരി അന്തരിച്ചു
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86)അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ക്കാരം തിരുവനന്തപുരം ശാന്തി കവാടത്തില്‍.സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.നേരത്തെ തന്നെ സുഗതകുമാരി ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെ ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലുമാക്കിയിരുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് വേണ്ടത്ര തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ഡോക്റ്റർമാർ പറഞ്ഞിരുന്നു.മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ് സുഗതകുമാരി.1934 ജനുവരി 3ന് തിരുവനന്തപുരത്ത് ജനിച്ചു. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്.അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.1960ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്ബലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് ആ തൂലികയില്‍നിന്നും ലഭിച്ചു.കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.
വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി;അറസ്റ്റിലായവരില്‍ മോഡലും
കൊച്ചി: വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായവരില്‍ മോഡലും. തൃപ്പൂണിത്തുറക്കാരിയായ മോഡല്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗാളുകാരാണ്.എന്നാൽ മോഡല്‍ ജനിച്ചതും വളര്‍ന്നതും കൊച്ചിയിലാണ്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ 49 പേരെ മാതാപിതാക്കളെ വിളിച്ചുവരുത്തി പോലീസ് വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷകര്‍ത്താക്കളുമായി സംസാരിച്ചു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനുമെന്നാണു പോലീസ് പറയുന്നത്. “ആട്രാ ആട്രാ’ എന്ന വാട്സ്‌ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്‌ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.മൂന്നു പേരുടെ പിറന്നാള്‍ ആഘോഷത്തിനാണു വാഗമണ്ണില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ചെലവും ഇവരുടെ വകയായിരുന്നു. കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചതു തൊടുപുഴ സ്വദേശിയായ സഹീറെന്നും പോലീസ് കണ്ടെത്തി. നിശാപാര്‍ട്ടിക്ക് എത്തിച്ച എല്‍എസ്ഡി സ്റ്റാന്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്‍റെ മിന്നല്‍ പരിശോധന.
സിസ്റ്റർ അഭയ കൊലക്കേസ്;പ്രതികളെ കോടതിയില്‍ എത്തിച്ചു; ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്.ശിക്ഷാവിധി ഇന്നുണ്ടാവും.പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും.അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന വിധി ഇന്നലെയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കൊലപാതകമെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. അതുകൊണ്ടു തന്നെ ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്. 16 വര്‍ഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ അംഗീകരിച്ച കോടതി വിധി പ്രസ്ഥാവനത്തിലും അഭയയ്ക്ക് നീതി നല്‍കുമെന്നാണ് പ്രതീക്ഷ.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സുഗതകുമാരി കഴിയുന്നത്. ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് ആശുപത്രി സുപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു. യന്ത്രസഹായത്തോടെ നൂറു ശതമാനം ഓക്സിജന്‍ നല്‍കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ സ്വീകരിക്കുവാനാണ് അവര്‍ക്ക് സാധിക്കുന്നത്. കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് ചികിത്സപുരോഗമിക്കുന്നത്.തിങ്കളാഴ്ച ഉച്ചയോടെയാണ് സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
കുറ്റിപ്പുറത്ത് തെരുവുനായ്ക്കള്‍ വഴിയാത്രക്കാരനെ കടിച്ചുകൊന്നു
കുറ്റിപ്പുറം: എടച്ചലം കാളപൂട്ട് കണ്ടത്തിന് സമീപം തെരുവുനായ്ക്കള്‍ വയോധികനെ കടിച്ചുകൊന്നു. വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഫുട്ബാള്‍ കളി കഴിഞ്ഞ് വരുന്നവരാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ഇദ്ദേഹത്തെ കണ്ടത്. ഇവരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശരീരമാകെ നായ്ക്കള്‍ ക്രൂരമായി കടിച്ചുപറിച്ച നിലയായിരുന്നു.തുടര്‍ന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: സിന്ധു, വിനോദിനി, പ്രീത, മണി. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്.
സ്വഭാവിക നീതി നിക്ഷേതമരുത് – ഹൈക്കോടതി
കൊച്ചി : ഏത് വിഭാഗത്തിൽ പെടുന്നവരാണെങ്കിലും സ്വഭാവിക നീതിയുടെ നിക്ഷേധം ഉണ്ടാകാൻ പാടില്ലെന്ന് ബഹു: കേരള ഹൈക്കോടതി നിരീക്ഷിച്ചു.
പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമാതീതമായ വർദ്ധനവ് വരുത്തിയതിനെ ചോദ്യം ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷന്റെ വാദത്തിനിടയിലാണ് ജസ്റ്റിസ്.ബെച്ചു കുര്യൻ തോമസിന്റെ സുപ്രധാനമായ നിരീക്ഷണമുണ്ടായത്.
പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പള വർദ്ധനവിനെക്കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ഗവർമെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കുകയും,ആ കമ്മിറ്റിയുടെ മുൻപിൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി തങ്ങളുടെ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തതാണ്.എന്നാൽ ആ നിർദ്ദേശങ്ങൾ പരിഗണിച്ചില്ല എന്ന് മാത്രമല്ല അവ എന്തു കൊണ്ട് പരിഗണിച്ചില്ല എന്നതിനെ സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി ശമ്പള വർദ്ധനവ് നടപ്പിലാക്കി കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയാണ് ഗവർമെന്റ് ചെയ്തത്.ഈ നടപടി സ്വഭാവിക നീതിയുടെ നിക്ഷേധമായി ബഹു.ഹൈക്കോടതി വിലയിരുത്തുകയും ഈ കേസിൽ അന്തിമ വിധി വരും വരെ ശമ്പള വർദ്ധനവിനെ സംബന്ധിച്ചുള്ള എല്ലാ നടപടികളും നിർത്തി വെക്കാനും ഉത്തരവിട്ടു.
പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റിക്കു വേണ്ടി സീനിയർ അഡ്വക്കേറ്റ് പി.രവീന്ദ്രൻ,അഡ്വ.ജോർജ്ജ് മേച്ചേരി,അഡ്വ.ശ്രീധർ രവീന്ദ്രൻ എന്നിവർ ഹാജരായി.
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5057 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍ഗോഡ് 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 279, പത്തനംതിട്ട 251, ആലപ്പുഴ 212, കോട്ടയം 474, ഇടുക്കി 417, എറണാകുളം 414, തൃശൂര്‍ 606, പാലക്കാട് 265, മലപ്പുറം 709, കോഴിക്കോട് 510, വയനാട് 195, കണ്ണൂര്‍ 306, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.