തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂര്‍ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 553, മലപ്പുറം 459, പത്തനംതിട്ട 433, കോട്ടയം 454, കോഴിക്കോട് 425, തൃശൂര്‍ 421, കൊല്ലം 412, തിരുവനന്തപുരം 248, ആലപ്പുഴ 353, കണ്ണൂര്‍ 202, പാലക്കാട് 120, വയനാട് 163, ഇടുക്കി 102, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, പത്തനംതിട്ട 9, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം 5 വീതം, വയനാട് 4, കൊല്ലം 3, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 363, പത്തനംതിട്ട 255, ആലപ്പുഴ 393, കോട്ടയം 480, ഇടുക്കി 144, എറണാകുളം 594, തൃശൂര്‍ 637, പാലക്കാട് 246, മലപ്പുറം 480, കോഴിക്കോട് 707, വയനാട് 214, കണ്ണൂര്‍ 213, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 456 ഹോട്ട് സ്പോട്ടുകളാണുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3095 ആയി.
സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ
കണ്ണൂര്‍ ഇരിക്കൂറില്‍ അതിമാരക മയക്കുഗുളികയുമായി യുവാവ് പിടിയില്‍
കണ്ണൂര്‍:അതീവ മാരക മയക്കുമരുന്നുമായി ഇരിക്കൂറില്‍ യുവാവ് അറസ്റ്റിൽ.പുതുവത്സര ആഘോഷങ്ങൾക്കായി കടത്തിക്കൊണ്ടു വന്ന അതിമാരക മയക്കുഗുളികളുമായാണ് ഇരിക്കൂര്‍ സ്വദേശി അറസ്റ്റിലായത്.നിടുവള്ളൂര്‍ പള്ളിക്ക് സമീപം വച്ചാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്റെ നേതൃത്വത്തിലുള്ള സംഘം വയ്ക്കാംകോട് പൈസായി ഫാത്തിമ മന്‍സിലില്‍ കെ.ആര്‍ സാജിദ് (34) നെ അതിമാരക ലഹരി മരുന്നായ ഒൻപത് ഗ്രാം മെത്തലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിനുമായി ബൈക്ക് സഞ്ചരിക്കവെ അറസ്റ്റ് ചെയ്തത്.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടു വന്നതാണ് മോളി , എക്റ്റസി , എം, എന്നീ പേരില്‍ യുവാക്കളില്‍ അറിയപ്പെടുന്ന ലഹരിമരുന്ന്.ഒരു മാസം മുന്‍പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഏറെ നാളായി ഇരിക്കൂര്‍ ടൗണും പരിസരവും എക്‌സൈസിന്റെ സ്പെഷ്യല്‍ സ്ക്വാഡും ,ഷാഡോ ടീമും രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.ഇതില്‍ ഡയാനോമിസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് പുലര്‍ച്ചെ രണ്ടു മണി വരെയും യുവാക്കള്‍ ലഹരി തേടിയെത്തുന്നത് കൃത്യമായി മനസ്സിലാക്കുകയും ചെയ്തിരുന്നു.പുതുവര്‍ഷ രാത്രിയാഘോഷിക്കുന്നതിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് ആവശ്യാനുസരണം ലഹരി വിതരണത്തിന് തയ്യാറെടുത്തപ്പോഴാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. വെറും രണ്ട് ഗ്രാം എം.ഡി.എം.എ.കൈവശം വെയ്ക്കുന്നത് പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. പിടിയിലായ സാജിദ് മുന്‍പും നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ട പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.എക്സൈസ് ഓഫീസര്‍മാരായ സി കെ ബിജു ,സജിത്ത് കണ്ണിച്ചി , പി സി പ്രഭുനാഥ് , കെ ഇസ്മയില്‍ , എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗം പി ജലീഷ് , എക്സൈസ് ഷാഡോ കെ ബിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.ഇയാളെ ചോദ്യം ചെയ്തതില്‍ ഇരിക്കൂറിലെ ലഹരിക്കച്ചവടക്കാരുടെയും ആവശ്യക്കാരുടെയും വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് രാവിലെ കണ്ണൂര്‍ ജൂഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.
ലഹരി പാര്‍ട്ടി:കണ്ണൂരില്‍ യുവതിയടക്കം ഏഴു പേര്‍ പിടിയില്‍
കണ്ണൂര്‍: പുതുവര്‍ഷത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയില്‍. ഒരു യുവതിയടക്കം ഏഴു പേരാണ് പിടിയിലായത്.എം.ഡി.എം.എ, എല്‍.എസ്.ഡി, ഹാഷിഷ് ഓയില്‍ എന്നിവ അടക്കം മയക്കുമരുന്നുകളുമായാണ് ഇവര്‍ പിടിയിലായത്.കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍.ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് 2,50,000 രൂപ വിലവരുന്ന എംഡിഎംഎ, 40,000 രൂപ വിലവരുന്ന 8 എല്‍എസ്ഡി സ്റ്റാമ്പുകൾ, 5000 രൂപയുടെ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.
കോവിഡ് വാക്‌സിൻ ഡ്രൈ റണ്‍; കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ട്രയല്‍ റണ്‍ നടത്തും
തിരുവനന്തപുരം:ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ ട്രയല്‍ നടത്തും.തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ആണ് ജനുവരി 2ന് ട്രയല്‍ റണ്‍ നടക്കുക.രാജ്യത്ത് നടക്കാനിരിക്കുന്ന രണ്ടാമത് ഡ്രൈ റണ്‍ ആണിത്. ഡിസംബര്‍ 28, 29 തീയതികളില്‍ ആസാം, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ആദ്യത്തെ ഡ്രൈ റണ്‍. 96,000 വാക്സിനേറ്റര്‍മാരെയാണ് രാജ്യമെമ്പാടും ഇതിനായി തയാറാക്കി നിര്‍ത്തിയിരിക്കുന്നത്.ഓരോ സംസ്ഥാനത്തും ചുരുങ്ങിയത് മൂന്നു സ്ഥലങ്ങളിലെങ്കിലും ഡ്രൈ റണ്‍ നടത്തണമെന്നാണ് തീരുമാനം. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ഡമ്മി കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന പ്രക്രിയയാണിത്. യഥാര്‍ത്ഥ വാക്സിന്‍ ഡ്രൈവ് ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ന്യൂനതകള്‍ കണ്ടെത്താനുള്ള മാര്‍ഗം കൂടിയാണിത്.കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ട്രയല്‍ റൺ നടക്കുക.
നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം;അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ആത്മഹത്യാ ശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്.ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. റൂറല്‍ എസ്പിയോട് സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.ലോക്കല്‍ പോലിസിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ ഡിജിപി ഉത്തരവായത്. പപ്പയുടെ ദേഹത്ത് തീക്കൊളുത്തി എസ്‌ഐ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മക്കള്‍ പോലിസിനോട് പറഞ്ഞത്. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ അഡ്വക്കേറ്റ് കമ്മീഷന്റെയും പോലിസിന്റെയും മുന്നിലാണ് ദമ്പതികളായ രാജന്‍ (47) അമ്പിളി (40) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്.
ഡോളർ കടത്ത് കേസ്;സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.സ്പീക്കറിനെതിരെ മജിസ്‌ട്രേട്ടിന് മുൻപാകെ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.സ്പീക്കര്‍ക്ക് അടുത്ത ആഴ്ച കസ്റ്റംസ് നോട്ടീസ് നല്‍കും.ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ജനറലിനെ ഏല്‍പ്പിക്കാന്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഇക്കാര്യം ഉറപ്പിക്കാന്‍ തെളിവുകള്‍ വേണ്ടി വരും. സ്വപ്‌നയും സരിത്തും ഒരേ വിഷയത്തില്‍ സമാന മൊഴി മജിസ്‌ട്രേട്ടിനും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സ്പീക്കറുടെ വിശദീകരണം സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷമാകും കേസില്‍ തീരുമാനങ്ങള്‍ എടുക്കുക.
അതേസമയം വിവാദങ്ങളോട് പ്രതികരണത്തിന് ഇല്ലെന്നാണ് ഈ ഘട്ടത്തില്‍ സ്പീക്കറുടെ നിലപാട്.സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പേര് ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവന.ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ. തിരുവനന്തപുരം സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണ്. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം ഒരു പ്രചരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും സ്പീക്കര്‍ വിശദീകരിച്ചിരുന്നു.എന്നാൽ ഇത് കസ്റ്റംസ് വിശ്വസിക്കുന്നില്ലെന്നതിന് തെളിവാണ് ചോദ്യം ചെയ്യലിന് വിളിക്കാനുള്ള തീരുമാനം.
കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണസജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം പൂര്‍ണസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വാക്‌സിന്‍ ലഭ്യമാക്കി തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന്‍ സംഭരണം, വാക്സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ജനസാന്ദ്രത താരതമ്യേന കൂടുതലാണ്, പ്രായം ചെന്നവരുടെ ജനസംഖ്യയും, ജീവിതശൈലീ രോഗമുള്ളവര്‍ ഏറ്റവും കൂടുതലും കേരളത്തിലാണ്. ഇതൊക്കെ പരിഗണിച്ച് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ നല്ലൊരു വിഹിതം കേരളത്തിന് തരണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.വാക്സിന്‍ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേര്‍ന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുന്‍ഗണന നിശ്ചയിച്ചതു പ്രകാരമാണ് വാക്സിന്‍ വിതരണം നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായം ചെന്നവര്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, രോഗബാധ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണന പ്രകാരമാവും വാക്സിന്‍ വിതരണം.വാക്സിന്‍ ലഭ്യമായാലുടന്‍ സംഭരിക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രിവരെ ഊഷ്മാവില്‍ വാക്സിന്‍ ശീതികരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ തയ്യാറായി. വൈദ്യുതി മുടങ്ങിയാാല്‍ പോലും വാക്സിന്‍ രണ്ട് ദിവസം ശീതീകരിച്ച് സൂക്ഷിക്കാന്‍ കഴിയുന്ന 20 ഐസ് ലൈന്‍ഡ് റഫ്രിജറേറ്റുകള്‍ എത്തിച്ചു. ഇവയുടെ ഊഷ്മാവ് കൃത്യമാണോ എന്ന് പരിശോധിക്കാന്‍ എല്ലാ ദിവസവും രണ്ട് നേരം പരിശോധന നടത്തുന്നുണ്ട്.ലഭ്യമായ വാക്സിന്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനുള്ള വാഹന സൗകര്യങ്ങള്‍ സജ്ജമാണ്.വാക്സിന്‍ കൊണ്ട് പോകാന്‍ 1800 കാരിയറുകളും ചെറുതും വലുതുമായ 100 കോള്‍ഡ് ബോക്സുകളും തയ്യാറാക്കിയിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്ത് ശേഷവും വാക്സിന്‍ സൂക്ഷിക്കാന്‍ കഴിയുന്ന 12000 ഐസ് പാക്കുകള്‍ സംസ്ഥാനത്ത് എത്തിച്ചു. ആദ്യഘട്ടത്തില്‍ 17ലക്ഷം സിറിഞ്ചുകള്‍ ആവശ്യമാണെന്നാണ് ആവശ്യമാണെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും സിറിഞ്ചുകള്‍ സംസ്ഥാനത്ത് എത്തും.കേരളത്തിലെ രണ്ടായിരത്തിലേറെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള 2000ത്തിലേറെ ആശുപത്രികളില്‍ എല്ലാവിധ തയ്യെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെയെല്ലം വാക്സിന്‍ സൂക്ഷിക്കാനുള്ള ശീതീകരണ സൗകര്യങ്ങള്‍ അടക്കമുള്ളവ ഉണ്ടായിരിക്കും.
കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു
തിരുവനന്തപുരം:ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു ഭാഗികമായി തുറക്കുന്നു. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്കൂളുകള്‍ തുടങ്ങുന്നത്.കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്ക് ധരിച്ച് മാത്രമേ സ്കൂളിലെത്താവൂ, പരമാവധി കുട്ടികള്‍ സാനിറ്റൈസറുമായി എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്.സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം ക്രമീകരണം നടത്താം.ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും.
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ വീടുവെച്ചു നല്‍കും;പത്തു ലക്ഷം രൂപ;തുടർപഠനം ഏറ്റെടുക്കും
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കള്‍ക്ക് സ്ഥലവും വീടും 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ.വീട് വെച്ചു നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. തുടര്‍പഠനം സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഇവരുടെ വിദ്യാഭ്യാസ- ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. അതേസമയം രാജന്റെയും അമ്ബിളിയുടെയും മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇന്ന് തന്നെ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. രാജന്‍ താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോത് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.