പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം;കേരളത്തിൽ ജാഗ്രതാ നിർദേശം

keralanews center declares bird flu as a state disaster alert in kerala
ന്യൂഡൽഹി:കേരളത്തിലെ രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപ് പ്രതികരിച്ചു.രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്കേര്‍പ്പെടുത്തി. തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകൾ പരിശോധിച്ചു.എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തില്‍ എച്ച്‌5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച്‌ ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.

പന്തീരങ്കാവ് യു.എ.പി.എ കേസ്;താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി

keralanews pantheerankavu uapa case thaha fasal surrendered in the court

കൊച്ചി:പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസല്‍ കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്.കേസില്‍ രണ്ടാം പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്.ഇരുവര്‍ക്കും ജാമ്യം അനുവദിച്ച എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് കെ.ഹരിപാല്‍ എന്നിവരുടെ ഉത്തരവ്.ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പ്രതികരിച്ചു.ഒന്നാം പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം തുടരും.എന്‍ഐഎ കോടതി വിധിയിലെ അലന്റെ ജാമ്യ വ്യവസ്ഥകള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.പ്രത്യേക കോടതി ജഡ്ജിക്കു മുന്നില്‍ കീഴടങ്ങാന്‍ താഹയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് താഹയുടെ കീഴടങ്ങല്‍.കീഴടങ്ങിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പ്രത്യേക കോടതി നടപടിയെടുക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം വിചാരണ നടത്തി കേസ് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദ്ദേശം നല്‍കി.2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.അതിനിടെ താഹയ്ക്ക് ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ അലന്‍ ശുഹൈബ് രംഗത്തുവന്നു. സഹോദരനാണ് ജയിലില്‍ പോയതെന്നും നടപടി ഭീകരമായിപ്പോയെന്നും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

keralanews prime minister will inaugurate kochi mangaluru gail pipeline project today

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി – മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും.വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം.വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി.കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകള്‍ക്ക് പുറമെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വാഹന ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതയും ഇതിലൂടെ തുറക്കുന്നുണ്ട്.കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കൂറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍എന്‍ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്.നിലവില്‍ പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണത്തിന്റെ ട്രയല്‍ നടന്നുവരികയാണ്. നാളെ മുതല്‍ പൂര്‍ണമായും വാതകം കൊടുത്തു തുടങ്ങും.വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരേ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തില്‍ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു. വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്‌ട് (FACT), ബിപിസിഎല്‍ (BPCL), മംഗളൂരു കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികൾക്ക് ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്‌റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങള്‍ക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

അതിതീവ്ര കോവിഡ് വൈറസ്;സംസ്ഥാനത്ത് അതീവ ജാഗ്രത;വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കി

keralanews extreme covid virus high alert in the state monitoring at airports intensified

തിരുവനന്തപുരം: അതിതീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും.നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെയാകുമെന്നാണ് മുന്നറിയിപ്പ്.അതീതീവ്ര വ്യാപനശേഷിയുള്ള വൈറസ് ഒരുപാടുപേരിലേക്കെത്തിയാല്‍ പ്രതിരോധമാകെ പാളുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവെക്കുന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക ചെറുതാണെങ്കിലും വൈറല്‍ ലോഡും വ്യാപനശേഷിയും കൂടുതലുള്ള വൈറസ് പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. സമൂഹത്തില്‍ പുതിയ വൈറസ് ഇല്ലെന്ന് ഉറപ്പാക്കാന്‍ റാന്‍ഡം പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമുണ്ട്.വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനോട് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളം

keralanews kerala demands five lakh dose covid vaccine from central govt

തിരുവനന്തപുരം: സംസ്ഥാനത്തിന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം.ആദ്യ ഘട്ടത്തില്‍ മൂന്നരക്ഷം ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനെല്ലാം നാലരക്ഷം ഡോസ് വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ബാക്കി 50 ലക്ഷം ഡോസ് വയോജനങ്ങള്‍ക്ക് നല്‍കും.വാക്‌സിന്‍ വിതരണം ആരംഭിക്കുമ്പോൾ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹം അടക്കമുള്ള ജീവിത ശൈലീ രോഗങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാണെങ്കിലും മരണനിരക്ക് പിടിച്ചുനിര്‍ത്താനായി. നിലവില്‍ അതിതീവ്ര വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ചതിനാല്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗനിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്ന് കണക്കുകളും രേഖകളും സഹിതമാണ് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.കൊവീഷീല്‍ഡിനും കൊവാക്‌സിനും അനുമതി ലഭിച്ചിട്ടെങ്കിലും കൊവിഷീല്‍ഡ് കേരളത്തിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഐ.എം.എ ഭാരവാഹി ഡോ. സുള്‍ഫി നൂഹ് പറഞ്ഞു.എന്നാല്‍ കൊവിഡ് വാക്‌സിന്‍ വിതരണം എങ്ങനെയെന്ന കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു;മനുഷ്യരിലേക്ക് പകരാൻ സാധ്യത; ജാഗ്രതാ നിർദേശം

keralanews bird flu confirmed in two districts of the state risk of transmission to humans alert issued

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് റിപ്പോര്‍ട്ട്. എട്ട് സാമ്പിളുകൾ പരിശോധിച്ചതില്‍ നിന്നാണ് താറാവുകളുടെ മരണകാരണം പക്ഷി പനിയാണെന്ന് വ്യക്തമായത്.എച്ച്‌5എന്‍8 എന്ന വിഭാഗത്തില്‍പെട്ട പക്ഷിപ്പനിയാണ് സ്ഥിരീകരിച്ചതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോഴിയെ കൊണ്ടുവരുന്നതില്‍ നിരോധനമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതു വരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതേസമയം താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പന്തീരങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി;ഉടൻ കീഴടങ്ങാൻ നിർദേശം

keralanews pantheerankavu u a p a case highcourt canceled the bail of thaha

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.എന്നാല്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല.അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.എന്‍ ഐ എ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യുഎപിഎ കേസ് നിലനിര്‍ത്താന്‍ പര്യാപ്‌തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. താഹയെ അല്‍പ്പസമയത്തിനകം കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റേണ്ടി വരും.2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2020 സെപ്‌തംബര്‍ ഒൻപതിന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

അനില്‍ പനച്ചൂരാന്റെ മരണം;അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

keralanews anil panachoorans death police register case for unnatural death

തിരുവനന്തപുരം:പ്രശസ്ത കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയില്‍ കായംകുളം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കായംകുളം പോലീസ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്.കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞായറാഴ്‌ച കായംകുളത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍‌ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ആദ്യം മാവേലിക്കരയിലും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.

കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

keralanews poet and lyricist anil panachooran passed away
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ(55) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു അന്ത്യം.കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.പിന്നീട് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം.ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്…’ എന്ന ഗാനം പാടി അവതരിപ്പിച്ചതിലൂടെയാണ് ശ്രദ്ധേയനായത്. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’, വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മൽ’ തുടങ്ങിയവ ജനപ്രീതി നേടിയ ഗാനങ്ങളാണ്.ഒരു കാട് എന്ന പേരിൽ തിരക്കഥ പൂർത്തിയാക്കിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. വലയിൽ വീണ കിളികൾ, അക്ഷേത്രിയുടെ ആആത്മഗീതം എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: മായ. മകൾ മൈത്രേയി.

ഓണ്‍ലൈന്‍ റമ്മി കളിച്ച് യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; ഒടുവില്‍ ആത്മഹത്യ

keralanews youth lost lakh of rupees by playing online rummy and committed suicide

തിരുവനന്തപുരം:ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ട്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു.തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്‌ആര്‍ഒയിലെ കരാര്‍ ജീവനക്കാരനുമായ വിനീത് ആണ് ആത്മഹത്യ ചെയ്തത്.കളിക്ക് അടിമപ്പെട്ടതോടെ സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ വായ്പാ സംഘങ്ങളില്‍ നിന്നും പണമെടുത്തു.ഇത്തരത്തിൽ 21 ലക്ഷം രൂപയാണ് വിനീതിന് നഷ്ടമായത്.’പണമാണ് പ്രശ്നം, ആവുന്നതും പിടിച്ചുനില്‍ക്കാന്‍ നോക്കി, കഴിയുന്നില്ല’ എന്നാണ് വിനിത് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയത്. വിദേശത്ത് രണ്ട് വര്‍ഷത്തോളം ജോലി നോക്കിയിരുന്ന വിനീത് അഞ്ച് വര്‍ഷം മുന്‍പാണ് ഐഎസ്‌ആര്‍ഒയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് കയറുന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് ഓണ്‍ലൈന്‍ റമ്മിയുടെ ചതിക്കുഴിയില്‍ വിനീത് അകപ്പെടുന്നത്. പണം നഷ്ടമായതോടെ രണ്ട് മാസം മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.വിനീതിന്റെ പണം ഇടപാടുകള്‍ കേന്ദ്രീകരിച്ചും ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.അതേസമയം കടംവാങ്ങിയ പലരില്‍ നിന്നും വിനീതിന് ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.കടബാധ്യതയെ കുറിച്ച് കുടുംബാംഗങ്ങള്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് 15 ലക്ഷത്തോളം രൂപ പലര്‍ക്കായി തിരിച്ചുനല്‍കിയിരുന്നു. മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാമെന്നും അച്ഛനും സഹോദരനും വാക്ക് നല്‍കിയിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ വായ്പാ കമ്പനികളിൽ നിന്നും ചില ഭീഷണി സന്ദേശങ്ങള്‍ വിനീതിന്റെ ഫോണിലേക്കെത്തിയിരുന്നു.ഇത്തരം ഭീഷണികളുടെ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കുടുംബം പറയുന്നത്.