ഫോസ്റ്റര്‍ കെയറിലൂടെ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍

keralanews sixty year old arrested for raping adopted girl through foster care

കണ്ണൂര്‍: കൂത്തുപറമ്പിൽ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ നടന്ന പീഡന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലികമായ സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു.കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതി വീണ്ടും പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് കുട്ടി വിസമ്മതിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒന്നിലധികം തവണ വിവാഹങ്ങള്‍ കഴിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.

കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

keralanews chief minister inaugurated the vytilla and kundannur flyovers

കൊച്ചി:ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു.വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുന്നത്.വെറ്റില മേല്‍പ്പാലം രാവിലെ 9 മണിക്കും, കുണ്ടന്നൂര്‍ മേല്‍പ്പാലം രാവിലെ 11 മണിക്കുമാണ് ഉദ്ഘാടനം ചെയ്യുക. പാലങ്ങള്‍ തുറന്നു നല്‍കുന്നതിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിച്ചവയാണ്.717 മീറ്റര്‍ ദൂരത്തില്‍ 86.34 കോടി രൂപ ചെലവിലാണ് വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയായത്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്. അതേസമയം എന്‍എച്ച്‌ 66, എന്‍എച്ച്‌ 966ബി, എന്‍എച്ച്‌ 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂര്‍. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 82.74 കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്.നേരത്തെ ഉദ്ഘാടനത്തിന് മുൻപ് തന്നെ വി ഫോര്‍ കൊച്ചി എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.മുടങ്ങി കിടന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വി ഫോര്‍ കൊച്ചിക്കാരെയും അതിനെ പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയെയും പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചിലര്‍ കുത്തിതിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ ഇക്കൂട്ടരെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരാജകത്വത്തിന് കുട പിടിക്കണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിക്കേസ്; മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

keralanews palarivattom bridge scam case bail for v k ibrahim kunju

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച്‌ കര്‍ശന ഉപാധികളോടെയാണ് വെളളിയാഴ്ച(08/01/21) ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വികെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടാണ് ജാമ്യം.നേരത്തെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിജിലന്‍സ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ ആവശ്യമെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്;പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

keralanews actress assault case new prosecutor appointed

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.വി എന്‍ അനില്‍ കുമാറാണ് ഈ കേസിലേക്കായി വിചാരണക്കോടതിയില്‍ ഹാജരായത്.നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ സുരേശന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് വിചാരണക്കോടതിയുടെ നിർദേശ പ്രകാരം പുതിയ പ്രോസിക്യൂട്ടര്‍ ചുമതല ഏറ്റെടുത്തത്. കേസ് ഈ മാസം 11ന് പരിഗണിക്കും.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരും പ്രോസിക്യൂഷനും നടിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

ഡോളര്‍ കടത്ത് കേസ്;സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്‍ ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായി

keralanews dollar smuggling case speaker shri ramakrishnans additional private secretary ayyappan appears before customs

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. ഇന്ന് രാവിലെ 10 മുൻപായി മൊഴിയെടുക്കാന്‍ ഹാജരാകരണമെന്ന് കസ്റ്റംസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് എത്തിയിരിക്കുന്നത്.ഇതിനു മുൻപ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചത്. എന്നാല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ തല്‍ക്കാലത്തേക്ക് തന്നെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലായി അയ്യപ്പന്‍ നല്‍കിയ മറുപടിയില്‍ ഉണ്ടായിരുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന് കരുതുന്നില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണ്. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. അയ്യപ്പനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.

കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ആരംഭിച്ചു;പ്രതിപക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

keralanews 22nd session of the kerala legislative assembly begins the opposition boycotts the assembly

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്.ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം നടത്തുന്നത്. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 നാണ് കേരള ബജറ്റ്. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്‍കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്.

സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5051 covid cases confirmed in the state today 5638 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5051പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പർക്ക ഉടവിടം വ്യക്തമല്ല.എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍കോട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. .കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്.എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍കോട് 84 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം  ഇടുക്കി, പാലക്കാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍കോട് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച്‌ ദമ്പതികൾ മരിച്ചു

keralanews couples died in an accident in kollam

കൊല്ലം:കൊട്ടാരക്കര പനവേലിയില്‍ കെഎസ്‌ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച്‌ ദമ്പതികൾ മരിച്ചു.പന്തളം കുരമ്പാല സ്വദേശികളായ നാസര്‍, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. മകള്‍ സുമയ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കരയില്‍ നിന്നും ഉമ്മന്നൂരേക്ക് വന്ന ബസിലാണ് കാര്‍ ഇടിച്ചത്. സിലുണ്ടായിരുന്ന പരുക്കേറ്റവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത;ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

keralanews chance for heavy rain in the state for the coming five days yellow alert in ten districts today

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്ര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും തമിഴ്‌നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പക്ഷിപ്പനി ആശങ്ക വേണ്ട;പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

keralanews no need to worry about bird flu health department issues new guidelines

തിരുവനന്തപുരം:സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി മൃഗ സംരക്ഷണ വകുപ്പ്. പക്ഷിപ്പനിയില്‍ ആശങ്ക വേണ്ടെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.എന്നാല്‍ ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും ഒഴിവാക്കണം. കൂടാതെ പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം.പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം.തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ത്രമല്ല നിലവില്‍ പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതലയും ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.