കണ്ണൂർ: ചൊവ്വ ബൈപ്പാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കല്‍ ഹൗസില്‍ ഹാരിസ്(46) കണ്ണൂര്‍ കിഴുത്തള്ളിയിലെ അദ്വൈത്(19) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ചാലക്കുന്ന് ബൈപ്പാസിലാണ് അപകടം നടന്നത്.ചാലഭാഗത്തു നിന്നും വരികയായിരുന്ന ഹാരിസിന്റെ ബൈക്കും താഴെചൊവ്വഭാഗത്തുനിന്നും വന്ന അദ്വൈതിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്തെ മാടത്തിലെ തട്ടുകടയിലെ തൊഴിലാളിയാണ് ഹാരിസ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ ആവശ്യാര്‍ത്ഥം ഡോക്ടറെ കണ്ടു മടങ്ങവെയാണ് ഹാരിസ് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കല്‍ അലിയുടെയും ആസിയയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കള്‍: അയൂബ്, ആശിദ.മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം കീഴ്പ്പള്ളി പുതിയങ്ങാടിജുമാസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ ബി.ടെക് പഠിക്കുകയായിരുന്ന അദ്വൈത് ഞായറാഴ്‌ച്ച വൈകുന്നേരത്തോടെ തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.കോളേജിലേക്ക് പോകാന്‍ വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി തിരിച്ചു പോകുംവഴിയാണ് അപകടം നടന്നത്. ന്യൂമാഹി സ്റ്റേഷനിലെ എസ്. ഐ അനിലിന്റെയും കാഞ്ഞിരോട് വില്ലേജ് ഓഫീസര്‍ സേനയുടെയും മകനാണ് അദ്വൈത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അദ്വൈതിന്റെ മൃതദേഹം ബന്ധുക്കള്‍ ഇന്ന് ഉച്ചയോടെ ഏറ്റുവാങ്ങി.
ആംബുലന്‍സില്‍ രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു; ഓക്‌സിജൻ സിലിണ്ടർ കാലിയായിരുന്നെന്ന് കുടുംബത്തിന്റെ പരാതി
പത്തനംതിട്ട:ആംബുലന്‍സില്‍ രോഗി ഓക്‌സിജൻ കിട്ടാതെ മരിച്ചതായി പരാതി. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്‌സിജൻ തീർന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.ഞായറാഴ്ച രാത്രി 12 മണിയോടെ വീട്ടില്‍വെച്ച് രാജന് ശ്വാസതടസം അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആരോഗ്യ വകുപ്പിന്റെ തന്നെ ആംബുലന്‍സിലേക്ക് അദ്ദേഹത്തെ മാറ്റി. ഓക്‌സിജന്‍ സപ്പോര്‍ട്ട് ഉണ്ടായിരുന്ന ആംബുലന്‍സിലാണ് രോഗിയെ കിടത്തിയത്.എന്നാല്‍ യാത്ര പുറപ്പെടും മുൻപ് ആംബുലന്‍സിന്റെ ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റിയെന്നാണ് രാജന്റെ മകന്‍ ഗിരീഷ് ആരോപിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു. ഈ വിവരം ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിര്‍ത്താനോ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം ഈ ആരോപണം ആംബുലന്‍സിന്റെ ഡൈവര്‍ ബിനോയ് തള്ളി.ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.
അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയും പുഴുവും; ജീവനക്കാർക്ക് വീഴ്ച പറ്റിയതായി ഹെൽത്ത് ഇൻസ്‌പെക്ടർ
തൃശൂർ : അങ്കണവാടിയിലെ കുടിവെള്ളത്തിൽ ചത്ത എലിയും പുഴുവും.ചേലക്കര പാഞ്ഞാൾ തൊഴുപ്പാടം അങ്കണവാടിയിലാണ് സംഭവം.സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തിയ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് വാട്ടർ ടാങ്കിൽ എലിയെയും പുഴുക്കളെയും കണ്ടത്. വെള്ളം കുടിച്ച വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഈ ടാങ്കില്‍ നിന്നും കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കാറുണ്ട്.വാട്ടര്‍ പ്യൂരിഫയറിലെ വെള്ളം അഴുക്ക് അടിഞ്ഞ് ഇരുണ്ടനിറത്തിലായെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.പതാക ഉയര്‍ത്തലിനെത്തിയ രക്ഷിതാക്കളില്‍ ചിലര്‍ക്ക് വാട്ടര്‍ ടാങ്ക് കണ്ട് പന്തികേട് തോന്നിയപ്പോഴാണ് മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിച്ചത്. നിലവിൽ കടുത്ത പ്രതിഷേധത്തിലാണ് രക്ഷകർത്താക്കൾ. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഗുരുതര വീഴ്ചയാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടെയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;72 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസറ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് 1,531 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.വിപണിയിൽ 72 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സർണ്ണമാണ് പിടിച്ചെടുത്തത്.ചെർക്കള സ്വദേശി ഇബ്രാഹിം ഖലീൽ, ഹൊസ്ദുർഗ് സ്വദേശി അബ്ദുൾ ബാസിത്ത് എന്നിവരാണ് പിടിയിലായത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസും ഡിആർഐയും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. അബുദാബിയിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനത്തിലായിരുന്നു സ്വർണം. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു കണ്ടെത്തിയത്.
കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു
മട്ടന്നൂർ: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചു.ഉളിക്കല്‍ കരുമാങ്കയത്തെ പി.പി.റസിയ(32)യാണ് പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ച്ച പുലര്‍ച്ചെ മരണപ്പെട്ടത്.റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രി ഏഴു മണിയോടെ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയും പിന്നാലെ ഞായറാഴ്ച്ച പുലര്‍ച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു. കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിന്റെയും കേളോത്ത് ഹലീമയുടെയും മകളാണ്.ഉളിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളി വേലിക്കോത്ത് അബ്ദുള്‍ അത്തറിന്റെ ഭാര്യയാണ്. മക്കള്‍: റാസി, റസല്‍.
മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ മരം കടപുഴകി വീണ് നാലുവയസുകാരന്‍ മരിച്ചു
കൊച്ചി: പറവൂരില്‍ മരം കടപുഴകി വീണ് നാലു വയസുകാരന് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് വീഴുകയായിരുന്നു.പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബൈക്കില്‍ സഞ്ചരിച്ച മുത്തച്ഛനും ഗുരുതര പരിക്കേറ്റു.
പാലക്കാട് വൻ ലഹരിവേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയില്‍
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍.ആര്‍.പി.എഫ് സംഘമാണ് യുവാക്കളെ പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്.ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്‌തുക്കളാണ് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി.
വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി;സിബിഐ തന്നെ പുനരന്വേഷണം നടത്തണം; നിലവിലെ കുറ്റപത്രം തളളി
പാലക്കാട്: വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി.പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കുട്ടികളുടെത് ആത്മഹത്യ തന്നെയാണെന്ന് പറഞ്ഞ് സമർപ്പിച്ച നിലവിലെ കുറ്റപത്രം കോടതി തളളി. കുട്ടികളുടെ അമ്മ നൽകിയ ഹർജിയിലാണ് വിധി. കുറ്റപത്രം തളളിയതിൽ സന്തോഷമുണ്ടെന്ന് അമ്മ പ്രതികരിച്ചു. അറിയാവുന്ന തെളിവുകൾ എല്ലാം സിബിഐയ്‌ക്ക് കൈമാറിയിരുന്നു. ഇനി അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കൊലപാതകമെന്ന രീതിയിൽ അന്വേഷിക്കണമെന്നും അവർ പറഞ്ഞു. നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥനായ സോജൻ കണ്ടെത്തിയ കാര്യം തന്നെ ആ ഉദ്യോഗസ്ഥർ ശരിവെക്കുകയായിരുന്നു. ഇനി ഒരു വാളയാർ ആവർത്തിക്കരുത്. അതിന് വേണ്ടിയാണ് നീക്കം. അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ അവഗണിക്കുകയായിരുന്നുവെന്നും അമ്മ കുറ്റപ്പെടുത്തി.ഡിസംബർ 27 നാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നും ആയിരുന്നു സിബിഐ സംഘം കണ്ടെത്തിയത്.
കണ്ണൂരിൽ ഒൻപതാം ക്ലാസുകാരിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചുവെന്ന് പരാതി;പിന്നിൽ സഹപാഠിയെന്ന് വെളിപ്പെടുത്തൽ
കണ്ണൂർ : ഒൻപതാം ക്ലാസുകാരിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചതായി പരാതി. ഇതേ രീതിയിൽ 11 പെൺകുട്ടികളെ ലഹരിക്ക് അടിമയാക്കിയിട്ടുണ്ടെന്നും ഈ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തൽ നടത്തുന്നത് എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് സംഘം സൗജന്യമായി നൽകിയത്.കണ്ണൂര്‍ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ് ഈ പയ്യനെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു.തനിക്ക് കഞ്ചാവ് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും എന്നാല്‍ ചേച്ചിമാര്‍ക്ക് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നല്‍കി പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. സൗഹൃദം നടിച്ച് അടുത്ത് കൂടുകയും പിന്നീട് അത് പ്രണയമാണെന്ന് പറയുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറയ്‌ക്കാനെന്ന് പറഞ്ഞാണ് ലഹരി നൽകിയിരുന്നത്.ലഹരിക്ക് അടിമപ്പെട്ടുകഴിഞ്ഞാൽ പിന്നീട് മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി ശരീരം വിൽക്കാൻ നിർബന്ധിക്കും. അത് നിഷേധിക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കും, നിലത്തിട്ട് ചവിട്ടും. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണത പോലും ഉണ്ടായെന്നാണ് പെൺകുട്ടി പറയുന്നത്. മാതാപിതാക്കളാണ് തന്നെ ഇതിൽ നിന്നും രക്ഷിച്ചത് എന്നും പെൺകുട്ടി പറയുന്നുണ്ട്. ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംഗിലൂടെയാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. തുടർന്നാണ് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.ഇതിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും പോലീസിന് കൈമാറിയിട്ടുണ്ട്.പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ സഹപാഠിയെ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലാക്കി. പിന്നീട് കുട്ടിയെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്ക് പിന്നിൽ വൻ ലഹരി റാക്കറ്റ് ഉണ്ടെന്നാണ് വിവരം.
കോഴിക്കോട് കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്ന് കോഴിക്കോട് കക്കയം ഡാം തുറന്നു.പത്ത് സെന്റിമീറ്റര്‍ ഉയരത്തിലാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. ഇതോടെ സെക്കന്‍ഡില്‍ എട്ട് ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാകും. ഈ സാഹചര്യത്തില്‍ കുറ്റ്യാടി പുഴയില്‍ 5 സെന്റിമീറ്റർ മീറ്റര്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പുഴക്ക് ഇരു കരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ എറണാകുളം ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് ആകെ 33 ഡാമുകള്‍ തുറന്നിട്ടുണ്ടെന്നാണ് വിവരം.ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 32 ആയി. നിരവധി അണക്കെട്ടുകള്‍ ഉള്ള പെരിയാറില്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി.