ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാറിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

keralanews set back for govt in life mission case cbi probe can continue says highcourt

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. നേരത്തെ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീക്കി. സി ബി ഐ കേസ് റദ്ദ് ചെയ്ത് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഹരജി ജസ്റ്റിസ് സോമരാജിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് തള്ളി.  സര്‍ക്കാറിന്റെയും യുണാടാക്കിന്റെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇടപാടിലെ ധാരണാപത്രം ‘അണ്ടര്‍ ബെല്ലി’ ഓപ്പറേഷനാണ്, ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്.കേസിലെ സിബിഐ അന്വേഷണം പ്രത്യക്ഷത്തില്‍ തന്നെ പിണറായി സര്‍ക്കാറിന് തിരിച്ചടിയാകുന്നതാണ്.അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ യുടെ അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സി ബി ഐ കേസെടുത്തിരുന്നു.എന്നാല്‍ കേസ് രാഷ്ത്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിലെ വാദം. വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നും യൂണിടാക്കും വാദിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ പരിശോധന

keralanews cbi raid in karipur airport

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.പുലര്‍ച്ചെ എത്തിയ മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്.വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന ആരോപണമുണ്ടായിരുന്നു. തിങ്കളാഴ്ച മാത്രം രണ്ടരക്കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.

സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 3110 covid cases confirmed in the state today 3922 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2730 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 402, കോഴിക്കോട് 397, മലപ്പുറം 377, കോട്ടയം 293, കൊല്ലം 230, തിരുവനന്തപുരം 150, ആലപ്പുഴ 178, പാലക്കാട് 60, തൃശൂര്‍ 162, കണ്ണൂര്‍ 137, ഇടുക്കി 133, പത്തനംതിട്ട 105, വയനാട് 69, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, എറണാകുളം 7, പാലക്കാട് 6, കോഴിക്കോട് 5, കണ്ണൂര്‍ 4, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.തിരുവനന്തപുരം 212, കൊല്ലം 299, പത്തനംതിട്ട 281, ആലപ്പുഴ 441, കോട്ടയം 193, ഇടുക്കി 46, എറണാകുളം 485, തൃശൂര്‍ 563, പാലക്കാട് 201, മലപ്പുറം 457, കോഴിക്കോട് 404, വയനാട് 34, കണ്ണൂര്‍ 277, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും;വിനോദ നികുതി ഒഴിവാക്കി;വൈദ്യുത ചാര്‍ജിലും ഇളവ്‍

keralanews theatres in the state reopen soon entertainment tax excluded relaxation in electric charge also

തിരുവനന്തപുരം:ചലച്ചിത്ര മേഖലക്ക് ഇളവ് പ്രഖ്യാപിച്ച് സർക്കാർ. സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കും. തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ നികുതിയാണ് ഒഴിവാക്കുക. തീയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.2020 മാര്‍ച്ച്‌ 31നുള്ളില്‍ തീയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച്‌ 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് അന്തിമ തീരുമാനം.സംസ്ഥാനത്ത് തീയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചിരുന്നെങ്കിലും ഇളവുകള്‍ ലഭിക്കാതെ തുറക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍.എന്ന് തിയറ്ററുകള്‍ തുറക്കുമെന്ന് ഇന്ന് ചേരുന്ന തിയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനിക്കും.

കൊവിഡ് വാക്സിനേഷന്‍;സംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ;എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍;മറ്റു ജില്ലകളിൽ 9 കേന്ദ്രങ്ങള്‍ വീതം

keralanews covid vaccination 133 centers in the state 12 in ernakulam district 11 in thiruvananthapuram and kozhikode districts 9 in other districts

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടിക അതിവേഗത്തില്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.133 കേന്ദ്രങ്ങളിലും വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും.ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടുവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും. എല്ലാ കേന്ദ്രങ്ങളും എത്രയും വേഗം സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഈമാസം 16 മുതൽ വാക്സിനേഷൻ ആരംഭിയ്ക്കാൻ തീരുമാനിച്ചത്.ആദ്യഘട്ടത്തിൽ പടിയായി മൂന്നുകോടി പേർക്കാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരെയാണ് ഈ മുന്നുകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നടത്തുന്നത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, 50 വയസിൽ താഴെ പ്രായമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണന ക്രമത്തിൽ 27 കോടിയോളം പേർക്ക് ആദ്യഘട്ടത്തിന്റെ രണ്ടാം പടിയായി വാക്സിൻ നൽകും.

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും; പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

keralanews cbi will investigate walayar case govt agrees demand of parents

തിരുവനന്തപുരം:വാളയാര്‍ കേസ് സിബിഐ അന്വേഷിക്കും.മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കേസ് ഏറ്റെടുക്കണമെന്നുള്ള നിര്‍ദേശം സമര്‍പ്പിക്കും. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ദൂരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത കേസില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. പിന്നീട് ഈ വിധി ഹൈക്കോടതി റദ്ദാക്കുകയും പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മാതാവ് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമാണ് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. ഡിവൈഎസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവരുടെ ഇടപെടലാണ് കേസ് അട്ടിമറിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുത്താലേ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അമ്മ പറഞ്ഞിരുന്നു.2017ലാണ് വാളയാളിലെ സഹോദരിമാര്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി എന്ന് തെളിഞ്ഞിരുന്നു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews school bus driver dismissed from duty committed suicide

തിരുവനന്തപുരം: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്.സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ആറു മാസം മുൻപ് ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.ഇതിന്റെ മനോവിഷമവും സാമ്പത്തിക പ്രയാസങ്ങളുമാണ് ശ്രീകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

ലോക നിലവാരമുളള ടെന്നീസ് കോര്‍ട്ട് ഇനി കണ്ണൂരിലും

keralanews international standarad tennis court in kannur

കണ്ണൂർ:ലോക നിലവാരമുളള ടെന്നീസ് കോര്‍ട്ട് ഇനി കണ്ണൂരിലും.പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടായി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തെ ടെന്നീസ് കോര്‍ട്ട് ഇന്നലെ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ നാടിന് സമര്‍പ്പിച്ചു. കണ്ണൂര്‍ ടെന്നീസ് അസോസിയേഷന്‍ 20 ലക്ഷം രൂപ ചിലവിട്ടാണ് കോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് നവീകരണം ആരംഭിച്ചത്. ചാണകമെഴുകിയ കോര്‍ട്ടില്‍ നിന്ന് ക്ലേ കോര്‍ട്ടിലേക്കും മണല്‍ കോര്‍ട്ടിലേക്കും തുടര്‍ന്ന് ഇന്ന് കാണുന്ന പ്ലെക്‌സി കൂഷ്യന്‍ കോര്‍ട്ടലേക്കുമുള്ള ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി ടെന്നീസ് ആരാധകരുടെ പരിശ്രമമുണ്ട്. 1978ലാണ് തിരുവനന്തപുരം ടെന്നീസ് സ്‌റ്റേഡിയത്തിന്റെ മാതൃകയില്‍ കണ്ണൂരിലെ ടെന്നീസ് പ്രേമികളുടെ പരിശ്രമത്തിലൂടെ ഇന്നത്തെ ടെന്നീസ് കോര്‍ട്ടിന് തുടക്കമിട്ടത്. കോര്‍ട്ടിന്റെ ആധുനികവത്കരണം 2003ല്‍ ആണ് ആരംഭിച്ചത്. ആസ്സാല്‍ട്ടിന്‍ കോര്‍ട്ടിനെ 2007-ല്‍ ഐക്‌സി കുഷ്യന്‍ കോര്‍ട്ട് സിന്തറ്റിക്ക് ആയി രൂപപ്പെടുത്തുകയുണ്ടായി. മലബാറിലെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും ലോക നിലവാരത്തിലുള്ള സിന്തറ്റിക്ക് ഐക്‌സ് കുഷ്യന്‍ കോര്‍ട്ട് ആയിരുന്നു ഇത്. ഈ കാലഘട്ടങ്ങളില്‍ സംസ്ഥാന തലത്തിലും സൗത്ത് ഇന്ത്യ തലത്തിലും ഉള്ള വിവിധ ടൂര്‍ണമെന്റുകള്‍ക്കൊപ്പം നിരവധി ഓള്‍ കേരള വെറ്ററന്‍സ് ടൂര്‍ണമെന്റും ഇവിടെ അരങ്ങേറി. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ടെന്നീസ് കോര്‍ട്ടുകളില്‍ ഒന്നാണ് കണ്ണൂരിലെ ഈ കോര്‍ട്ട്.

തിയറ്ററുകള്‍ തുറക്കല്‍; സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

keralanews opening theaters the chief minister will hold discussions with the representatives of film organization

തിരുവനന്തപുരം: സിനിമാ സംഘടന പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെ കുറിച്ച്‌ ചർച്ചചെയ്യാനാണിത് .ഇളവ് ലഭിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച.കൊവിഡാനന്തരം ചിത്രീകരിച്ച സിനിമകള്‍ക്ക് സബ്സിഡി അനുവദിക്കണം, സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. നേരത്തെ നടന്ന ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ തുടര്‍ന്നാണ് ഇവ മുഖ്യമന്ത്രി മാറ്റിവച്ചത്. വിജയിയുടെ തമിഴ് സിനിമയായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിലവില്‍ തിയറ്റര്‍ ഉടമകളുടെ നിലപാട്.അതേസമയം നിര്‍മാതാക്കളുടെ യോഗം കൊച്ചിയില്‍ വിളിച്ചു. നിര്‍മാണം പൂര്‍ത്തിയായതും ചിത്രീകരിച്ചതുമായ സിനിമകളുടെ നിര്‍മാതാക്കളുടെ നിലപാട് അറിയാനാണ് യോഗം. തിയറ്ററുകള്‍ക്ക് സിനിമ നല്‍കാന്‍ താത്പര്യമുള്ളവരും ഇവര്‍ക്കിടയിലുണ്ട്. പൊതു അഭിപ്രായം രൂപീകരിക്കുന്നതിനായാണ് യോഗം ചേരുന്നത്.

സാമൂഹ്യക്ഷേമപെന്‍ഷന്‍;മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം

keralanews social welfare pension messages circulating on social media about mustering are baseless

കൊല്ലം: വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അക്ഷയ സംസ്ഥാന പ്രോജക്‌ട് ഡയറക്ടര്‍ അറിയിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച്‌ 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്തണമെന്ന രീതിയില്‍ ഒരു നിര്‍ദ്ദേശം ഔദ്യോഗികമായി നല്‍കിയിട്ടില്ല, മാത്രമല്ല മസ്റ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുൻപേ  പൂര്‍ത്തിയായതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.കോവിഡിന്റെ അതിതീവ്ര വ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ അനിയന്ത്രിതമായ ആള്‍ക്കൂട്ടം അക്ഷയ കേന്ദ്രത്തില്‍ അനുവദിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിര്‍ദ്ദേശിച്ചിരിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.