തിരുവന്തപുരം:തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്.50 വര്‍ഷത്തേക്കാണ് എതിര്‍പുകള്‍ക്കിടെ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് പുറമേ, ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. അതിനിടെ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്;കേരളത്തിൽ ഒറ്റഘട്ടമായി നടത്തും;പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം; അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ തന്നെ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം.തെരഞ്ഞെടുപ്പ് കമിഷന്‍ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണെന്നും അതിനുശേഷം കേരളത്തിലെത്തുമെന്നും അപ്പോള്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.ബുധനാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തുടര്‍ന്നും അവസരം ഉണ്ടാകും. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. കള്ളവോട്ട് നടക്കുന്ന ജില്ലകളില്‍ ശക്തമായ സംവിധാനം ഒരുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ബംഗാള്‍, ആസ്സാം, സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ടം തെരഞ്ഞെടുപ്പ്.സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് ബൂത്തിലേക്ക് പോകുമെന്ന സൂചനയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്.
കോങ്ങാട് എംഎല്‍എ കെ.വി വിജയദാസ് അന്തരിച്ചു
പാലക്കാട്:സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായ കെ വി വിജയദാസ് (61) അന്തരിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തനായ ശേഷം മറ്റ് അസുഖങ്ങള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ജനുവരി 12ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ട് മുതല്‍ ഒമ്പത് വരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്‌കൂളിലും ഒമ്പതുമുതല്‍ പത്തുവരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ 11 ന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്. വേലായുധന്‍ താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. തുടര്‍ച്ചയായി രണ്ടാംതവണയും കോങ്ങാട് മണ്ഡലത്തില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റുമാണ്.സംസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിലവില്‍വന്ന 1995ല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രഥമ പ്രസിഡന്റായി. രാജ്യത്തിനുതന്നെ മാതൃകയായ മീന്‍വല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.
എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാ തീയതികള്‍ മാറ്റില്ല, സിലബസ് വെട്ടിച്ചുരുക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് . സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മാര്‍ച്ച് പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്.എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കു മുൻപ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.അതിനിടെ ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി.പത്താം ക്ലാസുകാര്‍ക്ക് മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അദ്ധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ച് കാണുന്നതിനും സൗകര്യമുണ്ട്.
കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ചിരുന്ന കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായുള്ള എംഡി ബിജുപ്രഭാകറിന്‍റെ ചര്‍ച്ച ഇന്ന് നടക്കും. ജീവനക്കാര്‍ക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയരുന്ന ഈ സാഹചര്യത്തില്‍ ഈ ചര്‍ച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പടെയുള്ള സംഘനടകള്‍ രംഗത്തുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന വിശദീകരണത്തിന്റെ ഭാഗമായി മാറ്റിവച്ചിട്ടുണ്ട്.കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്കെതിരെ ബിജു പ്രഭാകര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു വിഭാഗം തൊഴിലാളികളാണ് കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളെ തുരങ്കം വെയ്ക്കുന്നത്. ഇവര്‍ കൃത്യമായി ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. എന്നാൽ മൊത്തം ജീവനക്കാരെ അല്ലെന്നും കെഎസ്‌ആര്‍ടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു. കെഎസ്‌ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞു.അതേസമയം എംഡിയുടെ പ്രസ്താവനക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഇന്നലെ ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി കെഎസ്‌ആര്‍ടിസി എംഡിയെ വിളിപ്പിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളില്‍ മാനേജ്‌മെന്റിനെതിരെ ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നതെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു.കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണം സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമാണ്. കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളി സംഘടനകളെയും ഉദ്യോഗസ്ഥരെയും വെറുപ്പിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണം. പരിഷ്‌കരണ നടപടികളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ഇന്ന് പുനരാംരഭിക്കും;വാക്‌സിനേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് പുനരാംരഭിക്കും. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കുത്തിവെപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കും. 133 കേന്ദ്രങ്ങളിലായാണ് കുത്തിവെപ്പ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ഉള്‍പ്പെടെ ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. ഇന്ന് മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നാളെ ജനറല്‍ ആശുപത്രി, പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രം. എന്നിവിടങ്ങളിലും സെന്‍റര്‍ തുടങ്ങും. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ദിവസമായതിനാല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം,വെള്ളി ദിവസങ്ങളിലാണ് കൊവിഡ് വാക്സിനേഷന്‍ ഉണ്ടാകുക.ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെയാണ് കുത്തിവെപ്പ്. ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ വിവിധ സേനാംഗങ്ങള്‍, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും. ഇവര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്.
മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസില്‍ തീപിടിത്തം
തിരുവനന്തപുരം:മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്‍പ്രസിന്‍റെ ലഗേജ് വാനില്‍ തീപിടിത്തം. വര്‍ക്കലക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിൻ നിര്‍ത്തുകയായിരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒമ്പതരയോടെ ട്രയിന്‍ തീയണച്ച് യാത്ര തുടര്‍ന്നു.തീപിടിച്ച ബോഗി മറ്റു കോച്ചുകളില്‍ നിന്ന് വേഗത്തില്‍ വേര്‍പ്പെടുത്താന്‍ കഴിഞ്ഞത് രക്ഷയായി.നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. ആര്‍ക്കും പരിക്കുകളില്ല.അതേസമയം സംഭവത്തില്‍ കാസര്‍ഗോഡ് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്‍റെ ചുമതലയുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്പെന്‍ഡ് ചെയ്തത്. ബൈക്കുകളില്‍ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോൾ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ആലുവ എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം;വാഹനങ്ങളടക്കം കത്തിനശിച്ചു
എറണാകുളം:ആലുവ എടയാര്‍ വ്യവസായ മേഖലയില്‍ വൻ തീപിടുത്തം.പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികൾ, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. തുടര്‍ന്ന് മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അര്‍ധ രാത്രി 12 മണിയോടെയാണ് തീപിടുത്തമഉണ്ടായത്. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഓറിയോന്‍ കമ്പനി പൂര്‍ണമായും കത്തി നശിച്ചു. പിന്നാലെ സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നു. ഈ സ്ഥാപനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. കമ്പനികളിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്ക് ഇരയായിട്ടുണ്ട്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരുന്നത് തടയാനായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായെന്ന് തൊഴിലാളികള്‍ പറയുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ മുപ്പതോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട കാരണം സംബന്ധിച്ച് കുടുതല്‍ പരിശോധന വേണമെന്ന് അഗ്‌നി രക്ഷാ സേന അറിയിച്ചു. 450 ഏക്കറില്‍ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് എടയാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തീപിടുത്തം കോടികളുടെ നാശ നഷ്ടമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്; ജീവനക്കാര്‍ തട്ടിപ്പ് നടത്തി കെഎസ്‌ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നുവെന്നും എം ഡി ബിജു പ്രഭാകർ
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍.ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പല കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാര്‍ പലരും കൃത്യമായി പണിയെടുക്കുന്നില്ല. ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. അവര്‍ക്ക് പകരം മറ്റിടങ്ങളില്‍ എം പാനലുകാര്‍ ജോലി ചെയ്യുന്നു. പല ഡിപ്പോകളും നടത്തിക്കൊണ്ടുപോകുന്നത് എം പാനലുകാരാണ്. സിഎന്‍ജിയെ എതിര്‍ക്കുന്നത് ട്രിപ്പ് ദൂരം കൂട്ടിക്കാണിച്ചുള്ള ഡീസല്‍ വെട്ടിപ്പ് തുടരാനാണ് എന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്‌ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കും. നിലവില്‍ എക്‌സിക്യൂടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫിനെതിരെയും നടപടിയുണ്ടാകും. പോക്സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്തതിലാണ് വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പിഎം ഷറഫിനെതിരെ നടപടി എടുക്കുമെന്ന് എംഡി പറഞ്ഞത്. കെഎസ്‌ആര്‍ടിസി കടം കയറി നില്‍ക്കുകയാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.കടുത്ത പ്രതിസന്ധി മറികടക്കാനാണ് ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചതെന്ന് എംഡി വിശദീകരിച്ചു. വികാസ് ഭവന്‍ ഡിപ്പോ കിഫ്ബിയ്ക്ക് പാട്ടത്തിനു നല്‍കുന്ന നടപടി സുതാര്യമാണ്. കെഎസ്‌ആര്‍ടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ആളുകളെ കുറയ്‌ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും. പിന്നീട് 15000 ആയും 10000 ആയും ജീവനക്കാരെ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം;ഇന്ന് 13300 പേര്‍ വാക്‌സിന്‍ സ്വീകരിക്കും; കുത്തിവെയ്‌പ്പെടുക്കുന്നത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13300 പേരാണ് ഇന്ന് വാക്‌സിന്‍ സ്വീകരീക്കുന്നത്. രാവിലെ 10.30ഓടെയാണ് രാജ്യ വ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.സംസ്ഥാനത്ത് 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ശീതീകരണ സംവിധാനത്തില്‍ കൊവിഷീല്‍ഡ് വാക്‌സില്‍ ഇവിടെ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെയ്പ്പ് എടുക്കുന്നത്. കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക. ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി, 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. ഞായറാഴ്ച മുതല്‍ കോവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും.കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുക്കാന്‍ എത്തേണ്ട കേന്ദ്രം, സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്‌സിനേഷന്‍ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കം ചില ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതേസമയം കോവിഡിന്റെ കടുത്ത ലക്ഷണങ്ങളുള്ളവര്‍, പ്ലാസ്മ തെറാപ്പി സ്വീകരിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. കുത്തിവെയ്പ് എടുത്തവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.