തിരുവനന്തപുരം:മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്‍ട്ടണ്‍ പരിശോധനയായ ‘ഓപ്പറേഷന്‍ സ്ക്രീന്‍’ പരിശോധന താത്കാലികമായി നിര്‍ത്തിവെച്ചു. വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും സുപ്രിംകോടതി നിരോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്.പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.മന്ത്രിമാരുടെയും, നേതാക്കന്മാരുടെയും വാഹനങ്ങള്‍ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതും വിവാദമായിരുന്നു.വാഹന ഉടമകള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണര്‍ ആവശ്യപ്പെട്ടു.എന്നാല്‍, പതിവ് വാഹന പരിശോധന തുടരാനാണ് തീരുമാനം.രണ്ട് ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം.
സംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയര്‍ന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6229 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5658 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 730, മലപ്പുറം 604, കോട്ടയം 587, കൊല്ലം 625, കോഴിക്കോട് 559, പത്തനംതിട്ട 473, തിരുവനന്തപുരം 312, തൃശൂര്‍ 458, ആലപ്പുഴ 404, ഇടുക്കി 284, കണ്ണൂര്‍ 226, പാലക്കാട് 89, വയനാട് 232, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6, കോഴിക്കോട് 5, തിരുവനന്തപുരം, പാലക്കാട് 4 വീതം, വയനാട് 3, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6229 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 333, കൊല്ലം 1023, പത്തനംതിട്ട 798, ആലപ്പുഴ 398, കോട്ടയം 697, ഇടുക്കി 129, എറണാകുളം 713, തൃശൂര്‍ 402, പാലക്കാട് 123, മലപ്പുറം 572, കോഴിക്കോട് 525, വയനാട് 235, കണ്ണൂര്‍ 220, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നാടിന്റെ അന്ത്യാഞ്ജലി;മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കണ്ണൂർ:ഇന്നലെ അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് നാടിന്റെ അന്ത്യാഞ്ജലി.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.പൊതുദര്‍ശനത്തിന് ശേഷം രാവിലെ 11 മണിക്ക് പയ്യന്നൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. 76ാം വയസ്സിലാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്.ജയരാജ് സംവിധാനം ചെയ്ത ‘ദേശാടന’ത്തിലൂടെയാണ് സിനിമ പ്രവേശം.തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.മലയാളത്തിനു പുറമെ, കമൽഹാസനോടൊപ്പം ‘പമ്മൽ കെ. സംബന്ധം’, രജനികാന്തിനൊപ്പം ചന്ദ്രമുഖി എന്നി ചിത്രങ്ങളിലും അഭിനയിച്ചു.
വിപിന്‍ ലാലിനെ കണ്ടെത്താനായില്ല; നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം നടന്നില്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം ലഭിക്കാതെ ജയില്‍മോചിതനായ വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി വാറന്‍റ് പുറപ്പെടുവിച്ചു.വിപിന്‍ ലാല്‍ ഹാജരാകാത്തതിനാല്‍ ഒരിടവേളക്ക് ശേഷം കേസിലെ സാക്ഷി വിസ്താരം ഇന്നാരംഭിക്കാനിരുന്നത് നടന്നില്ല.നടിയെ അക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ ലാല്‍. ഇയാള്‍ മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കെ നടിയെ അക്രമിച്ച കേസില്‍ പ്രതി ചേര്‍ത്തു. പിന്നീട് അറസ്റ്റിലായ ആദ്യ കേസില്‍ ജാമ്യം ലഭിക്കുകയും നടിയെ അക്രമിച്ച കേസിൽ മാപ്പ്സാക്ഷിയാക്കുകയും ചെയ്തതോടെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഇയാളെ മോചിതനാകാന്‍ അനുവദിക്കുകയായിരുന്നു.ചങ്ങനാശേരി സ്വദേശിയായ വിപിന്‍ ലാല്‍ കാസര്‍കോട് ബന്ധുവിന്‍റെ വീട്ടിലാണിപ്പോള്‍ താമസം. ഇതിനിടെ ഇയാളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി എം. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് കേസിലെ എട്ടാം പ്രതിയായ ദിലീപ്, വിപിന്‍ ലാല്‍ ജയില്‍ മോചിതനായത് സംബന്ധിച്ച പരാതിയുമായി കോടതിയെ സമീപിച്ചത്.ക്രിമിനല്‍ നടപടി ചട്ടം 306 പ്രകാരം വിചാരണ കഴിയും വരെ മാപ്പുസാക്ഷികളെ ജയിലില്‍ നിന്ന് വിട്ടയക്കരുതെന്നാണ്. അതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിചാരണ കോടതിക്ക് മുൻപാകെ ഇന്ന് ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ശനിയാഴ്ച ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ 2 കോടി 69 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതുവരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കൊറോണ രോഗികള്‍ക്കും, അംഗപരിമിതര്‍ക്കും തപാല്‍വോട്ട് അനുവദിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം നടത്തുന്നത്.മാത്രമല്ല തപാല്‍ വോട്ടിനായി അപേക്ഷ നല്‍കേണ്ടത് എപ്പോഴാണ് എന്നത് സംബന്ധിച്ച വിവരങ്ങളും ഇന്ന് പുറത്തുവിടും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത മാസം സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്തായാലും ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് റിപ്പോർട്ട്.
പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച
തിരുവനന്തപുരം:പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ഇന്ന് ചർച്ച നടത്തും.സ്വർണക്കടത്തു കേസിൽ അടക്കം ആരോപണ വിധേയനായ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം മുസ്‍ലിം ലീഗിലെ എം. ഉമ്മർ അവതരിപ്പിക്കും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.സ്വർണ കടത്ത് – ഡോളർ കടത്ത് കേസുകളും നിയമസഭയിലെ നിർമാണ പ്രവർത്തനങ്ങളിലെ ധൂർത്തുമാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ചോദ്യോത്തര വേള കഴിഞ്ഞാലുടൻ, ഉമ്മറിന്റെ നോട്ടീസ് സഭ പരിഗണിക്കും. പ്രമേയത്തിൽ ചർച്ചയാകാമെന്ന് സ്പീക്കർ അറിയിക്കും. പ്രമേയം പരിഗണനയ്ക്കെടുക്കുമ്പോൾ സ്പീക്കർ ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറും. ഡെപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.സ്പീക്കർക്കും തന്റെ ഭാഗം വിശദീകരിക്കാൻ അവസരമുണ്ടാകും. പ്രമേയത്തിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കാണ് തീരുമാനം. ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പ്. സഭയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. അതു കഴിഞ്ഞാലുടൻ ശ്രീരാമകൃഷ്ണന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു മാറാം.1982ൽ എ. സി ജോസും 2004 ൽ വക്കം പുരുഷോത്തമനുമാണ് ഇതിനു മുമ്പ് സമാന പ്രമേയം നേരിടേണ്ടി വന്ന സ്പീക്കർമാർ.
അതേസമയം തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കര്‍ പറഞ്ഞു.ആരോപണങ്ങള്‍ വ്യക്തത വരുത്താനാണെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നല്‍കിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.രാഷ്ട്രീയത്തില്‍ ഇതൊക്കെ സംഭവിക്കാം. ഡോളര്‍ക്കടത്ത് കേസുമായോ സ്വര്‍ണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.ശൂന്യതയില്‍ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെയും അദ്ദേഹം തള്ളി. താന്‍ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴ ജില്ലയിൽ
ആലപ്പുഴ:സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകള്‍ ഉള്‍പ്പടെയുളള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടിവരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. കൈനകരിയിലും സമീപ പ്രദേശങ്ങളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു;രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു.ഇതിനിടയില്‍ കോവിഡ് വാക്സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗത കുറവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണമനുസരിച്ച് കേരളത്തില്‍ ഏറ്റവും വേഗത കുറഞ്ഞ രീതിയിലാണ് വാക്സിനേഷന്‍ നടപടിയുടെ പുരോഗമനം എന്നാണ്. എന്നാല്‍ ഇത് വാക്സിന്‍ ഭീതി കാരണമാണെന്നാണ് കേരളത്തിന്റെ മറുപടി. എന്തായാലും ഇകാര്യത്തിലുള്ള അതൃപ്തി കേന്ദ്രം അറിയിച്ചിട്ടുണ്ട്.കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ പ്രതിദിനം വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്യുന്നുണ്ട്. അതേസമയം കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ ഇന്നെത്തും. കോഴിക്കോട്, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണ് ഇന്നെത്തുന്നത്. ഇന്ന് കോഴിക്കോട്ടേക്ക് ഒന്‍പത് ബോക്സും എറണാകുളത്തേക്ക് പന്ത്രണ്ട് ബോക്‌സും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തിക്കുന്നത്.രാവിലെ 11:15 ന് ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശ്ശേരിയിലെത്തിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗമായിരിക്കും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോകുന്നത് അതുപോലെ ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും എത്തിക്കും.
സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4296 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 964, കോട്ടയം 601, കൊല്ലം 585, തൃശൂര്‍ 512, പത്തനംതിട്ട 478, മലപ്പുറം 475, കോഴിക്കോട് 444, ആലപ്പുഴ 463, തിരുവനന്തപുരം 269, കണ്ണൂര്‍ 223, വയനാട് 234, പാലക്കാട് 124, ഇടുക്കി 111, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആയി. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 17, പത്തനംതിട്ട 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, എറണാകുളം, തൃശൂര്‍, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 341, കൊല്ലം 276, പത്തനംതിട്ട 1034, ആലപ്പുഴ 203, കോട്ടയം 126, ഇടുക്കി 57, എറണാകുളം 463, തൃശൂര്‍ 329, പാലക്കാട് 198, മലപ്പുറം 367, കോഴിക്കോട് 460, വയനാട് 196, കണ്ണൂര്‍ 175, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.