കണ്ണൂർ: കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ട്.ആരോഗ്യനില വഷളായതോടെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്‌സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജനു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്.അദ്ദേഹത്തിന് പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി മെഡിക്കല്‍ സംഘത്തോടു മന്ത്രി സംസാരിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചു.വൈകിട്ട് മൂന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അനില്‍ സത്യദാസ്, ഡോ. സന്തോഷ് എന്നിവര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലെത്തി ജയരാജനെ പരിശോധിക്കും. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ്;എം.ശിവശങ്കറിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സ്വാഭാവിക ജാമ്യമാണ് എ.സി.ജെ.എം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.എന്നാല്‍ ഇ.ഡി. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പില്‍ സെക്ഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം;റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ
വയനാട്:വയനാട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപിക കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ടിന് സ്റ്റോപ് മെമ്മോ.കണ്ണൂര്‍ സ്വദേശിനി ഷഹാന(26) ആണ് മരിച്ചത്.വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലെ ടെന്‍റുകളുടെ സുരക്ഷാ പരിശോധന തുടരും.പരിമിതമായ സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇത്തരം താത്കാലിക കൂടാരങ്ങളിലുള്ളത്.രണ്ട് കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് റിസോര്‍ട്ടിലുള്ളത്. എന്നാല്‍ ദിനേന മുപ്പതും നാല്‍പ്പതും ആളുകള്‍ റിസോര്‍ട്ടിലെത്തുന്നുണ്ട്. പുഴയരോത്ത് സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മിച്ച ടെന്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ടെന്‍റുകളില്‍ താമസ സൌകര്യമൊരുക്കി വന്നിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ അറിയിച്ചു. മേപ്പാടിയിലെ ദാരുണ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ടെന്‍റുകള്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ സ്റ്റേകള്‍ക്കും ഉടന്‍ ഗൈഡ് ലൈന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. ലോക്ഡൌണിന് ശേഷം സജീവമായി വരുന്ന ജില്ലയിലെ റിസോര്‍ട്ടുകളിലെല്ലാം ടെന്‍റുകളിലെ താമസക്കാരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ ടെന്‍റുകളിലെ സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. റിസോര്‍ട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്തും നേരത്തെ രണ്ടു തവണ വനം വകുപ്പ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഡി.എഫ്.ഒയും അറിയിച്ചു.
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഓഫ് റോഡില്‍ സഞ്ചരിച്ചാല്‍ എത്തുന്ന സ്ഥലത്താണ് റിസോര്‍ട്ട്.30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവരുന്ന നേരത്തായിരുന്നു ആനയുടെ ആക്രമണം. ചിഹ്നം വിളി കേട്ട് ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ സി.കെ. അബ്ദുല്‍ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സര്‍വകലാശാലയില്‍ സൈക്കോളജില്‍ ഗവേഷണം നടത്തുന്നുണ്ട്.
കേരളത്തില്‍ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12 ലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നു. ഒന്നരമാസത്തിനു ശേഷമാണ് ടിപിആര്‍ 12 നു മുകളിലെത്തുന്നത്.ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി 2ശതമാനം മാത്രം. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കേസുകള്‍ ആറായിരത്തിന് മുകളിലാണ്. ചികിത്സയിലിരിക്കുന്നവരുടെ 72,891 പേര്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണവും ചികിത്സയിലിരിക്കുന്നവരുടെ എണ്ണവും കൂടുതലുള്ളതും കേരളത്തില്‍ തന്നെ. എറണാകുളം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാണ്.കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗവ്യാപനം ഉയരുന്നുണ്ട്. ആകെ കോവിഡ് മരണം 3607 ആയിട്ടുണ്ട്. അതേസമയം രോഗവ്യാപനം രൂക്ഷമാകുമ്പോള്‍ നിയന്ത്രണങ്ങളും പാളുകയാണ്. പല ഇടങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നില്ല. കോവിഡിന്‍റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും ക്വാറന്‍റൈനും ഇപ്പോഴില്ല. എത്ര പേര്‍ക്ക് രോഗം വന്നു പോയി എന്നു കണ്ടെത്താനുള്ള സിറോ സര്‍വേയും പ്രഖ്യാപനത്തിലൊതുങ്ങി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം കൃത്യമായി മനസിലാക്കിയാല്‍ പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനു മാത്രമാണ് ഇളവുകള്‍ വരുത്തിയത്. സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നൂറില്‍ താഴെ കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും എല്ലാം കുട്ടികള്‍ക്കും ഒരേ സമയം വരാവുന്നതാണ്. കൂടാതെ നൂറിലേറെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേ സമയം പരമാവധി അന്‍പത് ശതമാനം പേര്‍ എത്തുന്ന രീതിയില്‍ കുട്ടികളെ ക്രമീകരിക്കണം. പുതിയ ഇളവ് പ്രകാരം ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനും അനുമതിയുണ്ട്. രാവിലെയും ഉച്ചയുമായി വേണം ക്ലാസുകള്‍ ക്രമീകരിക്കാന്‍. കുട്ടികള്‍ക്ക് യാത്ര സംബന്ധമായ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെ വരുന്ന കുട്ടികളെ വൈകിട്ട് വരെ ക്ലാസ് മുറിയില്‍ തുടരാന്‍ അനുവദിക്കാം.വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും സാമൂഹിക അകലം പാലിച്ചു കൊണ്ടു കൈ കഴുകാന്‍ പോകേണ്ടതുമാണ്. ശനിയാഴ്ച ദിവസവും പ്രവൃത്തി ദിനമായതിനാല്‍ ആവശ്യമെങ്കില്‍ അന്നേ ദിവസം കുട്ടികളെ സംശയനിവാരണത്തിനും മറ്റുമായി പ്രധാനധ്യാപകന് വരുത്താവുന്നതാണ്. വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം ലഭ്യമല്ലാത്ത എല്ലാ അധ്യാപകരും സ്‌കൂളുകളില്‍ ഹാജരാകേണ്ടതാണ്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പുതിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.
വസ്തു, കെട്ടിട രജിസ്‌ട്രേഷന് ഇനിമുതല്‍ രണ്ട് ശതമാനം അധിക നികുതി ഈടാക്കാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് വസ്തു, കെട്ടിട രജിസ്‌ട്രേഷന് ഇനിമുതല്‍ രണ്ട് ശതമാനം അധിക നികുതി ഈടാക്കാൻ സര്‍ക്കാര്‍ തീരുമാനം.ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടി. എന്നാല്‍ ജനങ്ങള്‍ക്ക് ഇത് അധിക ബാധ്യതയാകും.ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി കെട്ടിട രജിസ്‌ട്രേഷനുകള്‍ക്കായി ഇനി മുതല്‍ രണ്ട് ശതമാനം അധിക നികുതി നല്‍കണമെന്നാണ് തീരുമാനം. നിലവില്‍ ഭൂമി ഇടപാടുകള്‍ക്ക് എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷന്‍ ഫീസുമാണ് ഈടാക്കുന്നത്. പുതിയ നികുതി കൂടി വരുന്നതോടെ രജിസ്‌ട്രേഷന്‍ ചിലവ് ഭൂമി/കെട്ടിട ന്യായവിലയുടെ 12 ശതമാനമായി ഉയരും.അതേസമയം 25,000 രൂപയോ അതില്‍ കൂടുതല്‍ വിലയുമുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്ട്രേഷന്‍ വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ച് ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറുമെന്നായിരുന്നു മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്.എന്നാല്‍ ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം എന്ന തരത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ പിരിക്കുന്ന അധിക നികുതിയുടെ തുക രജിസ്ട്രേഷന്‍ വകുപ്പ് പിരിച്ചെടുത്ത് അതതു ജില്ലാ പഞ്ചായത്തുകള്‍ക്ക് കൈമാറണമെന്നാണ് ധനവകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാന്‍ നിർബന്ധിച്ചു; വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം
പത്തനംതിട്ട:പരാതികേൾക്കാൻ 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാന്‍ വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ നിര്‍ബന്ധിച്ചതായി പരാതി. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധ്യക്ഷ ശകാരിച്ചതായും പരാതിയിൽ പറയുന്നു. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നല്‍കുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്.കോട്ടാങ്ങല്‍ ദേവീ ക്ഷേത്രത്തിനടുത്ത് താമരശ്ശേരില്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസി മര്‍ദിച്ച സംഭവത്തിലാണ് പരാതി നല്‍കിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാല്‍ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണില്‍ വിളിച്ചത്. എന്തിനാണ് കമീഷനില്‍ പരാതി കൊടുക്കാന്‍ പോയതെന്നും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടാല്‍ പോരേ എന്നുമാണ് ചോദിക്കുന്നത്. ”89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്. പരാതി കൊടുത്താല്‍ വിളിപ്പിക്കുന്നിടത്ത് എത്തണം.” എന്ന് പറഞ്ഞ് ഉല്ലാസിനോട് കയര്‍ക്കുകയായിരുന്നു.ജനുവരി 28ന് അടൂരില്‍ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനില്‍ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതുകൊണ്ടാണ് താന്‍ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാല്‍ ഇരുകൂട്ടരും നേരിട്ട് ഹാജരായാല്‍ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കില്‍ പിന്നെ എന്തിനാണ് പരാതി നല്‍കിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയില്‍ ‘തള്ള’യെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ജോസഫൈന്‍ പറയുന്നത്.
മിനിമം ചാർജ് 12 രൂപയാക്കണം;നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ
തിരുവനന്തപുരം:ബസ് ചാർജ് വർധന ആവശ്യപ്പെട്ട് ബസ്സുടമകൾ.മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്നും 12 രൂപയാക്കണമെന്നാണ് ആവശ്യം. ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനവില്ലാതെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ഡീസല്‍ വില 81 രൂപ കടന്നിരിക്കുന്നു.കൂടാതെ കോവിഡ് കാലത്ത് ഒഴിവാക്കിയിരുന്ന വാഹന നികുതി പകുതിയായി പുനസ്ഥാപിച്ചിട്ടുണ്ട്.ഇതോടെ നഷ്ടം സഹിച്ച് ഇനിയും സര്‍വീസ് നടത്താനാവില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കുന്നതിന് പുറമേ കിലോമീറ്ററിന് 90 പൈസയെന്നത് രണ്ടു രൂപയാക്കി വര്‍ധിപ്പിക്കുകയും വേണം. ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കി നല്‍കണമെന്നും ക്ഷേമനിധി അടക്കുന്നതിന് ഒരു വര്‍ഷം സാവകാശം നല്‍കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. ഡീസല്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇനത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പത്ത് ശതമാനത്തോളം വര്‍ധനവ് വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് ബസുടമകളുടെ തീരുമാനം.അതേസമയം കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ ജൂലൈയില്‍ ബസ് ചാര്‍ജ്ജില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6753 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ബ്രിട്ടനില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6109 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 952, കോഴിക്കോട് 704, പത്തനംതിട്ട 564, മലപ്പുറം 568, കോട്ടയം 542, കൊല്ലം 566, തൃശൂര്‍ 535, തിരുവനന്തപുരം 359, ആലപ്പുഴ 398, കണ്ണൂര്‍ 228, പാലക്കാട് 160, വയനാട് 236, ഇടുക്കി 233, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5, തൃശൂര്‍ 4, തിരുവനന്തപുരം 2, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂര്‍ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂര്‍ 166, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു.ബസ് യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.