കൊച്ചി: ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടന്നത്.സമരദിനങ്ങള്‍ ശമ്പള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.
കൊറോണ വ്യാപനം രൂക്ഷം;കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു.ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഇവരെ അയക്കും.കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം.രാജ്യത്തെ കൊറോണ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ഇപ്പോള്‍ കാണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊറോണ ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മലപ്പുറം വളാഞ്ചേരിയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഇരുമ്പ് കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവറും ക്ളീനറും മരിച്ചു.ലോറി ഡ്രൈവര്‍ തമിഴ്‌നാട് മധുകര സ്വദേശി ശബരി എന്ന മുത്തു കുമാര്‍, ക്ലീനര്‍ മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയുടെയും ഇരുമ്പ് കമ്പികളുടെയും അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും.ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പെട്ടത്. അപകട മേഖലയായ ഇവിടെ കഴിഞ്ഞയാഴ്ചയും ചരക്കുലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍കോട് 32 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍കോട് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേന്ദ്ര ബജറ്റ്;കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ; കൊച്ചി മെട്രോക്ക് 1957 കോടി;1100 കിലോമീറ്റർ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ
ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ കേരളത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ.കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റില്‍ ധനമന്ത്രി അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. കൊച്ചി മെട്രോയ്ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബഡ്ജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് മാത്രമല്ല പശ്ചിമബംഗാളിനും നിര്‍ണായക പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 675 കി.മി ദേശീയപാതയുടെ നിര്‍മ്മാണത്തിനായി പശ്ചിമ ബംഗാളില്‍ 25,000 കോടി രൂപ അനുവദിച്ചു.
കരിപ്പൂർ വിമാനാപകടം;പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് ഒന്നര കോടി രൂപ നഷ്ടപരിഹാരം
കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് എയര്‍ ഇന്ത്യ ഒന്നര കോടി രൂപ നഷ്ടപരിഹാരം നല്‍കും.നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ കമ്പനി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു.അപകടത്തിൽ കുട്ടിയുടെ പിതാവ് കുന്ദമംഗലം സ്വദേശി ഷറഫുദ്ധീൻ മരിച്ചിരുന്നു.വിമാനത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റിരുന്നു. അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് എത്രയും വേഗം നല്‍കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടത്.മരിച്ചയാളുടെയും ഭാര്യയുടെയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണ്ണ രേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിന്‍റെ ഭാഗമായി ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹര്‍ജിക്കാരും ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം 1,51,08,234 രൂപ നഷ്ടപരിഹാരം രണ്ടു വയസുകാരിക്ക് നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ വിമാനാപകടമുണ്ടായത്. ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിനീങ്ങിയായിരുന്നു അപകടം. പൈലറ്റും കോ-പൈലറ്റും ഉള്‍പ്പെടെ 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റു.വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും വിമാന കമ്ബനി 1.19 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നമെന്നായിരുന്നു വിലയിരുത്തല്‍. യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട വിജ്ഞാപനം പ്രകാരമാണ് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരിക.രാജ്യത്തെ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മയാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 375 കോടി രൂപയുടെ ഇന്‍ഷുറന്‍സാണ് വിമാനത്തിനുള്ളത്. വിമാനടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്വാഭാവികമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി മുതൽ ഭക്ഷ്യക്കിറ്റിന് പകരം കൂപ്പണ്‍
തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഭക്ഷ്യഭദ്രതാ പരിപാടിയില്‍ മാറ്റം വരുത്തി ഉത്തരവായി. കുട്ടികള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന ഭക്ഷ്യക്കിറ്റുകള്‍ക്ക് പകരം ഇനി മുതൽ കൂപ്പണുകളാകും വിതരണം ചെയ്യുക. അരിയും സണ്‍ഫ്‌ളവര്‍ ഓയിലും ധാന്യങ്ങളും ഉപ്പും ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളായിരുന്നു നേരത്തെ നൽകിയിരുന്നത്.ഇതിനു പകരമാണ് വീടിനടുത്തുള്ള മാവേലി സ്റ്റോറുകളില്‍ നിന്ന് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങാന്‍ പാകത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്യുന്നത്. പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് പാചകച്ചെലവ് ഉള്‍പ്പെടെ 300 രൂപയുടെയും യു.പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെയും കൂപ്പണുകളാണ് വിതരണം ചെയ്യുക. കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചുകൊടുക്കാനുള്ള മാവേലി സ്റ്റോറുകാരുടെ പ്രയാസം കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇതനുസരിച്ച് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നത് വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സാണ് കൂപ്പണായി വിതരണം ചെയ്യുക. കൂപ്പണുകളില്‍ സാധാരണ സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യാറുള്ള ഭക്ഷ്യധാന്യത്തിന്റെ അളവും പാചകച്ചെലവ് തുകയും രേഖപ്പെടുത്തും. സപ്ലൈക്കോയുമായുള്ള ധാരണ അനുസരിച്ച് കൂപ്പണ്‍ തുകയുടെ 4.07 % മുതല്‍ 4.87 % വരെയുള്ള തുകയ്ക്ക് കൂടി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും. ഈ അധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും കേന്ദ്രസര്‍ക്കാര്‍ ഇതിനകം വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി നല്‍കുന്ന ഭക്ഷ്യ കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് നമ്പർ കൂടി സ്‌കൂള്‍തലത്തില്‍ നല്‍കുന്ന കൂപ്പണില്‍ രേഖപ്പെടുത്തും.
രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും
കണ്ണൂർ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം നല്‍കുക.കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ കുമ്പളയിൽ നിന്നാണ് ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിച്ചത്. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.
കോവിഡ് വ്യാപനം;സംസ്ഥാനത്തെ സ്കൂളുകളിൽ ഇത്തവണ ഒന്ന് മുതൽ ഒൻപതു ക്ലാസ്സുവരെയുള്ള പരീക്ഷകൾ ഒഴിവാക്കും
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും.ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനായി കുട്ടികളില്‍ മൂല്യനിര്‍ണയം നടത്തും. ഇതിനായി വര്‍ക്ക് ഷീറ്റ് രക്ഷിതാക്കളെ സ്‌കൂളുകളില്‍ വിളിച്ചു വരുത്തിയോ, അദ്ധ്യാപകര്‍ വീടുകളില്‍ എത്തിച്ചോ നല്‍കും. അതിലെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്.ഒരു അധ്യയനദിനം പോലും സ്‌കൂളില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഓൾ പ്രൊമോഷൻ പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി (പ്ലസ് വണ്‍) പരീക്ഷയും ഈ വര്‍ഷം നടക്കില്ല. പകരം അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ സ്‌കൂള്‍ തുറക്കുമ്പോൾ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്.
കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കണ്ണൂർ:കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിൽ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതിയില്‍ ക്രമമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ അളവിലും പുരോഗതി ദൃശ്യമായതിനാല്‍ മിനിമം വെന്റിലേറ്റര്‍ സപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കി വരുന്നത്.ഈ സാഹചര്യത്തിൽ വെന്റിലേറ്ററില്‍ നിന്നും വിമുക്തമാക്കി, സാധാരണനിലയിലുള്ള ശ്വാസോച്ഛ്വാസ സ്ഥിതിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതിനുള്ള ആദ്യഘട്ടമെന്നോണം, ഇടവേളകളില്‍ ഓക്‌സിജന്റെ മാത്രം സഹായത്തോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതും തുടരുകയാണ്. സ്വന്തമായി ആഹാരം കഴിച്ചുതുടങ്ങിയതോടെ ആ ഘട്ടങ്ങളിലും സി-പാപ്പ് വെന്റിലേറ്റര്‍ ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്. കോവിഡ് തീവ്രത വ്യക്തമാക്കുന്ന രക്തത്തിലെ സൂചകങ്ങള്‍ മാറിവരുന്നതായി പരിശോധനയില്‍ വ്യക്തമായതും മെഡിക്കല്‍ ബോര്‍ഡ് ചര്‍ച്ച ചെയ്തു.കോവിഡ് ന്യുമോണിയയെത്തുടര്‍ന്നുണ്ടായ ശ്വാസകോശത്തിലെ കടുത്ത അണുബാധ കുറ ഞ്ഞുവരുന്നതായും, ഇത്തരം അസുഖം ബാധിച്ചവരില്‍ നല്ലൊരു ശതമാനംപേരില്‍ പിന്നീട് മറ്റ് അണുബാധയുണ്ടായത് പലകേന്ദ്രങ്ങളില്‍ നിന്നും പൊതുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അത്തരം സാഹചര്യം ഒഴിവാക്കാനായി കടുത്ത ജാഗ്രത ഇദ്ദേഹത്തിന്റെ കാര്യത്തിലും തുടരേണ്ടതുണ്ട് എന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.ആരോഗ്യ സ്ഥിതിയില്‍ ആശാവഹമായ പുരോഗതി ക്രമേണയുണ്ടാകുമ്പോഴും കോവിഡ് ന്യുമോണിയ വിട്ടുമാറിയിട്ടില്ല എന്നതിനാല്‍ നില ഗുരുതരമായി കണക്കാക്കി തന്നെ ചികിത്സ തുടരേണ്ടതുണ്ടെന്നതും മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.