മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

keralanews death of media worker km basheer family in high court seeking cbi probe

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ബഷീറിന്റെ സഹോദരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബഷീറിന്‍റെ കൈയില്‍ നിന്ന് നഷ്ടമായ ഫോൺ കണ്ടെത്താത്തതിൽ ദുരൂഹത ഉണ്ട്. പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഉന്നത സ്വാധീനമുള്ള ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ സിബിഐ തന്നെ കേസ് അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ  പ്രോസിക്യൂഷന്‍ പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കൂടാതെ, നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ യാതൊരു അന്വേഷണത്തിനും സാധ്യതയില്ല.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും സഹോദരന്‍ ഹർജിയിൽ പറയുന്നു.മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രോസിക്യൂഷനും പ്രതിക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നതിനാല്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

കേരളത്തിൽ ആറ് ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

keralanews warning of heavy rain in six districts of kerala

തിരുവനന്തപുരം: കേരളത്തിലെ ആറ് ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇടുക്കി, കോഴിക്കോട്, മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്ന് കെഎസ്ആർടിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

keralanews ksrtc cant pay salaries without government help affidavit filed in high court

കൊച്ചി: സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സി.എം.ഡിയ്‌ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസി 10 ദിവസം കൂടി അധിക സമയം ചോദിച്ചിരുന്നെങ്കിലും ഇതുവരെ ശമ്പളം നൽകാനായിട്ടില്ല. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെ.എസ്.ആർ.ടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; വെള്ളിയാഴ്ചവരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത

keralanews it will rain again in the state chance of heavy rain till friday

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വരുന്ന നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, വ്യാഴാഴ്ച കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടാകും. വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.ഇന്ന് രാവിലെ മുതൽ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് ലഭിക്കുന്നത്.വരും മണിക്കൂറുകളിൽ മഴ ശക്തമായി തന്നെ തുടരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹർജിയിൽ

keralanews high court stays priya vargheses appointment action on petition of second ranker

കൊച്ചി: കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു.പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. യുജിസിയെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. കേസ് 31ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്‌കറിയ പട്ടികയില്‍ രണ്ടാമതായത്. അസോഷ്യറ്റ് പ്രൊഫസര്‍ നിയമനത്തിന് പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കോടെ ഒന്നാമതായിരുന്ന ജോസഫ് സ്‌കറിയ. 156 മാര്‍ക്ക് മാത്രമാണ് പ്രിയ വര്‍ഗീസിന് ഉണ്ടായിരുന്നത്. അഭിമുഖം കഴിഞ്ഞതോടെയാണ് ജോസഫ് സ്‌കറിയ രണ്ടാമതും പ്രിയ വര്‍ഗീസ് പട്ടികയില്‍ ഒന്നാമതും എത്തിയത്.

മധ്യപ്രദേശിൽ പ്രളയത്തിൽപ്പെട്ട് മരിച്ച എറണാകുളം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് വിട നൽകി രാജ്യം;ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

keralanews country bid farewell to captain nirmal shivaraj a native of ernakulam who died due to floods in madhya pradesh

കൊച്ചി: മധ്യപ്രദേശിൽ പ്രളയത്തിൽപ്പെട്ട് മരിച്ച എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് വിട നൽകി രാജ്യം.ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നേരത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് ക്യാപ്റ്റൻ നിർമ്മലിന്റെ ഭൗതികദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം വൈകിട്ട് മൂന്നരയോടു കൂടി മാമംഗലത്തെ ഭാഗ്യതാര നഗറിലെ വീട്ടിൽ എത്തിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി പിരാജീവ് അന്തിമോപചാരം അർപ്പിച്ചു.സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി പിരാജീവ് അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എംപി, ടിജെ വിനോദ് എംഎൽഎ, കളക്ടർ രേണു രാജ് തുടങ്ങി ജനപ്രതിനിധികളും ക്യാപ്റ്റൻ നിർമ്മലിന് അന്തിമോപചാരം അർപ്പിക്കുന്നതിനായി വീട്ടിലെത്തി.നിർമ്മൽ സഞ്ചരിച്ചിരുന്ന വാഹനം ഉൾപ്പെടെ രണ്ടു ദിവസം മുമ്പ് പ്രളയത്തിൽപ്പെടുകയായിരുന്നു.  ജബൽപൂരിൽ നിന്നും ജോലി സ്ഥലമായ പച്മഡിലേയ്‌ക്ക് പോകുന്നതിനിടെയാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നിർമലിനെ കാണാതാകുന്നത്.ച്മഡിൽ ചൈനീസ് കോഴ്‌സ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു നിർമൽ. ജബൽപൂരിൽ സൈന്യത്തിൽ ക്യാപ്റ്റനായ ഭാര്യയെ സന്ദർശിച്ച ശേഷം മങ്ങുമ്പോഴാണ് സഞ്ചരിച്ച വാഹനം പ്രളയത്തിൽപ്പെടുന്നത്.തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെ നിർമ്മൽ സഞ്ചരിച്ചിരുന്ന വാഹനം പട്‌നിയെന്ന സ്ഥലത്ത് ഉണ്ടായ പ്രളയത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഒരു കിലോമീറ്റർ മാറി നിർമലിന്റെ മൃതദേഹവും കണ്ടെടുത്തു.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍;കിറ്റിൽ തുണി സഞ്ചി അടക്കം പതിനാല് ഇനങ്ങള്‍

keralanews onam kit distribution in the state from august 23 kit includes 14 items including cloth bag

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കുള്ള ഓണ ഭക്ഷ്യ കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും.ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളില്‍ വച്ച്‌ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കുന്നതാണ്.തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്‌.എച്ച്‌(പിങ്ക്) കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം നടത്തും. സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും കിറ്റ് വാങ്ങാവുന്നതാണ്. സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും. സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം,മില്‍മ നെയ്യ് 50 മി.ലി.,ശബരി മുളക്പൊടി 100 ഗ്രാം,ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം,ഏലയ്ക്ക 20 ഗ്രാം,ശബരി വെളിച്ചെണ്ണ 500 മി.ലി.,ശബരി തേയില 100 ഗ്രാം,ശര്‍ക്കരവരട്ടി / ചിപ്സ് 100 ഗ്രാം,ഉണക്കലരി 500 ഗ്രാം,പഞ്ചസാര 1 കി. ഗ്രാം,ചെറുപയര്‍ 500 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കി. ഗ്രാം,തുണി സഞ്ചി ഒരെണ്ണം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങൾ.

കണ്ണൂര്‍ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി;ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

keralanews car and bike collided and got fire in kannur kannapuram youth died

കണ്ണൂര്‍: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.കര്‍ണ്ണാടക ചീക്ക് മംഗ്ഗൂര്‍ സ്വദേശിയായ ഷംഷിര്‍ (25) ആണ് മരണപെട്ടത്.സുഹൃത്തായ കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രികനായ മാലിക്ക് (26) നെ ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂര്‍ പരിയാരം ഗവ: മെഡിക്കല്‍ കോളേജ് തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി- പാപ്പിനിശേരി കെ.എസ്.ടി.പി.റോഡിലാണ് അപകടമുണ്ടായത്.ഇരു വാഹനങ്ങളും പൂര്‍ണ്ണമായും പൂര്‍ണ്ണമായും കത്തി നശിച്ചു.വാഹനങ്ങള്‍ തമ്മിലുണ്ടായ ഇടിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മോറാഴ സ്വദേശി രാധാകൃഷ്ണന്‍ ഇറങ്ങിയോടിയതിനാന്‍ അത്ഭുതകരമായി രക്ഷപെട്ടു. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. സ്വിഫ്റ്റ് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചിരുന്നു.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ;നടപടി ചാൻസിലർ എന്ന അധികാരം ഉപയോഗിച്ച്

keralanews kannur university controversial appointment frozen by the governor using power of chancellor

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രിയവർഗീസ് ഉൾപ്പെട്ട വിവാദ നിയമനം മരവിപ്പിച്ച് ഗവർണർ.ചാന്‍സിലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാന്‍സലറുടെ പ്രഖ്യാപനം.റിസർച്ച് സ്‌കോർ 651 ഉള്ള ജോസഫ് സ്‌കറിയയേയും 645 ഉള്ള സി ഗണേഷിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ  ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ്  പ്രിയ വർഗ്ഗീസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ചട്ടങ്ങള്‍ മറികടന്നാണ് പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന ആരോപണവും വിമര്‍ശനങ്ങളും നിലനില്‍ക്കവെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍.തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപകയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാര്‍ട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതില്‍ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നല്‍കാതെ താല്‍ക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ജൂലൈയില്‍ കൂടിയ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നല്‍കി.

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ‘കേരള സവാരി’ക്ക് തുടക്കം; രാജ്യത്തിനാകെ മാതൃകയെന്ന് പിണറായി

keralanews kerala savari the first online taxi service in the government sector in the country launched

തിരുവനന്തപുരം: രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ കേരള സവാരിക്ക് തുടക്കമായി.തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.പുതിയ ഉദാരവല്‍ക്കരണ നയങ്ങള്‍ പരമ്പരാഗത തൊഴില്‍ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തില്‍ ചൂഷണമില്ലാത്ത ഒരു വരുമാന മാര്‍ഗം മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഉറപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവര്‍ക്കും പൊലീസ് ക്ലിയറന്‍സ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി കേരള സവാരി ആപ്പില്‍ ഒരു പാനിക്ക് ബട്ടണ്‍ സംവിധാനമുണ്ട് . ഡ്രൈവര്‍ക്കോ യാത്രികര്‍ക്കോ പരസ്പരം അറിയാതെ ഈ ബട്ടണ്‍ അമര്‍ത്താനാകും. ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സേവനം വേഗത്തില്‍ നേടാന്‍ ഇത് ഉപകരിക്കും.കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കേരള സവാരി പ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ പ്രവർത്തനമാരംഭിച്ചു. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച്‌ അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് ഇന്ന് അർധരാത്രി മുതല്‍ പ്ലേസ്റ്റോറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 22 പേര്‍ വനിതകളാണ്. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.
പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് പദ്ധതിക്ക് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.